ഒരു രോഗവുമില്ലാത്തവർക്കും മഴയും തണുപ്പും കാരണം വേദനകൾ ഉണ്ടാകുമെന്നും നേരത്തെതന്നെ ബുദ്ധിമുട്ടുകളുള്ളവർക്ക് അത് വർദ്ധിക്കുമെന്നും അത്തരം പ്രയാസങ്ങൾ അനുഭവിച്ചവർക്കെങ്കിലും അറിയാം. അതുകൊണ്ടുതന്നെ മഴക്കാലത്ത് പൊതുവേ ആയുർവേദ ആശുപത്രികളിൽ പതിവിലേറെ തിരക്ക് അനുഭവപ്പെടും. മഴക്കാലത്ത് തന്നെയാണല്ലോ കർക്കിടക മാസവും. ആ സമയത്ത് ആയുർവേദ ചികിത്സയുടെ പ്രസക്തിയേറുന്നതും മറ്റൊന്നും കൊണ്ടല്ല.
മഴക്കാലത്ത് അനുഭവപ്പെടുന്ന വേദനകൾ പലതാകാം. രോഗകാരണങ്ങളും പലതാണ്. അതുപോലെ ചികിത്സയും വ്യത്യാസപ്പെടാം. എങ്കിലും ഏതു ഭാഗത്തുണ്ടാകുന്ന വേദനയായാലും അത് വർദ്ധിക്കാതിരിക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കാമെന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ് തോൾവേദന. കനംകൂടിയ തലയണ ഒഴിവാക്കിയും ഇരിക്കുമ്പോഴും കിടക്കുമ്പോഴും തോൾ അമർന്നിരിക്കുന്ന അവസ്ഥ ഒഴിവാക്കിയും വേദന കുറയ്ക്കുവാനാകും. വേദനയുള്ള
വശത്തെ കൈ തലയ്ക്ക് വെച്ച് കിടക്കുന്നതും ആ വശം ചരിഞ്ഞു കിടക്കുന്നതും ഒഴിവാക്കണം. തോൾ ഭാഗത്ത് അധികം തണുപ്പും കാറ്റും ഏൾക്കാത്തവിധം ഫാനും എസിയും നിയന്ത്രിക്കണം. കൈമുട്ടുകളിലുണ്ടാകുന്ന വേദന കുറയുന്നതിനും ഈ വിധം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതുകൂടാതെ തുണി പിഴിയുകയോ തറ തുടയ്ക്കുകയോ തേങ്ങ ചുരണ്ടുകയോ ഭാരമുള്ളവ എടുക്കുകയോ ചെയ്യുന്നത് കുറച്ചാലും കൈമുട്ട് വേദന കുറയും.
മണിബന്ധസന്ധിക്ക് അഥവാ റിസ്റ്റ്ജോയിന്റിന് വേദനയുള്ളവർ ശരീരഭാരം താങ്ങുന്ന വിധം കൈ കുത്തി എഴുന്നേൽക്കുന്നതും ഇരിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വേദനയ്ക്കൊപ്പം വിരലുകളിലേക്ക് പെരുപ്പും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫ്രിഡ്ജിൽ നിന്നും തണുത്ത വസ്തുക്കൾ എടുത്ത് തണുപ്പോടെ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. മിക്സി ഓൺ ചെയ്താൽ അതിൻറെ അടപ്പ് തെറിച്ചു പോകാതെ പിടിച്ചുകൊണ്ട് നിൽക്കുന്ന നിരവധി ആൾക്കാരുണ്ട്.ഇത്തരം ബുദ്ധിമുട്ടുള്ളവർക്ക് ഇത് പ്രയാസങ്ങൾ വർദ്ധിക്കുന്നതിനു കാരണമാകും. രാത്രിയിൽ പകുതി ഉറക്കത്തിനു ശേഷം കൈവിരലുകൾ പെരുക്കുന്നത് കാരണം ഉണർന്ന് എഴുന്നേൽക്കേണ്ടിവരുന്നവർ കൈ തലയ്ക്ക് വെച്ച് കിടക്കുന്നത് ഒഴിവാക്കുകയും റിസ്റ്റ് ജോയിന്റും വിരലുകളും മടങ്ങാതെ നിവർന്നിരിക്കുന്ന വിധം എന്തെങ്കിലും വെച്ചുകെട്ടി കിടക്കുകയും ചെയ്യണം. റിസ്റ്റ് ജോയിൻറിന് ബലക്കുറവ് കാരണം വേദന വർദ്ധിക്കുന്നവർക്ക് ഒരു റിസ്റ്റ് ഗാർഡ് ഉപയോഗിക്കാവുന്നതാണ്. റിസ്റ്റ് ജോയിന്റിന് കൂടുതൽ ചലനം ആവശ്യമായിവരുന്ന ഷട്ടിൽ ബാഡ്മിൻറൺ പോലുള്ള കളികളിൽ ഏർപ്പെടുന്നവർക്കും ബൈക്ക് യാത്രികർക്കും അത് ഉപകാരപ്പെടും. ഇരുചക്ര വാഹനത്തിൻറെ ആക്സിലറേറ്റർ ഫ്രീ ആക്കി വെയ്ക്കുന്നത്പോലും ചിലർക്ക് വലിയ പ്രയോജനമാണ് നൽകാറുള്ളത്. വലിപ്പമുള്ള മൊബൈൽ ഫോൺ കൈവെള്ളയ്ക്കുള്ളിൽ വച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കിയാൽ പെരുപ്പ് കുറയും. കഴുത്തിനുകൂടി കുഴപ്പമുള്ളവരിൽ ക്രമേണ മേൽപ്പറഞ്ഞ മറ്റു ഭാഗങ്ങളെ ആശ്രയിച്ചുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കാറുണ്ട്. അതുകൊണ്ട് ഇതുവരെ പറഞ്ഞ കാര്യങ്ങൾക്കൊപ്പം കിടന്നുകൊണ്ടുള്ള വായനയും ടി.വി കാണലും മൊബൈൽ ഫോൺ ഉപയോഗവും ഒഴിവാക്കേണ്ടി വരും. വശംകെട്ടുള്ള കിടപ്പും രാത്രി കുളിക്കുന്നതും വേദനയുടെ കാരണമായേക്കാം. കട്ടിലിന്റെ പടിയിൽ തലവെച്ച് കിടക്കുന്നതും ദിവാൻകോട്ടിന്റെ ഉരുണ്ട തലയണയിൽ തല വയ്ക്കുന്നതുമെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
മുട്ടുവേദനയുള്ളവർ കാലിന്റെ പുറത്ത് കാലു കയറ്റിവെച്ചിരിക്കുന്നതും കാലുകൾ വിലങ്ങത്തിൽ വെച്ചോ ചമ്രം പടഞ്ഞോ ഇരിക്കുന്നതും ഒഴിവാക്കണം. മുട്ട് വേദനയും നടുവേദനയുമുള്ളവർക്ക് വണ്ണക്കൂടുതലുണ്ടെങ്കിൽ നിന്ന് ജോലി ചെയ്യുന്നത് കുറയ്ക്കേണ്ടിവരും. ക്രമേണ വണ്ണവും കുറച്ചു കൊള്ളണം. നീര് അധികമില്ലാത്ത മുട്ട് വേദനകളിൽ മുട്ടിന്റെ സൈസ് അനുസരിച്ചുള്ള നീക്യാപ്പ് ഉപയോഗിക്കണം. നീ ക്യാപ്പ് ഉപയോഗിച്ചിരിക്കുന്ന അവസരത്തിൽ കാൽ മടക്കി വെച്ച് ഇരിക്കുന്നത് രക്തചംക്രമണത്തിന് തടസ്സമുണ്ടാക്കുമെന്ന കാര്യവും മുട്ടിനു താഴേക്ക് നീര് വരാമെന്നകാര്യവും ശ്രദ്ധിക്കണം.
വെരിക്കോസ് വെയിനിന്റെ വേദനയുള്ളവർ നിന്നുകൊണ്ടുള്ള ജോലി ഏതുവിധേനയും കുറയ്ക്കണം. തണുത്ത തറയിൽ ചെരുപ്പിടാതെ ചവിട്ടരുത്. നനഞ്ഞ് നിന്ന് തുണി കഴുകുന്നതും മഴ നനയുന്നതും മറ്റും വേദനയെ വർദ്ധിപ്പിക്കും.
നടുവേദനയുള്ളവർ മഴ നനയുകയോ അമിതഭാരമുയർത്തുകയോ അധികനേരം നിൽക്കുകയോ ചെയ്യരുത്. പ്രത്യേകിച്ചും തണുപ്പടിക്കുന്ന രീതിയിൽ തറയിൽ കിടക്കരുത്. നടുവേദനയ്ക്കൊപ്പം കാലിലേക്ക് കഴപ്പും പെരുപ്പുമുണ്ടെങ്കിൽ ആ വശം വെച്ച് കിടക്കരുത്. നീണ്ടുനിവർന്ന് മലർന്നു കിടക്കുന്നതും നല്ലതല്ല. വേദനയില്ലാത്തവശം മുകളിൽ വരുന്നവിധം ചരിഞ്ഞുകിടന്ന് മുകളിലെ കാല് മടക്കി വെച്ച് മുട്ടിനുതാഴെ ഒരു തലയണ വെച്ച് സപ്പോർട്ട് കൊടുക്കുന്നത് നല്ലത്. നടുവിനൊപ്പം കഴുത്ത് വേദനയുമുണ്ടെങ്കിൽ മലർന്നുകിടന്ന് കാൽമുട്ടിനടിയിൽ രണ്ടു കാലിനും സപ്പോർട്ട് കിട്ടുന്ന വിധം ഒരു തലയണ വെച്ച് കാൽമുട്ട് ഉയർത്തിവെക്കുക.
ഉപ്പൂറ്റിവേദനയുള്ളവർ രാത്രി ഭക്ഷണം നേരത്തെ തന്നെ കഴിക്കുക. കിടക്കുന്നതിനു മുമ്പ് ചുക്ക് വെള്ളം കുടിക്കുക. ശരിയായ ചെരുപ്പ് ഉപയോഗിക്കുക. ഉപ്പൂറ്റിയുടെ ഭാഗം പൊങ്ങിനിൽക്കുന്ന വിധമുള്ളവ ഒഴിവാക്കുക. കാൽപാദത്തിന് മേലെ അടുത്ത കാൽപാദം കയറ്റിവെച്ച് കിടക്കുന്ന രീതി ഒഴിവാക്കുക.
മൂക്കടപ്പ്, സൈനസൈറ്റിസ്, തലവേദന എന്നിവ മഴക്കാലത്ത് സാധാരണയായി കാണാറുണ്ട്.ഇവയുള്ളവർ മൂക്ക് ശക്തിയായി ചീറ്റുകയോ വലിക്കുകയോ ചെയ്യരുത്. തൈരും തണുത്തവയും കഴിക്കരുത്. മഴനനയുകയോ തണുപ്പേൽക്കുകയോ ചെയ്യരുത്. ദീർഘനാളുകളായി സൈനസൈറ്റിസ് ഉള്ളവർക്ക് അക്യുട്ട് ഇൻഫെക്ഷൻ ഉണ്ടാകാവുന്ന കാലമാണ് മഴക്കാലമെന്ന് തിരിച്ചറിയുക. മുറിക്കുള്ളിലെ തണുപ്പ് കുറയ്ക്കാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കാവുന്നതാണ്. പകലുറക്കം മൂക്കടപ്പിനേയും തുടർന്ന് തലവേദനയേയും ഉണ്ടാക്കാം.
പല സന്ധികളിൽ വേദന അനുഭവപ്പെടുന്നവർ അവരുടെ ദഹന കാര്യങ്ങൾ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാൻ പ്രത്യേക ശ്രദ്ധ നൽകണം.ദഹനത്തെ കുറയ്ക്കുന്ന ആഹാരങ്ങൾ തന്നെയാകും വയറുവേദനയ്ക്കും കാരണമാകുന്നത്.
അധികമായി തണുപ്പടിക്കുന്നത് കൊണ്ടും യാത്ര ചെയ്യുമ്പോഴും മറ്റും കാറ്റ് ശക്തിയായി എൽക്കുന്നതുകൊണ്ടും മഴ നനയുന്നത് കൊണ്ടും ജലദോഷത്തിന്റെ അണുബാധ കൊണ്ടും ചെവിവേദനയുണ്ടാകാം.
കാലിലെ തള്ളവിരൽ ചേരുന്ന ഭാഗത്തും മറ്റു സന്ധികളിലും വേദനയും അനക്കുവാനും കാൽ ചവിട്ടി ഉറപ്പിക്കുവാനും പ്രയാസവും അനുഭവപ്പെടുന്നുണ്ടെങ്കിൽ മാംസാഹാരം താൽക്കാലികമായി ഉപേക്ഷിക്കുകയും ഇലക്കറികൾ കുറയ്ക്കുകയും ആവശ്യത്തിന് വെള്ളം ഇടയ്ക്കിടെ കുടിക്കുകയും വേണം.
മഴ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കാത്തവരിൽ മൂത്രപഥ അണുബാധ കാരണമുള്ള വേദനയും വൃക്കയിലെ കല്ല് കാരണമുള്ള വേദനയുണ്ടാകാം. തണുപ്പ് അധികമേറ്റാൽ മാംസപേശികൾക്ക് മുറുക്കവും അത് കാരണമുള്ള വേദനയുമുണ്ടാകാം. അത് വകവെയ്ക്കാതെ അനക്കുവാൻ ശ്രമിച്ചാൽ പേശികൾ കോച്ചിവലിക്കുകയും ചെയ്യാം. ചൂടുള്ളവ കഴിക്കുവാനും ചൂട് വെയ്ക്കുവാനും ശ്രമിക്കുന്നത് ഇത്തരം വേദനകൾക്ക് ആശ്വാസമുണ്ടാക്കും.
അന്തരീക്ഷത്തിൽ മഴകാരണം തണുപ്പ് വർദ്ധിക്കുമ്പോൾ ഉണ്ടാകുന്ന വേദന ഒട്ടും സഹിക്കാൻവയ്യെന്ന് വിലപിച്ച് അപകടം പിടിച്ച വേദനാസംഹാരികൾക്കും ഉറക്കഗുളികകൾക്കും പുറകേ പോകാതെ ശരീരം ചൂടായിരിക്കുവാനാവശ്യമായ ആഹാരരീതികൾ ശ്രദ്ധിക്കുകയും കൃത്രിമമായി പരിസരവുംകൂടി ചൂട് നിലനിൽക്കുന്ന വിധം ക്രമീകരിക്കുകയും ശരീരോഷ്മാവ് വർദ്ധിക്കുന്ന തരത്തിലുള്ള ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ വാതവർദ്ധനവിനേയും അതു കാരണമുള്ള വിവിധതരം വേദനകളേയും ഒഴിവാക്കാം.
ഡോ. ഷർമദ് ഖാൻ
9447963481