fbpx

രോഗങ്ങൾ വേഗം മാറ്റാനാവുമോ?

 

ഏത് രോഗമായാലും എത്രയും വേഗത്തിൽ അതിനെ ഭേദമാക്കുന്നതുതന്നെയാണ് നല്ലത്. എന്നാൽ ചില രോഗങ്ങൾ അത്ര എളുപ്പത്തിൽ ഭേദമാകുന്നവയാണോ? പ്രത്യേകിച്ചും ജീവിതശൈലീരോഗങ്ങൾ. അതുപോലെ എല്ലാ രോഗങ്ങളും അത്ര എളുപ്പത്തിൽ ഭേദമാകണമെന്ന് നിർബന്ധം പിടിക്കേണ്ടതുണ്ടോ? എത്ര ആത്മാർത്ഥമായി ശ്രമിച്ചാലും എല്ലാ രോഗങ്ങളും പൂർണ്ണമായും ഭേദമാകാറുണ്ടോ?

ജീവിതശൈലീരോഗങ്ങൾ ആരംഭിച്ചവരിൽ അവ വർദ്ധിക്കാതെയും അവകാരണം മറ്റു രോഗങ്ങൾ ഉണ്ടാകാതെയും ജീവിതം മുന്നോട്ടു തള്ളിനീക്കേണ്ടി വരുന്നവരുണ്ട്.അത് എത്രകാലം വരെ എന്നത് പലരിലും വളരെ വ്യത്യസ്തമാണ്. ചിലർക്ക് വർഷങ്ങളോളം മരുന്നൊഴിവാക്കി ജീവിതശൈലീരോഗങ്ങൾ വഷളാകാതെതന്നെ കൊണ്ടുപോകുവാൻ സാധിക്കാറുണ്ട്.എന്നാൽ ഇത്തരം രോഗങ്ങളുടെ നിയന്ത്രണം കൈവിട്ടുപോയാൽ ഒരു രോഗം തന്നെ ക്രമേണ മറ്റൊരു രോഗത്തിനും അത് വേറൊന്നിനും കാരണമാകുന്ന രീതിയാണ് കാണാറുള്ളത്. രോഗം ദീർഘകാലം നിലനിൽക്കുന്നതിനനുസരിച്ച് പല രോഗങ്ങളുമായി പിന്നീട് ജീവിക്കേണ്ടി വന്നേക്കാം. അതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങളിൽ ചികിത്സയ്ക്കുള്ള അതേ പ്രാധാന്യം രോഗത്തെ നിയന്ത്രണത്തിലാക്കാൻ സാധിക്കുന്ന മറ്റെല്ലാ ഇടപെടലുകൾക്കും നൽകേണ്ടതുണ്ട്.

പകർച്ചവ്യാധികളും അത്യാഹിതങ്ങളും സംഭവിക്കുമ്പോൾ ചെയ്യുന്നതുപോലെ ധൃതിപിടിച്ചുള്ള ചികിത്സകളല്ല പ്രമേഹം, രക്തസമ്മർദ്ദം, തൈറോയ്ഡ്, ആസ്ത്മ, കൊളസ്ട്രോൾ, അമിതവണ്ണം തുടങ്ങിയ രോഗങ്ങളിൽ ചെയ്യേണ്ടത്.അവ ദീർഘനാൾ നിലനിൽക്കുന്നവയായതിനാൽ എന്നും നിയന്ത്രണത്തിലായിരിക്കുവാനും ജീവിതശൈലിയിൽ മാറ്റം വരുത്തിയും ആവശ്യത്തിനുമാത്രം മരുന്നു കഴിച്ചും വഷളാകാതെ ശ്രദ്ധിക്കുവാനും മുൻഗണന നൽകണം. രോഗാവസ്ഥ നിയന്ത്രണത്തിൽ നിൽക്കുവാൻ മരുന്ന് ഉപയോഗപ്പെടുത്തുന്നത് പോലെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന ചില മരുന്നുകളുമുണ്ടെന്നറിയാമല്ലോ? അത്തരം മരുന്നുകൾ പരമാവധി ഒഴിവാക്കുവാനും ശ്രദ്ധിക്കേണ്ടിവരും. വല്ലപ്പോഴും രോഗത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിനേക്കാൾ അപകടസാദ്ധ്യത കൂടുതലാണ് തുടർച്ചയായി നിയന്ത്രണമില്ലാത്ത അവസ്ഥ കാരണമുണ്ടാകുന്നത്. പ്രമേഹത്തിൽ ഷുഗർ 200 നു മുകളിൽ തുടർച്ചയായി ഒരു മാസം നിന്നാൽ പ്രമേഹ ഉപദ്രവരോഗങ്ങൾ ഉണ്ടാകാം. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് മരുന്നുകൾക്ക് ആവശ്യത്തിലധികം പ്രാധാന്യം നൽകുകയും ഭക്ഷണത്തിനും ശീലങ്ങൾക്കും ഒട്ടുംതന്നെ പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നവരിൽ എത്ര വീര്യമുള്ള മരുന്നുകൾ കഴിച്ചാലും രോഗത്തിന് ഒരു ശമനവും ലഭിക്കാതെ അവ വർഷങ്ങളോളം വഷളായി നിലനിൽക്കുന്ന അവസ്ഥ കാണാറുണ്ട്. അതുകൊണ്ട് കൂടിയാണ് ജീവിതശൈലീ രോഗങ്ങളിൽ എത്രമാത്രം താമസിച്ച് മരുന്നിനെ ആശ്രയിക്കുന്നുവോ അത്രയും താമസിപ്പിക്കണം എന്ന് പറയുന്നത്. എന്നാൽ നിർബന്ധമായും അത്തരമാൾക്കാരിലും രോഗം നിയന്ത്രണത്തിലായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ? മരുന്ന് കഴിച്ചാൽ കുഴപ്പമാണെന്ന് ഭയപ്പെട്ട് മരുന്നൊഴിവാക്കി രോഗം നിയന്ത്രിക്കാനാകാതെ കൊണ്ടുനടന്നാൽ വലിയ കുഴപ്പങ്ങളുണ്ടാകുന്നതിന് അത് കാരണമാകും.

ദീർഘസ്ഥായിയായി നിലനിൽക്കുന്ന രോഗങ്ങളെ പെട്ടെന്ന് ശമിപ്പിക്കുവാനായി വളരെ വീര്യമേറിയ മരുന്നുകൾ ഉപയോഗിക്കുന്നത് പലരിലും ഗുണം ചെയ്യാറില്ല. മരുന്നിന്റെ വീര്യം പല ബുദ്ധിമുട്ടുകൾക്കും കാരണമാകുകയും ചെയ്യും. എന്നാൽ രോഗം നിയന്ത്രണവിധേയമല്ലാത്ത അവസ്ഥകളിൽ വീര്യം കൂടിയ മരുന്നുകൾ ഉപയോഗിക്കേണ്ടതായും വരാം.

ഏത് ജീവിതശൈലീ രോഗമെടുത്താലും അവ പെട്ടെന്ന് കൂടുകയും കുറയുകയും ചെയ്യുന്നത് നല്ലതല്ല. രോഗത്തിന്റെ വ്യതിയാനത്തിനനുസരിച്ച് മരുന്നിന്റെ ഉപയോഗത്തിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തേണ്ടിവരികയോ അതിനനുസരിച്ച് നമ്മുടെ ശരീരത്തിലും ആരോഗ്യകരമല്ലാത്ത ചില പ്രതിപ്രവർത്തനങ്ങൾകൂടി ഉണ്ടാകുകയോ ചെയ്യാം. അതിനാൽ പ്രഷറും ഷുഗറും തൈറോയ്ഡ് ഹോർമോണും കൊളസ്ട്രോളുമെല്ലാം വലിയതോതിൽ പെട്ടെന്ന് വർദ്ധിക്കാതെയും കുറഞ്ഞു പോകാതെയുമിരിക്കുന്ന വിധത്തിൽ ചികിത്സയും ജീവിതശൈലിയും ക്രമീകരിക്കുകയാണ് ചെയ്യേണ്ടത്.

ഏത് രോഗം ആരംഭിക്കുമ്പോഴും ഏതൊക്കെ കാരണങ്ങളാൽ രോഗം വർദ്ധിക്കുമെന്നും അതുപോലെതന്നെ കുറയുമെന്നും പഠിച്ചുവെയ്ക്കണം. നിലവിലുള്ള രോഗംകാരണം തുടർന്നുണ്ടാകുന്ന രോഗങ്ങളേതൊക്കെയാണെന്നും മനസ്സിലാക്കിവെയ്ക്കണം. അതിനനുസരിച്ച് ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വളരെ പ്രയോജനം ചെയ്യും. ഉദാഹരണത്തിന് പ്രമേഹമുള്ളയാൾക്ക് കാലുകളിലെ രക്തക്കുഴലുകളേയും ഞരമ്പുകളേയും ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയുണ്ടാകാം. പുകവലി ഈ രോഗത്തെ വഷളാക്കുകയും ചെയ്യാം. പ്രമേഹരോഗത്തിന്റെ തുടക്കത്തിൽതന്നെ പുകവലി ഉപേക്ഷിക്കേണ്ടതാണെന്ന ധാരണ ഇതു കാരണമുണ്ടാകുന്നത് നല്ലതല്ലേ? പ്രമേഹമുള്ളവർ ആയുർവേദ തുള്ളിമരുന്ന് ഉപയോഗിച്ചാൽ നേത്രസംബന്ധമായി ഡയബറ്റിക് റെറ്റിനോപ്പതിയുണ്ടാകുന്നതും വളരെ താമസിപ്പിക്കുവാനാകും. കൊളസ്ട്രോളും പൊണ്ണത്തടിയുമുള്ളവർ ഫാറ്റിലിവർ ഉണ്ടാകാതിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.പല ജീവിതശൈലീരോഗങ്ങൾ ഒരുമിച്ചുണ്ടാകുന്നവർക്ക് പക്ഷാഘാതം ഉണ്ടാകാതിരിക്കുവാനും പ്രത്യേക കരുതൽ നൽകേണ്ടിവരും. നിയന്ത്രണവിധേയമല്ലാത്ത രോഗവും ആ രോഗം കാരണമുള്ള സെക്കന്ററി കോംപ്ലിക്കേഷനുകളും ഒരുമിച്ചാലുണ്ടാകുന്ന കുഴപ്പങ്ങൾ താങ്ങുവാൻ പലർക്കും സാധിക്കാറില്ല. അത്തരമാൾക്കാരിൽ ചില പകർച്ചവ്യാധികൾകൂടി ഉണ്ടായാൽ അതും തരണം ചെയ്യുവാൻ സാധിക്കണമെന്നില്ല.

കൊളസ്ട്രോളിന് മരുന്ന് കഴിക്കാത്തവരിൽ
എസ്.ജി.ഒ.ടി, എസ്.ജി.പി.ടി എന്നിവ വർദ്ധിച്ചുകാണുന്നവർ കൂടുതൽ ശ്രദ്ധിക്കേണ്ടി വരും. ഫാറ്റി ലിവർ ഉള്ളവർ അതിനുള്ള മരുന്നും ഉൾപ്പെടുത്തേണ്ടതാണ്. ആസ്ത്മയുള്ളവർ അത് അലർജി കാരണമുള്ളതാണോ എന്ന്കൂടി പരിശോധിച്ച് അറിയേണ്ടതാണ്. രക്തസമ്മർദ്ദമുള്ളവരിലെ ഉറക്കക്കുറവും പരിഹരിക്കണം. പ്രഷറിന് മരുന്ന് കഴിക്കുന്നവരിൽ ഹൃദയത്തിന്റെ ആരോഗ്യം കൂടി നോക്കണം. പ്രമേഹമുള്ളവർക്ക് വൃക്കരോഗസാദ്ധ്യത ഉണ്ടായിട്ടുണ്ടോ എന്നറിയാൻ രക്തവും മൂത്രവും പരിശോധിക്കണം. ഇവയൊക്കെ ഇത്തരം രോഗങ്ങളിൽ സാദ്ധ്യതകളായി നിലനിൽക്കുന്നുണ്ടെന്നതിനാൽ മരുന്നുപയോഗവും സൂക്ഷിച്ചും ശ്രദ്ധിച്ചും തന്നെവേണം. മരുന്നിനേക്കാൾ പ്രാധാന്യം ജീവിതശൈലീ മാറ്റത്തിന് തന്നെ നൽകുകയും വേണം.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart