fbpx

ചില രോഗങ്ങൾ തമ്മിൽ കൂട്ടാണ്

 

ചില രോഗങ്ങൾ കൂട്ടുകാരെപോലെയാണ്. ഒരാൾ ഉള്ളിടത്ത് മറ്റേയാളും എത്തും. ജീവിതശൈലീരോഗങ്ങൾ പ്രത്യേകിച്ചും.

ജീവിതശൈലീരോഗങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക പ്രായപരിധി ഒന്നുമില്ല. എത്ര നേരത്തെയാണോ ഒരു രോഗമെങ്കിലും ആരംഭിക്കുന്നത് അത്രയും നേരത്തേതന്നെ മറ്റ് രോഗങ്ങൾകൂടി
കൂട്ടുവരുമെന്നത് മറക്കണ്ട. പലപ്പോഴും ഒരേ കാരണങ്ങൾതന്നെ പലജീവിതശൈലീ രോഗങ്ങളെ ക്ഷണിച്ചു വരുത്താറുണ്ട്.
ഒന്നിലധികം ജീവിതശൈലീരോഗങ്ങൾ ഉള്ളവർക്ക് ആന്തരിക അവയവങ്ങൾക്കുണ്ടാകുന്ന രോഗങ്ങൾ വർദ്ധിക്കുവാനും പകർച്ചവ്യാധികൾകൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാൽ അവ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കുവാനും കാരണമാകും.

സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുന്ന ചില പദ്ധതികൾ പരിശോധിച്ചാൽ പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നീ മൂന്ന് രോഗങ്ങളുള്ളവരാണ് ‘മാസവരി’ക്കാരായി മരുന്നുവാങ്ങാൻ എത്തുന്നതെന്നകാര്യം ബോദ്ധ്യപ്പെടും. ഇങ്ങനെ മരുന്ന് വാങ്ങി സ്ഥിരംകഴിക്കുന്ന ആൾക്കാർ തന്നെയാണ് വരുംവർഷങ്ങളിലും പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടുന്നത്. മൂന്ന് രോഗങ്ങളെങ്കിലും ഉള്ളവർ നമ്മുടെ സമൂഹത്തിൽ കൂടുതലാണെന്നും അവർ സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരാണെന്നും എന്നാലും രോഗങ്ങളൊന്നും മാറാതെ കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകുന്നുണ്ടെന്നും ഇത്തരം രോഗികളെ നിരീക്ഷിച്ചാൽ ഒറ്റ നോട്ടത്തിൽ മനസ്സിലാകും. മരുന്ന് കഴിക്കുന്നതിനപ്പുറം ജീവിതശൈലി മാറ്റിപ്പിടിക്കുവാൻ താല്പര്യമില്ലാത്തവരാണ് ഇക്കൂട്ടത്തിൽ അധികവും എന്ന് ഊഹിക്കാമല്ലോ?

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരിൽ തന്നെ ശ്വാസവൈഷമ്യവും പൊണ്ണത്തടിയുള്ളവരിൽ തൈറോയ്ഡ് രോഗവുംകൂടി കണ്ടുവരുന്നു. ഏറെനാൾ മരുന്നു കഴിക്കുന്നവരിലും പൊണ്ണത്തടിയുള്ളവരിലും ഫാറ്റിലിവറും വർദ്ധിച്ചുവരുന്നുണ്ട്. ഹൃദയ സംബന്ധമായ രോഗമുള്ളവരിൽ രക്തസമ്മർദ്ദവും വർദ്ധിക്കാം. ഇപ്രകാരം മൂന്നു മുതൽ അഞ്ചോ ആറോ ജീവിതശൈലിരോഗങ്ങളെ ഒന്നിന് പുറകെ മറ്റൊന്നായി ‘പരിണയിച്ചവർ’ ആരോഗ്യകാര്യത്തിൽ വളരെയേറെ കഷ്ടപ്പെടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. മരുന്ന് എത്രയൊക്കെ ശരിയായി കഴിച്ചാലും ക്രമേണ മരുന്ന് കഴിക്കുന്നതിന്റെ പൂർണ്ണഫലം ലഭിക്കാതെ വരികയോ രോഗം വർദ്ധിക്കുകയോ ആരോഗ്യാവസ്ഥ വളരെ പരിതാപകരമാകുകയോ ചെയ്യാറുണ്ട്. വർദ്ധിച്ചുവരുന്ന കരൾരോഗങ്ങളും വൃക്കരോഗങ്ങളും ഒരു രോഗിയുടെ രോഗാവസ്ഥയെ എത്രമാത്രം കഷ്ടപ്പാടിലാക്കുന്നുണ്ട് എന്നത് അത് അനുഭവിക്കുന്നവർക്കേ അറിയാനാകു.
40 വയസ്സിനു മുകളിൽ പ്രായമാകുന്നതോടെ രോഗങ്ങൾ ‘നിയന്ത്രണരേഖ’യ്ക്ക് പുറത്താകുന്നത് ‘വിഷാദ’ത്തോടെ നോക്കിനിൽക്കേണ്ടി വരുന്നവരും കുറവല്ല.
40 വയസ്സിനുമുകളിൽ പ്രായമുള്ള പൊണ്ണത്തടിയുള്ള ഒരാൾക്ക് മേൽപ്പറഞ്ഞ മൂന്ന് രോഗങ്ങൾ ഉണ്ടായാൽതന്നെ പക്ഷാഘാതം സംഭവിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. സ്വന്തം കാര്യം നോക്കി നടത്തുവാൻപോലും മനുഷ്യനു സമയമില്ലാത്ത കാലത്താണ് ഒന്നിൽ കൂടുതൽ ആളുകളുടെ സഹായംകൂടി പലപ്പോഴും ദിവസം മുഴുവനും ആവശ്യമായിവരുന്ന സാഹചര്യം പക്ഷാഘാതം കാരണം ഉണ്ടാകുന്നതെന്ന് മനസ്സിലാക്കണം. ജീവിതശൈലീ രോഗങ്ങൾക്ക് അടിമപ്പെടുന്നവർ പലപ്പോഴും അവർക്കൊപ്പം മറ്റുള്ളവരുടെ ജീവിതത്തിനും ബാദ്ധ്യതയായി മാറുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതുണ്ടാക്കുന്ന മാനസികസമ്മർദ്ദവും പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കാറുണ്ട്.

ജീവിതശൈലീരോഗങ്ങൾ ഉണ്ടാകാതിരിക്കുവാൻ പരമാവധി ശ്രമിക്കുകയും അഥവാ ഏതെങ്കിലും ഒരു രോഗമുണ്ടായാൽ അത് മറ്റൊന്നിന്കൂടി കാരണമാകാത്തവിധം ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിനും നിലവിലുള്ള രോഗങ്ങൾ നിയന്ത്രണത്തിലായിരിക്കുവാൻ ആവശ്യമായതെന്തും ചെയ്യുന്നതിനും വലിയ പ്രാധാന്യം നൽകേണ്ടതാണ്.

അതിനായി ദിനചര്യ, ഭക്ഷണം,ശീലങ്ങൾ, വ്യായാമം, ഉറക്കം, മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയെല്ലാം വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വ്യവഛേദിച്ച് മനസ്സിലാക്കിയുംതന്നെ ചിട്ടപ്പെടുത്തേണ്ടതാണ്. ഏതൊക്കെ മരുന്നുകൾ ഉപയോഗിക്കുന്നതിന്റെ പാർശ്വഫലമായി എന്തൊക്കെ രോഗങ്ങളുണ്ടാകാം എന്നുകൂടി മനസ്സിലാക്കി ചികിത്സയ്ക്ക് വിധേയമാകേണ്ട അവസ്ഥ ആധുനികകാലത്ത് സംജാതമായിട്ടുണ്ട്. എന്തുതന്നെയായാലും എന്റെ രോഗം ഇപ്പോൾ തന്നെ മാറണമെന്നുള്ള ദുർവാശിയോടെയുള്ള ചികിത്സാവിധേയത്വം മറ്റു പല രോഗങ്ങൾക്കും കാരണമാകും എന്നത് സംബന്ധിച്ച് പൊതു ജനങ്ങൾക്ക് ബോധം ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത്തരത്തിലുള്ള ബോധവൽക്കരണത്തിന് പ്രാധാന്യം നൽകേണ്ടതും അനിവാര്യമാണ്. കൂടുതൽ സുരക്ഷിതമായതും പാർശ്വഫലം കുറവുള്ളതുമായ മരുന്നുപയോഗിച്ച് ചികിത്സിക്കുവാൻ ഡോക്ടർക്ക് അത് അവസരമൊരുക്കും. മാത്രമല്ല അത്തരത്തിലുള്ള ചികിത്സ സമാധാനത്തോടെ സ്വീകരിക്കുവാൻ രോഗികളും തയ്യാറാകും. താൽക്കാലിക രോഗശമനത്തിനായി എങ്ങനെയും ചികിത്സ ചെയ്യാമെന്നുള്ള മനോഭാവം മാറിയാൽതന്നെ ചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമാകുമെന്ന കാര്യത്തിൽ തർക്കമില്ല.

സ്കൂൾ, കോളേജ്, ഓഫീസ്, റസിഡൻസ് അസോസിയേഷൻ, പഞ്ചായത്ത് തുടങ്ങിയവ കേന്ദ്രീകരിച്ച് ആരോഗ്യ സംരക്ഷണമാർഗ്ഗങ്ങൾക്കുള്ള ഉപാധികൾ സൃഷ്ടിക്കുവാൻ പ്രത്യേക താൽപര്യം ഉണ്ടാകണം. അതിനനുസരിച്ചുള്ള സിലബസ് പരിഷ്കരണങ്ങളും നല്ലതാണ്. ഒരു വിദ്യാർത്ഥി നല്ലൊരു പൗരനായി മാറുന്നതിന് അവരുടെ ബുദ്ധി മാത്രം വികസിച്ചാൽ മതിയാകില്ല. ബുദ്ധിപരമായ ഔന്നത്യവും ശാരീരികമായി രോഗാവസ്ഥയും എന്നത് ഗുണകരമല്ല. വ്യായാമത്തിന്റെ കുറവ് കാരണം വിദ്യാർത്ഥിഘട്ടം മുതൽ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഒട്ടുംതന്നെ കുറവല്ല. വിദ്യാർത്ഥികൾക്കുള്ള പല പ്രശ്നങ്ങളും ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കുന്നതിലൂടെ പരിഹരിക്കാവുന്നതാണ്. ആരോഗ്യം ഉണ്ടായിരിക്കുമ്പോൾ ഒരു രോഗത്തേയും കുറിച്ച് ചിന്തിക്കേണ്ടതില്ലെന്ന മനോഭാവം മാറ്റേണ്ടതാണ്. ഓരോ രോഗത്തിന്റേയും തീവ്രത മനസ്സിലാക്കി അവയെ ഒഴിവാക്കുവാൻ
ആരോഗ്യാവസ്ഥയിൽ തുടരണമെന്ന ആവശ്യകതയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. ഒരു രോഗം ഉണ്ടാകുന്നതിന് കാരണങ്ങൾ ആവശ്യമാണെന്നതുപോലെ ആരോഗ്യം ഉണ്ടാക്കിയെടുക്കുന്നതിനും പ്രത്യേകശ്രദ്ധ ആവശ്യമാണ്.അതിനായി പരിശ്രമിക്കാത്ത ഒരാളിന് സ്വയം ആരോഗ്യം ഉണ്ടായിവരുമെന്ന് കരുതേണ്ടതില്ല.

ആരോഗ്യമുണ്ടാക്കിയെടുക്കുന്നതിനുള്ള പരിശ്രമം എന്നവസാനിക്കുമോ അന്ന്മുതൽ ഒരാൾ രോഗിയായി മാറുന്നു എന്ന് സാരം.

ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart