fbpx

കർക്കടക ചികിത്സ

 

കർക്കടകചികിത്സയിൽ പ്രാധാനപ്പെട്ടത് പഞ്ചകർമ്മ ചികിത്സയാണ്.കർക്കടകചികിൽസ എന്നത് കർക്കടകക്കഞ്ഞി കുടിക്കലും കിഴിവെയ്ക്കലും ആവിക്കുളിയും കൊണ്ട് അവസാനിക്കുന്ന ഒന്നല്ല.ചിലർക്കങ്ങനെ വിചാരമുണ്ടെങ്കിൽ അത് തിരുത്തുവാൻ ഈ കർക്കടകക്കാലം ഉപകാരപ്പെടട്ടെ.പഞ്ചകർമ്മ ചികിത്സയ്ക്ക് ശോധന ചികിത്സ എന്നും പേരുണ്ട്. രോഗങ്ങൾ വീണ്ടും ഉണ്ടാകാത്ത വിധം രോഗകാരണങ്ങളെ ശരീരത്തിൽ നിന്നും മാറ്റുകയും ശരീരാരോഗ്യം പൂർവാധികം നവോൻമേഷത്തോടെ വീണ്ടെടുക്കുകയും ചെയ്യുന്നതുകൊണ്ടാണ് പഞ്ചകർമ്മ ചികിത്സയ്ക്ക് ഇത്രയേറെ പ്രാധാന്യം ഉണ്ടായത്. രോഗങ്ങളെ വേരോടെ പിഴുതെറിയുന്നതാണ് ആയുർവേദ ചികിത്സ എന്ന് പറയുവാൻ കാരണമായത് പഞ്ചകർമ്മ ചികിത്സയുടെ ഫലം മനസ്സിലാക്കിയിട്ടാണ്. വമനം, വിരേചനം , നസ്യം, കഷായവസ്തി സ്നേഹവസ്തി എന്നിവയാണ് പഞ്ചകർമ്മചികിത്സകൾ. രോഗത്തിന് കാരണമായ ദോഷങ്ങളെ ഏറ്റവും സമീപസ്ഥമായ ശരീര സുഷിരത്തിലൂടെ പുറത്തേക്ക് കളയുകയാണ് പഞ്ചകർമ്മ ചികിത്സ ചെയ്യുന്നത്. ഉദാഹരണത്തിന് ശിരസ്സിലുള്ള അവയവങ്ങളിൽ ഉണ്ടാകുവാൻ സാദ്ധ്യതയുള്ള ദോഷത്തെ മൂക്കിലൂടെ മരുന്ന് ഒഴിച്ച് പുറത്തേക്ക് കളയുന്നതാണ് നസ്യം. ഓരോ പഞ്ചകർമ്മ ചികിത്സയും ഫലപ്രദമാകണമെങ്കിൽ അവ കൃത്യമായി ചെയ്യുവാനും ചില വിധികളുണ്ട്. അതിനേക്കാൽ കുറഞ്ഞ രീതിയിലോ കൂടിയ രീതിയിലോ ആകരുത്. പകരം സമ്യക് ആയിരിക്കണം. അത് എങ്ങനെയാണെന്നും അതിന് ആവശ്യമായ മരുന്നിന്റെ അളവും ഓരോ വ്യക്തിയിലും ചികിത്സയിലും വരുത്തേണ്ട വ്യത്യാസങ്ങളും അതിനായി ഉൾപ്പെടുത്തേണ്ട പ്രാരംഭ ചികിത്സകളും ആയുർവേദം കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പഞ്ചകർമ്മ ചികിത്സയുടെ യഥാർത്ഥ ഫലം ലഭിക്കണമെങ്കിൽ അത് കൃത്യമായി പഠിച്ച് പരിശീലിക്കുന്ന ഒരാളിൽനിന്ന് തന്നെ സ്വീകരിക്കണം എന്ന് പറയുന്നത്. പഞ്ചകർമ്മ ചികിത്സയായ വസ്തി ചികിത്സയ്ക്ക് വിധേയമായാൽ പകുതിചികിത്സയായി എന്ന രീതിയിൽ വസ്തിക്ക് പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ നമുക്കു ചുറ്റുമുള്ള പലരും വസ്തി ചികിത്സ ചെയ്യുവാൻ മടിയുള്ളവരാണ്. എന്തെന്നാൽ രോഗിക്ക് സുഖം തോന്നുന്ന ചികിത്സകൾ മാത്രമാണ് ചിലർ ചെയ്യുന്നത്. മറ്റ്ചിലർക്ക് സുഖം തോന്നുന്ന ചില ചികിത്സകളെക്കുറിച്ച് മാത്രമേ അറിയാവൂ. അങ്ങിനെയുള്ളവ മാത്രം പ്രോത്സാഹിപ്പിക്കുന്ന ചികിത്സകരും നമുക്ക് ചുറ്റിലുമുണ്ട്. കർക്കടകത്തിൽ കൂണുപോലെ മുളച്ചുപൊന്തുന്ന സ്ഥാപനങ്ങൾ അത്തരം കുവൈദ്യന്മാരുടേതാണ്. ആരോഗ്യത്തെ ആഗ്രഹിക്കുന്നവർ അത്തരം ചികിത്സകൾ സ്വീകരിക്കരുതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? പ്രധാന ചികിത്സയുടെ പ്രാരംഭ ചികിത്സകളായ എണ്ണതേപ്പ്, ആവിക്കുളി, ഇലക്കിഴി ,പൊടിക്കിഴി, നാരങ്ങാക്കിഴി തുടങ്ങിയവയാണ് പലരും പഞ്ചകർമ്മചികിത്സകളായി തെറ്റിദ്ധരിച്ചു വെച്ചിട്ടുള്ളത്. എന്നാൽ ഇവയൊന്നും പഞ്ചകർമ്മ ചികിത്സയുടെ ഫലം തരുന്നവയല്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല ഇത്തരം ചികിത്സകളിൽ ഏർപ്പെടുന്നവർ നിർബന്ധമായും പഞ്ചകർമ്മ ചികിത്സയ്ക്ക് വിധേയമായില്ലെങ്കിൽ മറ്റു രോഗങ്ങൾകൂടി ക്ഷണിച്ചു വരുത്തുവാൻ ഇടയാകുമെന്ന് തിരിച്ചറിയണം. രോഗത്തിന് കാരണമായ ദോഷങ്ങൾ ശരീരത്തിൽ നിന്നും നിർഹരിച്ച് പുറത്തേക്ക് കളയാവുന്ന വിധത്തിൽ ക്രമീകരിക്കുക എന്നതാണ് പ്രാരംഭ ചികിത്സകൾ വഴി ചെയ്യുന്നത്. അവയെ സുഖകരമായ രീതിയിൽ പുറത്തേക്ക് കളയുന്നത് പഞ്ചകർമ്മ ചികിത്സയിൽ ഏതെങ്കിലും ഉപയോഗിച്ചാണ്. ചിലപ്പോൾ ഒന്നിൽ കൂടുതൽ ചികിത്സകളും വേണ്ടിവരാറുണ്ട്. അതുകൊണ്ടാണ് തേച്ചുകുളി തുടങ്ങിയ പ്രാരംഭ ചികിത്സകൾ ചെയ്യുന്നവർ നിർബന്ധമായും വമനം, വിരേചനം തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾക്ക് കൂടി വിധേയമാകേണ്ടതുണ്ട് എന്ന് പറയുന്നത്.

സൗജന്യ ചികിത്സ ലഭിക്കുന്നതിന് സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലെ ഡോക്ടർമാരേയും ഇതര ചികിത്സകൾ ചെയ്യുന്നതിന് അർഹത നേടിയിട്ടുള്ള ആയുർവേദ ഡോക്ടർമാരേയും സമീപിക്കുക .എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ പഞ്ചകർമ്മ ചികിത്സ ചെയ്യുന്നതിന് പ്രത്യേക ശ്രദ്ധ ആവശ്യമുണ്ട്. രോഗികളും ചികിത്സകരും അതുമായി ഇടപെടുന്നവരും കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കുക. കോവിഡാനന്തര ചികിത്സയ്ക്കു വേണ്ടിയോ കോവിഡ് ബാധിച്ചവർ നെഗറ്റീവായ ശേഷം ചികിത്സയ്ക്കെത്തുന്നവരോ ആണെങ്കിൽ പോസ്റ്റ് കോവിഡിൽ കാണുന്ന ബുദ്ധിമുട്ടുകൾക്ക് കൂടി പ്രാധാന്യം നൽകിയുള്ള ചികിത്സയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്. പഞ്ചകർമ്മയിൽ നിന്നും ഏത് ചികിത്സയ്ക്ക് പ്രാധാന്യം നൽകണമെന്ന് ചികിത്സകനാണ് തീരുമാനിക്കേണ്ടത്.അല്ലാതെ 3 ദിവസം തിരുമ്മൽ,7 ദിവസം
ആവിക്കുളിയും കിഴിയും എന്ന രീതിയിൽ രോഗി തീരുമാനിച്ചുറച്ച ആകർഷകമായ പാക്കേജുകൾക്ക് ചികിത്സയുമായി യാതൊരു ബന്ധവുമുണ്ടായിരിക്കില്ലെന്ന് മനസ്സിലാക്കുക.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart