എല്ലാ വേദനകളും കൂടുന്ന കാലമാണ് കർക്കടകം. പ്രത്യേകിച്ചും കഴുത്തുവേദന. മാത്രമല്ല കർക്കടകമാസത്തിന് മുമ്പും ഏറ്റവും കൂടുതൽ രോഗികൾ ഡോക്ടറെ സമീപിക്കുന്നത് കഴുത്ത് വേദനയ്ക്കുള്ള ചികിത്സതേടി ആണോ എന്ന് തോന്നിപ്പോകുന്നു. തോൾവേദന,പിടലികഴപ്പ്,കൈകൾക്ക് തരിപ്പും പെരുപ്പും, തലവേദന ചിലപ്പോൾ തലകറക്കം,ഓർക്കാനം, കൈകളുടെ ബലക്കുറവ് തുടങ്ങിയ അനുബന്ധ ബുദ്ധിമുട്ടുകളുമായി കഴുത്തുവേദന ഉള്ളവരുടെ എണ്ണം പെരുകിവരുന്നു .
പെട്ടെന്ന് ഇത്തരം ബുദ്ധിമുട്ടുകൾ തോന്നുന്നവരുടെ കാര്യത്തിൽ കൃത്യമായ രോഗനിർണയം കൂടിയേതീരൂ. എന്നാൽ സ്ഥിരമായി ഇത്തരം ബുദ്ധിമുട്ടുകൾ പറയുന്നവരും അതിനായി വേദനാസംഹാരികൾ ഉൾപ്പെടെ കഴിക്കുന്നവരുമുണ്ട്.
താൽക്കാലിക സമാധാനമല്ലാതെ സ്ഥിരമായ ശമനം ഇത്തരം ചികിത്സ കൊണ്ട് പ്രതീക്ഷിക്കേണ്ടെന്നാണ് പലരുടേയും അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.
അതിനാൽ രോഗിക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെ? ഇതിന് കാരണമായ ഏതെല്ലാം അസുഖങ്ങളാണ് ഉള്ളത്? നിലവിലുള്ള രോഗങ്ങൾ നിയന്ത്രണത്തിലാണോ?എത്രനാൾ വരെ ചികിത്സ തുടരേണ്ടതുണ്ട്? എന്നിങ്ങനെയുള്ള കാര്യങ്ങൾ ഡോക്ടറും രോഗിയും കൂടി തുടക്കത്തിൽ തന്നെ ചർച്ച ചെയ്യേണ്ടതുണ്ട്.
ആധുനിക
ജീവിതരീതികൾ കാരണം വളരെ മാറ്റങ്ങളാണ് മാംസപേശികൾക്കും അസ്ഥികൾക്കും ഉണ്ടാക്കിയിട്ടുള്ളത്.
തണുപ്പ്കൂടി ആയപ്പോൾ അവ വർദ്ധിക്കുകയും ചെയ്യുന്നു. ഇക്കാലത്ത് തലയിൽ വെച്ചും തോളിൽ വെച്ചുമുള്ള ചുമടെടുപ്പ് തീരെ ഇല്ലെന്നുതന്നെ പറയാം. അതിനാൽ തന്നെ കഴുത്തിന്റെ ആരോഗ്യവും കായികക്ഷമതയും തീരെ കുറഞ്ഞു.
സ്ഥിരമായ തുമ്മൽ, തലനീരിറക്കം, രാത്രിയിലുള്ള കുളി, തണുത്ത വെള്ളമുപയോഗിച്ചുള്ള കുളി, രാത്രിയിൽ വളരെ താമസിച്ചുള്ള ഭക്ഷണം, മഴ നനയുക, എ.സിയുടെ അമിതമായ ഉപയോഗം, ശരിയായ രീതിയിൽ അല്ലാത്ത കിടത്തവും ഉറക്കവും, തണുപ്പുള്ള തറയിൽ കിടന്നുള്ള ഉറക്കം, ഒരു വശം ചരിഞ്ഞുള്ള ഉറക്കം, തലയിൽ ഒരിടത്ത് തന്നെ ഏൽക്കുന്ന വിധമുള്ള തണുപ്പും കാറ്റും ,സൈനസൈറ്റിസ് എന്നിങ്ങനെയുള്ള കാര്യങ്ങൾ കഴുത്ത് അനക്കുവാൻ പ്രയാസവും വേദനയും ഉണ്ടാക്കുന്നു. ക്രമേണ കഴുത്തിലെ വേദനയും നീരും തേയ്മാനം കൂടി ഉണ്ടാക്കുകയും ചെയ്യുന്നു.
ഇത്തരം അവസ്ഥകൾ യഥാസമയം ചികിത്സിക്കാതെ ഉപേക്ഷിക്കപ്പെടുകയോ കുറെയൊക്കെ സഹിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനിക്കുകയോ ചെയ്താൽ നേരത്തെ പറഞ്ഞ പല ലക്ഷണങ്ങളും ഒന്നിനുപുറകെ ഒന്നായി ഒരുമിച്ച് വരികയും ചികിത്സിച്ചാലും പൂർണ്ണമായും മാറാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും.
കഴുത്തിന്റെ വേദനയും തേയ്മാനവും തോളിനും കൈമുട്ടിനും മണിബന്ധസന്ധിയിലും ചിലരിലെങ്കിലും ഇടുപ്പിന്റെ ഭാഗത്തും ക്രമേണ സമാന ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്.
തണുത്തവ, തൈര്, ദഹിക്കാൻ പ്രയാസമുള്ള ആഹാരം, വളരെ വൈകിയുള്ള രാത്രി ഭക്ഷണം എന്നിവ ഒഴിവാക്കി ചൂടുള്ളവയും എളുപ്പം ദഹിക്കുന്നവയും ചുക്കും കുരുമുളകും ചേർത്ത ഭക്ഷണവും ഉൾപ്പെടുത്തണം. ചൂടുവെള്ളത്തിൽ കുളിക്കുന്നതും നല്ലതാണ്. നെയ്യ് ചേർത്ത ആഹാരവും കഴിക്കാം. വേദനയുള്ള ഭാഗത്ത് തൈലം ചൂടാക്കി പുരട്ടി ചൂടുവെള്ളത്തിൽ കഴുകണം. മറ്റ് നിരവധി ആയുർവേദ ഔഷധങ്ങൾ പാർശ്വഫലങ്ങളില്ലാത്ത വേദനാസംഹാരികളായി ചികിത്സയിൽ ഉപയോഗപ്പെടുത്താവുന്നതാണ്.
നമ്മുടെ മൊത്തത്തിലുള്ള പ്രവർത്തനക്ഷമതയെ വളരെയേറെ കുറച്ചു കളയുന്ന ഒരു അവസ്ഥയാണ് കഴുത്ത് വേദനയോടെ ആരംഭിക്കുന്നതെന്ന് മനസ്സിലാക്കി തുടക്കത്തിലേ തന്നെ ശരിയായ ചികിത്സ ചെയ്യുവാൻ ശ്രദ്ധിക്കണം.
ഏറ്റവും ഫലപ്രദമായതും പാർശ്വഫലങ്ങൾ കുറഞ്ഞതുമായ ചികിത്സ സർക്കാർ സ്ഥാപനങ്ങളിൽ ഫ്രീ ആയി ലഭിക്കും. അതിന് സൗകര്യം ലഭിക്കാത്തവർ ആധികാരികമായ ചികിത്സയാണ് ലഭിക്കുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യുക.
ഡോ. ഷർമദ് ഖാൻ
9447963481