നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിന്റെ എല്ലാ ഭാഗത്തിനും ഒരുപോലെ ഗുണപ്പെടുന്നതോ ദോഷമുണ്ടാക്കുന്നതോ അല്ല. എന്നാൽ ചില ഭക്ഷണങ്ങൾ ചില ഭാഗങ്ങൾക്ക് കൂടുതൽ ഗുണം നൽകുന്നവയാണ്താനും. ശരീരത്തിലെ ഏത് ഭാഗത്തിന് എന്താണ് ആവശ്യം എന്ന് മനസ്സിലാക്കി ആവശ്യമായവിധം പ്രവർത്തിക്കുവാൻ നമ്മുടെ ശരീരത്തിന് കഴിവുണ്ട് എന്നതാണ് യാഥാർത്ഥ്യം. ചിലർ ഇത് സമ്മതിച്ചു തരില്ലെങ്കിലും അപ്രകാരമാണ് മരുന്നുകൾപോലും പ്രവർത്തിക്കുന്നത്. അത്തരത്തിൽ പ്രവർത്തിക്കുന്ന മരുന്നുകളുടെ സ്വഭാവവിശേഷംകൊണ്ട് ഉദ്ദേശിക്കുന്നിടത്ത് ചെയ്യുന്ന പ്രവർത്തികൾക്കൊപ്പം മറ്റിടങ്ങളിലും അതിന്റെ ഫലം കണ്ടെന്നിരിക്കും.
മനസ്സിനെ ശാന്തമാക്കാനുള്ള മരുന്നുപയോഗിക്കുന്നവർക്ക് കൈകളും കാലുകളും ഉൾപ്പെടുന്ന ശരീരഭാഗത്തും അത് ക്ഷീണവും തളർച്ചയും ഉണ്ടാക്കിയെന്നിരിക്കും.
മസ്തിഷ്കത്തിന് ഉണർവ്വും ഉന്മേഷവും കിട്ടുവാൻ ഉപയോഗിക്കുന്ന മരുന്നുകൊണ്ട് ശരീരമാകെ ഉല്ലാസത്തിലാകുവാനും ഇടയുണ്ടല്ലോ?മരുന്നിന്റെ ഗുണമായും ദോഷമായും ഇത്തരം കാര്യങ്ങളെ കാണാമെന്നതാണ് യാഥാർത്ഥ്യം. ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തുണ്ടാകുന്ന അസ്ഥിയുടെ പൊട്ടലിനോ കാൽസ്യത്തിന്റെ കുറവിനോ കഴിക്കുന്ന മരുന്ന് കാരണം ആ ഭാഗത്തുള്ള പ്രയാസങ്ങൾ മാറ്റുന്നതിനൊപ്പം വൃക്കയിലും പിത്താശയത്തിലും മൂത്രാശയത്തിലും കല്ലിന്റെ അസുഖം ഉണ്ടാകുന്നില്ലെങ്കിൽ അത്തരം മരുന്നുകളാണ് പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. വേദനയ്ക്ക് കഴിക്കുന്ന മരുന്നുകൾ അസിഡിറ്റിക്കും അൾസറിനും കാരണമാകാതിരിക്കുമ്പോഴാണ് അത് കൂടുതൽ സുരക്ഷിതമാകുന്നത്. ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന അസുഖത്തിന് കഴിക്കുന്ന മരുന്ന് ആ അസുഖത്തെ കുറയ്ക്കുന്നതിന് ഫലപ്രദമാകുന്ന അവസരത്തിൽതന്നെ മറ്റൊരു ശരീരഭാഗത്തിന് യാതൊരുവിധ കുഴപ്പവും ഉണ്ടാക്കുവാൻ പാടില്ലാത്തതാണ്. എന്നാൽ അത്തരം മരുന്നുകളാണോ ഡോക്ടർ എഴുതുന്നതെന്ന് രോഗികളും, എത്രമാത്രം മരുന്നാണ് സുരക്ഷിതമായി കഴിക്കുവാൻ സാധിക്കുന്നതെന്ന് ഡോക്ടർമാരും, ഇതോടൊപ്പം രോഗികൾ കഴിക്കുന്ന മറ്റു മരുന്നുകളുമായി പ്രതിപ്രവർത്തനങ്ങൾ ഉണ്ടായി കൂടുതൽ അപകടകരമാകുവാൻ സാദ്ധ്യതയുണ്ടോ എന്ന് ഫാർമസിസ്റ്റുകളും ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ ശരിയായ ഉത്തരവാദിത്തത്തോടെ അത്തരം കാര്യങ്ങളിൽ അവരാരും നിർദ്ദേശം നൽകുന്നില്ല. ഏതെങ്കിലും ഒരു അവയവത്തിന്റെ സ്പെഷലിസ്റ്റ് നൽകുന്ന മരുന്ന്കാരണം ആ സ്പെഷ്യാലിറ്റിയിൽ ഉൾപ്പെടാത്ത മറ്റൊരു അവയവത്തിന് എന്ത് കുഴപ്പമുണ്ടായിക്കൊണ്ടിരിക്കുന്നു എന്നതിനെക്കുറിച്ച് സ്പെഷലിസ്റ്റ് ആകുലപ്പെടാറില്ല. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രോഗികളെ മൊത്തത്തിൽ ചികിത്സിക്കുവാൻ ശ്രദ്ധിക്കുന്ന ജനറൽ വിഭാഗത്തിലെ ഡോക്ടറേക്കാൾ രോഗികൾ അന്വേഷിച്ചു പോകുന്നത് സ്പെഷ്യലിസ്റ്റുകളെയാണ്. സ്പെഷ്യലിസ്റ്റുകൾക്ക് മാത്രമേ പെട്ടെന്ന് രോഗം കണ്ടെത്തി ചികിത്സിക്കുവാനാകൂ എന്ന് രോഗികൾ കരുതുന്നു. എന്നാൽ തനിക്കുണ്ടായ രോഗം ഏത് ഭാഗത്തെയാണ് യഥാർത്ഥത്തിൽ ബാധിച്ചിരിക്കുന്നതെന്ന് മനസ്സിലാക്കുവാൻ ഒരു രോഗിക്ക് എത്രമാത്രം സാധിക്കും എന്ന ചോദ്യം പ്രസക്തമാണ്. പകരം രോഗി അവരുടെ പരിമിതമായ അറിവ് വെച്ച് തീരുമാനിച്ചത് പ്രകാരമായിരിക്കും ഒരു ഡോക്ടറെ കാണുന്നതും ചികിത്സ തേടുന്നതും.ഇത് മനസ്സിലാക്കുന്ന സ്പെഷലിസ്റ്റ് കൃത്യമായി രോഗികളെ സഹായിക്കുകയും മറ്റൊരാളുടെ അടുത്തേക്ക് റഫർ ചെയ്യുകയും ചെയ്യാറുണ്ട്. എന്നാൽ സർജറി പഠിച്ച ഒരാൾ ചിന്തിക്കുന്നത് സർജറി കൊണ്ട് ഈ രോഗത്തെ എങ്ങനെ മാറ്റാം എന്നായിരിക്കും. അതുപോലെ നെഫ്രോളജിസ്റ്റ് ചിന്തിക്കുന്നത് വൃക്കയുമായി ഈ രോഗത്തിനുള്ള ബന്ധം മാത്രമായിരിക്കും.അതുപോലെ ഗ്യാസുമായി വരുന്ന രോഗികളിൽ പോലും ഹൃദ്രോഗം ആണോ എന്ന് പരിശോധിച്ച് ഉറപ്പിക്കേണ്ട ജോലി കാർഡിയോളജിസ്റ്റ് നടപ്പിലാക്കും.
ഇതൊക്കെ വായിച്ച് സ്പെഷ്യലിസ്റ്റുകൾ ആവശ്യമില്ലെന്ന അഭിപ്രായമല്ല രോഗികൾക്ക് ഉണ്ടാകേണ്ടത്. മറിച്ച് ഒരു സ്പെഷലിസ്റ്റിന്റെ സേവനം ഉപയോഗപ്പെടുത്തേണ്ടത് എപ്പോഴാണെന്ന് തീരുമാനിക്കേണ്ടത് രോഗിയോ സ്പെഷലിസ്റ്റോ അല്ലെന്ന രീതിയാണ് പല രാജ്യങ്ങളും സ്വീകരിച്ചുവരുന്നത്. ഓരോ ഡോക്ടർമാരുടേയും സമയം അവരവരുടെ പ്രവൃത്തികളിൽ വളരെ വിലപ്പെട്ടതാണ്.ഒരു സ്പഷ്യലിസ്റ്റിന്റെ സേവനം ആവശ്യമാണെന്ന് മനസ്സിലാക്കുന്ന ഡോക്ടർ അവരുടെ അടുത്തേക്ക് രോഗിയെ റെഫർ ചെയ്യുമെന്ന കാര്യത്തിൽ സംശയംവേണ്ട. ആവശ്യമായ നിർദ്ദേശങ്ങളും ചികിത്സയും നൽകി രോഗിക്ക് ആവശ്യമായ തുടർചികിത്സ ഉറപ്പാക്കുന്നതിനായി വേണമെങ്കിൽ ആദ്യം ചികിത്സിച്ച ഡോക്ടറുടെ അടുത്തേക്ക് തിരിച്ചയക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്.
ജനറൽ വിഭാഗത്തിൽപ്പെട്ട ഡോക്ടർമാരുടേതിനേക്കാൾ എണ്ണത്തിൽ കുറവുള്ള സ്പെഷലിസ്റ്റ്കളുടെ സേവനം ആ രീതിയിൽ മാത്രം ഉപയോഗിക്കുവാൻ ശ്രമിക്കേണ്ടതാണ്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് കുടുംബ ഡോക്ടർ സംവിധാനം അവതരിപ്പിച്ചുവരുന്നത്. ഓരോരുത്തരുടേയും എല്ലാവിധ ആരോഗ്യപ്രശ്നങ്ങളും മനസ്സിലാക്കുന്ന ഒരാളായിരിക്കണം പ്രാഥമിക തലത്തിൽ നമ്മുടെ കാര്യങ്ങൾ മനസ്സിലാക്കേണ്ടതും ചികിത്സിക്കേണ്ടതും. അത്കൊണ്ടുതന്നെ നമ്മളെ ഏറ്റവും അടുത്തറിയാവുന്ന, നമ്മുടെ പ്രശ്നങ്ങൾ നിരവധിതവണ പരിഹരിക്കുന്നതിന് സഹായിച്ചിട്ടുള്ള,നമുക്ക് എന്തൊക്കെ ചികിത്സകൾ നൽകിയിട്ടുണ്ടെന്ന് ഉത്തമബോദ്ധ്യമുള്ള ഒരുഡോക്ടറെത്തന്നെയാണ് അതിനു സമീപിക്കേണ്ടത്. അത്തരം ചികിത്സകരിൽനിന്ന് മാത്രമേ ശരീരത്തെ സമഗ്രമായി കണ്ടുകൊണ്ടുള്ള ഇടപെടലുകൾ യഥാർത്ഥത്തിൽ ഉണ്ടാകുകയുള്ളൂ. ശരീരത്തിന്റെ പ്രവൃത്തികളേയും അസന്തുലിത ലക്ഷണങ്ങളേയും വളരെ കൃത്യമായി വിശദീകരിക്കുകയും അതനുസരിച്ചുതന്നെ ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് ആയുർവേദത്തിന്റെ പ്രത്യേകത. ഒരു രോഗിയോട് ഇത്രമാത്രം ‘ഹോളിസ്റ്റിക് അപ്രോച്ച്’ സ്വീകരിക്കുന്ന മറ്റൊരു ശാസ്ത്രവും ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ശരിയായ ആയുർവേദചികിത്സകന്റെ ഇടപെടലുകൾ ലഭിക്കുന്ന ഒരു രോഗിക്ക് അതുകാരണം മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുവാനുള്ള സാദ്ധ്യത പരമാവധി കുറവായിരിക്കും.
ഡോ.ഷർമദ് ഖാൻ
9447963481