വിശപ്പ് കൂടുതലായിപ്പോയവരും അതുകാരണം കണ്ണിൽ കണ്ടതൊക്കെ വലിച്ചുവാരി തിന്നവരും പലപ്പോഴും “നിന്റെ വയറ്റിൽ കോഴിയും കുഞ്ഞും കിടക്കുന്നോ” എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.വിശപ്പ് കൂട്ടുവാനല്ലാതെ “വിശപ്പൊന്ന് കുറയ്ക്കണം” എന്ന് പറഞ്ഞു ഡോക്ടറെ കാണാനെത്തുന്നവർ വളരെകുറവാണ്.”പിള്ളാരൊന്നും കഴിക്കുന്നില്ല” എന്നതാണ് പല രക്ഷിതാക്കളുടെയും വേവലാതി.എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് വിശപ്പ് കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.
പലപ്പോഴും വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് അമിതമായി ഭക്ഷണം കഴിക്കുന്നവർക്ക് ഏറെനാൾ കഴിഞ്ഞിട്ടായിരിക്കും അത് അസിഡിറ്റിയായിരുന്നെന്ന് മനസ്സിലാകുന്നത്.എരിവും പുളിയും മസാലയും എണ്ണയിൽ വറുത്തതും കഴിക്കുന്നവർക്ക് അസിഡിറ്റി കൂടുന്നതിനാലാണ് വീണ്ടും അധികമായി ഭക്ഷണം കഴിക്കുവാൻ തോന്നുന്നത്. പച്ചക്കറികളും പഴവർഗ്ഗങ്ങളും പ്രത്യേകിച്ചും ക്ഷാരസ്വഭാവമുള്ള വാഴപ്പിണ്ടി,വാഴക്കൂമ്പ്,കുമ്പളങ്ങ,വെള്ളരിക്ക,പടവലങ്ങ,കോവയ്ക്ക തുടങ്ങിയവ ഉപയോഗിക്കുന്നവർക്ക് അത്രയ്ക്ക് വിശപ്പ് തോന്നാറില്ല.
ധാന്യങ്ങൾ തവിട് ഉൾപ്പെടെ പാകപ്പെടുത്തി കഴിക്കുന്നവർക്ക് വേഗംതന്നെ വയറുനിറഞ്ഞ പ്രതീതി തോന്നുകയും വിശപ്പ് അടങ്ങുകയും ചെയ്യും. തവിടില്ലാത്തതോ ഉമി ഇല്ലാത്തതോ ആയ ധാന്യങ്ങൾ കഴിക്കുന്നവർക്ക് വിശപ്പിനുമേൽ നിയന്ത്രണം ലഭിക്കണമെന്നില്ല.
ചായയും കോളയും ചൂടുവെള്ളവും കുടിക്കുന്നവരേക്കാൾ വിശപ്പ് കുറവായി അനുഭവപ്പെടുന്നത് ചൂടാറ്റിയവെള്ളം, പതിമുഖം,രാമച്ചം തുടങ്ങിയവയിട്ട് തിളപ്പിച്ചാറ്റിയവെള്ളം,കരിക്കിൻവെള്ളം,മോര് തുടങ്ങിയവ കുടിക്കുന്നവർക്കാണ്.
വളരെവേഗം ആഹാരം കഴിക്കുന്നവർക്ക് എത്രമാത്രം ആഹാരം കഴിച്ചു എന്ന ബോദ്ധ്യംപോലും ഉണ്ടാകാത്തതിനാൽ വിശപ്പ് ശമിച്ചതായി തോന്നണമെന്നില്ല. ടി.വിയും മൊബൈൽഫോണും നോക്കിയിരുന്ന് ഭക്ഷണം കഴിക്കുന്നവർ നന്നായി ചവയ്ക്കാതെ ആഹാരം വിഴുങ്ങുന്നവരായിരിക്കും. ആവശ്യത്തിനു സമയമെടുത്ത് ശരിയായി ഭക്ഷണം ചവച്ചരച്ച് ഇറക്കുന്നവർക്ക് മാത്രമേ വിശപ്പ് ശമിക്കുകയുള്ളൂ. ടെൻഷൻകാരണം ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങി പൊണ്ണത്തടിയുള്ളവരായി മാറുന്നവരും കുറവല്ല.
പ്രധാന ഭക്ഷണത്തിനുമുമ്പ് ഒരു ഗ്ലാസ് ചൂടാറ്റിയ വെള്ളം കുടിക്കുന്നവർക്കും ഒരു ചെറിയപഴമോ സാലഡോ കഴിക്കുന്നവർക്കും വിശപ്പ് കുറഞ്ഞതായി അനുഭവപ്പെടും.
ഭക്ഷണം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ചേർക്കുന്ന പ്രിസർവേറ്റീവുകൾ, മനസ്സിനെ ഉദ്ദീപിപ്പിക്കുന്ന ഫ്ലേവറുകൾ,അരിഷ്ടം, മദ്യം,ഭക്ഷണത്തിന്റെ നിറങ്ങൾ,ഭക്ഷണം ഉണ്ടാക്കുമ്പോൾ ചേർക്കുന്ന എസൻസുകൾ തുടങ്ങിയവയെല്ലാം വിശപ്പിനേയും കൃത്രിമമായി വർദ്ധിപ്പിക്കുന്നു.
കൂടുതലായി ഭക്ഷണം കഴിക്കുവാൻ പ്രേരിപ്പിക്കുന്ന കൂട്ടുകാരും വീട്ടുകാരും കേരളത്തിൽ കൂടുതലാണെന്ന് പറയേണ്ടിവരും.കുറച്ചുഭക്ഷണം കഴിച്ചാൽ മതിയെന്ന് നിർബന്ധബുദ്ധിയുള്ള വരെപ്പോലും കൂടുതൽ കഴിക്കുന്നതിന് പ്രേരിപ്പിക്കുന്ന നിരവധി ‘ഇടപെടലുകൾ’ മറ്റുള്ളവർ നടത്താറുണ്ടെന്ന് അറിയാമല്ലോ?
ചിലതരം വളർച്ചാ വൈകല്യങ്ങൾ,മാനസിക പ്രശ്നങ്ങൾ,എത്രമാത്രം കഴിച്ചു?വിശപ്പ് മാറിയോ? വയറു നിറഞ്ഞോ? എന്നൊന്നും തിരിച്ചറിയുവാനാകാത്ത ബുളീമിയ എന്നരോഗം എന്നിവയെല്ലാം വിശപ്പറിഞ്ഞു ഭക്ഷണം കഴിക്കുവാനുള്ള ശ്രമങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവയാണ്.
ഭക്ഷണത്തിന്റെ രുചി ശരിയായി മനസ്സിലാക്കിയും ആസ്വദിച്ചും കഴിക്കുന്നവർ വളരെ കുറവാണെന്ന് പറയേണ്ടിവരും. അത്തരത്തിൽ ഭക്ഷണം കഴിക്കുന്നവർ വിശപ്പിനു പുറകെ പോകില്ല എന്നതാണ് യാഥാർത്ഥ്യം. അവർക്ക് ലഭിക്കുന്ന ആസ്വാദ്യത കൊണ്ട്തന്നെ തൃപ്തിയുണ്ടാകുകയും കുറച്ചുഭക്ഷണം കഴിക്കുമ്പോൾതന്നെ വിശപ്പ് മാറുകയും ചെയ്യും.
അസിഡിറ്റി കുറയ്ക്കുന്നതിനായി തുടർച്ചയായി മരുന്ന് കഴിക്കുന്നവർക്കും വിശപ്പുംകൂടി കുറഞ്ഞുപോകാറുണ്ട്.താൽക്കാലിക സമാധാനത്തിനായി ഡോക്ടർ കുറിച്ചുനൽകിയ അന്റാസിഡ് തുടർച്ചയായി എത്ര വർഷമാണ് പലരുംകഴിച്ചു കൊണ്ടിരിക്കുന്നത്.
ശ്വസനപഥത്തിലെ അണുബാധ,ന്യുമോണിയ, ഗ്യാസ്ട്രോഎൻട്രൈറ്റിസ്,കുടൽവീക്കം,മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങളുള്ളവർക്കും വിശപ്പ് കുറയുന്നതായി കാണാം.
അമിതമായ മാനസിക സമ്മർദ്ദവും ജീവിത വിരക്തിയുമുള്ളവരിലും വിശപ്പ്കുറവ് അനുഭവപ്പെടാം.പെട്ടെന്ന് വിശപ്പ് കുറയുന്നതായി അനുഭവപ്പെട്ടാൽ അത് കരൾരോഗം,വൃക്കരോഗം,ഹൃദ്രോഗം,ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി,ഡിമെൻഷ്യ എന്ന മറവിരോഗം, ഹൈപോതൈറോയ്ഡ് എന്നിവ കാരണമല്ലെന്ന്കൂടി ഉറപ്പിക്കേണ്ടിവരും. ഗർഭാവസ്ഥയുടെ ആദ്യമാസങ്ങളിലും വിശപ്പ്കുറവ് അനുഭവപ്പെടാം.
ചിലതരം ആന്റിബയോട്ടിക്കുകൾ, മോർഫിൻ, കീമോതെറാപ്പിക്ക് ഉപയോഗിക്കുന്ന മരുന്നുകൾ,ലഹരിമരുന്നുകൾ തുടങ്ങിയവ കാരണവും വിശപ്പ്കുറവ് അനുഭവപ്പെടാറുണ്ട്. വണ്ണം കുറയ്ക്കുന്നതിനായി കടുത്ത തീരുമാനമെടുത്ത് മാനസികമായും ശാരീരികമായും ചില ‘അടിച്ചമർത്തലുകൾ’ പരിശീലിക്കുന്നവർക്കും വിശപ്പ് കുറയുന്ന അവസ്ഥയുണ്ടാകും.
ഭക്ഷണ വസ്തുക്കളോട് മാത്രമാണ് വിശപ്പ് തോന്നുന്നതെന്ന് വിചാരിക്കേണ്ട. ചിലരെങ്കിലും വിളർച്ച രോഗത്തോടനുബന്ധിച്ച് ചുമർ ചുരണ്ടിത്തിന്നുന്നതും മൺകട്ട,ക്ലേ തുടങ്ങിയവ കഴിക്കുന്നതും കല്ലും മുടിയും തിന്നുന്നതുമൊക്കെ കണ്ടിട്ടുണ്ടല്ലോ?
വിശപ്പ് വർദ്ധിക്കാതിരിക്കണമെങ്കിൽ ആഹാരത്തോടുള്ള അമിതസ്നേഹം കുറയ്ക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ഗുണവും ദോഷവും മനസ്സിലാക്കി ആഹാരം സെലക്ട് ചെയ്ത് കഴിക്കുകയും ഫൈബർ കൂടുതലുള്ളവ കഴിക്കുകയും രുചിയ്ക്ക് മാത്രം പ്രാധാന്യംനൽകുന്ന പ്രവണത കുറയ്ക്കുകയും ചെയ്യേണ്ടതുണ്ട്.
നമ്മുടെ ആരോഗ്യത്തിനും അദ്ധ്വാനത്തിനും ശരീരപ്രകൃതത്തിനുമനുസരിച്ച് വിശപ്പ് വർദ്ധിപ്പിക്കണോ അതോ കുറയ്ക്കുന്നതാണോ നല്ലത് എന്ന് തീരുമാനമെടുക്കുക. അല്ലാതെ”വിശന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല, എന്തുവന്നാലും കഴിക്കാവുന്ന അത്രയും കഴിക്കും” എന്ന രീതി വിശപ്പിനെ തകിടം മറിക്കുകയും ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യും.
ഡോ. ഷർമദ് ഖാൻ
9447963481