fbpx

രോഗിയാകാനിത്ര ധൃതി എന്തിന്?

 

ചിലരുടെ ജീവിതരീതികൾ കണ്ടാൽ രോഗിയാകാൻ എന്തോ ധൃതിയുള്ളതുപോലെ തോന്നുന്നു. കുറച്ചൊക്കെ പ്രായമായവരായിരുന്നെങ്കിൽ പിന്നെയും സഹിക്കാമായിരുന്നു. തീരെ ചെറിയകുട്ടികൾ മുതൽ രോഗിയാകാൻ നിശ്ചയിച്ചുറച്ചപോലെ തോന്നുന്ന രീതിയിലാണ് ചിലർ പെരുമാറുന്നത്. അതുകൊണ്ടുതന്നെ അറിഞ്ഞോ അറിയാതെയോ വളരെ വേഗത്തിലാണ് പലരും രോഗികളായിക്കൊണ്ടിരിക്കുന്നത്.

ഒരു രോഗവുമില്ലാത്ത കുറച്ചുപേരെങ്കിലും ഇന്നത്തെ തലമുറയിലുണ്ട്. എന്നാൽ നാളത്തെ തലമുറ എത്രമാത്രം ആരോഗ്യമുള്ളവർ ആയിരിക്കുമെന്ന വലിയ ആശങ്കയാണ് ഇന്നത്തെ തലമുറയ്ക്ക് പങ്കുവയ്ക്കുവാനുള്ളത്. ഇപ്പോഴത്തെ കുട്ടികൾക്ക് രാത്രികൾ ഉറങ്ങാനുള്ളതാണെന്നും പകൽ ഉണർന്നിരിക്കാനുള്ളതാണെന്നുമുള്ള ധാരണപോലും കുറഞ്ഞുവരുന്നു. നമ്മുടെ അന്തരീക്ഷവും ശാരീരിക പ്രവർത്തനങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരും ചിന്തിക്കുന്നത് പോലുമില്ല. പകൽ ഉണർന്നിരിക്കേണ്ടവർ രാത്രി ഉറക്കമൊഴിയേണ്ടി വരുമ്പോഴും അത്തരക്കാർ അതിനുപകരമായി പകൽ ഉറങ്ങേണ്ടിവരുമ്പോഴും നമ്മുടെ നിരവധി ആരോഗ്യ സന്തുലിതാവസ്ഥകൾ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ വിശപ്പും ദാഹവും ഉറക്കവും ഉണർവ്വും തുടങ്ങി ശരീരത്തിലെ ഓരോ അവയവങ്ങളുടേയും പ്രവർത്തനങ്ങൾ താറുമാറാകും. അത്തരം രീതികൾ സ്ഥിരമാകുമ്പോൾ താളംതെറ്റിയ ശാരീരികപ്രവർത്തനങ്ങൾ രോഗത്തിന് സഹായകമാകുന്ന രീതിയിൽ പ്രവർത്തിച്ചു തുടങ്ങുമെന്നതാണ് കുട്ടികളും രക്ഷിതാക്കളുമുൾപ്പെടെ മറന്നുപോകുന്ന പ്രധാനകാര്യം.

ദിനചര്യയിലും ഭക്ഷണത്തിലും ശീലങ്ങളിലുമൊക്കെ വരുത്തുന്ന കുഴപ്പങ്ങൾ ആരോഗ്യത്തെ നശിപ്പിക്കുമെന്ന നിർദ്ദേശങ്ങൾ ആരും അത്ര കാര്യമാക്കുന്നില്ല എന്ന് പറയേണ്ടിവരും. ആരോഗ്യകരമല്ലാത്ത കാര്യങ്ങൾ ശീലിക്കുന്ന കുട്ടികളെ ഉപദേശിക്കുന്ന സ്വഭാവമുണ്ടായിരുന്നവർ ഇപ്പോൾ അതൊക്കെ നിറുത്തിയ മട്ടാണ്. എന്താണ് ആരോഗ്യകരമായ രീതികൾ? അല്ലാത്തവയേത്? എന്ന് തിരിച്ചറിയാവുന്ന മുതിർന്നവരും ഇപ്പോൾ കുറഞ്ഞു വരുന്നു. കുട്ടികളെ ഉപദേശിക്കേണ്ട കാര്യമില്ലെന്നും അവർ സ്വയം ശരിയായിക്കൊള്ളുമെന്നും കരുതുന്നവരുമുണ്ട്. ഉപദേശിച്ച് കണ്ണിലെ കരടാകുവാൻ താൽപര്യമില്ല എന്നതാണ് പലരുടേയും അവസ്ഥ. വളരെ വൈകി പ്രഭാതഭക്ഷണവും രാത്രി ഭക്ഷണവും കഴിക്കുന്നതും, ഭക്ഷണം ഒഴിവാക്കുന്നതും, ശരിയായ വ്യായാമം ചെയ്യാത്തതും, കണ്ണിൽ കണ്ടതൊക്കെ വാങ്ങിക്കഴിക്കുന്നതും, തിന്നും കുടിച്ചും സോഷ്യൽ മീഡിയയിൽ ചിലവഴിച്ചും രാത്രികളെ പകലാക്കുന്നതും, വല്ലപ്പോഴും മാത്രം കഴിക്കാവുന്നത് പോലും സ്ഥിരമായി ശീലിക്കുന്നതും, തോന്നുമ്പോഴൊക്കെ കഴിക്കുന്നതുമെല്ലാം ക്രമേണ പലവിധ ജീവിതശൈലീരോഗങ്ങൾ തുടങ്ങിവയ്ക്കുന്നതിന് കാരണമാകുമെന്ന് മനസ്സിലാക്കിയാൽ മതിയാകും.

നമ്മുടെ ഓരോ ശരീരഭാഗങ്ങളും പരസ്പരധാരണയിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ദഹനപ്രശ്നമുള്ളവർക്ക് വിശക്കാത്തതും, മലബന്ധമുള്ളവന് ഗ്യാസുണ്ടാകുന്നതും, ദഹനം കുറവുള്ളവർക്ക് വീണ്ടുംവീണ്ടും ദാഹിക്കുന്നതും, ദഹനമില്ലാത്തവന് അമിതമായി മൂത്രം പോകുന്നതുമൊക്കെ. ഇതുപോലെയാണ് ശരീരത്തിലെ പ്രധാന അവയവങ്ങളായ കരളും ഹൃദയവും ആമാശയവും മസ്തിഷ്കവുമെല്ലാം പരസ്പരപൂരകങ്ങളായി പ്രവർത്തിക്കുന്നത്. അവയിലൊന്ന് താളം തെറ്റുന്നത് മറ്റുള്ളവയുടെ പ്രവർത്തനങ്ങളേയും ബാധിക്കും. അതുകൊണ്ടാണ് ഒരേ കാരണങ്ങൾ പലവിധ ജീവിതശൈലീരോഗങ്ങളെ ഉണ്ടാക്കുവാൻ കാരണമാകുമെന്ന് പറയുന്നത്.

പ്രമേഹവും രക്തസമ്മർദ്ദവും കൊളസ്ട്രോളും തൈറോയിഡും ഉണ്ടാകുന്നത് അതാതിന് മാത്രം പറഞ്ഞിട്ടുള്ള കാരണങ്ങളെക്കൊണ്ട് മാത്രമല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതിൽനിന്നും ഏതെങ്കിലും ഒരു ജീവിതശൈലീരോഗമുണ്ടായാൽ അതിൽമാത്രമായി അത് ഒതുങ്ങണമെന്നില്ലെന്നും വളരെ വേഗത്തിൽ മറ്റ് രോഗങ്ങളെക്കൂടി കൂടെക്കൂട്ടുമെന്നും മനസ്സിലാക്കണം.
വളരെക്കുറച്ചു കാര്യങ്ങൾമാത്രം മനസ്സിരുത്തി പ്രവർത്തിച്ചാൽപോലും ഒന്നിനൊപ്പം മറ്റൊന്ന് എന്ന രീതിയിൽ പല ജീവിതശൈലീരോഗങ്ങളേയും ഒഴിവാക്കുവാനും നിയന്ത്രിക്കുവാനുമാകുമെന്നുള്ള എളുപ്പവിദ്യയും ഇതോടൊപ്പം ചേർത്തു വായിക്കണം.

വീട്ടിനുള്ളിൽ അടച്ചിരിക്കുന്നവരും പുറത്തിറങ്ങി അന്തരീക്ഷവുമായി ലയിച്ചുജീവിക്കുന്നവരും തമ്മിൽ ഒരുപോലെയല്ലല്ലോ? പരസ്പര സ്നേഹത്തോടെയും ധാരണയോടെയും വിശ്വാസത്തോടെയും ജീവിക്കുന്നവരും എന്തും വെട്ടിപ്പിടിക്കണമെന്ന സ്വാർത്ഥമോഹത്തോടെ സ്വന്തം കാര്യംമാത്രം നോക്കിനടക്കുന്നവരും ഒരുപോലെയല്ല. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നവരും പിണങ്ങി ജീവിക്കുന്നവരും ഒരുപോലെയല്ലെന്ന് പറയേണ്ടതില്ലല്ലോ? അതുപോലെ വ്യത്യസ്തമാണ് രോഗാവസ്ഥയ്ക്ക് കാരണമായ സാഹചര്യത്തിൽ ജീവിക്കുന്നതും അതിനെതിരായ അവസ്ഥയിൽ ജീവിക്കുന്നതും തമ്മിലുള്ളത്. രോഗമുണ്ടാക്കുന്ന സാഹചര്യങ്ങളിൽനിന്ന് മാറിനടക്കുവാൻ പലവിധത്തിൽ ശ്രദ്ധിക്കേണ്ടിവരുമെന്ന് സാരം. ശൈശവം മുതൽ ജീവിച്ചിരിക്കുന്ന കാലയളവ് മുഴുവൻ അത്തരം ശ്രദ്ധയുള്ള ഒരാളിന് മാത്രമേ ആരോഗ്യത്തോടെ മുന്നോട്ടുപോകുവാൻ കഴിയൂ. നമ്മുടെ ശരീരത്തിനും മനസ്സിനും നമ്മളുമായി ബന്ധപ്പെടുന്ന സകലതുമായി ആരോഗ്യകരമായ ചേർച്ച ഉണ്ടായിരിക്കുവാൻ സദാസമയവും ശ്രദ്ധയുണ്ടാകണം. ഓരോരുത്തരിലുമുള്ള ‘ബയോളജിക്കൽ ക്ലോക്ക് ‘ പരസ്പരപൂരിതമായും സന്തുലിതമായും ആരോഗ്യത്തോടെയും നിലനിൽക്കുവാൻ അവരവർതന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇക്കാലത്ത് വർദ്ധിച്ചുവരുന്ന പ്രമേഹം, വൃക്കരോഗം, ഹൃദ്രോഗം, രക്തസമ്മർദ്ദം തുടങ്ങി പല രോഗങ്ങളേയും ഒഴിവാക്കുവാൻ
ചുറ്റുപാടിനോടും പ്രകൃതിയോടും ഇണങ്ങിയുള്ള ജീവിതം ഉണ്ടായേ മതിയാകൂ.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart