fbpx

മൊബൈൽഫോൺ ഉപയോഗിക്കുമ്പോൾ-ഭാഗം 1

 

വളരെ വിവേകപൂർവ്വം ഉപയോഗിക്കേണ്ടതാണ് മൊബൈൽഫോൺ. മൊബൈൽ ഫോൺ കാരണമുണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും വിവേകം വേണമെന്നത് അനിവാര്യംതന്നെ. പണ്ടെങ്ങുമില്ലാത്തവിധം മൊബൈൽ ഫോണിന്റെ ഉപയോഗം ഇപ്പോൾ വർദ്ധിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ നിന്നുമുള്ള റേഡിയേഷൻ നെറ്റ്‌വർക്ക് കവറേജ് കുറവായിരിക്കുക, എങ്ങനെയൊക്കെ ഉപയോഗിക്കുന്നു,
എത്രനേരം ഉപയോഗിക്കുന്നു എന്ന്തുടങ്ങി മൊബൈൽ ഫോണിന്റെ വലിപ്പം പോലും ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം.

ഓൺലൈൻ ക്ലാസുകൾ കാരണം കുട്ടികളിൽ മൊബൈൽ ഫോണിന്റെ ഉപയോഗം വർദ്ധിച്ചിട്ടുണ്ട്. കൂടുതൽ വ്യക്തത ലഭിക്കുന്നതിനായി ഇമേജിന് പ്രകാശം കൂട്ടുന്നതും, ക്ലാസ്സുകളും ട്രെയിനിംഗുകളും മീറ്റിംഗുകളും മണിക്കൂറുകളോളം നീണ്ടു നിൽക്കുന്നതും, ഇതിനുള്ളിൽ തന്നെ റീചാർജ് ചെയ്യുന്നതിനായി ഫോൺ ഉപയോഗിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ പ്ലഗ് ചെയ്യുന്നതും, ഇയർഫോണോ ഹെഡ് ഫോണോ ഉപയോഗിക്കുന്നതും, അവയുടെ വോളിയം കൂട്ടിവെച്ച് കേൾക്കുന്നതും കണ്ണിനും ചെവിക്കും കഴുത്തിനും മനസ്സിന് പോലും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഒഴിച്ചുകൂടാനാവാത്ത മൊബൈൽ ഫോൺ ഉപയോഗങ്ങളുടെ ഇടയിൽപോലും ക്ലാസുകളിൽ നിന്നുമുള്ള വിരക്തി മാറ്റുവാനായി ഇടയ്ക്കിടെ സോഷ്യൽ മീഡിയകളിലേക്ക് കുട്ടികൾ ഫോൺ ട്യൂൺ ചെയ്യുന്നുണ്ടെന്ന കാര്യം പല രക്ഷിതാക്കൾക്കും അറിയാം. മീറ്റിംഗുകളിലും ക്ലാസ്സുകളിലും ജോയിൻ ചെയ്തവർ അവിടെത്തന്നെ ശ്രദ്ധിച്ചിരിക്കുന്നുണ്ടെന്നുറപ്പാക്കുന്നതിനായി അദ്ധ്യാപകർ പെടാപ്പാട് പെടുകയാണ്. പരമാവധി ഫോണിന്റെ പ്രകാശം കുറച്ച് ഉപയോഗിച്ചും ഇയർഫോണും ഹെഡ് ഫോണും ഒഴിവാക്കിയും കണ്ണിന്റേയും ചെവിയുടെയും
അമിതോപയോഗം കുറയ്ക്കുവാൻ സാധിക്കും. വയർലെസ് ബ്ലൂടൂത്ത് സ്പീക്കറുകൾ ഇവയ്ക്കു പകരം ഉപയോഗിക്കാവുന്നതാണ്. ഒരാൾ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ മറ്റൊരാൾ കൈകാര്യം ചെയ്യേണ്ടിവരുന്നത് കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ അഭികാമ്യമല്ലെന്ന് അറിയാമല്ലോ? മൊബൈൽ പഠനത്തിൽ മുഴുകുന്നവർ ശരിയായി ഇരിക്കുവാനും ശ്രദ്ധിക്കണം. എങ്ങനെയെങ്കിലും മണിക്കൂറുകളോളം ഇരിക്കുന്നതും കിടന്നുകൊണ്ട് മൊബൈൽഫോൺ ഉപയോഗിക്കുന്നതും ക്രമേണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കുപോലും കാരണമാകും. നട്ടെല്ലിന്റെ വളവ്,കണ്ണിനുണ്ടാകുന്ന ഡ്രൈനെസ്, കഴുത്ത് വേദന, കൈകളിൽ പെരുപ്പ്, കൈപ്പത്തിയിൽ തരിപ്പും വേദനയും തുടങ്ങി സന്ധികളിൽ നീർക്കെട്ടുണ്ടാക്കി ക്രമേണ വാത രോഗത്തിലേക്ക് ഇത് മാറാറുണ്ട്. കൂടുതൽ സമയം ക്ലാസ്സ് ഉണ്ടായിരുന്നെന്ന് കരുതി ബാക്കിയുള്ള സമയം കണ്ണിനും കാതിനും ഇവർ വിശ്രമം നൽകുമെന്ന് രക്ഷിതാക്കൾ കരുതണ്ട. മൊബൈൽഫോൺ ഉപയോഗിച്ച് ചെയ്യുന്നതൊന്നും അവർ മുടക്കാറില്ല എന്നതാണ് യാഥാർത്ഥ്യം.
റേഞ്ച് കുറവുള്ളിടത്തും ചാർജ് ചെയ്തുകൊണ്ടിരിക്കുമ്പോഴും ഫോൺ ഉപയോഗിക്കുന്നതും തലയണയുടെ അരികെ തന്നെ ഫോൺവെച്ച് കിടന്നുറങ്ങുന്നതും റേഡിയേഷൻ സാധ്യത വർദ്ധിപ്പിക്കും.
വലിയ സ്ക്രീനുള്ള ഫോണുകൾ വിരൽചുറ്റിപിടിച്ചതുപോലെ ഉപയോഗിക്കേണ്ടി വരുന്നത് റിസ്റ്റ് ജോയിന്റിനെ അധിക സമ്മർദ്ദത്തിലാക്കുന്നതായി കാണുന്നു. കൈ പെരുപ്പുള്ള പലർക്കും രോഗം വർദ്ധിക്കുന്നതിന് ഇത് ഇടയാക്കും.മൊബൈൽ ഫോൺ കയ്യിൽ പിടിക്കാതെ ബാഗിലിട്ട് നടക്കുന്നതാണ് കൂടുതൽ നല്ലത്. സെർവൈക്കൽ സ്പോണ്ടിലോസിസ്, കാർപൽ ടണൽ സിൻഡ്രോം തുടങ്ങിയവയുള്ളവർ പ്രത്യേകിച്ചും അങ്ങനെതന്നെ ശീലിക്കണം.

മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കണ്ണിന്റെ നിലവിലുള്ള പവറിന് വ്യത്യാസം വരുത്തുന്നതാണ്. എന്നാൽ അതൊന്നും തിരിച്ചറിയാതെ നേരത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കണ്ണട തന്നെ തുടർന്നും ഉപയോഗിക്കുന്നതിലൂടെ കാഴ്ചവൈകല്യം കാര്യമായി വർദ്ധിക്കുകയും തലവേദനയും അനുബന്ധപ്രശ്നങ്ങളും കൂടുകയും ചെയ്യും. തുടർച്ചയായി മൊബൈൽഫോൺ ഉപയോഗിക്കേണ്ടി വരുമ്പോൾ അരമണിക്കൂറിലൊരിക്കൽ മുഖം കഴുകുകയോ അര മിനിറ്റെങ്കിലും കണ്ണടച്ചിരിക്കുകയോ ചെയ്യണം.

നേത്രസംബന്ധമായ പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കാവുന്ന വിധത്തിലും ചെവികൾക്ക് പ്രശ്നങ്ങളുള്ളവർ അത് പരിഹരിക്കുന്ന വിധത്തിലുമുള്ള എണ്ണയാണ് തലയ്ക്ക് തേച്ച് കുളിക്കുവാൻ ഉപയോഗിക്കേണ്ടത്. കണ്ണിൽ ആയുർവേദ തുള്ളി മരുന്നുകൾ ഉപയോഗിക്കുന്നതും പ്രയോജനപ്പെടും.

ഓൺലൈൻ ക്ലാസുകൾ കാരണം വിദ്യാർത്ഥികൾ തിരക്കിലാണെങ്കിൽ സോഷ്യൽ മീഡിയകളുടെ അമിത ഉപയോഗം കാരണം മുതിർന്നവരും ഒട്ടുംതന്നെ ഫ്രീ അല്ല. കുട്ടികളിൽ ഹ്രസ്വദൃഷ്ടി അഥവാ മയോപ്പിയ അതിൽതന്നെ പ്രോഗ്രസ്സീവ് മയോപ്പിയയും 40 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ പ്രസ് ബയോപിയയും വർദ്ധിച്ചുവരുന്നുണ്ട്.
ഇവയുള്ളവർ വളരെശ്രദ്ധിച്ചു മാത്രം കണ്ണിനെ ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കേണ്ടതാണ്.

അമിതമായി ഫോണിന്റെ ദുരുപയോഗത്തിൽ അടിമപ്പെടുന്നവരിൽ ഉണ്ടാകുന്ന ഉറക്കക്കുറവ്, പകലുറക്കം, രാത്രി ഉറക്കമില്ലായ്മ, മാനസിക പ്രശ്നങ്ങൾ, പെരുമാറ്റ വൈകല്യം, ബന്ധുക്കളെയും സുഹൃത്തുക്കളെയുംപോലും നേരിട്ട് കാണുമ്പോൾ അവരോട് ശരിയായി പെരുമാറാൻ കഴിയാത്ത രീതികൾ, പെട്ടെന്നുള്ള വികാരപരമായ പെരുമാറ്റങ്ങൾ, ‘ഒന്നു പറഞ്ഞ് രണ്ടിന്’ ആത്മഹത്യാപ്രവണത തുടങ്ങി പലവിധ പ്രശ്നങ്ങൾ യഥാസമയം കണ്ടെത്തി ചികിത്സിക്കണം.
മൊബൈൽ ഫോണിന്റെ ഇമേജുകളോടുള്ള താൽപര്യമൊന്നും യഥാർത്ഥ ജീവിതത്തിൽ ജീവനുള്ളവയോട് ഇത്തരക്കാർ കാണിക്കണമെന്നില്ല. കുറച്ചുസമയത്തേക്ക് ഫോൺ ഉപയോഗിക്കാൻ സാധിക്കാതെ വരികയോ റേഞ്ച് കിട്ടാതെ വരികയോ ചെയ്യുമ്പോൾ ഉണ്ടാകുന്ന മാനസിക പിരിമുറുക്കം പ്രാധാന്യമുള്ളതായിതന്നെ കാണണം.

സോഷ്യൽ മീഡിയകളിൽ നിരവധി ആവശ്യമുള്ള കാര്യങ്ങളും അതുപോലെതന്നെ ആവശ്യമില്ലാത്തവയും ഒരേ പ്രാധാന്യത്തോടെ കാണുകയും കേൾക്കുകയും ചെയ്യേണ്ടി വരുന്നവർ പ്രായഭേദമന്യേ ആശയക്കുഴപ്പത്തിലാകുകയും അവരുടെ മൊബൈൽ ഫോൺ ദുരുപയോഗം വർദ്ധിക്കുകയും ചെയ്യുകയാണ് പതിവ്. അതുകാരണമുണ്ടാകാവുന്ന മറ്റ് പ്രശ്നങ്ങൾ പോലെ ഗുരുതരമാണ് ആരോഗ്യപ്രശ്നങ്ങളും. അതിനാൽ അത്തരം പ്രശ്നങ്ങളും ശരിയായി ചികിത്സിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart