fbpx

പോഷകാഹാരം കുട്ടികളിൽ

 

സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ പോഷകാഹാരത്തെക്കുറിച്ച് ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നതിനുള്ള പരിപാടികൾക്ക് പ്രത്യേകശ്രദ്ധ നൽകുന്ന സമയമാണിപ്പോൾ. കുട്ടികളെപ്പോലെ രക്ഷിതാക്കളേയും ഇതുസംബന്ധിച്ച് ബോധവൽക്കരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. രക്ഷിതാക്കൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നതിലൂടെ ശരിയായി പോഷണവും ആരോഗ്യവുമുണ്ടാക്കുന്ന ആഹാരം കുട്ടികൾക്ക് ഉണ്ടാക്കിനൽകുന്നതിനുംആരോഗ്യകരമല്ലാത്ത ഭക്ഷണമുപയോഗിക്കുന്ന കുട്ടികളെ ശരിയായ ഭക്ഷണം കഴിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അതാത് സമയങ്ങളിൽ തന്നെ ഓർമ്മിപ്പിക്കുന്നതും സാധിക്കും.

ഏതെങ്കിലും ഭക്ഷണത്തിനോട് പ്രത്യേകതാല്പര്യം കാണിക്കുന്ന കുട്ടികളെ കണ്ണുരുട്ടി വിരട്ടിയാലൊന്നും കാര്യമില്ല. ഓരോഭക്ഷണവും കഴിക്കുന്നത് കാരണമുള്ള ഗുണവും അതുപോലെ ദോഷവും ഇടയ്ക്കിടെ പറഞ്ഞുകൊടുക്കണം. ഇക്കാര്യത്തിൽ ഗുണദോഷമറിഞ്ഞ് തീരുമാനമെടുക്കേണ്ട ചുമതല കുട്ടികളുടേതാണെന്ന്കൂടി അവരെ ഓർമ്മിപ്പിക്കണം.

ആവശ്യത്തിന് പോഷണമുള്ള കുട്ടികളിൽ വീണ്ടും പോഷണമുണ്ടാകേണ്ടതില്ല.പോഷണം കുറഞ്ഞവരിൽ അത് പരിഹരിക്കുന്നതിനുള്ള ആഹാരവസ്തുക്കൾ നൽകേണ്ടതുമാണ്. ശരീരത്തിന് വലിപ്പമുള്ളവർക്ക് ആവശ്യത്തിന് പോഷണമുണ്ടെന്ന് കരുതരുത്. പോഷണത്തിന്റെ അളവുകോൽ ശരീരത്തിന്റെ വലിപ്പമോ ഭാരമോ പൊക്കമോ അല്ലെന്ന് സാരം.

രോഗങ്ങളൊന്നുമില്ലാതെയും ആരോഗ്യത്തോടെയുമിരിക്കുന്നവരാണ് പോഷണമുള്ളവരെന്ന് ഒറ്റവാക്കിൽ പറയാം. ആരോഗ്യസൂചകങ്ങളൊക്കെയും നോർമലായിരിക്കുകയും മാനസികാരോഗ്യവുംകൂടി ഉള്ളവരുടെ ശാരീരിക പ്രവർത്തനങ്ങളൊക്കെയും ശരിയായി നടക്കുകയാണ് പതിവ്.

വണ്ണക്കൂടുതലുള്ളവർക്കും മെലിഞ്ഞിരിക്കുന്നവർക്കും ശരിയായ പോഷണം ലഭിക്കുന്നതിന് ഒരുപോലുള്ള ആഹാരമല്ല ആയുർവേദം അനുശാസിക്കുന്നത്.ചില ഉദാഹരണങ്ങൾ പറയാം. ഏത്തപ്പഴവും ഈത്തപ്പഴവും വണ്ണം കൂട്ടുന്നതും ചെറിയ വാഴപ്പഴങ്ങൾ വണ്ണം കുറയ്ക്കുന്നതുമാണ്. പാലും തൈരും വണ്ണം കൂട്ടുന്നതും മോരും മോരുകറിയും വണ്ണം കുറയ്ക്കുന്നതുമാണ്. തവിടും ഉമിയുമുള്ള ധാന്യങ്ങൾ വണ്ണം കുറയ്ക്കും. മൈദയും ആട്ടയും വണ്ണം കൂട്ടും. ചെറുപയർ വണ്ണം കുറയ്ക്കുന്നതും ഉഴുന്ന് വണ്ണം കൂട്ടുന്നതുമാണ്. വണ്ണം കൂടുവാൻ പകലുറക്കവും മാംസങ്ങളും എണ്ണയിൽ വറുത്തതും തണുപ്പിച്ച ആഹാരവും കിഴങ്ങുവർഗ്ഗങ്ങളും കാരണമാകുമെങ്കിൽ വണ്ണം കുറയുവാൻ രാത്രിയിൽ ശീലിച്ച സമയത്തുള്ള ഉറക്കവും ചെറിയ മത്സ്യങ്ങൾ കറിവച്ചു കഴിക്കുന്നതും ജ്യൂസും പഴങ്ങളും പച്ചക്കറികളുമാണ് ഉപയോഗപ്പെടുന്നത്.

വണ്ണമുള്ളവർ വണ്ണം കുറയ്ക്കുന്നതിനും അല്ലെങ്കിൽ തിരിച്ചും പ്രയത്നിക്കുന്നതിന്റെ ഭാഗമായി എന്ത് ത്യാഗവും സഹിക്കുവാൻ പോകാതെ ശരിയായ ഭക്ഷണരീതി ഉപയോഗിച്ചുതന്നെ അതിനായി ശ്രമിക്കേണ്ടതാണ്. പട്ടിണികിടന്നും അമിതമായികഴിച്ചും ഉള്ള ആരോഗ്യംകൂടി കളയാമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ല.

എന്തെങ്കിലും രോഗം കാരണമാണോ കുട്ടികൾ അമിതവണ്ണത്തിലോ മെലിഞ്ഞോ ഇരിക്കുന്നതെന്നുകൂടി മനസ്സിലാക്കേണ്ടിവരും. കാരണം ഇപ്പോൾ ചെറുപ്രായത്തിൽ തന്നെ തൈറോയ്ഡ്, കൊളസ്ട്രോൾ, ഫാറ്റിലിവർ, പി.സി.ഓ.ഡി, അലർജിരോഗങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നതായും പലരുമത് തിരിച്ചറിയാതെ പോകുന്നതായും കാണാം. ഇത്തരം രോഗങ്ങളേക്കാൾ ചില കുട്ടികളെങ്കിലും കൂടുതൽ പ്രാധാന്യം നൽകുന്നത് മുഖക്കുരുവിനും തലയിലുണ്ടാകുന്ന താരനും തേമലിനും മറ്റ് സൗന്ദര്യ പ്രശ്നങ്ങൾക്കുമാണ്.

തവിടുള്ളതും ഉമിയുള്ളതുമായ ധാന്യാഹാരവും ചോളവും തിനയും റാഗിയും ചെറുമത്സ്യങ്ങൾ കറിവെച്ചതും ഇലക്കറികളും സാലഡും പഴവർഗ്ഗങ്ങളും നട്സും വിത്തുകളും ജ്യൂസും ആഹാരത്തിലുൾപ്പെടുത്തി പകരമായി അച്ചാറും എണ്ണയിൽ വറുത്തതും പായ്ക്കറ്റ്ആഹാരങ്ങളും ബേക്കറിയും റെഡ്മീറ്റും മൈദ,ആട്ട തുടങ്ങിയ റിഫൈൻഡ് വസ്തുക്കളും അമിതമായ എരിവും പുളിയും പരമാവധി ഒഴിവാക്കുകയുമാണ് വേണ്ടത്.

പരസ്യമുള്ള ആഹാര വസ്തുക്കളോട് കുട്ടികൾക്ക് വല്ലാത്തൊരു പ്രിയമാണ്. രുചിയും മണവും നിറവും ആകൃതിയും നോക്കി ഭക്ഷണം തെരഞ്ഞെടുക്കുന്നവർക്ക് ഭക്ഷണംകൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് പോലുമറിയില്ല. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെ ഉണ്ടാക്കുന്നതാണോ അതോ ഉള്ളത്കൂടി നശിപ്പിക്കുന്നതാണോ എന്ന് ചിന്തിച്ചിട്ടല്ല കുട്ടികൾ ഭക്ഷണം സെലക്ട് ചെയ്യുന്നത്. ”എന്തെങ്കിലുമൊക്കെ കഴിച്ച് പിള്ളാര് വളരട്ടെ” എന്നാണ് രക്ഷിതാക്കൾ വിചാരിക്കുന്നത്. മുരിങ്ങയിലത്തോരൻ കഴിക്കാൻ മടിക്കുന്ന കുട്ടിയെക്കൊണ്ട് മുരിങ്ങയിലകൂടി ചേർത്തുണ്ടാക്കിയ ഒരു ഓംലെറ്റ് എങ്കിലും കഴിപ്പിക്കുവാൻ സാധിക്കുമോ എന്നാണ് രക്ഷിതാക്കൾ നോക്കേണ്ടത്. അല്ലാതെ “അതൊന്നും അവർക്ക് ഇഷ്ടമല്ല” എന്ന് പറഞ്ഞ് അവരുടെ വഴിക്ക് വിടുകയല്ല വേണ്ടത്. നിരവധി ഭക്ഷണ വിഭവങ്ങൾക്ക് സാദ്ധ്യതയുള്ളൊരു ഭക്ഷണസംസ്കാരമാണ് നമുക്കുള്ളത്. അതൊക്കെ പരീക്ഷിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളും അതിനൊത്ത് മാറേണ്ട അടുക്കളകളുമാണ് നമുക്കുണ്ടാകേണ്ടത്. വീട്ടിലുണ്ടാക്കുന്ന വിഭവങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ കുട്ടികളെ വാർത്തെടുക്കേണ്ടത് ആരോഗ്യം ലക്ഷ്യമിടുന്ന രക്ഷിതാക്കളുടെ ചുമതലയാണ്.

വിവിധ തരത്തിലുള്ള ഭക്ഷണശീലമുള്ളവർക്ക്മാത്രമേ ഭക്ഷണത്തിൽനിന്നും ശരീരത്തിന് ലഭിക്കേണ്ടതായ പോഷണങ്ങൾ ശരിയായ അളവിൽ കിട്ടുകയുള്ളൂ. ചിലർക്കെങ്കിലും ചുരുക്കംചില ഭക്ഷണങ്ങളോട് മാത്രമാണ് പ്രിയം.അതുതന്നെ അവർ സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കും.
ഇത് ഒരിക്കലും അഭികാമ്യമായ രീതിയല്ല.

കുട്ടികൾ രക്ഷിതാക്കളിൽനിന്നും സ്കൂളുകളിൽനിന്നും പഠിക്കുന്ന നല്ല ഭക്ഷണചിന്തകൾ അവരവരുടെ ജീവിതത്തിൽതന്നെയാണ് പകർത്തി കാണിക്കേണ്ടത്. പലരും ഓരോ ഭക്ഷ്യവസ്തുക്കളുടേയും വിറ്റാമിനുകളും ധാതുക്കളും കലോറിമൂല്യവുമൊക്കെ കാണാതെ പഠിച്ചു പറയാറുണ്ട്. പരീക്ഷയെഴുതി നല്ല മാർക്കും നേടും.എന്നാൽ ജീവിതത്തിൽ ആ അറിവ് പ്രയോജനപ്പെടുത്താറുണ്ടോ എന്നുകൂടി വിശകലനം ചെയ്യുവാൻ കുട്ടികളും അതിനൊപ്പം രക്ഷിതാക്കളും തയ്യാറാകണം. ചുരുക്കിപ്പറഞ്ഞാൽ പുസ്തകങ്ങളിൽനിന്നും ഗുരുമുഖത്തുനിന്നും പഠിക്കുന്ന അറിവുകൾ സ്വന്തം ജീവിതത്തിൽ പകർത്തുവാൻ സാധിക്കുന്നുണ്ടോ എന്നുകൂടി നോക്കിയാണ് ഒരാൾ ശരിയായി ജീവിക്കുവാൻ പഠിച്ചോ എന്നറിയേണ്ടത്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart