fbpx

അധികമായാൽ അമൃതും വിഷം

 

ചിലർക്ക് ചിലതൊക്കെ വലിയ ഇഷ്ടമാണ്. ആരോഗ്യ കാര്യമെടുത്താൽ ചില ഭക്ഷണങ്ങളോടും ചില പ്രവർത്തികളോടും എന്തിനേറെ പറയുന്നു ചില ഔഷധങ്ങളോട്പോലും ഇഷ്ടക്കൂടുതലുള്ളവരുണ്ട്. അതിനൊക്കെ അവരവരുടേതായ ന്യായീകരണങ്ങളുമുണ്ടാകും.

മധുരമോ ഉപ്പോ പുളിയോ എരിവോ കൂടുതൽ കഴിക്കുന്നവർക്കും വ്യായാമമോ ഉറക്കമോ വിശ്രമമോ അമിതമായി ചെയ്യുന്നവർക്കും വേദനക്ക് ഗുളികകൾ, എന്തിനും മരുന്ന്, ഗ്യാസിന് അരിഷ്ടം എന്നിങ്ങനെ ശീലിച്ചിരിക്കുന്നവർക്കും “അതെന്തിന്?” എന്ന് ചോദിക്കുന്നത് ഇഷ്ടമല്ല. പകരം “അതാണ് അവരുടെ രീതി”എന്ന് സമ്മതിച്ചു കൊടുക്കുന്നതാണ് ഇഷ്ടം.

എന്നാൽ ശരീരത്തിന് ആവശ്യമായത് ഉപയോഗിക്കാതിരുന്നാൽ രോഗമുണ്ടാകുന്നത് പോലെ അമിതമായി എന്ത് ശീലിച്ചാലും അത് ആരോഗ്യാവസ്ഥയെ നശിപ്പിക്കുമെന്നതാണ് യാഥാർത്ഥ്യം. അമിതമായി മധുരം കഴിക്കുന്നവർക്ക് പൊതുവേ അസ്ഥിസാന്ദ്രത കുറയുന്നതിനും നിലവിൽ പ്രമേഹമുള്ളവർക്ക് അത് വർദ്ധിക്കുന്നതിനുമിടയുണ്ട്.ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം കൂടുമെന്ന് മാത്രമല്ല വൃക്ക ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളുടെ പ്രവർത്തനങ്ങൾക്ക് കുഴപ്പമുണ്ടാകുവാനും ത്വക്ക് രോഗങ്ങൾ ഉണ്ടാകുന്നതിനും ഇടയുണ്ട്.അസിഡിറ്റി ഉള്ളവർ അത് കുറയുവാനായി മരുന്ന് കഴിക്കുന്നതിനൊപ്പം വെറുംവയറ്റിൽ നല്ല ചൂടോടെ ഒരു ചായയും പറ്റുമെങ്കിൽ രണ്ട് ബിസ്ക്കറ്റും എരിവും പുളിയും കൂടിയ ഭക്ഷണവും എണ്ണയിൽ വറുത്തതും കരിച്ചതും മാംസാഹാരവും കഴിക്കുന്നവരാണ്. ഭക്ഷണം സമയത്ത് കഴിക്കുന്നവർ ആയിരിക്കണമെന്നുമില്ല. ഇവയൊക്കെ കഴിച്ചാലും ഭക്ഷണം കഴിച്ചില്ലെങ്കിലും അസിഡിറ്റി സംബന്ധമായ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി അഡ്വാൻസായി രാവിലെ വെറും വയറ്റിൽ “അസിഡിറ്റിക്കൊരു ഗുളിക” ശീലമാക്കിയവരുമുണ്ട്. അസുഖം മാറാൻ മരുന്നു കഴിക്കുന്നതിനൊപ്പം അസുഖമുണ്ടാക്കുവാൻ വളരെ കഷ്ടപ്പെട്ട് ആഹാരം കഴിക്കുന്നവരാണ് ഇക്കൂട്ടർ എന്ന് പറയുകയാണ് വേണ്ടത്.

കൗമാരപ്രായത്തിലെ ആർത്തവ സംബന്ധമായ രോഗങ്ങൾ, ഇടയ്ക്കിടെയുള്ള മൂത്രത്തിലെ അണുബാധ, സ്ഥിരമായ മലബന്ധം, വിളർച്ച, നടുവേദന, വെള്ളപോക്ക്,അർശസ്സ്, തലവേദന, തുടർച്ചയായ തുമ്മൽ, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരിൽ അധികംപേർക്കും മരുന്നിനേക്കാൾ പ്രയോജനം ചെയ്യുന്നത് ഭക്ഷണരീതിയിൽ വ്യത്യാസം വരുത്തുമ്പോഴാണ്. മരുന്ന് നൽകി അത്തരം രോഗങ്ങൾ ശമിപ്പിച്ചാലും പഴയ ഭക്ഷണ രീതിയിലേക്ക് മാറുന്നതിനനുസരിച്ച് രോഗം വീണ്ടും വർദ്ധിക്കുന്നതായി കാണുന്നു. ഭക്ഷണ രീതികൾ കൂടി മാറ്റുവാൻ തയ്യാറാകുന്ന നിരവധി കൗമാരപ്രായക്കാർ ആയുർവേദ ചികിത്സയ്ക്കായി താല്പര്യം കാണിക്കുന്നുണ്ട്. അതല്ലെങ്കിൽ അവരെ നിർബന്ധിച്ച് രക്ഷകർത്താക്കൾ ആയുർവേദ ഡോക്ടറെ കാണിക്കാൻ എത്തുന്നുണ്ട്. മരുന്ന് പരമാവധി കുറച്ച് അസുഖം മാറ്റാമെങ്കിൽ അതല്ലേ നല്ലത് എന്ന് അവരും ചിന്തിക്കുന്നു.

വെള്ളപോക്കും നടുവേദനയും മലബന്ധവും വയറെരിച്ചിലുമുള്ളവർ കഴിക്കുന്ന അച്ചാറിന്റേയും ഉപ്പിലിട്ടവയുടേയും കണക്ക് പറഞ്ഞാൽ കണ്ണു തള്ളിപ്പോകും. അത് കാരണം വളരെ മെലിഞ്ഞും ക്ഷീണിച്ചും വിളർച്ചപിടിച്ചും രോഗിയായി മാറിക്കൊണ്ടിരിക്കുന്നവർ വളരെയേറെയുണ്ട്.

എന്തും കഴിക്കുന്ന ശീലമുള്ളവർക്ക് വിശപ്പില്ലെങ്കിലും വീണ്ടും വീണ്ടും കഴിക്കുവാനുള്ള തോന്നലും അമിതവണ്ണമെന്ന് തോന്നിക്കുന്ന വിധം ശരീരം ചീർത്തിരിക്കുന്ന അവസ്ഥയും വിളർച്ചയും കരൾരോഗങ്ങളും അതുകാരണം 20 വയസ്സിന് മുമ്പ്തന്നെ കൊളസ്ട്രോളും ഉണ്ടാകുന്നുണ്ട്. പി.സി.ഒ.ഡി യും ആർത്തവസംബന്ധമായ മറ്റ് ബുദ്ധിമുട്ടുകളും വർദ്ധിച്ചുവരികയാണ്.
വളരെയേറെ ഭക്ഷണം കഴിച്ചും അല്ലാതെയും വണ്ണം വെയ്ക്കുന്നവരും വണ്ണം കൂടുമെന്ന് ഭയന്ന് ഒന്നും കഴിക്കാതെ മെലിയുന്നവരും കുറവല്ല.

അലർജി കാരണം തുടർച്ചയായ തുമ്മലുണ്ടാകുന്നവർക്കുള്ള ചികിത്സയിൽ ഇന്നും ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് കാരണങ്ങളെ ഒഴിവാക്കണമെന്ന നിർദ്ദേശമാണ്.എന്നാൽ കുറച്ച് ആൻറി അലെർജിക് മരുന്നുകൾ കയ്യിലുണ്ടെങ്കിൽ അതിൽ നിന്നും ഒരെണ്ണം കഴിച്ച് എന്തുമാകാമെന്ന് വിചാരിച്ചിരിക്കുന്നവരുമുണ്ട്. ക്രമേണ അത്തരം മരുന്നുകൾ വർദ്ധിപ്പിക്കേണ്ടി വരികയും വർദ്ധിപ്പിച്ചിട്ടും രോഗശമനം ലഭിക്കാതെ വരികയും കഴിക്കുന്ന മരുന്നുകൾതന്നെ മറ്റ് രോഗങ്ങളെകൂടി ഉണ്ടാക്കി ആരോഗ്യ നിലവാരവും രോഗപ്രതിരോധശേഷിയും താറുമാറാക്കുകയും ചെയ്യുന്നവർ നിരവധിയാണ്. മരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചില ലക്ഷണങ്ങൾ കുറയുന്നത് കാരണം അസുഖംതന്നെ മാറിഎന്ന് വിചാരിക്കുന്നവർക്ക് ഇതേ രോഗത്തിന്റെതന്നെ മറ്റു പല ബുദ്ധിമുട്ടുകളും സെക്കന്ററി കോംപ്ലിക്കേഷനുകളും പാർശ്വഫലങ്ങളും വർദ്ധിക്കുമ്പോൾ മാത്രം ബോധോദയമുണ്ടായി “ഇനി ഭക്ഷണവും ശ്രദ്ധിക്കാം” എന്ന് പറയുന്നവരുമുണ്ട്.

പണ്ടൊക്കെ ” മുപ്പത് വയസ്സുവരെ എന്തും കഴിക്കാം,അതുകഴിഞ്ഞ് ശ്രദ്ധിച്ചാൽ മതി” എന്ന് പറയുന്നവരുണ്ടായിരുന്നു. ഇന്ന് ആ സ്ഥിതിയൊക്കെ മാറി.അടിസ്ഥാനപരവും സാമൂഹികവും ഘടനാപരവുമായ മെച്ചപ്പെടൽ കാരണം മനുഷ്യായുസ്സ് വർദ്ധിച്ചിട്ടുണ്ടെങ്കിലും പലവിധ രോഗങ്ങളുമായി ജീവിക്കുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ് ചെയ്തത്.

“അധികമായാൽ അമൃതും വിഷം” എന്നറിയാമല്ലോ? അതിനാൽ വ്യായാമവും വിശ്രമവും ഉറക്കവും ഭക്ഷണവുമെല്ലാം മിതമായിരിക്കണം. ഇവയൊക്കെ അധികമായാൽ ഗുണം കൂടുതൽ ലഭിക്കുമെന്ന വിചാരമുള്ളവരുമുണ്ട്. അധികമായാലും കുറഞ്ഞുപോയാലും ദോഷമാണെന്നും ഇവയൊക്കെ മിതമായി ശീലിക്കുകയാണ് വേണ്ടതെന്നും മനസ്സിലാക്കണം. നിങ്ങളുടെ അസുഖങ്ങൾക്കുള്ള “മരുന്നെഴുത്ത്” മാത്രമല്ല ഒരു ചികിത്സകൻ ചെയ്യുന്നത്. ഓരോ രോഗാവസ്ഥയിലും ഭക്ഷണവും കൃത്യനിഷ്ഠയും വ്യായാമവും വിശ്രമവും ഉറക്കവുമെല്ലാം എങ്ങനെയൊക്കെയായിരിക്കണം എന്ന്കൂടി മനസ്സിലാക്കിത്തരുന്നവരാണ് ചികിത്സ ചെയ്യുന്നത്.അപ്രകാരം ചെയ്യുന്ന ആയുർവേദ ചികിത്സകർ മറ്റ് ശാസ്ത്രത്തിലെ ചികിത്സകരിൽ നിന്നും അല്പം വ്യത്യസ്തരാണ് എന്നും പറയാം.

40 വയസ്സിനു മുകളിൽ പ്രായം, അമിതവണ്ണം, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ തുടങ്ങിയവയിൽ ഏതെങ്കിലും മൂന്ന് അവസ്ഥകളുണ്ടെങ്കിൽ പക്ഷാഘാതം ഉണ്ടാകുവാനുള്ള സാദ്ധ്യത സാധാരണ ഒരാളെക്കാളും അഞ്ചിരട്ടി കൂടുതലാണ്. അതുകൊണ്ട്കൂടിയാണ് ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പറയുന്നത്. “രോഗമുണ്ടാകട്ടെ, ചികിത്സിക്കാം” എന്ന പല്ലവി ഒഴിവാക്കേണ്ട സമയമായി. ആരോഗ്യസംരക്ഷണത്തിനുള്ള ഉപാധികളെക്കുറിച്ച് ആയുർവേദത്തിലാണ് പ്രതിപാദ്യങ്ങളുള്ളത്.അവ പാലിക്കുവാനുള്ള ഇടപെടലുകളും സാഹചര്യങ്ങളും വർദ്ധിപ്പിക്കുകയാണ് ഇനി വേണ്ടത്.

ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart