കോവിഡ് ബാധയെ തുടർന്ന് വളരെ സാധാരണയായി കാണുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ.
ഇതിൽ സാധാരണ മുടി കൊഴിച്ചിലിൽ നിന്ന് വ്യത്യസ്തമായി വളരെ അധികം മുടികൾ ദിവസവും പൊഴിയുന്നതായി കാണപ്പെടുന്നു. കോവിഡ് വന്നു ആഴ്ചകൾക്കു ശേഷമാണ് തുടക്കം, 5 മാസം വരെ ഇത് തുടരാം. ഒരു പാട് മാനസിക സംഘർഷം ഉണ്ടാക്കുന്നതായി കണ്ടു വരുന്നു. മുടി കൊഴിച്ചിൽ കൂടി ശിരോചർമ്മം പുറത്തു കാണുന്ന നില വരെ എത്താം. ഇത് എന്ത് കൊണ്ട് സംഭവിക്കുന്നു എന്ന് നോക്കാം.
നമ്മുടെ തലയിൽ ഉള്ള മുടികൾ 3 phases ഇൽ ആയാണ് കാണുന്നത്. Anagen അഥവാ വളർന്നു കൊണ്ടിരിക്കുന്ന മുടികൾ , telogen അഥവാ കൊഴിഞ്ഞു കൊണ്ടിരിക്കുന്ന മുടികൾ, അല്ലെങ്കിൽ catagen, ഇതിന്റെ ഇടക്കുള്ള മുടികൾ. Anagen അവസ്ഥയിലുള്ള മുടികൾ ഏകദേശം 3 വര്ഷം എങ്കിലും ഈ അവസ്ഥയിൽ ഇരിക്കുന്നു. എന്നാൽ ഇത് കഴിയുമ്പോൾ ചില സിഗ്നലിങ് മൂലം ഇവ telogen അവസ്ഥയിലേക്ക് മാറുന്നു. Telogen അവസ്ഥയുടെ ദൈർഘ്യം 3 മാസം ആണ്. ഇതിൽ പ്രവേശിച്ചു കഴിഞ്ഞാൽ മുടിയുടെ റൂട്ട് മുകളിലേക്ക് പൊങ്ങി വരികയും 3 മാസത്തിനുള്ളിൽ തന്നെ പൊഴിയുകയോ ചീകുമ്പോളോ കുളിക്കുമ്പോളോ മറ്റും പോകുകയും ചെയ്യുന്നു. സാധാരണ ഗതിയിൽ anagen മുടികൾ ആയിരിക്കും നമ്മുടെ ശിരസ്സിൽ 90 ശതമാനവും കാണുക, telogen 10 ശതമാനവും, catagen 0 – 1 ശതമാനവും.
കോവിഡ് വന്ന രോഗികളിൽ ഉണ്ടാകുന്ന സ്ട്രെസ് കാരണം ‘telogen effluvium’ എന്ന അവസ്ഥ ഉണ്ടാകുന്നു. അതായത് പെട്ടെന്ന് തന്നെ ഒരുമിച്ചു ഒരുപാട് മുടികൾ telogen അവസ്ഥയിലേക്ക് മാറിപ്പോകുന്നു.ആ മുടികൾ എല്ലാം തന്നെ കുറച്ചു ആഴ്ചകൾ ക്കുള്ളിൽ കൊഴിയാൻ തുടങ്ങുന്നു. ഇത് 4 -5 മാസങ്ങൾ വരെ നീണ്ടു നിൽക്കാം.
ഇതിനെ നേരിടാൻ നാം എന്തൊക്കെ ചെയ്യണം ?
1. ആദ്യം മനസ്സിലാക്കേണ്ടത് ഇത് ഒരു ‘reversible’, താൽക്കാലികമായ മുടി കൊഴിച്ചിൽ ആണെന്നാണ്. കോവിഡ് ഇൽ നിന്ന് മുക്തി നേടി ശരീരം പൂർവ ആരോഗ്യ സ്ഥിതി നേടിക്കഴിഞ്ഞു കുറച്ചു മാസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ പൂർണമായും നിൽക്കുകയൂം ആ രോമകൂപങ്ങളിൽ പുതിയ anagen മുടികൾ വളരുന്നതുമാണ്. ഈ അവസ്ഥ ക്ഷമയോടെ നേരിട്ടു മാനസിക സംഘർഷം കുറക്കുന്നത് മുടി കൊഴിച്ചിൽ കുറക്കാൻ സഹായകമാണ്. അതല്ലെങ്കിൽ മാനസിക വിഷമം മൂലം ഉണ്ടാവുന്ന സ്ട്രെസ് മുടി കൊഴിച്ചിലിന്റെ തോത് വർദ്ധിപ്പിക്കാം. കോവിഡ് എന്ന മഹാ മാരിയിൽ നിന്ന് സുഖം പ്രാപിച്ചതിൽ സന്തോഷിച്ചു, മുടി പൂർണമായും തിരിച്ചു വരുന്ന ഒരു കാര്യമാണെന്ന് മനസ്സിലാക്കി മുടിയുടെ ഇനിയുള്ള വളർച്ചക്കുതകുന്ന സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാം.
2 . ഒരു ഡോക്ടർ ഉടെ സഹായത്തോടെ ശരീരത്തിൽ മറ്റു രോഗങ്ങളോ, പോഷകക്കുറവോ, തൈറോയ്ഡ്, മറ്റു ഹോർമോൺ വ്യതിയാനങ്ങളോ ഇല്ല എന്ന് ഉറപ്പു വരുത്തുക. ആവശ്യമായ പോഷക ആഹാരങ്ങൾ, supplements എന്നിവ നിർദ്ദേശ പ്രകാരം ഉപയോഗിക്കുക.
3. പൊതുവെ ഉള്ള മുടിയുടെ വളർച്ചയ്ക്കുള്ള ലേപനങ്ങളും മറ്റും ഉപയോഗിക്കാവുന്നതാണ്.
പക്ഷെ, മറ്റു രോഗങ്ങളുടെ അഭാവത്തിൽ, കോവിഡ് മൂലമുള്ള മുടി കൊഴിച്ചിൽ താനേ മാറുന്നതാണ് എന്ന് മനസിലാക്കുക.
ഡോ സൗമ്യാ ജഗദീശൻ
കൺസൾട്ടന്റ് ഡെര്മറ്റോളജിസ്റ്
അമൃത ഹോസ്പിറ്റൽ, കൊച്ചി