പുരുഷന്മാർക്കുണ്ടാകുന്ന മിക്കവാറും എല്ലാത്തരം രോഗങ്ങളും സ്ത്രീകൾക്കുമുണ്ടാകാം. സ്ത്രീകൾക്ക് മാത്രമായി ഉണ്ടാകുന്ന രോഗങ്ങൾതന്നെ നിരവധിയാണ്. രണ്ടുകൂട്ടർക്കും ഉണ്ടാകുന്ന രോഗങ്ങളിൽ ചിലത് കൂടുതൽ ഗൗരവത്തോടെ സ്ത്രീകളെ ബാധിക്കുന്നതായും കാണാം. എന്നാൽ കൃത്യസമയത്തുതന്നെ രോഗസാദ്ധ്യതകൾ പരിശോധിക്കുകയോ ശരിയായ ചികിത്സ ചെയ്യുകയോ ചികിത്സ മുടങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുകയോ ചെയ്യുന്ന കാര്യത്തിൽ സ്ത്രീകൾ പുറകിലാണെന്ന്തന്നെ പറയാം. ആഗോളപ്രശ്നങ്ങൾ മുതൽ നിസ്സാരകാര്യങ്ങൾ വരെ പറഞ്ഞ് ചികിത്സ മുടക്കുന്നവരുമുണ്ട് എന്നതാണ് യാഥാർത്ഥ്യം.
“നമുക്കിതിനൊക്കെ എവിടെന്നാണ് സമയം. പിന്നെ അത്യാവശ്യത്തിന്, അതും തീരെ നിവൃത്തിയില്ലാതെ വന്നാൽ മാത്രം ചികിത്സിക്കാം” എന്ന് കരുതുന്നവർ ധാരാളമുണ്ട്. രോഗശമനത്തിന് ആവശ്യമായ പഥ്യാപഥ്യങ്ങൾ പാലിക്കുന്നതിന് സാധിക്കാതെവരുന്നവരും ഇക്കൂട്ടർ തന്നെയാണ്. പുരുഷന്മാരുടെ ഭക്ഷണകാര്യത്തിൽ സ്ത്രീകൾ കാണിക്കുന്ന അത്രയും ശ്രദ്ധയോ താൽപര്യമോ സ്വന്തം കാര്യത്തിന് നൽകാറില്ല എന്നതും യാഥാർത്ഥ്യമാണ്. അതുകൊണ്ടുതന്നെ പലപ്പോഴും അല്പാഹാരവും അപഥ്യാഹാരവും അമിതാഹാരവും ചേർന്നതാണ് അവരുടെ ഭക്ഷണമെന്ന് പറയേണ്ടതുണ്ട്. ശരിയായ ആരോഗ്യം നിലനിർത്തുവാൻ സ്ത്രീകൾക്ക് സാധിക്കാതെവരുന്നതും ഈ കാരണങ്ങൾകൊണ്ടും കൂടിയാണ്.
കൗമാരപ്രായത്തിൽ ഉണ്ടാകുന്ന ശാരീരിക വളർച്ച, ആർത്തവം, പ്രസവം, മുലയൂട്ടൽ,
ഗർഭസംബന്ധമായ പ്രശ്നങ്ങൾ, ഗർഭപാത്രത്തിൽ ഉണ്ടാകുന്ന അസുഖങ്ങൾ തുടങ്ങിയവതന്നെ താൽക്കാലികമായും സ്ഥിരമായും സ്ത്രീകളിൽ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നവയും ഇവയ്ക്കുള്ള ചികിത്സകൾ പൊതുവായ മറ്റു രോഗാവസ്ഥകൾക്ക്കൂടി കാരണമാകുകയും ചെയ്യുന്നവയാണ്.
രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്നതു കാരണമുണ്ടാകുന്ന അനീമിയ, തൈറോയ്ഡ് രോഗങ്ങൾ,വൈറ്റമിൻ ഡി 3യും കാൽസ്യവും കുറയുന്നത് കാരണമുള്ള അസ്ഥിസാന്ദ്രതക്കുറവ്, അതുകാരണമുള്ള കഴുത്തുവേദനയും നടുവേദനയും കാലുവേദനയും
നട്ടെല്ല് വേദനയും, ഫൈബ്രോമയാൾജിയ, അൽഷിമേഴ്സ്,ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, ബ്രെസ്റ്റ് കാൻസർ,
ഹൃദയസംബന്ധമായ രോഗങ്ങൾ, വിഷാദരോഗം, ശ്വാസകോശരോഗങ്ങൾ,കുടൽസംബന്ധമായ രോഗങ്ങൾ, മൈഗ്രേൻ, ത്വക്ക് രോഗങ്ങൾ, മൾട്ടിപ്പിൾ സ്ക്ലിറോസിസ്, രക്തവാതം, മറ്റു വാതരോഗങ്ങൾ, പക്ഷാഘാതം, ഇറിറ്റബിൾ ബവൽ സിൻഡ്രോം, പിത്താശയക്കല്ല്, മൂത്രത്തിലെ അണുബാധ തുടങ്ങിയവ പുരുഷന്മാരേക്കാൾ കൂടുതലായി സ്ത്രീകളിൽ കാണുന്ന രോഗങ്ങളാണ്. സ്ത്രീകൾ ചികിത്സയ്ക്ക് എത്രമാത്രം പ്രാധാന്യം നൽകേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ രോഗസാദ്ധ്യതയുള്ള അവസ്ഥകളിൽപോലും പല കാരണങ്ങളാൽ രോഗതീവ്രത കൂടുതലുള്ളത് സ്ത്രീകളിൽ ആണെന്നതും പ്രത്യേക പരിഗണന നൽകേണ്ട കാര്യമാണ്.
ഗർഭനിരോധന ഗുളികകൾ, വന്ധ്യതാ ചികിത്സ, ഹോർമോണിന്റെ പ്രവർത്തന വൈകല്യങ്ങൾ, അമിതവണ്ണം, അടുക്കള യ്ക്കുള്ളിൽ ചുറ്റിത്തിരിയുന്നവിധമുള്ള ജോലി, ആവശ്യത്തിന് വെയിൽ കൊള്ളുവാൻ സാധിക്കാതിരിക്കുക, ശരിയായ വിശ്രമമില്ലായ്മ, ശരിയായി ഉറങ്ങുന്നതിന് സമയമില്ലായ്മ, മറ്റു കുടുംബാംഗങ്ങളുടെ കാര്യത്തിൽ നൽകുന്ന പ്രത്യേകശ്രദ്ധയും അതുകാരണമുള്ള അമിതജോലിയും ടെൻഷനും, വീട്ടിലുണ്ടാക്കുന്ന ഭക്ഷണം ബാക്കി വരാതിരിക്കുന്നത് തന്റെ ഉത്തരവാദിത്തമായി ഏറ്റെടുക്കുന്ന സ്വഭാവം, രോഗത്തിനും ചികിത്സയ്ക്കും പ്രാധാന്യം നൽകാതിരിക്കൽ, ആർത്തവസമയത്ത്പോലുമുള്ള അമിതാദ്ധ്വാനം തുടങ്ങിയ നിരവധി ഘടകങ്ങൾ കൂടി പരിഗണിച്ചുവേണം സ്ത്രീരോഗങ്ങളുടെ കാഠിന്യം മനസ്സിലാക്കേണ്ടത്. അതനുസരിച്ച് ചികിത്സ ക്രമീകരിക്കേണ്ടതും ആവശ്യമാണ്.
വിവിധങ്ങളായ ആഹാരം കഴിക്കുവാൻ പ്രത്യേക ശ്രദ്ധ നൽകുക, അമിതാഹാരമാകാതിരിക്കുവാൻ ശ്രദ്ധിക്കുക, ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും കടൽവിഭവങ്ങൾ കഴിക്കുക, രാവിലേയും വൈകുന്നേരവുമുള്ള ഇളംവെയിൽ കൊള്ളുക, മധുരം കുറയ്ക്കുക, അന്നജം കൂടുതലുള്ള ആഹാരം വളരെകുറച്ചു മാത്രം ഉപയോഗിക്കുക, കൃത്രിമ ആഹാരങ്ങൾ ഒഴിവാക്കുക, വ്യായാമം ലഭിക്കുന്ന രീതിയിലുള്ള ജോലിയിൽ ഏർപ്പെടുക, അതിനു സാധിക്കാത്തവർ വ്യായാമം ചെയ്യുക, യോഗ ശീലമാക്കുക, ശരിയായ വിശ്രമം ശരീരത്തിനും മനസ്സിനും നൽകുക, സമയത്ത്തന്നെ ചികിത്സ തേടുക, മരുന്ന് മുടങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക, പഥ്യങ്ങൾ പാലിക്കുക, മനസ്സിനെ ബലപ്പെടുത്തുന്ന കാര്യങ്ങളിൽ ഏർപ്പെടുക, അച്ചാർ, ഉപ്പിലിട്ടവ, പാൽ, പാലുല്പന്നങ്ങൾ, ചൂട്, എരിവ്, പുളി,ഉപ്പ്, ചൂടു ചായ, കോഫി മുതലായവ പരമാവധി കുറയ്ക്കുക, വണ്ണം കുറയ്ക്കുവാൻ സാദ്ധ്യമായ കാര്യങ്ങളിൽ തുടർച്ചയായ ശ്രദ്ധ വയ്ക്കുക, ആവശ്യത്തിനു വെള്ളം കുടിക്കുക, രാവിലെ നിത്യവും വെറും വയറ്റിൽ ഒരു ചൂട് ചായയും കുടിച്ചു മണിക്കൂറുകളോളം പ്രഭാതഭക്ഷണം ഒഴിവാക്കിയും താമസിപ്പിച്ചുമുള്ള ശീലങ്ങൾ മാറ്റുക,
ഉറങ്ങിശീലിച്ച സമയത്ത് കിടക്കുക, ഉണരുന്നതിന് കൃത്യനിഷ്ഠ പാലിക്കുക,മലമൂത്രവിസർജ്ജനം തടസ്സപ്പെടുത്താതിരിക്കുക, മാനസിക ഉല്ലാസം ലഭിക്കുന്ന പ്രവർത്തികളിൽ ശ്രദ്ധിക്കുക, സമയത്ത് ആഹാരം കഴിക്കുക, വെപ്രാളം പിടിച്ചുള്ള ജോലിതീർക്കൽ ഒഴിവാക്കുക മുതലായവ പ്രത്യേക ശ്രദ്ധയോടെ പാലിക്കേണ്ട കാര്യങ്ങളാണെന്ന് മനസ്സിലായല്ലോ? പലപ്പോഴും ഇവയെല്ലാം നിസ്സാരവൽക്കരിക്കുന്നതാണ് രോഗത്തെ ഉണ്ടാക്കുന്നതിനും ഉള്ള രോഗങ്ങളെ വർദ്ധിപ്പിക്കുന്നതിനും കാരണമാകുന്നതെന്ന് അറിയാമല്ലോ?
വീട്ടിലേയും ജോലി സ്ഥലത്തേയും ചുമതലകൾ തീർക്കുന്നതിനൊപ്പം വായിക്കുക, സുഹൃത്തുക്കളുമായി സംവദിക്കുക, വിനോദ പ്രവൃത്തികളിൽ ഏർപ്പെടുക തുടങ്ങിയ കാര്യങ്ങളും മുടക്കരുത്. ഇതിനെല്ലാത്തിനും കൂടി സമയമില്ലെന്ന് പരിഭവിക്കുന്നവർ സ്വന്തം ആരോഗ്യത്തിനും അസുഖത്തിനുമനുസരിച്ചുള്ള ഉത്തരവാദിത്തങ്ങൾ മാത്രം ഏറ്റെടുക്കുക. ജോലി മറ്റുള്ളവർക്ക് കൂടി പങ്കിട്ട് നൽകുന്നതിന് തയ്യാറാകുക. ശാരീരിക മാനസിക ആരോഗ്യം ലഭിക്കണമെങ്കിൽ ആസ്വദിച്ചുതന്നെ കാര്യങ്ങൾ ചെയ്യണമെന്ന് പറയേണ്ടതില്ലല്ലോ? ഉത്തരവാദിത്തങ്ങൾ “എടുത്താൽ പൊങ്ങാത്ത വിധമുള്ളവ”യാകുമ്പോൾ അവയെല്ലാം സന്തോഷത്തോടെയും സമാധാനത്തോടെയും ചെയ്തുതീർക്കാൻ സാധിക്കാതെ വന്നേക്കാം. അതിനാൽ ശാരീരിക മാനസിക ആരോഗ്യം ലഭിക്കുന്ന രീതിയിൽ കാര്യങ്ങൾ ക്രമപ്പെടുത്തുവാൻ സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ പ്രത്യേക ആരോഗ്യസുരക്ഷ മറ്റുള്ളവരുടെകൂടി ആവശ്യവുമാണ്.
ഡോ. ഷർമദ് ഖാൻ
9447963481