ഹൃദയത്തിനും രക്തക്കുഴലുകൾക്കുമുണ്ടാകുന്ന രോഗങ്ങളെ പൊതുവേ കാർഡിയോ വാസ്കുലാർ ഡിസീസ് എന്നാണ് പറയുന്നത്.
ധമനികൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന അതറോസ്ക്ലീറോസിസ് എന്ന അവസ്ഥ ഇതുകാരണമുണ്ടാകാം.
തലച്ചോറിലുണ്ടാകുന്ന ക്ലോട്ട് കാരണം പക്ഷാഘാതവും ഹൃദയത്തിലേയ്ക്കുള്ള രക്തസഞ്ചാരം തടസ്സപ്പെടുന്നവരിൽ ഹാർട്ട് അറ്റാക്കുമുണ്ടാകാം.ക്ലോട്ട് കാരണം രക്തസഞ്ചാരം ഭാഗികമായി തടയപ്പെടുകയോ പൂർണ്ണമായി തടസ്സപ്പെടുകയോ ചെയ്യാവുന്നതാണ്.
നെഞ്ചുവേദന,നെഞ്ചിന്റെ ഭാഗത്ത് അമിതമായ സമ്മർദ്ദം, നെഞ്ച് വലിച്ചുമുറുക്കുന്നത്പോലെ തോന്നുക, ആൻജൈന പോലുള്ള വേദന, ശ്വാസമെടുക്കുവാൻ പ്രയാസം, പെരുപ്പ്, ബലക്കുറവ്,കൈകൾക്കോ കാലിനോ തണുപ്പ്, കഴുത്തിന് വേദന, താടിയെല്ലിനും തൊണ്ടയ്ക്കും വയറിനുമേൽഭാഗത്തും പുറത്തും വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഏതു ഭാഗത്തുള്ള ധമനിയിലാണ് ബ്ലോക്ക് ഉണ്ടായതെന്നതിന് അനുസരിച്ച് കാണാറുണ്ട്.
ഇന്ത്യയിൽ നടക്കുന്ന 26 ശതമാനം മരണങ്ങളും കാർഡിയോ വാസ്കുലാർ ഡിസീസ് കാരണമുള്ളവയാണ്. അതിൽ തന്നെ 80 ശതമാനവും ഹൃദയാഘാതമോ പക്ഷാഘാതമോ കൊണ്ടുണ്ടാകുന്നതാണ്. 70 വയസ്സിന് താഴെയുള്ളവരിൽ 52 ശതമാനംപേർ ഒന്നുകിൽ ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം കാരണം മരണപ്പെടുന്നു. പ്രായപൂർത്തിയായ 21.2 ശതമാനംപേർ ഈ അവസ്ഥ ഉണ്ടാകുന്നതിന് കാരണമായ അമിത രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഉള്ളവരാണ്. പ്രമേഹവും അമിതവണ്ണവും ഉയർന്ന കൊളസ്‌ട്രോളും ഈ രോഗമുണ്ടാകുവാനുള്ള സാദ്ധ്യതയെ വർദ്ധിപ്പിക്കുന്നു. ഇവയിൽ ഏതൊക്കെ രോഗങ്ങളുണ്ട് എന്നുള്ളതിനും എല്ലാ രോഗാവസ്ഥയും ഉള്ളവരാണോ എന്നതിനുമനുസരിച്ച് പക്ഷാഘാതവും ഹൃദയാഘാതവും ഉണ്ടാകുവാനുള്ള സാദ്ധ്യത വർദ്ധിക്കുകയാണ് ചെയ്യുന്നത്.
നല്ല ഭക്ഷണം, ആരോഗ്യകരമായ ജീവിതസാഹചര്യം,വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, രക്തസമ്മർദ്ദവും കൊളസ്ട്രോളും ഷുഗർ ലെവലും നോർമലാക്കി വയ്ക്കുക, സന്തോഷത്തോടെയും ആലസ്യമില്ലാതെയുമുള്ള ജീവിതം, ശരിയായ പോഷണം, പുകവലി ഉൾപ്പെടെയുള്ള ലഹരിവർജ്ജനം എന്നിവയാണ് കാർഡിയോ വാസ്കുലാർ രോഗങ്ങൾ ഒഴിവാക്കുവാനുള്ള മാർഗ്ഗങ്ങൾ. ഇവയെല്ലാംകൂടി ഒറ്റവാക്കിൽ പറഞ്ഞാൽ ഇത്തരം രോഗങ്ങൾ പരിശോധനനടത്തി മനസ്സിലാക്കുന്ന അന്നുവരെയുള്ള ജീവിത ശൈലിയിൽ വരുത്തേണ്ട മാറ്റവും അന്നുമുതലുള്ള രോഗനിയന്ത്രണവുമാണ് ഹൃദയാരോഗ്യവും മസ്തിഷ്കാരോഗ്യവും സംരക്ഷിക്കുവാൻ ആവശ്യമുള്ളത്.
രക്തസമ്മർദ്ദം സിസ്റ്റോളിക് പ്രഷർ 120 ലും ഡയസ്റ്റോളിക് പ്രഷർ എൺപതിലും താഴെ നിൽക്കുകയാണ് നല്ലത്.110/80 ആയാൽ അതിലും നല്ലത്.സിസ്റ്റോളിക് പ്രഷർ140 മുതൽ160 വരെയും ഡയസ്റ്റോളിക് പ്രഷർ 90 മുതൽ 95 വരെയും ബോർഡർ ലൈൻ ആയി കണക്കാക്കാം.അതും കഴിഞ്ഞ് പ്രഷർ കൂടിയാൽ മരുന്ന് കഴിക്കേണ്ടിവരും.
ബോഡി മാസ്സ് ഇൻഡക്സ് 25 ന് താഴെ നിൽക്കുന്നതാണ്
അഭികാമ്യം. 18.5 മുതൽ 24.9 വരെ ബി.എം.ഐ ഉള്ളവർക്ക് ആരോഗ്യകരമായ ശരീരഭാരം ആണെന്ന് കണക്കാക്കാം.ശരീരഭാരം എത്ര കിലോഗ്രാം ഉണ്ടെന്ന് നോക്കി അതിനെ പൊക്കത്തെ മീറ്ററിലാക്കി അതേ സംഖ്യ കൊണ്ട് ഗുണിച്ച സംഖ്യ ഉപയോഗിച്ച് ഹരിച്ചാൽ ബോഡി മാസ്സ് ഇൻഡക്സ് ലഭിക്കും.
200 നു താഴെ കൊളസ്ട്രോൾ നിർത്തുന്നതാണ് ഉചിതം.ടോട്ടൽ കൊളസ്‌ട്രോൾ മാത്രം നോക്കിയാൽ പലപ്പോഴും ശരിയാകണമെന്നില്ല.രാവിലെ വെറും വയറ്റിൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തുന്നതാണ് കൂടുതൽ നല്ലത്.എൽ.ഡി.എൽ,ട്രൈഗ്ലിസറൈഡ്,വി.എൽ.ഡി.എൽ എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടി വരും.
ആഹാരത്തിന് മുമ്പുള്ള രക്തത്തിലെ ഷുഗർ 100ന് താഴെയായാൽ കൂടുതൽ നല്ലത്.12 മണിക്കൂർ ഉപവാസത്തിന് (ഫാസ്റ്റിംഗ്) ശേഷമുള്ള ഷുഗർ ലെവൽ 110 കഴിഞ്ഞാൽ മരുന്ന് ഉപയോഗിക്കേണ്ടി വരും.
എപ്പോഴും എന്തെങ്കിലും ചെറിയ ജോലികളിലെങ്കിലും ഏർപ്പെട്ടിരിക്കുന്നത് രോഗ സാദ്ധ്യത വളരെ കുറയ്ക്കും. “എനിക്ക് ഒന്നിനും വയ്യ” എന്നുകരുതി മൂലയ്ക്ക് ഒതുങ്ങി ഇരിക്കുന്നവർക്ക് രോഗ സാദ്ധ്യതയേറും.
പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മുഴുധാന്യങ്ങൾ (തവിടോടും ഉമിയോടും കൂടിയത് ), ചെറിയ മത്സ്യങ്ങൾ, സോഡിയം (ഉപ്പ്)കുറഞ്ഞ ഭക്ഷണം എന്നിവ ഉപയോഗിക്കുകയും പൂരിതകൊഴുപ്പടങ്ങിയ ബേക്കറികൾ,കൃത്രിമ ആഹാരം, മധുരത്തിനായി ഉപയോഗിക്കുന്ന പഞ്ചസാര ഉൾപ്പെടെയുള്ള കൃത്രിമ വസ്തുക്കൾ എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ഉപകാരപ്പെടും.
ഡോ.ഷർമദ് ഖാൻ
9447963481