fbpx

കർക്കടകത്തിൽ കരുതൽ വേണം

കാലാവസ്ഥയുടെ പ്രത്യേകതകൊണ്ട് രോഗങ്ങൾ വർദ്ധിക്കുന്ന കാലമാണ് മഴക്കാലം.കർക്കടകമാസം ആരംഭിക്കുന്നതോടെ രോഗങ്ങളുണ്ടാകുവാനുള്ള സാദ്ധ്യത വീണ്ടും വർദ്ധിക്കുന്നു.രോഗം വന്നാലെന്താ, അതിനും മരുന്നുണ്ടല്ലോ?എന്ന് ചിന്തിക്കുന്ന ചിലരെങ്കിലുമുണ്ട്. രോഗം വരാതിരിക്കുവാൻ എന്തു വേണമെങ്കിലും ചെയ്യാമെന്നാണ് മറ്റ് ചിലർ പറയുന്നത്.ആരോഗ്യത്തോടെയിരിക്കാൻ വല്ല ഒറ്റമൂലിയുമുണ്ടെങ്കിൽ എളുപ്പമുണ്ടായിരുന്നു എന്ന് ആഗ്രഹിക്കുന്നവരും ആരോഗ്യത്തിനുള്ള ഗുളിക റെഡിമെയ്ഡായി മെഡിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടുമെന്ന് കരുതുന്നവരും കുറവല്ല.
എപ്പോഴെങ്കിലും വരാൻ സാദ്ധ്യതയുള്ളൊരു രോഗത്തെ പേടിച്ച് ഞാനെന്തിന് ഇപ്പോഴേ മുൻകരുതലെടുക്കണമെന്ന് ചോദിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. പലരും ശരിയായ ആരോഗ്യ സംരക്ഷണത്തിൽ ശ്രദ്ധിക്കാതെ രോഗങ്ങൾ ക്ഷണിച്ചു വരുത്തുന്നവരാണ്. ഒരു മൊബൈലും കുത്തിപ്പിടിച്ച് ഒന്ന് അനങ്ങുക പോലും ചെയ്യാതെ അലസരായിരിക്കുന്ന ചെറുപ്പക്കാർ ധാരാളമുണ്ടല്ലോ? ഇങ്ങനെ തുടർന്നാൽ രോഗാതുരത ഇതിൽ കൂടുതൽ വർദ്ധിക്കുമെന്നാണ് മനസ്സിലാക്കേണ്ടത്.നിലവിലുള്ള രോഗങ്ങളും രോഗമുണ്ടാകുവാനുള്ള സാദ്ധ്യതകളും നിയന്ത്രണത്തിലാക്കുന്നതിനൊപ്പം ഇനിയുള്ള ആരോഗ്യത്തിന് ഒരു പുത്തനുണർവ്വ് ഉണ്ടാക്കിയെടുക്കുവാൻ ശ്രമിക്കേണ്ടുന്ന ഏറ്റവും ഹിതകരമായ സമയമാണ് കർക്കടകമാസം. ആരോഗ്യ സംരക്ഷണ മെന്നാൽ ആയുർവേദം എന്നാണല്ലോ? കർക്കടക ചികിത്സയ്ക്ക് പ്രാധാന്യമേറുന്നതും അതുകൊണ്ട് തന്നെയാണ്.

ജീവിതം ഒന്നു മാത്രമേ ഉള്ളൂ.അത് ആസ്വദിക്കാനുള്ളതാണ് എന്ന് ചിന്തിച്ച് ആരോഗ്യത്തിന് പ്രാധാന്യം നൽകാതെ അടിച്ചു പൊളിച്ച് ജീവിക്കുന്നവരോട് തിരിച്ചും ഒന്നേ പറയാനുള്ളൂ. ജീവിതം ഒന്നേ ഉള്ളൂ.അത് ശരിയായി ആസ്വദിക്കണമെങ്കിൽ ആരോഗ്യമുണ്ടായിരുന്നാലേ മതിയാകൂ.

രോഗമുണ്ടാക്കി ചികിത്സിക്കലല്ലല്ലോ രോഗ ചികിത്സ.രോഗമുണ്ടാകാതിരിക്കുവാനാണ് ചികിത്സയിൽ ഏറ്റവും ശ്രദ്ധ നൽകേണ്ടത്.അഥവാ രോഗിയായാൽ അത് വർദ്ധിക്കാതിരിക്കുവാനും, ഒരു രോഗം തന്നെ മറ്റൊരു രോഗത്തിന് കാരണമാകാതിരിക്കുവാനും ശരിയായ ചികിത്സ കൃത്യമായ നിർദ്ദേശത്തോടെ ചെയ്യണം. തുടർച്ചയായ ഏതെങ്കിലും മരുന്നുകളുടെ ഉപയോഗം മറ്റൊരു അസുഖത്തിന് കാരണമാകുവാൻ പാടില്ലാത്ത വിധം ശുദ്ധ ചികിത്സയായിരിക്കണം.

ആരോഗ്യ സംരക്ഷണത്തിനുള്ള ഉപാധികളിൽ സമീകൃതവും വൈവിധ്യവുമുള്ള ആഹാരം, ദിനചര്യ, കൃത്യനിഷ്ഠ, വ്യായാമം, അദ്ധ്വാനം, വിശ്രമം, ഉറക്കം, കാലാവസ്ഥയ്ക്കനുസരിച്ചുള്ള ജീവിതക്രമങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഇവയെല്ലാം വളരെ ശ്രദ്ധിച്ച് അല്പവും അധികവും ആയിപ്പോകാതെ ആയിരിക്കണം ചെയ്യേണ്ടത് .ഉദാഹരത്തിന് ആറ് മാസത്തിന് താഴെ പ്രായമുള്ള കുട്ടിക്ക് മുലപ്പാലിന് പകരം മറ്റ് പാലുകളും ടിൺ ഫുഡും കൊടുക്കുന്നതും വയോധികനായ ഒരാൾക്ക് എണ്ണയിൽ വറുത്തതും ഇറച്ചിയും കൊടുക്കുന്നതും രോഗത്തിന് കാരണമായി പ്രവർത്തിക്കും.
പകൽ കഴിക്കുന്ന അത്രയും ഭക്ഷണം രാത്രി കഴിക്കുന്നതും രാത്രിയിൽ വളരെ താമസിച്ചും എളുപ്പം ദഹിക്കാത്തതും കഴിക്കുന്നതും രാത്രിയും പകലും നോക്കാതെ തോന്നുമ്പോഴൊക്കെ ഉറങ്ങുന്നതുമെല്ലാം പെട്ടെന്ന്തന്നെ രോഗം വരാൻ കാരണമാകും.

രോഗകാരണങ്ങൾ പലതും ശീലിക്കുമ്പോൾ പ്രവർത്തനപരമായ വ്യത്യാസം അവയവങ്ങൾക്ക് ഉണ്ടാകുകയും പിന്നീട് അത് ഘടനാപരമായ വ്യത്യാസമായി മാറുകയും ചെയ്താൽ പരിഹരിക്കാൻ പ്രയാസമുള്ള രോഗാവസ്ഥയായിത്തീരും.
എല്ലാ രോഗങ്ങളും ചികിത്സിച്ചു ഭേദമാക്കാവുന്നവയല്ല.ചിലതൊക്കെ ചികിത്സിച്ചു കൊണ്ടേയിരിക്കണം.
എന്നാൽ താല്ക്കാലികമായി രോഗശമനമുണ്ടാക്കലും ചികിത്സ തന്നെയാണ്. എന്നാൽ അവ താല്ക്കാലിക ഫലം മാത്രമേ നൽകാനിടയുള്ളൂ.
ദീർഘനാൾ ചെയ്യേണ്ടി വരുന്ന ചികിത്സകളായാലും അവ ഫലപ്രാപ്തി നൽകുന്നതിനൊപ്പം പാർശ്വഫലം തീരെ കുറവുള്ളത് കൂടിയായിരിക്കണം. അവിടെയാണ് ആയുർവേദ ചികിത്സയുടെ പ്രസക്തിയും.

രോഗങ്ങളെ വേരോടെ നശിപ്പിക്കുന്ന സ്വഭാവമുള്ള പഞ്ചകർമ്മ ചികിത്സയാണ് കർക്കടകത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്.അത് ചെയ്യുവാൻ സാമ്പത്തികമായി സാധിക്കാത്തവർ കർക്കടകക്കഞ്ഞിയെങ്കിലും ഉപയോഗിക്കണമെന്ന് നിർദ്ദേശമുണ്ട്. അതിനും സാധിക്കാത്തവർക്ക് വേണ്ടിയാണ് പത്ത് തരം ഇലകൾ ഉപയോഗിച്ചുള്ള വിവിധ തരത്തിലുള്ള പാചകങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത്. ഏത് സാഹചര്യത്തിൽ ജീവിക്കുന്നവരായാലും അവരുടെ ആരോഗ്യത്തിന് നവോന്മേഷം കിട്ടുന്ന ഒരു ഇടപെടൽ കർക്കടകമാസത്തിൽ ചെയ്യണമെന്നുള്ള കൃത്യമായ നിർദ്ദേശമാണ് ഇതിലൂടെ ആയുർവേദം നൽകുന്നത്.

ആയുർവേദ ചികിത്സകൾക്ക് പ്രാധാന്യം നൽകുന്ന കേരളീയർക്ക് കർക്കടകമാസം പ്രധാനമായതും ഇക്കാരണത്താലാണ്.
ആരോഗ്യം സംരക്ഷിക്കുവാൻ ആയുർവേദം. ആയുർവേദ ചികിത്സ ചെയ്യുന്നതിന് ഏറ്റവും പറ്റിയ സമയം കർക്കടകമാസം എന്ന് കരുതുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ലോകത്താകമാനമുണ്ട്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart