ശരീരപോഷണത്തിനും ശരിയായ വളർച്ചയ്ക്കും ചില പ്രത്യേക തരത്തിലുള്ള ഭക്ഷണം ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ,ഫാറ്റ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവയാണ്. വൈറ്റമിനുകളും മിനറലുകളും കൂടി ഇതിൽ പെടുന്നവതന്നെ. അവയുടെ ദൗർലഭ്യം ആരോഗ്യത്തെ കുറയ്ക്കുകയും രോഗത്തിന് കാരണമാകുകയും ചെയ്യും.
ഏത് പ്രായത്തിലുള്ളവർക്കും നിർബന്ധമായും ആഹാരത്തിൽ ഉണ്ടായിരിക്കേണ്ടവയാണ് നാരുകൾ അഥവാ ഫൈബറുകൾ. അതുകൊണ്ടാണ് നാരുകളടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്. നാരുകളടങ്ങിയ ഭക്ഷണം കഴിക്കുന്നത് വളരെ ഗുണകരമാണ്. എന്നാൽ നാരുകളടങ്ങിയവയാണെങ്കിലും ചിലതരം പാകപ്പെടുത്തലുകൾ കൊണ്ട് അവയുടെ ശരിക്കുള്ള ഉപയോഗം കിട്ടാതെയും വരാം. ആഹാരവസ്തുക്കൾക്ക് രൂപമാറ്റങ്ങൾ വരുത്തുന്നതും പാകപ്പെടുത്തുന്നതും കാരണം ഫൈബറുകൾക്ക് അവയുടെ ഗുണപരമായ ഉപയോഗം നഷ്ടപ്പെടുന്നു.
ഉമിയുള്ള ഗോതമ്പും തവിടുള്ള അരിയും ഫൈബറുകൾ ധാരാളമടങ്ങിയ ആഹാരപദാർത്ഥങ്ങളാണെങ്കിലും അവതന്നെ അരച്ചും പൊടിച്ചും, ഉമി നീക്കിയും, നിറം മാറ്റിയും, രുചികരമാക്കിയും, മൃദുത്വമുള്ളതാക്കിയും കൂടുതൽ സംസ്കരിക്കുന്നതിനനുസരിച്ച് ഫൈബറിന്റെ അളവും അതുകൊണ്ടുതന്നെ ഉപയോഗവും കുറയുകയാണ് ചെയ്യുന്നത്. ഇതിൽനിന്നും ഉമിയുള്ള ഗോതമ്പിൽ ഫൈബറിന്റെ അളവ് കൂടുതലും അതുതന്നെ സംസ്കരിച്ച് തയ്യാറാക്കിയ ആട്ടയിലും മൈദയിലും ഫൈബറിന്റെ അളവ് വളരെ കുറവുമായിരിക്കും എന്ന് മനസ്സിലാക്കണം.
ഇതുപോലെ വളരെയധികം നാരുകളുള്ള പല ഭക്ഷണവസ്തുക്കളും എണ്ണയിൽ പാകപ്പെടുത്തിയും, കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള പ്രിസർവേറ്റീവുകൾ ചേർത്തും, മറ്റു പല ഭക്ഷ്യവസ്തുക്കളുമായി മിക്സ് ചെയ്തും, അരിഞ്ഞും നുറുക്കിയും അവയിൽ യഥാർത്ഥത്തിൽ അടങ്ങിയിട്ടുള്ള നാരിന്റെ അളവിനെ കുറച്ചുകളയുന്ന രീതികൾ നമ്മളിൽ പലരും അതിനെക്കുറിച്ചുള്ള അറിവില്ലാത്തത് കാരണം ശീലിച്ചുവെച്ചിരിക്കുന്ന കാര്യങ്ങളാണ്.
പല തരത്തിലുള്ള പഴങ്ങളും നുറുക്കി ഫ്രൂട്ട് സലാഡ് ആക്കിയും ജ്യൂസ് ഉണ്ടാക്കിയും കഴിക്കുന്നതും ഫൈബറിന്റെ പ്രയോജനത്തെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുമ്പോൾ നാരുകൾ ധാരാളമടങ്ങിയവയായിരുന്നാൽകൂടി അവയുടെ പ്രയോജനം ലഭിക്കണമെന്നില്ല.
ചില രോഗാവസ്ഥകളിൽ നാരുകൾ അധികം അടങ്ങിയിട്ടുള്ളവയെ അവയുടെ പ്രയോജനം കൂടി അറിഞ്ഞുവേണം ഉപയോഗിക്കേണ്ടത്. മലബന്ധം ഉള്ളവർക്ക് നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിക്കുന്നത് ശരിയായ മലശോധന ലഭിക്കുവാൻ കാരണമാകും. എന്നാൽ വയറിളക്കമുള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിച്ചാൽ വയറിളക്കം വർദ്ധിക്കുവാനാണ് സാദ്ധ്യത. അതിനാൽ വയറിളക്കമുള്ളപ്പോൾ വാഴപ്പഴം, പാൽ, ഉഴുന്ന്, ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലത്തോരൻ, തവിടുള്ള ധാന്യങ്ങൾകൊണ്ട് ഉണ്ടാക്കുന്ന ആഹാരം എന്നിവ കഴിക്കരുത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കൊഴുപ്പ്, ശരീരഭാരം എന്നിവ കുറയ്ക്കുന്നതിനും ശരിയായ മലശോധന ലഭിക്കുന്നതിനും ക്യാൻസർ പോലുള്ള രോഗങ്ങൾ ഒഴിവാക്കുന്നതിനും നാരുകളടങ്ങിയ ഭക്ഷണം ഗുണം ചെയ്യും. അതിനാൽ പ്രമേഹം, രക്തസമ്മർദ്ദം, പൊണ്ണത്തടി, കൊളസ്ട്രോൾ, അർശസ്സ്, ദഹനപ്രശ്നങ്ങൾ, മലബന്ധം തുടങ്ങിയവ ഉള്ളവർ നാരുകളടങ്ങിയ ഭക്ഷണം കഴിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.
മൾബറി, ബ്ലാക്ക്ബെറി, ബ്ലൂബെറി, പ്രൂൺസ്, ബട്ടർഫ്രൂട്ട്, പ്ലം, പേരയ്ക്ക, ആപ്പിൾ, ഓറഞ്ച്, പൈനാപ്പിൾ, ഉണക്കിയ പഴങ്ങൾ, വാഴപ്പഴം എന്നിവകളിൽ ധാരാളം നാരുകളുണ്ട്.നാരുകളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുവാനായിട്ടാണ് മുഴുധാന്യങ്ങൾ ഉപയോഗിക്കണമെന്ന് പറയുന്നത്.നെല്ലിക്ക നാരുകളടങ്ങിയ ഒരു വിശേഷഭക്ഷ്യവസ്തുവാണ്. മിക്കവാറും കിഴങ്ങു വർഗ്ഗങ്ങളിൽ ആവശ്യത്തിന് നാരുകളുണ്ട്. കപ്പ, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയെല്ലാം നല്ലതാണ്. സൂര്യകാന്തിവിത്ത്, മത്തൻവിത്ത്, തണ്ണിമത്തൻവിത്ത്, ബദാം തുടങ്ങിയവയും ഈത്തപ്പഴവും വളരെയേറെ നാരുകൾ അടങ്ങിയിട്ടുള്ളവതന്നെ. ചക്ക,തേങ്ങ,പനങ്ങ, പനംകിഴങ്ങ്, ശതാവരിക്കിഴങ്ങ്, ചോളം എന്നിവയും മിക്കവാറും എല്ലാ പച്ചക്കറികളും പ്രത്യേകിച്ച് ബ്രോക്കോളി, കാബേജ്, അച്ചിങ്ങപ്പയർ എന്നിവയിലും നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇലക്കറികളിലെല്ലാംതന്നെ നാരുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലാണ്.
നമ്മൾ കഴിക്കുന്ന എന്താഹാരവും നാരുകളുടെ സാന്നിദ്ധ്യത്തിൽ ശരിയായി ദഹിക്കുകയും, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ദഹനപ്രക്രിയ സമയബന്ധിതമായി തീർക്കുകയും, ഭക്ഷണശകലങ്ങളുടെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കുള്ള ചലനം കുടലിന്റെ പെരിസ്റ്റാൽട്ടിക് മൂവ്മെന്റിനൊപ്പം സുഗമമാക്കുകയും, എവിടെയും ഭക്ഷ്യാവശിഷ്ടങ്ങൾ തടസ്സപ്പെടാത്തവിധം സഞ്ചരിച്ച് മലാശയത്തിൽ എത്തുകയും, അവിടെനിന്നും യാതൊരു പ്രയാസവും കൂടാതെതന്നെ സമയത്ത് പുറത്തേക്ക് ബഹിഷ്കരിക്കുകയും ചെയ്യുന്നു. ഇത് കാരണം ശരീരത്തിനാവശ്യമായതെന്തും ഭക്ഷണത്തിൽനിന്ന് ശരിയായി ആഗീരണം ചെയ്യുവാനും ആവശ്യമില്ലാത്തതെല്ലാം ഒട്ടും സമയംകളയാതെ പുറന്തള്ളുവാനും സാധിക്കുന്നു.
ആധുനികകാലത്ത് ചിലർ മനസ്സിലാക്കിയിരിക്കുന്നതും പറഞ്ഞു കേൾക്കുന്നതും പരിശോധിച്ചാൽ ഓട്സിൽ മാത്രമാണ് ഫൈബർ ഉള്ളത് എന്ന് തോന്നിപ്പോകും. ഒരു നേരത്തെ ഭക്ഷണത്തിനുപകരം ഒരു ഗ്ലാസ് ഓട്സ് കുടിക്കുന്നവരാണധികവും. വീണ്ടും വിശക്കുമെന്ന് ഭയന്ന് രണ്ടും മൂന്നും ഗ്ലാസ്സ് വരെ കുടിക്കുന്നവരുമുണ്ട്.
നീട്ടിക്കാച്ചിയതല്ലേ എന്ന് കരുതി ഉണ്ടാക്കിയത് മുഴുവൻ കുടിക്കുന്നവരും കുറവല്ല. ഓട്സ് കുടിക്കുന്നവരേക്കാൾ പ്രിയമുള്ളത് ഇത് ഉണ്ടാക്കുന്നവർക്കാണെന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിന് ആവശ്യമായ മനുഷ്യവിഭവശേഷിയുടെ നിരവധി മടങ്ങ് കുറവാണല്ലോ പകരമായി ഓട്സ് ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ളത്. എന്നാൽ കേരളീയരെ സംബന്ധിച്ച് ഓട്സിനേക്കാൾ നല്ലത് കഞ്ഞിതന്നെയാണ്. പ്രമേഹബാധിതർക്ക് കൂടുതൽ സുരക്ഷിതമാകുന്നതിന് ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണമെന്ന് മാത്രം. തവിടുള്ള ധാന്യങ്ങൾതന്നെ കഞ്ഞി വെയ്ക്കുവാൻ ഉപയോഗിക്കണം. കഞ്ഞിവെള്ളത്തിൽ അന്നജത്തിന്റെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികളിൽ അത് ഒഴിവാക്കുവാനായി പ്രഷർകുക്കറിൽ കഞ്ഞി പാകം ചെയ്യരുത്. കഞ്ഞിവെള്ളം ഊറ്റി ക്കളഞ്ഞ് പകരം ചൂടുവെള്ളം ചേർക്കുന്നത് കൂടുതൽ നല്ലത്. കഞ്ഞിക്കൊപ്പം തോരനോ ചമ്മന്തിയോ കൂട്ടുകറിയോ അവിയലോ പ്രാധാന്യത്തോടെതന്നെ ഉൾപ്പെടുത്തണം.
നാരുകളടങ്ങിയ ഭക്ഷണം പലവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉപകാരപ്പെടുന്നതാണ്. ആയതിനാൽ നാരുകളടങ്ങിയ ഭക്ഷണം അവ നഷ്ടപ്പെടാതെതന്നെ ഉപയോഗിക്കുവാനാണ് ശ്രദ്ധിക്കേണ്ടത്.നാരുകൾ കുറവുള്ള ഭക്ഷണം കഴിക്കുമ്പോൾ നാരുകൾ കൂടുതലുള്ളവ കൂടി അതിനൊപ്പം കഴിക്കുന്നതിന് പ്രത്യേകം ശ്രദ്ധിച്ചാൽ ആരോഗ്യത്തോടെ ദീർഘകാലം കഴിയാവുന്നതാണ്.
ഡോ.ഷർമദ് ഖാൻ
9447963481