ഫാറ്റിലിവറിന്റെ വിവിധ ഘട്ടങ്ങളിലായി ജീവിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചു വരികയാണ്. അതിനു ചികിത്സയൊന്നും ആവശ്യമില്ലെന്ന് പറയുന്നതും ചികിത്സിക്കാൻ പ്രത്യേകിച്ച് മരുന്നൊന്നുമില്ലെന്ന് പറയുന്നതും ചികിത്സിച്ചിട്ടും കാര്യമില്ലെന്ന് പറയുന്നതും കേട്ട് ഫാറ്റിലിവറുള്ള രോഗികളാകെ ആശയക്കുഴപ്പത്തിലാണ്. ചികിത്സിക്കാതിരിക്കുന്നവരേക്കാൾ ആയുർവേദ ചികിത്സയ്ക്ക് വിധേയരാകുന്നവർക്ക് കൂടുതൽ സുഖമായി ജീവിക്കുവാനാകുന്നുണ്ട് എന്ന യാഥാർഥ്യവും പലരും ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്.
ദഹന സംബന്ധമായ പ്രശ്നങ്ങൾ, ഗ്യാസ്, കൊളസ്ട്രോൾ, പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ടുകൾ, ക്ഷീണം, വിശപ്പില്ലായ്മ, കരളിന്റേയും അതുകാരണം വയറിന്റേയും വലുപ്പം കൂടുക, ത്വക്ക് രോഗങ്ങൾ, മലബന്ധം, വയറു വീർപ്പ് തുടങ്ങിയ പല ബുദ്ധിമുട്ടുകളും മരുന്ന് കഴിക്കുന്നവരിൽ കുറയുന്നുണ്ട്. ഒരു മരുന്നും ചെയ്യാത്തവരിൽ ഒന്നാം ഘട്ടത്തിൽ നിന്നും രണ്ടാമത്തതിലേക്കും അതിൽനിന്നും അടുത്ത ഘട്ടത്തിലേക്കും ഫാറ്റിലിവർ വർദ്ധിക്കുന്നു. കൂടുതൽ ഗുരുതരമായതും ചികിത്സിച്ചാലും കരളിന്റെ ശരിയായ പ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സാധിക്കാത്ത നിലയിലും ഇത് മാറുകയും ചെയ്യും. അതുകൊണ്ടുതന്നെ ശരീരത്തിന്റെ പല ആരോഗ്യ സൂചകങ്ങളേയും നിയന്ത്രിക്കുന്ന കരളിന്റെ പ്രവർത്തനങ്ങൾ സുഗമമായി നടക്കണമെന്ന രീതിയിലുള്ള നിർദ്ദേശങ്ങളാണ് ആരോഗ്യസംരക്ഷണത്തിനായുള്ള ഉപദേശങ്ങളിലും കരൾ സംബന്ധമായ മറ്റ് രോഗങ്ങളുടെ ചികിത്സയിലും ആയുർവേദം നൽകുന്നത്.
അമിതവണ്ണം, പ്രമേഹം, തൈറോയിഡ് എന്നീ അവസ്ഥകളുള്ളവരും മദ്യപാനശീലമുള്ളവരും വേദനാസംഹാരികളും പനി ഗുളികകളും ശീലമാക്കിയവരും മറ്റ് കരൾരോഗങ്ങൾ ബാധിച്ചിട്ടുണ്ടായിരുന്നവരും മുഖത്ത് പുതിയതായി കറുത്ത നിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടുന്നവരും കരളിന്റെ ആരോഗ്യം വിലയിരുത്തുന്നത് നല്ലതായിരിക്കും. അതിനായി രക്തപരിശോധനയും അൾട്രാസൗണ്ട് സ്കാനും ആവശ്യമായി വന്നേക്കാം. സ്ത്രീപുരുഷ വ്യത്യാസമോ പ്രായഭേദമോ ഇല്ലാതെയാണ് ഫാറ്റിലിവർ ഇപ്പോൾ വർദ്ധിച്ചു കാണുന്നത്.
മദ്യപിക്കുന്നവരിൽ മാത്രമാണ് ഫാറ്റിലിവർ കാണുന്നതെന്ന് പലരും കരുതുന്നുണ്ട്. മദ്യപിക്കുന്നവരിലും മദ്യപിക്കുന്നതിനൊപ്പം കൊഴുപ്പ് കൂടിയ വസ്തുക്കളായ മാംസം, മുട്ട, നിലക്കടല, കാഷ്യൂനട്ട്, എണ്ണയിൽ വറുത്തത് തുടങ്ങിയവ കഴിക്കുന്നവരിലും ഫാറ്റി ലിവർ ഉണ്ടാകുവാനുള്ള സാദ്ധ്യത കൂടുതലാണ്. കൊഴുപ്പിന്റെ അംശം മദ്യത്തിന്റെ സാന്നിദ്ധ്യത്തിൽ പരമാവധി ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് കാരണം. ഫാറ്റിലിവർ ഉള്ളവരിലും ഇത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാക്കും. ഇത്തരമാൾക്കാരിൽ ഫാറ്റിലിവറിനൊപ്പം ട്രൈ ഗ്ലിസറൈഡ്, എൽ.ഡി.എൽ എന്ന ചീത്ത കൊളസ്ട്രോൾ എന്നിവയും വർദ്ധിച്ചുവരാം. മദ്യം കഴിക്കാത്തവരിലും ഇപ്പോൾ ഫാറ്റിലിവർ വർദ്ധിച്ചു കാണുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഫുഡ് സപ്ലിമെന്റുകളും മരുന്നുകളുമുൾപ്പെടെ പ്രതിക്കൂട്ടിലാകും എന്ന കാര്യത്തിൽ സംശയമില്ല.
ചില ജനിതക തകരാറുകൾകൊണ്ടും ഫാറ്റിലിവർ സംഭവിക്കാം. വ്യായാമം തീരെ കുറവുള്ളവർക്കും അമിതമായി ഭക്ഷണം കഴിക്കുന്നവർക്കും ഹോട്ടൽ ഭക്ഷണം ശീലമാക്കിയവർക്കും പ്രഭാത ഭക്ഷണം കഴിക്കാത്തവർക്കും വളരെ വൈകി കഴിക്കുന്നവർക്കും രാത്രി ഉറക്കത്തിനു തൊട്ടുമുമ്പ് അമിതമായും ദഹിക്കാൻ പ്രയാസമുള്ളതുമായ ഭക്ഷണം കഴിക്കുന്നവർക്കും സമയത്തല്ലാത്ത ഭക്ഷണം ശീലമാക്കിയവർക്കും അരിയാഹാരം കൂടുതൽ കഴിക്കുന്നവർക്കും ബേക്കറി, കോള,വീണ്ടും വീണ്ടുമുപയോഗിച്ച എണ്ണയിൽ വറുത്ത പലഹാരങ്ങൾ എന്നിവ കഴിക്കുന്നവർക്കും ആവശ്യത്തിന് ഭക്ഷണം കഴിച്ചവർതന്നെ അത് പൂർണ്ണമായി ദഹിക്കുന്നതിനു മുമ്പ് വീണ്ടും കഴിക്കുന്നതുകൊണ്ടും വളരെ വേഗത്തിൽ ആഹാരം കഴിക്കുന്ന ശീലമുള്ളവർക്കും ഫാറ്റിലിവർ ഉണ്ടാകാം.
അദ്ധ്വാനത്തിനനുസരിച്ചുള്ള കലോറി മൂല്യം കണക്കാക്കിമാത്രം ഭക്ഷണം ശീലിക്കുക, അമിത ഭക്ഷണം ഒഴിവാക്കുക, ഫൈബറടങ്ങിയ ഭക്ഷണത്തിന് പ്രാധാന്യം നൽകുക, കാർബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണം കുറയ്ക്കുക, ആൽക്കഹോൾ അടങ്ങിയവയ്ക്കൊപ്പം കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക, ഈസ്റ്റ് ഉൾപ്പെടെയുള്ള പുളിപ്പിക്കുന്ന വസ്തുക്കളും പ്രിസർവേറ്റീവുകളും അടങ്ങിയ ഭക്ഷണം ഒഴിവാക്കുക, ഇൻസ്റ്റൻറ് കോഫി, അജ്നാ മോട്ടോ എന്നിവ ഒഴിവാക്കുക,
ഫാറ്റിലിവർ ഉള്ളവർ എണ്ണയിൽ വറുത്ത തൊന്നുംതന്നെ കഴിക്കരുത്. പ്രത്യേകിച്ചും വറുത്ത മത്സ്യം, കോഴി മാംസം, ബീഫ്, പോർക്ക് തുടങ്ങിയവ. രാവിലെയുള്ള ഉഴുന്നും അരിയും എണ്ണയും ചേർത്തുണ്ടാക്കുന്ന ഭക്ഷണം കുറച്ച് പച്ചക്കായ, ചെറുപയർ, മുതിര, വാഴപ്പിണ്ടി, വാഴക്കൂമ്പ്, കുമ്പളങ്ങ, വെള്ളരിക്ക, പാവയ്ക്ക, പടവലങ്ങ,ഇലക്കറികൾ, മോര്, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയവയുടെ ഉപയോഗം വർദ്ധിപ്പിക്കുക. ചെറിയ മത്സ്യങ്ങൾ കറിവെച്ചു കഴിക്കണം. രാവിലെ സാലഡ് കഴിച്ച് മറ്റ് ധാന്യാഹാരം കുറയ്ക്കണം.റാഗി, ബാർലി, ഓട്സ് എന്നിവയും ഉൾപ്പെടുത്തണം.
വെള്ളരി, കാരറ്റ്, ബ്രോക്കോളി, കോവയ്ക്ക, നെല്ലിക്ക, വേകിച്ച ചെറുപയർ എന്നിവയുടെ ഉപയോഗം വർദ്ധിപ്പിക്കണം. പഴവർഗ്ഗങ്ങൾ കൂടുതൽ ഉൾപ്പെടുത്തണം.മാതളം പ്രത്യേകിച്ചും. വെളുത്തുള്ളി, ഇഞ്ചി, മഞ്ഞൾ,കറിവേപ്പില എന്നിവ നിത്യേന ഉപയോഗിക്കണം.
ആൽക്കഹോൾ, എണ്ണയിൽ പൊരിച്ചവ, റെഡ്മീറ്റ്,സോഫ്റ്റ് ഡ്രിങ്ക്സ്,മധുരം കൂടിയ ആഹാരവസ്തുക്കൾ തുടങ്ങിയവ പരമാവധി ഒഴിവാക്കണം. യോഗയും വ്യായാമവും ശീലിക്കണം. വണ്ണം കുറയ്ക്കാൻ പരമാവധി പ്രാധാന്യം നൽകണം.
മാംസവും വറുത്തതും മറ്റ് കൊഴുപ്പുള്ളവയും കൂടുതൽ കഴിക്കുന്ന ദിവസങ്ങളിൽ അതിനെ ദഹിപ്പിക്കുവാനെന്ന പേരിൽ ഉപയോഗിക്കുന്ന മദ്യം ഉൾപ്പെടെയുള്ള വസ്തുക്കൾ കൊഴുപ്പിന്റെ ആഗിരണത്തെ വർദ്ധിപ്പിച്ച് ഫാറ്റിലിവർ വർദ്ധിപ്പിക്കും. അതിനാൽ ആൽക്കഹോൾ അടങ്ങിയതെന്തും ഉപയോഗിക്കാതിരിക്കുകയോ അഥവാ ഉപയോഗിച്ചാൽ അതിനൊപ്പം സാലഡുകൾ ഉൾപ്പെടുത്തുകയോ ആണ് വേണ്ടത്. മാംസം, എണ്ണയിൽ വറുത്തത് എന്നിവ കഴിക്കുന്നതിന് മുമ്പായി പഴം, സാലഡ് എന്നിവ കഴിച്ചാൽ കൊഴുപ്പ് അധികമായി ഉള്ളിൽ ചെല്ലുന്ന പ്രവണത കുറയ്ക്കുവാനും സാധിക്കും.
എന്തെങ്കിലും കഴിച്ചാലുടൻ ഗ്യാസ് കാരണം വയറു വീർക്കുന്ന അവസ്ഥ അനുഭവപ്പെടുന്നവരും കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാൽ ഏമ്പക്കവും അധോവായുവും വർദ്ധിക്കുന്നവരും ചിലപ്പോൾ മലബന്ധവും ചിലപ്പോൾ പത കലർന്ന് ഇടയ്ക്കിടെ മലശോധന ചെയ്യണമെന്ന തോന്നലുണ്ടാകുന്നവരും ഫാറ്റിലിവർ ഉള്ളവരായിരിക്കാൻ സാദ്ധ്യതയുണ്ട്. ഫാറ്റിലിവർ ഉള്ളവർ മൃഗങ്ങളുടെ കൊഴുപ്പ്, കരൾ,കുടൽ, മസ്തിഷ്കം, അസ്ഥി മജ്ജ, മാംസക്കൊഴുപ്പ് എന്നിവ പൂർണ്ണമായും ഒഴിവാക്കുന്നത് കൊഴുപ്പിന്റെ അളവു കുറയ്ക്കുവാൻ ഉപകാരപ്പെടും.
ആഹാരം നന്നായി കഴിക്കുകയും അതിനായി കൊഴുപ്പുള്ള ആഹാരങ്ങൾ കൂടുതലായി ഉൾപ്പെടുത്തുകയും അവ പരമാവധി ദഹിപ്പിക്കുന്നതിനുള്ള പാനീയങ്ങൾ കുടിക്കുകയും ചെയ്യുന്ന ഫാറ്റിലിവർ എന്ന രോഗമുള്ളവർ ഒരു തുള്ളി കൊഴുപ്പ്പോലും ശരീരത്തിലെത്തുന്നത് ഒഴിവാക്കുവാനാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന കാര്യം മറക്കരുത്.
ചുരുക്കിപ്പറഞ്ഞാൽ ഫാറ്റി ലിവറിന് ശരിയായ ചികിത്സ ചെയ്താൽ പലവിധ രോഗങ്ങളും ഒഴിവാക്കാനാകും.ഇല്ലെങ്കിൽ ഫാറ്റിലിവർ വർദ്ധിച്ച് ലിവർ സീറോസിസ് ആകുവാനും പലവിധ രോഗങ്ങൾ ഒന്നിനുപുറകെ ഒന്നായി ബാധിക്കുവാനുമുള്ള സാദ്ധ്യത വർദ്ധിക്കും. അതുകൊണ്ട് തുടക്കത്തിൽ തന്നെ ഫാറ്റി ലിവറിന് ചികിത്സ ആവശ്യമാണ്. ആയുർവേദത്തിൽ അതിനുള്ള ചികിത്സയുമുണ്ട്.
ഡോ. ഷർമദ് ഖാൻ
9447963481