fbpx

ഡോക്ടറോട് പറയേണ്ടത്

ചില രോഗികൾ അങ്ങനെയാണ്. ഡോക്ടർ ചോദിക്കുന്നതിനുമാത്രമേ ഉത്തരം പറയു. ചിലപ്പോൾ ഡോക്ടർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി അങ്ങോട്ട് കയറി പറയാൻ മടിക്കുന്നവരുമുണ്ട്. എന്നാൽ രോഗനിർണയത്തിനും ചികിത്സയ്ക്കും എളുപ്പമാകുന്ന കുറെയേറെ കാര്യങ്ങൾ രോഗികൾക്ക് ഡോക്ടറോട് പറയുവാനാകുമെന്നതാണ് യാഥാർത്ഥ്യം.

നിലവിൽ തുടർച്ചയായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന അസുഖങ്ങളും അവയുടെ ഇപ്പോഴത്തെ അവസ്ഥയുമറിഞ്ഞാൽ മാത്രമേ ആ രോഗങ്ങൾ നിയന്ത്രണത്തിലാണോ എന്ന് ഡോക്ടർക്ക് എളുപ്പം മനസ്സിലാകുകയുള്ളൂ. ദീർഘനാളുകളായി കഴിക്കുന്ന മരുന്നുകൾ കാരണം എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ അതും മനസ്സിലാക്കുവാനാകും. കോവിഡ്, ചിക്കുൻഗുനിയ, ഡെങ്കിപ്പനി, ക്ഷയരോഗം തുടങ്ങിയവ
വന്നിട്ടുള്ളവരാണെങ്കിൽ അതും കൂടി പറയുന്നതാണ് നല്ലത്.

രോഗികൾ പറയുന്ന ഓരോ ലക്ഷങ്ങൾക്കും പ്രത്യേകം പ്രത്യേകം ചികിത്സിക്കേണ്ടിവരാറില്ല. ഒരു രോഗത്തിന്റെതന്നെ പല ലക്ഷണങ്ങളാകും ഒരേസമയം ഉണ്ടാകുന്നത്. പ്രധാനരോഗത്തിനുള്ള ചികിത്സകൊണ്ട്തന്നെ രോഗികൾ ഉന്നയിക്കുന്ന പല ലക്ഷണങ്ങളും ശമിക്കുന്നതുമായിരിക്കും. അതുകൊണ്ട് രോഗികൾ അവർക്ക് അനുഭവപ്പെടുന്ന ലക്ഷണങ്ങൾ ‘പൊടിപ്പും തൊങ്ങലും’ ചേർത്ത് പറയാതിരിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട്. അസുഖം മാറിയില്ലെങ്കിലും വേദനയൊന്നുമാറിയാൽ മതിയായിരുന്നു എന്നൊക്കെ ചിലർ പറഞ്ഞു കളയും. ഇതൊക്കെ ഒരു ചികിത്സകന് പ്രധാന രോഗം മനസ്സിലാക്കുവാൻ ചില ബുദ്ധിമുട്ടുകളുണ്ടാക്കും. അതുകൊണ്ട് എന്തിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്ന കാര്യം ഡോക്ടർ തീരുമാനിക്കട്ടെ എന്ന് വെക്കുന്നതാണ് നല്ലത്.

എക്സ്റേ, സി.ടി സ്കാൻ എന്നിവ നിർദ്ദേശിക്കപ്പെടുന്ന രോഗികൾ അവർ ഗർഭിണിയാണെങ്കിൽ ആ വിവരം ഡോക്ടറോടു പറയണം.അക്കാര്യം കഴുത്ത് വേദനയ്ക്ക് ചികിത്സിക്കുന്ന ഡോക്ടർ എന്തിനാണ് അറിയുന്നത് എന്ന് ചിന്തിക്കരുത്.

കാഴ്ചക്കുറവോ കാലുകൾക്ക് മരവിപ്പോ മൂത്രസംബന്ധമായ വൈഷമ്യങ്ങളോ അനുഭവപ്പെടുന്ന പ്രമേഹരോഗി അക്കാര്യങ്ങൾകൂടി പ്രമേഹചികിത്സയ്ക്കെത്തുമ്പോൾ പറയേണ്ടതുണ്ട്. രക്തസമ്മർദ്ദത്തിനുള്ള ചികിത്സയിൽ ഉറക്കക്കുറവും കിഡ്നി സംബന്ധമായ രോഗങ്ങളും അമിതമായി ഉപ്പ് ചേർന്ന ആഹാരത്തിന്റെ ഉപയോഗവും കൂടി പരിഗണിക്കേണ്ടിവരും. രക്തം കട്ടപിടിക്കാതിരിക്കുവാൻ കഴിക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് മലം കറുത്തനിറത്തിൽ പോവുകയോ വയറുവേദനയോ ഉണ്ടായാൽ ആ വിവരം ഡോക്ടറെ ബോദ്ധ്യപ്പെടുത്തണം. കഴുത്തും തോളും വേദനയും കൈകൾക്ക് പെരുപ്പും അനുഭവപ്പെടുന്നവർ കൊളസ്ട്രോളും തൈറോയ്ഡും ഉള്ളവരാണെങ്കിൽ ആ വിവരവും പറയേണ്ടതാണ്.
ഗ്യാസിന് മരുന്നന്വേഷിച്ചു നടക്കുന്നവർ കൊളസ്ട്രോളും ഫാറ്റിലിവറും ഉണ്ടായിരുന്നവരാണെങ്കിൽ അതും മറച്ചുവെക്കരുത്. മലബന്ധമുള്ളവർക്ക് അർശസ്സ് രോഗവുമുണ്ടായിരുന്നെങ്കിൽ അതിൻറെ നിലവിലുള്ള അവസ്ഥകൂടി വെളിപ്പെടുത്തണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളും ചിലതരം ത്വക്ക് രോഗങ്ങളും പെട്ടെന്ന് വർദ്ധിച്ചവരിൽ അലർജിയെ ഉണ്ടാക്കുന്ന എന്തെങ്കിലും തൊട്ടടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്ഥിരമായി ഇടയ്ക്കിടെ ചുമയ്ക്കുന്നവർ അസിഡിറ്റി ഉള്ളവരാണോ എന്നകാര്യം കൂടി ഷെയർ ചെയ്യണം.
തലവേദനയും തലകറക്കവുമുള്ളവർ കഴുത്തിന് വേദനയോ തേയ്മാനമോ ഉള്ളവരാണോ എന്ന് അറിയേണ്ടതുണ്ട്. തലവേദനയുള്ളവർ കാഴ്ച വൈകല്യം പരിഹരിക്കുന്നതിന് കണ്ണട ഉപയോഗിക്കുന്നവരായിരുന്നോ തലകുനിക്കുവാൻ പ്രയാസമുണ്ടാകുന്നവിധം തലയ്ക്ക് ഭാരം തോന്നുന്നവർ ദീർഘനാളായി സൈനസൈറ്റിസിന് ചികിത്സ ചെയ്യുന്നവരാണോ തലയുടെ ഒരു വശത്തും താടിയിലും വേദന അനുഭവപ്പെടുന്നവരുടെ പല്ലുകൾക്ക് പൊട്ടലോ പോടോ ഉണ്ടോ എന്ന കാര്യം കൂടി ഡോക്ടറെ അറിയിക്കണം.
നഖങ്ങൾക്ക് രൂപ വ്യത്യാസം, നിറംമാറ്റം, പെട്ടെന്ന് പൊട്ടുക തുടങ്ങിയവയുള്ളവർ നേരത്തെതന്നെ കാത്സ്യത്തിന്റെ അളവ്, കരൾ രോഗങ്ങൾ തുടങ്ങിയവ ഉള്ളവരായിരുന്നോ എന്ന് അറിയണം.
ദീർഘനാളായി അസിഡിറ്റി കുറയ്ക്കുന്നതിനുള്ള മരുന്ന് കഴിക്കുന്നുണ്ടോ എന്നും വയറിളക്കം, ഗ്യാസ്, വയറുവേദന എന്നിവ പെട്ടെന്ന് കൂടിയവർ ആൻറിബയോട്ടിക്കോ വേദനാസംഹാരികളോ അതിനുമുമ്പുള്ള ദിവസങ്ങളിൽ ഉപയോഗിച്ചിരുന്നോ എന്നകാര്യം മറച്ചു വെക്കരുത്. ശ്വാസകോശസംബന്ധമായ ചികിത്സ ചെയ്യാനെത്തുന്നവർ ഹൃദ്രോഗചികിത്സയിലിരിക്കുന്നവരാണോ എന്നതും പ്രധാനമാണ്. ഡ്രൈസ്കിൻ പരിഹരിക്കുന്നതിനായി ഡോക്ടറെ
കാണേണ്ടിവരുമ്പോൾ ചൂടുവെള്ളത്തിലാണോ കുളിക്കുന്നത്, സോപ്പിന്റേയും ഉപ്പിന്റേയും അമിത ഉപയോഗം, കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയും ഡോക്ടറുമായി സംസാരിക്കേണ്ടതുണ്ട്. ദേഹത്ത് ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവർ പ്രമേഹം, കരൾരോഗങ്ങൾ, ചൂടുവെള്ളത്തിലുള്ള കുളി എന്നിവയുണ്ടെങ്കിൽ അതും പറയണം. ചെവിരോഗങ്ങൾക്ക് ചികിത്സ തേടുമ്പോൾ ഇയർഫോണിന്റെ അമിത ഉപയോഗത്തെക്കുറിച്ചും കാഴ്ചസംബന്ധമായ പ്രശ്നങ്ങളുടെ ചികിത്സയ്ക്കു പോകുമ്പോൾ മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗത്തെക്കുറിച്ചും ചർച്ച ചെയ്യേണ്ടതുണ്ട്. നടുവേദനയും കാലുകളിലേക്കുള്ള പെരുപ്പും ഉൾപ്പെടുന്ന രോഗചികിത്സയ്ക്ക് എത്തുന്നവരിൽ സ്ഥിരമായി ഡ്രൈവ് ചെയ്യുന്ന ജോലിയുള്ളവർ അതും കൂടി പറയുന്നതാണ് നല്ലത്. ഒന്നനങ്ങാൻപോലും സമയമില്ലാത്തവിധം ഓഫീസ് ജോലികളിൽ ഏർപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഗ്യാസ്, മലബന്ധം, അർശസ്, ഭഗന്ദരം (ഫിസ്റ്റുല) തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്ക് പോകുമ്പോൾ ജോലിയുടെ സ്വഭാവവും ഡോക്ടറെ അറിയിക്കേണ്ടതാണ്. നടുവേദന, മൂത്രമൊഴിക്കുമ്പോഴുള്ള പ്രയാസം, വയറിന്റെ വശങ്ങളിൽ വേദന, മൂത്രത്തിൽ രക്തനിറം എന്നിവയുള്ളവർ മുമ്പുണ്ടായിട്ടുള്ള സ്റ്റോണിന്റെ അസുഖത്തെ സംബന്ധിച്ചും പറയേണ്ടതുണ്ട്.
കാൽപാദത്തിലെ നീരിന് മരുന്ന് വാങ്ങുവാൻ പോകുന്നവർ ദീർഘനാളായി പ്രഷറിന് കഴിക്കുന്ന മരുന്നിന്റെ കാര്യവും ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തണം.

സ്പെഷ്യലിസ്റ്റുകളുടെ എണ്ണം കൂടിയപ്പോൾ “സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഭാഗങ്ങളെ സംബന്ധിച്ച വിഷയം മാത്രം ഡോക്ടറോട് പറഞ്ഞാൽ മതിയല്ലോ? അല്ലാത്തതിനെക്കുറിച്ച് പറഞ്ഞ് എന്തിന് കൺഫ്യൂഷൻ ഉണ്ടാക്കുന്നു ” എന്നാണ് രോഗികളിൽ ചിലർ ചിന്തിക്കുന്നത്. എന്നാൽ ഒരു രോഗിയെ സമഗ്രമായിക്കാണാതെ ശരിയായ ചികിത്സ സാദ്ധ്യമല്ലെന്ന് മനസ്സിലാക്കുക. അതിനാൽ ഇത്തരത്തിലുള്ള കാര്യങ്ങൾ ഡോക്ടർകൂടി അറിയുന്നത് രോഗികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. അത് മനസ്സിലാക്കി ആവശ്യമായ രോഗവിവരങ്ങൾ പങ്കുവയ്ക്കുവാൻ രോഗികൾതന്നെ പ്രാധാന്യം നൽകുന്നതാണ് നല്ലത്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart