fbpx

അസുഖമൊന്നുമില്ലാത്തവർക്കും വേണം ചില ഭക്ഷണമാറ്റങ്ങൾ

 

ധാന്യാഹാരത്തിന് വലിയ പ്രാധാന്യം നൽകുന്നവരാണ് കേരളീയർ. ഏതൊക്കെ ധാന്യങ്ങൾ എന്ന് ചോദിച്ചാൽ പ്രധാനമായും അരിതന്നെ.പിന്നേം ചോദിച്ചാൽ ഗോതമ്പുംകൂടി പറഞ്ഞെന്നിരിക്കും. മറ്റ് ധാന്യങ്ങളൊക്കെ വളരെ വിരളമായി മാത്രമേ മലയാളികൾ ഉപയോഗിക്കുന്നുള്ളൂ. അരിയും ഗോതമ്പുമെല്ലാം മുഴുവനായും പൊടിച്ചും അരച്ചും പല രൂപത്തിലാക്കി ഉപയോഗിക്കുകയാണ് പതിവ്. എന്തെങ്കിലുമൊക്കെ അസുഖങ്ങളുണ്ടാകുമ്പോൾ അതിനനുസരിച്ച് വളരെ അപൂർവ്വമായി മാത്രമാണ് മറ്റ് ധാന്യങ്ങൾ ഉപയോഗപ്പെടുത്തുന്നത്. ചോളം, ഓട്സ്, ബാർലി,തിന,റവ,റാഗി, നുറുക്കുഗോതമ്പ് ഇവയൊക്കെ അത്തരത്തിൽ ഉപയോഗപ്പെടുത്തുന്നവയാണ്. എന്നാൽ ഇവയ്ക്ക് കുറച്ചുകൂടി പ്രാധാന്യം നൽകി ഉപയോഗിച്ചാൽ കുറേക്കൂടി ആരോഗ്യം നിലനിർത്താനാകുമെന്ന കാര്യത്തിൽ സംശയമില്ല. ഇവ പരമാവധി തവിടോട് കൂടിത്തന്നെ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുകയും വേണം. അതല്ലാതെ തവിടിന്റെ അംശം ഒട്ടുംതന്നെയില്ലാതെ പല ധാന്യങ്ങൾ ചേർത്ത് പൊടിച്ചുണ്ടാക്കുന്ന ആട്ട കൊണ്ടുള്ള ആഹാരങ്ങൾ അത്ര നല്ലതല്ല എന്ന് മനസ്സിലാക്കേണ്ടതാണ്. കൂടുതൽ റിഫൈൻഡ് ആകും തോറും ഗുണം കുറയും.രോഗങ്ങളെയുമുണ്ടാക്കും.

ഇലക്കറികളുടെ ഗുണങ്ങളൊക്കെ പാടിനടക്കുവാൻ മിടുക്കരായവർപോലും ആവശ്യത്തിന് അവയൊന്നും ഉപയോഗപ്പെടുത്താറില്ല. മുരിങ്ങയിലയെങ്കിലും തോരൻ വെച്ചോ ചോറിനൊപ്പം നെയ്യിൽ ചേർത്ത് വഴറ്റിയോ ഒഴിച്ചുകറിയാക്കിയോ ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അതിനൊപ്പം ചേർത്തോ ഉപയോഗിച്ചാൽ ഗുണം തന്നെയാണ്.
ചവർപ്പുള്ളവയിൽ ഏതെങ്കിലും ഒന്നുകൂടി ദിവസവും കഴിക്കണം.അതിനായി വാഴക്കൂമ്പ്, വാഴപ്പിണ്ടി, പച്ചക്കായ, കോവയ്ക്ക, പടവലങ്ങ, ചുരയ്ക്ക മുതലായവ ഉപയോഗിക്കാവുന്നതാണ്. എരിവിനുവേണ്ടി ഇഞ്ചി, കുരുമുളക്,പച്ചമുളക്, കുരുകളഞ്ഞപച്ചമുളക് എന്നിവയാണ് നല്ലത്.
ഉപ്പ് പരമാവധി കുറച്ചുപയോഗിക്കുവാൻ ശ്രദ്ധിക്കണം. അത്യാവശ്യമുള്ളതിൽ കറിയുപ്പ് തന്നെയാണ് നല്ലത്. രക്തസമ്മർദ്ദമുള്ളവർക്ക് ഇന്ദുപ്പ് ഉപയോഗിക്കാം. വണ്ണം കുറഞ്ഞവർ ഏത്തപ്പഴവും വണ്ണമുള്ളവർ ചെറിയ വാഴപ്പഴങ്ങളും ഉപയോഗിക്കണം. നാലുമണി പലഹാരങ്ങൾ വീട്ടിൽതന്നെ ഉണ്ടാക്കുന്നതാണ് നല്ലത്. എണ്ണക്ക് പകരം നെയ്യ് ഉപയോഗിക്കാവുന്ന കാര്യങ്ങളിൽ കൂടുതൽ ഗുണം ലഭിക്കും. ചോളം പുഴുങ്ങിയോ ചുട്ടോ ഉപയോഗിക്കുന്നതും ഇലയട,നെയ്യ് ചേർത്ത് പൊരിച്ച വാഴയ്ക്കയപ്പം, അവലോസ്പൊടി തുടങ്ങിയ പലഹാരങ്ങളാണ് നല്ലത്.
തൈരിനേക്കാൾ മോരും അതിനേക്കാൾ മോരുകറിയും നല്ലത്.
എന്നാൽ ഇവയൊന്നും പലരും അത്ര ഉപയോഗപ്പെടുത്തുന്നില്ലെന്ന് കാണാം.
പുട്ട്,ഇടിയപ്പം,കൊഴുക്കട്ട, ഒറട്ടി,കഞ്ഞിയും പുഴുക്കും തുടങ്ങിയവ പ്രഭാതഭക്ഷണത്തിന് ഉപയോഗിക്കുന്നതാണ്
ഇഡലി,ദോശ, മസാലദോശ,പൂരി എന്നിവയേക്കാൾ നല്ലത്. ചൂടുള്ള കഞ്ഞിയും എളുപ്പം ദഹിക്കുന്ന രീതിയിൽ തയ്യാറാക്കിയ മറ്റ് ആഹാരങ്ങളും അത്താഴത്തിന് അല്പമായ അളവിൽ കഴിക്കാം. ശുദ്ധജലം തിളപ്പിച്ച് കുടിക്കുന്നത് തന്നെയാണ് മറ്റു കൃത്രിമ പാനീയങ്ങളേക്കാൾ ഏറെ നല്ലത്.
സാലഡുകൾ നിത്യവും കുറച്ചെങ്കിലും കഴിക്കുക. പ്രത്യേകിച്ചും നോൺവെജ് കഴിക്കുന്ന അവസരങ്ങളിൽ.
മത്സ്യം കറിവെച്ചുപയോഗിക്കുന്നതാണ് വറുത്ത് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത്. മാംസാഹാരം പരമാവധി നിയന്ത്രിക്കുക. മെലിഞ്ഞവർ ഏത്തപ്പഴം, ഉഴുന്ന്,പായസം,നെയ്യ് ചേർത്തുണ്ടാക്കിയ ഭക്ഷ്യവസ്തുക്കൾ, മാംസം,മുട്ട തുടങ്ങിയവ കഴിക്കണം.
ഒരുസമയം ഒരുതരം പഴം കഴിക്കുന്നതും എന്നാൽ അത് ജ്യൂസാക്കാതെ കഴിക്കുന്നതും നല്ലത്.
ഫ്രൂട്ട്സാലഡുകളേക്കാൾ അവ ഗുണം ചെയ്യും. മൈക്രോന്യൂട്രിയൻസ് ഏറ്റവും കൂടുതൽ കാണുന്നവയാണ് വിത്തുകൾ.മത്തൻ, സൂര്യകാന്തി,തണ്ണിമത്തൻ, ചണം അഥവാ ഫ്ളാക്സ് സീഡ് തുടങ്ങിയ വിത്തുകൾ നല്ലതാണ്.ഫ്ളാക്സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
ഉണക്ക കറുത്തമുന്തിരി, ഈത്തപ്പഴം, കാഷ്യൂനട്ട്, ഫിഗ് തുടങ്ങിയവയും ചെറിയതോതിലെങ്കിലും കഴിക്കുകയാണ് വേണ്ടത്. മത്സ്യങ്ങളിൽ അയല,ചൂര, മത്തി,കോര തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകണം. പച്ചത്തക്കാളി,ചുണ്ടയ്ക്ക, പാവയ്ക്ക,സോയാബീൻ തുടങ്ങിയവയും ഉൾപ്പെടുത്തണം.
ഇഞ്ചി,മഞ്ഞൾ, വെളുത്തുള്ളി, കൊത്തമല്ലി,ചെറിയഉള്ളി എന്നിവ ഒട്ടും കുറഞ്ഞു പോകാതെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കണം.
നെയ്യ്,തേൻ എന്നിവ കുട്ടികൾ പ്രത്യേകിച്ചും ഉപയോഗിക്കണം. പുളിയുള്ള പഴങ്ങളുടെ വിഭാഗത്തിൽപ്പെട്ട നാരങ്ങ,പൈനാപ്പിൾ, മുസമ്പി,ഗ്രേപ്സ്,ഓറഞ്ച്, മൾബറി,പ്ലം മുതലായവ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കണം. ഇവയോട് അലർജിയുള്ളവർ ഡോക്ടറുടെ നിർദ്ദേശം തേടുകയും കരുതലോടെ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുകയും വേണം. പപ്പായ,മാതളം,മാങ്ങ, ചക്ക തുടങ്ങിയവ ലഭ്യതയ്ക്കനുസരിച്ച് ഉപയോഗിക്കുകതന്നെ വേണം. കാലിഫോർണിയയിൽനിന്നും ഇറക്കുമതി ചെയ്യുന്ന ആപ്പിളിനേക്കാൾ പ്രയോജനം ലഭിക്കുന്നത് തൊട്ടടുത്ത തൊടിയിൽ നിന്നും ലഭിക്കുന്ന പേരയ്ക്കയിൽ നിന്നും തന്നെയാണെന്ന് തിരിച്ചറിയുക. കിഴങ്ങുവർഗ്ഗങ്ങൾ ശരീര പോഷണത്തിന് അത്യാവശ്യമുള്ളവയാണ്.
വെള്ളം ആവശ്യത്തിന് കുടിക്കുവാൻ പ്രത്യേക ശ്രദ്ധ വേണം. ഇടയ്ക്കിടെ കുടിക്കുവാനും ശുദ്ധജലം തിളപ്പിച്ചാറ്റി കുടിക്കുവാനും കൂടുതൽ ശ്രദ്ധിക്കണം.
ചെറുപയർ തന്നെയാണ് പയറുവർഗ്ഗങ്ങളിൽ ഏറ്റവും നല്ലത്.
കുമ്പളങ്ങ,ചുരയ്ക്ക, അമരയ്ക്ക തുടങ്ങിയവയും ഉപയോഗിക്കണം. ഇവയൊക്കെ പച്ചയായോ പഴുപ്പിച്ചോ കറിവെച്ചോ ഉപയോഗിക്കുന്നതിന് പകരമാകില്ല കൃത്രിമമായി തയ്യാർ ചെയ്തു വിപണിയിൽ ലഭിക്കുന്നവയൊന്നും.

ഭക്ഷണവസ്തുക്കളിലെ ഉത്പാദന കാലയളവിലും ഭക്ഷണത്തിന്റെ നിർമ്മാണ സമയത്തും ഇവ കേടുകൂടാതെ സൂക്ഷിക്കേണ്ട അവസ്ഥയിലും ചേർക്കുന്ന ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ എത്രമാത്രം കുറയ്ക്കാമോ അത്രത്തോളം ആരോഗ്യസംരക്ഷണം സാദ്ധ്യമാകും.

ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart