fbpx

അബദ്ധങ്ങൾ അരുത്

 

അറിഞ്ഞോ അറിയാതെയോ ശീലിക്കുന്ന ചില അബദ്ധങ്ങൾ രോഗവർദ്ധനവിനെ ഉണ്ടാക്കുന്നവയാണ്. അറിവില്ലായ്മയോ, താല്ക്കാലികസുഖം ലഭിക്കുന്നതോ,പറഞ്ഞു കേട്ടറിവുള്ളവയോ, തലമുറകളായി കൈമാറുന്ന വിശ്വാസങ്ങളോ ഒക്കെയാണ് ഇത്തരം അബദ്ധങ്ങൾ ശീലിക്കുന്നതിന് പലപ്പോഴും കാരണമാകുന്നത്.

ചില രോഗാവസ്ഥകളിൽ എന്തൊക്കെ അബദ്ധങ്ങൾ ചെയ്താലാണ് അവ വർദ്ധിക്കുവാനിടയുള്ളത് എന്ന് പറയുന്നതിന് വേണ്ടിയാണ് ഈ ലേഖനം. ഇത് പോലുള്ള നിരവധി കാര്യങ്ങൾ വേറെയുമുണ്ട് എന്ന് തിരിച്ചറിയണം.

ഡ്രൈസ്കിൻ ഉള്ളവർ ചൂടുവെള്ളത്തിൽ കുളിക്കുന്നത് അബദ്ധമാണ്.അത് രോഗ വർദ്ധനവിന് കാരണമാകും. കിഡ്നിക്ക് തകരാറുള്ള രക്തസമ്മർദ്ദരോഗികൾ ഇന്ദുപ്പ് കഴിക്കുന്നതും, ബിരിയാണി കഴിച്ചുണ്ടായ ദാഹംതീർക്കാൻ ധാരാളം വെള്ളം കുടിക്കുന്നതും, അപകടം കാരണമുണ്ടായ വേദന കുറയ്ക്കാൻ അസ്ഥിപൊട്ടലാണോ എന്ന് അറിയുവാൻ പോലും ശ്രമിക്കാതെ തടവിത്തിരുമ്മുന്നതും,അസിഡിറ്റിയുള്ളവർ പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നതും, നെഞ്ചെരിച്ചിലുള്ളപ്പോൾ ചൂടുള്ളതും ചായയും കോഫിയും കോളയും മധുരമുള്ളവയും കഴിക്കുന്നതും അൾസർ കാരണമുള്ള വയറുവേദനയിൽ താൽക്കാലിക ശമനത്തിനായി ചൂടുവെള്ളം കുടിക്കുന്നതും, വിശപ്പില്ലാത്ത കുട്ടികൾക്ക് വീണ്ടും ബിസ്കറ്റും ചായയും അച്ചാറും ബേക്കറികളും കൊടുക്കുന്നതും, പ്രമേഹരോഗികളോട് അരിയാഹാരം കഴിക്കരുതെന്ന് പറയുന്നതിനാൽ പകരം ഗോതമ്പ് കഴിക്കുന്നതും അബദ്ധങ്ങൾ തന്നെ.ധാന്യങ്ങൾ കുറയ്ക്കുന്ന പ്രമേഹരോഗികൾ പകരമായി എണ്ണയും എരിവും മസാലയും കൂടുതൽ ഉപയോഗിക്കുന്നതായും കാണുന്നു.അതും നല്ലതിനല്ല.

പതിവില്ലാതെ ഉണ്ടായ നീരോടുകൂടിയ വേദനയിൽ തൈലമിട്ട് തടവുന്നതും,തുടർച്ചയായികാണുന്ന വേദന ശമിപ്പിക്കുവാൻ വേദനാസംഹാരികൾ സ്ഥിരമായി കഴിക്കുന്നതും, പനിയുള്ളവർ ബ്രഡ്ഡും,ബിസ്ക്കറ്റും, റെസ്കും കഴിക്കുന്നതും, കാലുകളിൽ മുറിവുള്ളവർ മലിനജലത്തിൽ ഇറങ്ങുന്നതും, മലബന്ധമുള്ളവർ സംസ്കരിച്ച ധാന്യങ്ങൾ കൊണ്ടുള്ള പറോട്ട മുതലായവ കഴിക്കുന്നതും രോഗവർദ്ധനവിനെ ക്ഷണിച്ചുവരുത്തും.

വയറിളക്കമുള്ളവർ കൂടുതൽ നാരുകളടങ്ങിയ ഭക്ഷണവും പഴവും ഇലക്കറികളും തവിടുള്ള ധാന്യവും കഴിക്കുന്നതും, കഴുത്ത് വേദനയുള്ളവർ കിടന്നു വായിക്കുന്നതും കിടന്നുകൊണ്ട് മൊബൈൽ ഫോൺ നോക്കുന്നതും, കാഴ്ചക്കുറവുള്ളവർ അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും, ഉറക്കക്കുറവുള്ളവർ രാത്രിയിൽ ചായയോ കാപ്പിയോ കുടിക്കുന്നതും, ജലദോഷമുള്ളവർ തണുത്തതും തൈരും കഴിക്കുന്നതും, സൈനസൈറ്റിസ് ഉള്ളവർ വെയിലും തണുപ്പും കൊള്ളുന്നതും രോഗ വർദ്ധനവിനെ ഉണ്ടാക്കും.ചൂടുള്ളതും തണുത്തതും കഴിക്കുന്നതും സൈനസൈറ്റിസ് ഉള്ളവർക്ക് നല്ലതല്ല.

അനക്കുവാൻ പ്രയാസമുള്ള ഭാഗം മരുന്നിന്റെ ബലത്തിലാണെങ്കിലും വിശ്രമം നൽകാതെ അനക്കുന്നതും, പകർച്ചവ്യാധികളുള്ളവരോട് അകലം പാലിക്കാത്തതും, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറയ്ക്കാത്തതും, ഗ്യാസുള്ളവർ എണ്ണപ്പലഹാരങ്ങളും ദഹിക്കുവാൻ പ്രയാസമുള്ളവയും ഒഴിവാക്കാത്തതും, തലകറക്കമുള്ളപ്പോഴും ഉയർന്ന ഇടങ്ങളിലുള്ള ജോലികളിൽ ഏർപ്പെടുന്നതും വാഹനമോടിക്കുന്നതും, പകലുറങ്ങുന്നതും, രാത്രി ഉറക്കമിളയ്ക്കുന്നതും നല്ലതല്ല.

തൊണ്ടവേദനയുള്ളവർ നല്ല ചൂടുള്ളവ കവിൾക്കൊള്ളുന്നതും, മൂത്രത്തിൽ അണുബാധയുള്ളവർ ചൂടുള്ളവയും എരിവുള്ളവയും ഇടയ്ക്കിടെ കുടിക്കുന്നതും,ചെവി വേദനയുള്ളപ്പോൾ തല കുളിക്കുന്നതും തണുത്ത കാറ്റ് ഏൽക്കുന്നതും,
താരണമുള്ളവർ തലയിൽ സോപ്പ് തേയ്ക്കുന്നതും തുടർച്ചയായി ഷാംപൂ ഉപയോഗിക്കുന്നതും ചൂടുവെള്ളത്തിൽ കുളിക്കുന്നതും, കൈവിരലുകൾ പെരുക്കുന്നവർ തലയിൽ കൈവെച്ച് കിടക്കുന്നതും കുഴപ്പമുള്ള വശം വെച്ച് ചരിഞ്ഞു കിടക്കുന്നതും, തുടർച്ചയായോ കിടക്കുമ്പോൾ വർദ്ധിക്കുകയോ ചെയ്യുന്നവിധമുള്ള ചുമയുള്ളവർ അസിഡിറ്റിയുണ്ടോ എന്ന് നോക്കാതെ ചുമയ്ക്കുള്ള മരുന്ന് കഴിക്കുന്നതും, നിലവിലെ വണ്ണം കൂട്ടേണ്ടതില്ലെന്ന് കരുതി ഇടയ്ക്കിടെ ഭക്ഷണം കഴിക്കാതിരിക്കുന്നതും,
വണ്ണമുള്ളവർ ആഹാരശേഷം വെള്ളം കുടിക്കുന്നതും, തലവേദനയുള്ളപ്പോൾ ഉറക്കമൊഴിയുന്നതും, രോഗമെന്തുതന്നെയായാലും മരുന്നുകഴിച്ചുമാത്രം കുറയ്ക്കാമെന്ന് വിചാരിക്കുന്നതും അബദ്ധധാരണകളിൽ ചിലതാണ്.

ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart