മുമ്പൊക്കെ “പകർച്ചവ്യാധികൾ ഒഴികെയുള്ള രോഗങ്ങൾ ഉണ്ടാകുവാൻ ഒരു പ്രായം കഴിയണം”എന്നാണ് പലരും പറഞ്ഞിരുന്നത്. അന്നൊക്കെ നാൽപത് വയസ്സുവരെയെങ്കിലും ജീവിതശൈലീരോഗങ്ങളിൽ ഒന്ന്പോലുമില്ലാതെ ജീവിച്ചിരുന്നവർ ധാരാളം. എന്നാലിപ്പോൾ അഞ്ച് വയസ്സിനു മുമ്പ്തന്നെ അലർജി രോഗങ്ങൾ ഉണ്ടാകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. കൊളസ്ട്രോൾ സംബന്ധമായതും കരൾസംബന്ധമായതുമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നവരുടെ പ്രായം പതിനാറ് വയസ്സാണ്. പി.സി.ഒ.ഡി റിപ്പോർട്ട് ചെയ്യപ്പെടുന്നവരും ആ പ്രായക്കാർ തന്നെ.
ചീത്തകൊളസ്ട്രോൾ, തൈറോയ്ഡ്, ഗ്യാസ്, അസിഡിറ്റി,മലബന്ധം, അർശസ് എന്നിങ്ങനെ ഒന്നിനോടൊന്നുചേർന്ന് ഇരുപതു വയസ്സിനുള്ളിൽതന്നെ പല രോഗങ്ങളുടെ ഉടമയാകുന്നവർ വർദ്ധിച്ചുവരുന്നു. അലർജി വർദ്ധിച്ച് ആസ്ത്മയാകുന്നവരുൾപ്പെടെ.
പൊതുവായ ആരോഗ്യം കുറയുന്ന വിധത്തിൽ വിളർച്ചരോഗം അഥവാ രക്തത്തിൽ ഹീമോഗ്ലോബിൻ കുറയുന്ന രോഗമായ അനീമിയ, കാൽസ്യത്തിന്റേയും വിറ്റാമിൻ ഡി 3 യുടെയും കുറവ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കും കുറവൊന്നുമില്ല.
ഇത്രയേറെ രോഗങ്ങൾ ഉണ്ടാകുന്ന പ്രായം മുമ്പ് ഇതായിരുന്നോ?
ആ പ്രായം കുറഞ്ഞു കുറഞ്ഞുവരുന്നത് വലിയ ആശങ്ക ഉണ്ടാക്കേണ്ടതല്ലേ? അതിനനുസരിച്ച് ജീവിതരീതിയിൽ വ്യത്യാസം വരുത്തേണ്ടതല്ലേ?
അത്തരം അവസ്ഥകൾ പരിഗണിച്ച് ചെറിയ പ്രായത്തിൽതന്നെ ആരംഭിക്കാനിടയുള്ള രോഗങ്ങളെ ഒഴിവാക്കാനാകുന്ന വിധത്തിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന ബോധവൽക്കരണം നൽകേണ്ടതല്ലേ?
ചെറിയ പ്രായത്തിൽതന്നെ രോഗങ്ങൾ ആരംഭിച്ചാൽ ആയുർദൈർഘ്യം കൂടിയ ഇക്കാലത്ത് വളരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരില്ലേ? എഴുപത് വയസ്സിലും ജീവിതശൈലീരോഗങ്ങൾ ഒന്നുംതന്നെയില്ലാത്ത പലരുടേയും ജീവിതരീതികൾ കണ്ടുപഠിക്കുവാനും ജീവിതത്തിൽ പകർത്തുവാനും കൗമാരപ്രായക്കാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതല്ലേ?
നമ്മുടെ ജീവിതരീതിയിൽ പ്രത്യേകിച്ചും ഭക്ഷണകാര്യത്തിൽ വന്ന മാറ്റം തീരെ ചെറിയ പ്രായത്തിൽ തന്നെ രോഗിയായി മാറുന്ന അവസ്ഥയ്ക്ക് കാരണമാകുന്നതായി മനസ്സിലാക്കേണ്ടതുണ്ട്. പുറത്തിറങ്ങി നടക്കുവാനും വെയിൽ കൊള്ളുവാനുമുള്ള മടിയും ഗുണം നോക്കാതെയുള്ള ഇഷ്ടഭക്ഷണങ്ങളുടെ ഉപയോഗവും പാരമ്പര്യവും ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിന്പകരം രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാമെന്ന ധാരണയും മരുന്നുകൊണ്ട് ഏത് രോഗത്തേയും മാറ്റാമെന്ന അമിതവിശ്വാസവും ചുറ്റുപാടിനും
പ്രകൃതിക്കുമനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കാത്തതും ലഹരിവസ്തുക്കളുടെ ഉപയോഗവും
ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനുപകരം അനുഭവിക്കുന്ന ടെൻഷനും പഠനപരമായും തൊഴിൽപരമായുമുള്ള പ്രശ്നങ്ങളും കൃത്യനിഷ്ടയിലും ശീലിച്ചുപോന്ന സംസ്കാരങ്ങളിലും വന്ന കാതലായ മാറ്റവുമുല്പെടെ നിരവധി കാരണങ്ങൾ ഒരാളിനെ ചെറിയപ്രായത്തിൽതന്നെ രോഗിയാക്കുന്നതിന് മുന്നിട്ടുനിൽക്കുന്നു.
രോഗങ്ങൾ ബാധിച്ച ചിലർ അവയെ നിയന്ത്രണത്തിലാക്കുവാനായി കൂടുതൽ വീര്യമുള്ള മരുന്നുകളെ ആശ്രയിക്കുന്നത് ക്രമേണ അതിനേക്കാൾ വീര്യമുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട അവസ്ഥയിലേക്കും അത്തരം മരുന്നുകൾകൊണ്ടുപോലും ഉദ്ദേശിക്കുന്ന ഫലം ലഭിക്കാത്ത സാഹചര്യത്തിലേക്കും അവയുടെ തുടരെയുള്ള ഉപയോഗത്താൽ മറ്റു രോഗങ്ങൾകൂടി ബാധിക്കുന്ന
അവസ്ഥയിലേക്കും മാറുന്നു. അതോടൊപ്പം മരുന്നുകളുടെ ഉപയോഗം കാരണമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സഹിക്കുവാൻ പ്രയാസമുള്ള ചിലരെങ്കിലും മരുന്ന് ഉപേക്ഷിക്കുന്നതിലൂടെ അസുഖം വർദ്ധിച്ച് രോഗതീവ്രതയിലേക്കും മാറാറുണ്ട്. രോഗത്തെ ശരിയായി മനസ്സിലാക്കുന്നതിനുപകരം ശരിയായ ചികിത്സകരല്ലാത്തവരുടെ ഉപദേശമോ സ്വയംചികിത്സയോ സ്വീകരിച്ച് നിലവിലുള്ള രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്തുവാൻ സാധിക്കാത്ത വിധത്തിൽ എത്തിക്കുന്നവരും കുറവല്ല എന്നത്
പ്രബുദ്ധ കേരളത്തെ അതിശയിപ്പിക്കുന്ന കാര്യമാണ്.
കൗമാരപ്രായക്കാർക്ക് ശരിയായ വ്യായാമമോ ജൈവകൃഷിയോ ഒന്നും ചെയ്യുവാൻ താല്പര്യമില്ലെന്ന്തന്നെ പറയാം. മസിൽ പുഷ്ടിപ്പെടുത്തുവാനും സൗന്ദര്യം വർദ്ധിപ്പിക്കുവാനും സുഖംതോന്നിക്കുന്നവിധം ജീവിക്കുവാനും കാണിക്കുന്ന താൽപര്യമൊന്നും പാരമ്പര്യ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾക്ക് പലരും നൽകുന്നില്ല.
പഠനത്തിനൊപ്പം നല്ല രീതിയിലുള്ള വ്യായാമത്തിനും കൃത്യനിഷ്ഠ പാലിക്കുന്നതിനും ആരോഗ്യകരമായ
ഭക്ഷണരീതികൾ ശീലിക്കുന്നതിനും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ അറിവ് നേടുന്നതിനും ശ്രമിച്ചാൽതന്നെ നല്ലൊരു പരിധിവരെ ചെറിയ പ്രായത്തിൽതന്നെ രോഗികളാകുന്നത് ഒഴിവാക്കുവാനാകും.
ജൈവകൃഷി, സൈക്കിളിന്റെ ഉപയോഗം, സ്വന്തമായി വിളയിക്കുന്നതും ചുറ്റുപാടിൽനിന്നും കിട്ടുന്നതും വീട്ടിൽ പാകം ചെയ്യുന്നതുമായ ഭക്ഷണത്തിന് പ്രാധാന്യം നൽകുന്ന സമീപനം, കുടുംബാംഗങ്ങൾക്ക് ബാധിച്ചിട്ടുള്ള രോഗങ്ങൾ വരാതെ സൂക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകൽ തുടങ്ങിയവയ്ക്ക് പ്രാധാന്യം നൽകേണ്ടതാണ്.
രാജ്യത്തിന്റെ ഉത്തമപൗരന്മാരായി മാറുവാൻ ശരിയായ ആരോഗ്യവും അനിവാര്യമാണ്. കൗമാരപ്രായക്കാർ രോഗികളായി മാറുന്നത് ഒരു രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ശോഭനമായ അവസ്ഥയല്ല. അതിനാൽ കൗമാരപ്രായക്കാരിൽ ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ ശീലിപ്പിക്കുവാൻ ആവശ്യമായ ഇടപെടലുകൾക്ക് പ്രാധാന്യം നൽകാം.
ഡോ. ഷർമദ് ഖാൻ
9447963481