fbpx

മുഖം സൂക്ഷിക്കണം

 

“എന്തും സഹിക്കാം,എന്നാൽ മുഖത്ത് എന്തെങ്കിലുമുണ്ടായാലാണ് പ്രശ്നം” ഇങ്ങനെ പറഞ്ഞ് ഡോക്ടറെ സമീപിക്കുന്നവർ ധാരാളമാണ്. പ്രത്യേകിച്ചും കൗമാരപ്രായക്കാർ.
ഫാൻസിഷോപ്പുകളിൽ നിന്നുമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും മെഡിക്കൽ സ്റ്റോറിൽ നിന്നും കൗണ്ടർ സെയിലിൽ ലഭിക്കുന്ന പലതും പരീക്ഷിച്ചശേഷമാകും ഇക്കാര്യത്തിൽ പലരും ഡോക്ടറോട് അഭിപ്രായം ചോദിക്കുന്നത്പോലും.

മുഖത്തുള്ള കുരുക്കൾ, നിറവ്യത്യാസം, പാടുകൾ,അലർജി, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ മാറണമെന്നല്ലാതെ ഇങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടായതിന് എന്തെങ്കിലും കാരണമുണ്ടോ? അത് പരിഹരിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? അതിനായി മരുന്നിനൊപ്പം ആഹാര കാര്യങ്ങളിലും മറ്റും പ്രത്യേകിച്ചെന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? അല്ലെങ്കിൽ ഇതൊക്കെ വീണ്ടുമുണ്ടാകുന്നതിന് കാരണമാകുമോ? എന്നൊന്നും ആരും ചോദിക്കുകപോലും ചെയ്യാറില്ല.

മുഖത്തും തോളിലും ചെറിയ കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് താരണം അഥവാ ഡാൻഡ്രഫ് കാരണമാകാം.
ഇതുകാരണം കൺപീലികളിലും കൺപോളകളിലും ചൊറിച്ചിലുണ്ടാകാം. ചെവിയുടെ വശങ്ങളിലും ത്വക്കിനെ ആശ്രയിച്ച് പലവിധത്തിലുള്ള ചൊറിച്ചിലും ഉണ്ടാകാം. അലർജി രോഗമുള്ളവരിൽ മുഖത്തെ ത്വക്കിന് ചൊറിച്ചിലും നിറവ്യത്യാസവും മൂക്കിന്റെ വശങ്ങളിൽ കറുപ്പും കട്ടികൂടിയ ത്വക്കും ഉണ്ടാകാം. ഈയടുത്തകാലത്തായി അത്തരം ബുദ്ധിമുട്ടുകൾ കോവിഡ് ബാധിച്ചതിനുശേഷം കാണുന്നുണ്ട്. കരൾ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും മുടിക്ക്നിറം ലഭിക്കുന്നതിന് ഉപയോഗിക്കുന്ന ഡൈ കാരണമുള്ള അലർജി ഉള്ളവർക്കും കണ്ണിൻറെ വശങ്ങളിൽ നെറ്റിയോട് ചേർന്ന ഭാഗത്തും നെറ്റിയിലും നിറവ്യത്യാസം അനുഭവപ്പെടാം. ക്രമേണ കറുപ്പ്നിറം വർദ്ധിക്കാം. ഇപ്പോൾ മുഖത്ത് അലർജി കാരണമുള്ള ബുദ്ധിമുട്ടുകൾ വർദ്ധിച്ചുവരുന്നവർ നിരവധിയാണ്. ഒരുപക്ഷേ മാസ്കിൻറെ ശരിയല്ലാത്ത ഉപയോഗവും അതിനു കാരണമായി പറയേണ്ടിവരും.നനഞ്ഞ മാസ്ക് വീണ്ടും ഉപയോഗിക്കുന്നവരും ഒരുതവണ ഉപയോഗിക്കേണ്ടവ പലതവണയായിട്ടും
മാറാത്തവരും അഴുക്കും പൊടിയും ഈർപ്പവുമുള്ള മാസ്ക് ഉപയോഗിക്കുന്നവരും രോഗത്തെ ക്ഷണിച്ചുവരുത്തുവാനിടയുണ്ട്. ശരിയായി മാസ്ക് ഉപയോഗിക്കുന്നവർക്ക്പോലും വായുസഞ്ചാരം കുറയുന്നത്കൊണ്ടും വിയർപ്പും ഈർപ്പവും പറ്റിപ്പിടിക്കുന്നതിനാലും ത്വക്ക് രോഗങ്ങൾ വർദ്ധിക്കുന്നുണ്ട്.കഴുകിയ മാസ്കും കഴുകിതേച്ച മാസ്കും കാരണം പലപ്പോഴും വായുസഞ്ചാരം കുറയുമെന്നതിനാൽ അവ കൂടുതൽ കുഴപ്പമുള്ളതായി മാറും. സാനിറ്റൈസർ തേച്ച കൈകൾ മുഖത്ത് സ്പർശിക്കുന്നതും ത്വക്കിന് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. രക്തത്തിൽ മുൻപ് തന്നെ അലർജി ഉണ്ടായിരുന്നവർ കുറച്ചുകൂടി കരുതലോടെ അലർജിയും നിയന്ത്രിച്ചില്ലെങ്കിൽ മുഖത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ വർദ്ധിക്കുവാനിടയുണ്ട്. ശരിയായ ഉറക്കമില്ലാത്തവർ, വിളർച്ച രോഗമുള്ളവർ, ടെൻഷനും മാനസിക പ്രശ്നവുമുള്ളവർ, അലർജി രോഗമുള്ളവർ, ശ്വാസകോശരോഗമുള്ളവർ തുടങ്ങിയവർക്ക് കണ്ണിനു താഴെ നിറവ്യത്യാസവും കണ്ണുകൾക്ക് ക്ഷീണവും തോന്നാം.
മൂത്രത്തിൽ അണുബാധ, വൃക്കരോഗം, സൈനസൈറ്റിസ്, ജലദോഷം എന്നിവയുള്ളവർക്ക് കണ്ണിനുതാഴെ തടിപ്പ് തോന്നാറുണ്ട്.
കരൾ സംബന്ധമായ രോഗങ്ങൾ, വിളർച്ച, ശ്വാസകോശരോഗങ്ങൾ തുടങ്ങിയവ ഉള്ളവരിൽ മുഖത്ത് കരിവാളിപ്പ് അനുഭവപ്പെടാം. മഞ്ഞപ്പിത്തമുള്ളവർക്ക് കണ്ണിനകത്തെ വെളുത്ത ഭാഗത്തും മുഖത്തും മഞ്ഞനിറം അനുഭവപ്പെടാറുണ്ട്.

മുഖക്കുരുവില്ലാത്ത കൗമാരക്കാർ നന്നേ കുറവായിരിക്കും. മുഖത്തെ എണ്ണമയം കൂടുന്നതും കുറയുന്നതും വിവിധ പ്രശ്നങ്ങൾക്ക് കാരണമാകാം. മുഖക്കുരു പൊട്ടിക്കുന്ന ശീലമുള്ളവർക്ക് അണുബാധയുണ്ടാകുന്നത് കാരണം മുഖക്കുരുവിന്റെ അഗ്രഭാഗം കറുക്കുന്നതിനും വീണ്ടുംവീണ്ടുമുണ്ടാകുന്നതിനും കാരണമാകാം. ആവശ്യത്തിന് വെള്ളം കുടിക്കാത്തവർക്കും മുട്ട, കപ്പലണ്ടി, ബേക്കറി, എണ്ണപലഹാരങ്ങൾ, തുടങ്ങിയവ കൂടുതൽ കഴിക്കുന്നവർക്കും മുഖക്കുരു ഉണ്ടാകാം. മുഖം വൃത്തിയായി ഇടയ്ക്കിടയ്ക്ക് കഴുകാത്തവർക്കും സൗന്ദര്യവർദ്ധക ലേപനങ്ങൾ ഉപയോഗിക്കുന്നവർക്കും മുഖത്ത് സ്വാഭാവികമായി കാണുന്ന സ്വേദഗ്രന്ഥികളുടെ സുഷിരങ്ങൾ അടഞ്ഞുപോകുന്ന തിനാലും സോപ്പിന്റെ ഉപയോഗം അമിതമാകുന്നതിനാലും മലബന്ധം പോലുള്ള ദഹനപ്രശ്നങ്ങൾ ഉള്ളവർക്കും ഉപ്പ് അമിതമായി ഉപയോഗിക്കുന്നത്കൊണ്ടും മുഖക്കുരു ഉണ്ടാകുന്നതിനും മുഖത്തെ ത്വക്കിലെ രൂക്ഷത വർദ്ധിക്കുന്നതിനും അതുകാരണമുള്ള മുഖരോഗങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു.

മുഖത്തുണ്ടാകുന്ന രോഗങ്ങൾ ത്വക്കിനെ മാത്രം ആശ്രയിച്ചുള്ളവയാണെന്ന് കരുതരുത്.ത്വക്കിൽ പ്രത്യക്ഷപ്പെടുന്ന പല ബുദ്ധിമുട്ടുകളും ഗൗരവസ്വഭാവമുള്ളവയും മറ്റു പല രോഗങ്ങളുടേയും ലക്ഷണങ്ങളുമാണ്. അതുകൊണ്ട്തന്നെ സൗന്ദര്യവർദ്ധക വസ്തുക്കൾ മാത്രം ഉപയോഗിക്കുന്നതുകൊണ്ട് ശരിയായ രോഗശമനം ലഭിക്കാറില്ല. മാത്രമല്ല പല സൗന്ദര്യവർദ്ധക വസ്തുക്കളും മറ്റു പല ബുദ്ധിമുട്ടുകളും വർദ്ധിപ്പിക്കുന്നതിനും ഇടയാക്കാറുണ്ട്. മുഖത്തെ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നതിനും അതോടൊപ്പം നിറം മെച്ചപ്പെടുത്തുന്നതിനുമായി വിറ്റഴിയ്ക്കുന്ന വസ്തുക്കൾ ചില്ലറയല്ല. ഇവയിൽ പലതും മുഖം കൂടുതൽ കരിവാളിക്കുന്നതിനും മുഖക്കുരു വർദ്ധിപ്പിക്കുന്നതിനും ത്വക്കിന്റെ സ്വാഭാവിക ആരോഗ്യം നഷ്ടപ്പെടുന്നതിനും കാരണമാകാറുണ്ട്. വെയിലത്തിറങ്ങുമ്പോൾ മുഖം ചുവന്നു തടിക്കുക, പൊള്ളിയത്പോലെ പാടുകൾ ഉണ്ടാകുക തുടങ്ങിയ പ്രശ്നങ്ങളുള്ളവർ സൂര്യരശ്മികൾ ശരീരത്തിൽ നേരിട്ട് പതിക്കാതിരിക്കാൻ ശ്രദ്ധിക്കണം.ത്വക്ക് ചൊറിഞ്ഞു തടിച്ചു വീർക്കുന്നതും പലപ്പോഴും അലർജി കാരണമാകാം. അതിനുള്ള കാരണം ചിലപ്പോൾ സൂര്യരശ്മികളുമാകാം. ഉച്ചസമയത്തുള്ള പുറത്തേക്കുള്ള യാത്രകൾ അത്തരമാൾക്കാർ ഒഴിവാക്കണം. കാൽസ്യവും വൈറ്റമിൻ ഡി 3 യും കുറഞ്ഞവർ സൺസ്ക്രീൻ ലോഷൻ ഉപയോഗിച്ച് പുറത്തിറങ്ങുന്നത് ഇവയുടെ ആഗീരണം വീണ്ടും കുറയുവാൻ കാരണമായേക്കാം.

മുഖരോഗം ഒരു സൗന്ദര്യപ്രശ്നം മാത്രമല്ലെന്നും മുഖത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വിദഗ്ധോപദേശം ആവശ്യമാണെന്നും മനസ്സിലായല്ലോ?

ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart