fbpx

കർക്കടകവും തിരുമ്മു ചികിത്സയും

കർക്കടകമാസം ആരംഭിച്ചതോടെ കർക്കടക ചികിത്സയുടെ ഭാഗമായി “ഒരു തിരുമ്മുചികിത്സകൂടി നടത്തിയാലോ?” എന്ന് വിചാരിക്കുന്നവരുണ്ട്. പഞ്ചകർമ്മചികിത്സ ചെയ്യുവാൻ സാഹചര്യമില്ലെന്ന് വിചാരിച്ചിരിക്കുന്നവർ എന്തിനാണ് തിരുമ്മ്ചികിൽസ ചെയ്യുന്നതെന്ന് ആയുർവേദം ശരിക്കറിയാവുന്ന പലർക്കും മനസ്സിലാകുന്നില്ല.
തിരുമ്മ്ചികിത്സയെ തുടർന്ന് പഞ്ചകർമ്മത്തിലെ ഏതെങ്കിലുമൊരു ചികിത്സകൂടി ചെയ്യുമെങ്കിൽ ശരി. അല്ലാതെ മഴ കാരണമുള്ള തണുപ്പും വേദനയും മാറുവാൻ നല്ല ചൂടോടെ ഒരു ആവിക്കുളിയും കിഴിയുമൊക്കെ മാത്രമേ ഉദ്ദേശമുള്ളൂ എങ്കിൽ അത് മതിയാകില്ല എന്നത്കൊണ്ട്തന്നെ അത്തരമൊരു തിരുമ്മ് ചികിത്സയ്ക്ക് പോകരുത് എന്നാണ് പറയുവാനുള്ളത്.

പഞ്ചകർമ്മ ചികിത്സയ്ക്ക് ബുദ്ധിമുട്ടുള്ള പലരും മഴകാരണം വർദ്ധിച്ച വേദനയൊന്ന് കുറയ്ക്കുവാനായി “ഏത് തൈലം പുരട്ടണം?”എന്ന് അന്വേഷിക്കാറുണ്ട്. മുൻപരിചയമുള്ള ഏതെങ്കിലുമൊരു തൈലം വാങ്ങി ദേഹത്താകമാനം പുരട്ടുകയും കൂട്ടുകാരൊക്കെ ചേർന്ന് പരസ്പരം പുരട്ടുകയും ചെയ്യുന്നവരുമുണ്ട്. എൻറെ അഭിപ്രായത്തിൽ മഴക്കാലത്ത് പ്രത്യേകിച്ചും കർക്കടകത്തിൽ തൈലം പുരട്ടുന്നതും മുക്കാൽ മണിക്കൂർ കഴിഞ്ഞ് ചൂടുവെള്ളത്തിൽ കുളിക്കുന്നതും മെഴുക്ക് കളയുവാനായി പയറുപൊടിയോ സ്നാന ചൂർണ്ണമോ ഉപയോഗിക്കുന്നതും കുളികഴിഞ്ഞ് തല തുടച്ച് നെറുകയിൽ രാസ്നാദി ചൂർണ്ണം പുരട്ടുന്നതും നല്ലതുതന്നെ. പഞ്ചകർമ്മ ചികിത്സ വിധിപ്രകാരം ചെയ്യുന്നതിന് ആയുർവേദ ഡോക്ടറുടേയും ചികിത്സാ സ്ഥാപനത്തിന്റേയും ആവശ്യം വരും. അല്ലാതെ എണ്ണയിട്ട് തിരുമ്മുക മാത്രമാണ് ഉദ്ദേശമെങ്കിൽ അതൊക്കെ സ്വയം ചെയ്താൽ മതിയാകും.

തിരുമ്മ് ചികിത്സ ചെയ്യുവാൻ താല്പര്യമുള്ള ഒരാൾ അവരുടെ ശരീര പ്രകൃതത്തിനും രോഗാവസ്ഥയ്ക്കുമനുസരിച്ച് ഏത് തൈലമാണ് ഉപയോഗിക്കേണ്ടതെന്ന് തീരുമാനിക്കുവാൻ ഒരു ഡോക്ടറെ തന്നെ കാണേണ്ടി വരും. ദയവുചെയ്ത് അതും കൂടി സ്വയം തീരുമാനിച്ചുകളയരുത്. ചിലരൊക്കെ മൂന്ന് ദിവസം ആവിക്കുളി, അഞ്ച് ദിവസം കിഴി എന്നൊക്കെ തീരുമാനിച്ചുറപ്പിച്ച് ഏതെങ്കിലുമൊരു വൈദ്യശാലയിൽചെന്ന് തിരുമ്മിക്കുന്നപോലെ.

വേദന കുറയുന്നതിനും ദുർമേദസ്സുള്ളവർക്കും ദേഹം ചുട്ടുനീറുന്നവർക്കും സന്ധികൾ അനക്കുവാൻ പ്രയാസമുള്ളവർക്കും സന്ധികളിൽ നീരുള്ളവർക്കും വണ്ണമുള്ളവർക്കും വണ്ണം കുറഞ്ഞവർക്കും ഒരേ തൈലംതന്നെ ഉപയോഗിക്കാൻ പറ്റില്ല.ഓരോ അവസ്ഥകൾക്കും യോജിക്കുന്നവിധം നൂറിലേറെ തൈലങ്ങൾ ആയുർവേദത്തിലുണ്ട്. അതിൽ വിരലിലെണ്ണാവുന്ന തൈലങ്ങളുടെ പേരറിയാമെന്ന് വെച്ച് അവ മാത്രമാണ് കർക്കടകത്തിൽ ഉപയോഗിക്കേണ്ടതെന്ന് കരുതരുത്. ഇവയിൽ ചിലത് ചൂടാക്കി പുരട്ടാവുന്നതാണെങ്കിൽ മറ്റുചിലത് ചൂടാക്കാതെയാണ് പുരട്ടേണ്ടത്. ചിലത് ദേഹത്ത് പുരട്ടി തിരുമ്മുന്നതിന് ഉപയോഗിക്കുമ്പോൾ മറ്റ് ചില അവസ്ഥകളിൽ തിരുമ്മുന്നത്കൊണ്ട് മാത്രം വേദനയും നീരും വർദ്ധിച്ചെന്നിരിക്കും. ചില തൈലങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ ത്വക്കിന്റെ രൂക്ഷത കൂടിയെന്നുമിരിക്കും. വിദഗ്ധോപദേശമനുസരിച്ച് പുറമേ തൈലം പുരട്ടി കുളിക്കുന്നതിനൊപ്പം ഉള്ളിലേക്ക് മരുന്നും കഴിച്ചാൽ രോഗശമനത്തിന് കൂടുതൽ പ്രയോജനവും കിട്ടാം.

എത്ര ദിവസമാണ് തൈലം പുരട്ടി കുളിക്കുന്നതെങ്കിലും അത് അവസാനിപ്പിക്കുന്ന മുറയ്ക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്ന് കഴിച്ച് വയറിളക്കുകയും ചെയ്യണം. അല്ലാതെ തിരുമ്മോ കിഴിയോ മാത്രമായി ചെയ്യുന്നത് ഒരിക്കലും നല്ലതല്ല. ഈ ദിവസങ്ങളിൽ പഥ്യങ്ങൾ പാലിക്കുവാനും വയറിളക്കിയ ശേഷം സാധാരണ ഭക്ഷണക്രമത്തിലേക്ക് വരുന്നതിനുള്ള വിധികൾ അനുസരിക്കുവാനും ശ്രദ്ധിക്കണം. ഇതോടൊപ്പം കർക്കടകക്കഞ്ഞി ഉപയോഗിക്കുമ്പോൾ ആവശ്യമായ ചില മാറ്റങ്ങളും പത്തിലകളിൽ രോഗാവസ്ഥയ്ക്ക് കൂടുതൽ പ്രയോജനപ്പെടുന്നവ ഉപയോഗിക്കുവാനും ഡോക്ടറുടെ നിർദ്ദേശം വേണ്ടിവരും.

ദേഹത്ത് എണ്ണ പുരട്ടുക എന്നത് തിരുമ്മ്ചികിത്സയ്ക്ക് പകരമല്ല. എന്നാൽ ഇന്ന് പലരും ചികിത്സകൾ സ്വയം തെരഞ്ഞെടുക്കുന്നത് കാരണം വലിയ അപകടങ്ങളാണ് വരുത്തിവയ്ക്കുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് തൈലം ദേഹത്ത് പുരട്ടി ദേഹബലത്തിനനുസരിച്ച് വ്യായാമം ചെയ്തശേഷം നിത്യവും കുളിക്കുവാൻ ആയുർവേദം വിധിക്കുന്നു.ക്ഷീണം, വാതം,വൃദ്ധത്വം എന്നിവയെ തടഞ്ഞ് നല്ല കാഴ്ചശക്തിയും പുഷ്ടിയും ദീർഘായുസ്സും നല്ല ഉറക്കവും ത്വക്കിന് മാർദ്ദവവും ശരീരത്തിന് ദൃഢതയും ഉണ്ടാക്കും. ശിരസ്സിലും ചെവികളിലും പാദത്തിന്റെ അടിഭാഗത്തുംകൂടി തൈലം പുരട്ടേണ്ടതാണ്. അല്ലാതെ ദേഹത്ത് മാത്രമല്ല തൈലം ഉപയോഗിക്കേണ്ടത്.

നിത്യവും ചെയ്യണമെന്നും അതിലൂടെ ആരോഗ്യം സംരക്ഷിക്കപ്പെടണമെന്നും വിധിയുണ്ടായിരുന്നിട്ടും അതിനു സമയമില്ലാത്തവർ കർക്കടകമാസത്തിലെങ്കിലും ഇതിനു വേണ്ടി കുറച്ചു സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും. എന്നാൽ എന്തെങ്കിലും കാട്ടിക്കൂട്ടി ഉള്ള ആരോഗ്യം കൂടി നശിപ്പിക്കരുതെന്ന കാര്യംകൂടി ശ്രദ്ധിക്കുമല്ലോ? ശരിയായി ചെയ്യുന്ന ചികിത്സകൊണ്ട് മാത്രമേ പ്രയോജനം ലഭിക്കു.

രോഗചികിത്സ ഉദ്ദേശിച്ച് ചികിത്സയ്ക്ക് തയ്യാറാകുന്നവർ പഞ്ചകർമ്മ ചികിത്സ ചെയ്യുന്നതിന്റെ മുന്നോടിയായി ശരീരത്തെ തയ്യാറാക്കുന്നതിന് ആയുർവേദം വിധിച്ചിട്ടുള്ളവയാണ് എണ്ണതേപ്പ്, ഇലക്കിഴി, നാരങ്ങാക്കിഴി, പൊടിക്കിഴി, ആവിക്കുളി മുതലായ ചികിത്സകളെന്നും പഞ്ചകർമ്മ ചികിത്സയിലൂടെ ലഭിച്ച ആരോഗ്യാവസ്ഥ ദീർഘകാലം നിലനിർത്തുന്നതിനായി ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ഞവരക്കിഴി, പിഴിച്ചിൽ തുടങ്ങിയ ചികിത്സകളെന്നും മനസ്സിലാക്കണം. പ്രധാന ചികിത്സയായ പഞ്ചകർമ്മത്തിലെ വമനം (മരുന്ന് കൊടുത്ത് ചർദ്ദിപ്പിക്കൽ ), വിരേചനം (വയറിളക്കൽ ),നസ്യം (മൂക്കിലൂടെ മരുന്ന് ഇറ്റിക്കൽ), വസ്തി (ഗുദ മാർഗ്ഗേണയുള്ള ഔഷധപ്രയോഗം – കഷായവസ്തി, സ്നേഹവസ്തി) അതുമല്ലെങ്കിൽ രക്തമോക്ഷം എന്നിവയെ ഒഴിവാക്കി ചെയ്യുന്ന മറ്റു ചികിത്സകൾക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല.

ചുരുക്കത്തിൽ കർക്കടകത്തിൽ പഞ്ചകർമ്മ ചികിത്സ ശരിയായി ചെയ്യുവാൻ സാധിക്കാത്തവർക്ക് എണ്ണ തേച്ചുള്ള കുളി നല്ലതു തന്നെ. എന്നാൽ രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് അതിന് ധാന്വന്തരം കുഴമ്പ് വേണോ അതല്ല പ്രഭഞ്ജനം തൈലമാണോ വേണ്ടത് എന്നിങ്ങനെ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒരു ഡോക്ടർ തന്നെ തീരുമാനിക്കട്ടെ.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart