fbpx

മഴക്കാല രോഗങ്ങളും കൊതുകും പിന്നെ ആയുർവേദവും

നിസ്സാരനെന്ന് നമ്മൾ കരുതിയ കൊതുക് മഴക്കാലത്തിനൊപ്പം വില്ലനാകുന്ന കാഴ്ചയാണ് കാണുന്നത്. അതിന്റെ ഒരൊറ്റ കടി മതി ഒരുത്തനെ വക വരുത്താൻ എന്നതാണ് കാരണം.രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ചും കാലാവസ്ഥയ്ക്കനുസരിച്ച് ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയും കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യങ്ങൾ ഒഴിവാക്കിയും ഈ ഭീകരനെ വീണ്ടും നിസ്സാരനാക്കുവാൻ നമുക്ക് സാധിക്കും.

മന്തും മലമ്പനിയും മാത്രം ഉണ്ടാക്കി നടന്നിരുന്ന
ക്യൂലക്സ് , അനോഫിലസ് കൊതുകുകൾ അല്ല ഇപ്പോൾ ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും ഉണ്ടാക്കി മനുഷ്യരെ വിരട്ടുന്നത് . അത് ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൾബോപിക്റ്റസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ്. ഒരുവനിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരണമെങ്കിൽ കൊതുകിലൂടെ മാത്രമേ സാധിക്കൂ .

ഈഡിസ് ഈജിപ്തി എന്ന വിഭാഗത്തിൽ പെട്ട പെൺ കൊതുകുകളാണ് ഡെങ്കിപ്പനി എന്ന പകർച്ചപ്പനി പരത്തുന്നത്.ശരീരത്തിൽ കാണുന്ന പ്രത്യേക വരകൾ കാരണം ടൈഗർ മോസ്ക്വിറ്റോ എന്നും ഇവ അറിയപ്പെടുന്നു.

ഡെങ്കിപ്പനി ബാധിച്ച ഒരാളെ കൊതുക് കടിക്കാതിരിക്കാൻ അതീവ ശ്രദ്ധ വേണ്ടതാണ്. ഒരു പ്രദേശത്തെ കൊതുകുകളുടെ സാന്ദ്രത ക്രമാതീതമായി വർദ്ധിക്കുമ്പോൾ മാത്രമേ രോഗം പകരുവാൻ ആവശ്യമായ അത്രയും വൈറസുകൾ ആക്ടീവ് ആകുകയുള്ളൂ.

പെൺകൊതുകുകൾ മാത്രമേ മനുഷ്യനെ കടിച്ച് രോഗം പകർത്തുന്നുള്ളു. ആൺ കൊതുകുകൾക്ക് മനുഷ്യന്റെ ചോരയോട് അത്ര കമ്പമില്ല.പെൺ കൊതുകിൽ പ്രത്യുല്പാദന പ്രക്രിയ നടക്കുന്നതിന് മനുഷ്യരക്തം ആവശ്യമാണ്. അതിനാലാണ് പെൺകൊതുകുകൾ ഇവിടെ പ്രതികളായി മാറുന്നത്.
കൊതുകിന്റെ കടിയേറ്റാൽ മാത്രമേ രോഗം പകരൂ.

കടിയേല്ക്കാതിരിക്കുവാൻ എന്തൊക്കെ ശ്രദ്ധിക്കാം ?

ഈഡിസ് വിഭാഗത്തിൽപെട്ട കൊതുക് പകൽ സമയത്താണ് കടിക്കുന്നത്. അതും മങ്ങിയ വെളിച്ചത്തിൽ. അതുകൊണ്ട് പകൽ സമയം ശരീരം പരമാവധി മറയുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ഉപയോഗിക്കണം.
ഉദാ:-ഫുൾകൈ ഷർട്ട്, പാന്റ്സ് തുടങ്ങിയവ. ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും പകൽ കടിക്കുന്ന വിഭാഗം കൊതുകുകളിലൂടെയും മന്തും മലേറിയയും രാത്രിയിൽ കടിക്കുന്ന വിഭാഗം കൊതുകിലൂടെയുമാണ് പകരുന്നത്.

കടി ഏൽക്കാതിരിക്കാൻ കൊതുകുവല ഉപയോഗിക്കുന്നത് വളരെ നല്ലത്. പനി ഉള്ളവർ അതേത്പനിയോ ആകട്ടെ തുടക്കത്തിലേ തന്നെ കൊതുകുവല ഉപയോഗിച്ചാൽ പനി പകരുന്നത് തടയാം. ഡെങ്കിപ്പനിയിൽ രോഗിയെ കടിക്കുന്ന കൊതുക് മറ്റൊരാളിനെ കടിക്കുവാൻ സാഹചര്യമുണ്ടായാൽ മാത്രമേ രോഗം പകരു. രോഗം പകരാതിരിക്കുവാൻ പനി ഉള്ളവർ കൊതുകുവല ഉപയോഗിക്കുന്നത് സാമൂഹ്യപ്രതിബദ്ധതയായി കണക്കാക്കാം.

ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തിലുള്ള കൊതുകുകൾ ശുദ്ധജലത്തിൽ ആണ് വളരുന്നത്.

ടെറസിലും പ്ലാസ്റ്റിക് കപ്പുകളിലും പാത്രങ്ങളിലും കരിക്കിൻ തൊണ്ട്, ചിരട്ട, കുപ്പിയുടെ അടപ്പുകൾ, പൊട്ടിയ കുപ്പി കഷണങ്ങൾ, ടയറുകൾ, മുട്ടത്തോട് എന്നിവയിലും റോഡിലും പാടത്തും വെള്ളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കണം. എന്നാൽ കൊതുകിന് മുട്ട ഇടാനും വളരാനും വാഴക്കയ്യ്, പൈനാപ്പിൾ ,പലതരം ചെടികളുടെ ഇലകൾ വരുന്ന കക്ഷഭാഗത്ത് കെട്ടിനിൽക്കുന്ന അത്രയും വെള്ളം പോലും ധാരാളമാണ്. എവിടെ ഒഴുകാത്ത വെള്ളമുണ്ടോ അവിടെ കൊതുക് വളരും. ഒരാഴ്ചയോളം കെട്ടിനിൽക്കുന്ന വെള്ളത്തിൽ പ്രത്യേകിച്ചും. ഇടയ്ക്കിടെയുള്ള മഴയാണ് കൊതുകിന്റെ സാന്ദ്രത വർദ്ധിക്കുവാൻ കാരണം.ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, എയർകണ്ടീഷൻ വിന്റ് എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആൾ പാർപ്പില്ലാത്ത വീടുകളിലെ ടെറസ്, സൺ ഷെയ്ഡ്, ജലസംഭരണികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇവയിലെ പ്രശ്നങ്ങൾ പരിഹരിക്കുംവിധമാണ് ഡ്രൈ ഡേ നടത്തേണ്ടത്.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുകയില കഷായം, സോപ്പുലായനി , വേപ്പെണ്ണ ഇവ 5:3:1 എന്ന അനുപാതത്തിൽ നന്നായി യോജിപ്പിച്ച് ഒഴിക്കുക. കടുക് ,മഞ്ഞൾ, കുന്തിരിക്കം, വെളുത്തുള്ളി എന്നിവ വേപ്പെണ്ണയിൽ കുഴച്ച് പുകയ്ക്കാൻ ഉപയോഗിക്കുക.

തുളസിയോ തുമ്പയോ അല്പം ചതച്ച് വീടിനു സമീപം തൂക്കിയിടുക. പുൽത്തൈലം, യൂക്കാലിപ്റ്റസ് ഓയിൽ, കർപ്പൂര തൈലം തുടങ്ങിയവ കൊതുക് വന്നിരിക്കാൻ സാധ്യതയുള്ള പ്രതലങ്ങളിൽ തുടയ്ക്കുന്നതിന് ഉപയോഗിക്കുക.
കൊതുകു ബാറ്റ് ഉപയോഗിക്കുക. കൊതുകുതിരി ,ആധുനിക ലേപനങ്ങൾ എന്നിവ പരമാവധി കുറച്ച് പ്രകൃതിദത്ത മാർഗ്ഗങ്ങൾ അവലംബിക്കുക. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന പുകയ്ക്കുവാനുള്ള അപരാജിത ധൂമ ചൂർണം ഉപയോഗിച്ച് കൊതുകിന്റെ സാന്ദ്രത കുറയ്ക്കുവാനും വളരെ ഫലപ്രദമായി സാധിക്കുന്നുണ്ട്. പ്രശ്നബാധിത പ്രദേശങ്ങളിലും ജനസാന്ദ്രതയുള്ള ഇടങ്ങളിലുമുള്ളഎല്ലാ വീടുകളിലും ഒരേസമയം ഇതുപയോഗിച്ച് പുകയ്ക്കുക .

കൊതുകിന്റെ ലാർവകളെ നശിപ്പിക്കാൻ ചെറിയ പാത്രങ്ങളിൽ ബോധപൂർവ്വം ജലം സംഭരിച്ചു വെച്ച് കൊതുക് മുട്ടയിട്ട് ലാർവ യായിരിക്കുമ്പോൾ തന്നെ (വെള്ളം വെച്ച് അഞ്ച് ദിവസത്തിനുള്ളിൽ) ചൂടുള്ള തറയിലോ മറ്റോ ചോർത്തിക്കളയുക. ഇത് മറക്കാതെ ചെയ്യുവാനും വെയിലുള്ളപ്പോൾ മാത്രം ചെയ്യുവാനും ശ്രദ്ധിക്കണം.
മൂന്നോ നാലോ ദിവസങ്ങൾ മാത്രം ജീവിച്ചിരുന്ന കൊതുകുകൾ ഇപ്പോൾ മ്യൂട്ടേഷന് വിധേയമായി മൂന്നോ നാലോ മാസം വരെ ജീവിച്ചിരിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ആയതിനാൽ കൊതുകിനെ നിസ്സാരനായി അവഗണിക്കരുത്.

ഡെങ്കിപ്പനി

കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എന്നും വിളിക്കുന്നു. 105 ഡിഗ്രി വരെ കടുത്തപനി ഇതിന്റെ ലക്ഷണമായി കാണാറുണ്ട്. തീവ്ര വേദനയും ഓക്കാനവും ചർദ്ദിയും ഉണ്ടാകും. കടുത്ത തലവേദനയും വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസവും കണ്ണ് ചലിപ്പിക്കുമ്പോൾ വേദന വർദ്ധിക്കുന്നതും മറ്റു ലക്ഷണങ്ങളാണ്. കൂടാതെ പനി തുടങ്ങി മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ നെഞ്ചിന്റെ ഭാഗത്ത് ആരംഭിച്ച് തൊലിപ്പുറത്ത് വ്യാപിക്കുന്ന തരത്തിലുള്ള ചില തിണർപ്പുകൾ പ്രത്യക്ഷപ്പെടും. സാധാരണയായി ശരിയായ വിശ്രമവും ആഹാരവും ചെറിയ ചികിത്സകളും കൊണ്ട് ഡെങ്കിപനി മാറുന്നതാണ്. ഇതിനായി വീര്യംകുറഞ്ഞ ആയുർവേദ മരുന്നുകൾ മതിയാകും. എന്നാൽ ഒന്നിലധികം സീറോ ടൈപ്പ് വൈറസുകൾ ഒരുമിച്ച് ബാധിക്കുന്നവരിൽ ഗുരുതരവും മരണത്തിന് കാരണമാകാവുന്നതും സങ്കീർണ്ണവുമായ അവസ്ഥയും ഉണ്ടാകാം. രോഗത്തിന്റെ രണ്ടാം ഘട്ടമായ ഇതിനെ ഡെങ്കി ഹെമറാജിക് ഫിവർ എന്നാണ് പറയുന്നത്.ഇതിന് ആശുപത്രിയിൽ കിടത്തിയുള്ള ചികിത്സ ആവശ്യമാണ്. ഡെങ്കിപനി ആണെന്ന് തിരിച്ചറിഞ്ഞാൽ രക്തത്തിൽ പ്ലേറ്റ്ലെറ്റ് കൗണ്ട് പരിശോധിക്കുകയും തീരെ താഴ്ന്നു പോയിട്ടില്ല എന്ന് ഉറപ്പാക്കുകയും വേണം. പ്ലേറ്റ്ലറ്റ് കൗണ്ട് വളരെ കുറഞ്ഞു പോയിട്ടില്ലെങ്കിൽ സാധാരണ പനിയുടെ ചികിത്സ മതിയാകും.

ഈ അവസ്ഥയിൽ സാധാരണ ലക്ഷണങ്ങളെ കൂടാതെ പെട്ടെന്നുള്ള പനി, മുഖം ചുവന്ന് തുടുക്കുക ,വളരെ കടുത്ത വേദന, ക്ഷീണം, മോണയിൽ നിന്നും മൂക്കിൽ നിന്നും ചോര വരിക ,രക്തം തുപ്പുകയും ഛർദ്ദിക്കുകയും ചെയ്യുക, മലത്തിലൂടെ രക്തം പോവുക ,കരൾ വീക്കം എന്നിവയും കാണുന്നു. രോഗം വർദ്ധിച്ച് രക്തചംക്രമണം തടസപ്പെടുന്നതിലൂടെ രക്തസമ്മർദ്ദം കുറഞ്ഞു മരണം സംഭവിക്കാം. ഡെങ്കിപ്പനിയുടെ മൂന്നാം ഘട്ടമായി സംഭവിക്കാവുന്ന ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ഡെങ്കി ഷോക്ക് സിൺഡ്രോം.ആന്തരിക രക്തസ്രാവം കൂടുതൽ വേഗത്തിൽ സംഭവിച്ച് പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞ് രോഗി മരണമടയുവാൻ സാധ്യതയുണ്ട്. ആശുപത്രികളിൽ കിടത്തി യുള്ള അടിയന്തര ചികിത്സ അനിവാര്യമാണ്. ഡെങ്കിപ്പനിയുള്ളവർക്ക് രക്തസമ്മർദ്ദം വളരെ കുറഞ്ഞതായി കണ്ടാൽ മറ്റു പരിശോധനകൾ കൂടി നടത്തി രോഗിയുടെ യഥാർത്ഥ സ്ഥിതി മനസ്സിലാക്കേണ്ടതാണ്.

ഡെങ്കിപ്പനി ഏതു പ്രായക്കാരെയും ബാധിക്കുന്നതാണ്. രോഗവാഹകരായ കൊതുക് കടിച്ചാൽ 3 മുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ ആരംഭിക്കും. എല്ലാ ഡെങ്കിപ്പനിയും മരണത്തെ ഉണ്ടാക്കുന്നില്ല. ഫലപ്രദമായ ആയുർവേദ ചികിത്സ ഡെങ്കി ഫിവർ രോഗികൾക്ക് നൽകാനാകും. എന്നാൽ ഡെങ്കി ഹെമറേജിക് ഫിവർ, ഡെങ്കിഷോക്ക് സിൺഡ്രോം എന്നിവ സംശയിക്കുന്ന രോഗികളെ കൂടുതൽ സൗകര്യവും വിശ്വാസവും ഉള്ള ആശുപത്രികളിൽ കിടത്തിചികിത്സിക്കുകയാണ് വേണ്ടത്.പെട്ടെന്ന് രോഗം കുറയ്ക്കുവാൻ ഡോക്ടറെ നിർബന്ധിക്കുന്നതും ചികിത്സയുടെ ഇടയ്ക്ക് രോഗിയെ മറ്റിടങ്ങളിലേയ്ക്ക് മാറ്റുന്നതും പലപ്പോഴും രോഗിയുടെ അവസ്ഥ വഷളാക്കുന്നതായി കണ്ടുവരുന്നു.

വാൽക്കഷണം :- രോഗം പകരുന്നതിന് കൊതുകിന്റെ സാന്ദ്രത ഒരു പ്രധാന ഘടകമാണ്. കൊതുകിന്റെ സാന്ദ്രത കുറയ്ക്കാൻ ഉപയോഗിക്കാവുന്ന പുകയ്ക്കുന്ന അപരാജിത ധൂമ ചൂർണ്ണം എന്ന മരുന്ന് എല്ലാ പഞ്ചായത്തിലുമുള്ള സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.

ചിക്കുൻഗുനിയ മുമ്പ് ചിക്കുൻ ഗുനിയ വന്നിട്ടുള്ളവർ കൂടുതൽ ശ്രദ്ധിക്കണം. സ്വയം മാറിക്കൊള്ളുമെന്ന് വിചാരിച്ച് രോഗത്തെ നിസ്സാരവൽക്കരിക്കരുത്.ആയുർവേദ ചികിത്സ വളരെ ഫലപ്രദമാണ്.
നെഞ്ചുവേദനയുള്ളവർക്ക് മറ്റ് പരിശോധനകൾ കൂടി വേണ്ടിവരും.ചിക്കുൻഗുനിയ പൂർണ്ണമായി ഭേദമാക്കുവാൻ ആയുർവേദ ചികിത്സ മതിയാകും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ

1) മഴക്കാലപൂർവ്വ ശുചീകരണം നിർബന്ധമായും നടത്തേണ്ടതുണ്ട്. 2) മഴക്കാലമാകുമ്പോൾ എലിപ്പനി വരാതിരിക്കാനുള്ള മുൻകരുതൽ കൂടി വേണം.
3) കൊതുകിന്റെ സാന്ദ്രത കുറയ്ക്കാനുള്ള മാർഗങ്ങൾ ശുദ്ധജലസ്രോതസ്സുകൾ നശിപ്പിക്കുന്ന വിധമാകരുത് .
4) ശാരീരിക അകലം പാലിച്ചുകൊണ്ട് തന്നെ മഴക്കാലപൂർവ്വ ശുചീകരണം നടത്തണം. 5) മാസ്ക് ഉപയോഗിക്കണം.നനഞ്ഞ മാസ്കുകൾ വീണ്ടും ഉപയോഗിക്കരുത്.
6) ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം .
7) ശുചീകരണ പ്രവർത്തനം അവസാനിപ്പിക്കുമ്പോൾ ദേഹശുദ്ധി വരുത്തണം.
8) ശ്വാസകോശ രോഗങ്ങൾ വർദ്ധിക്കാനിട നൽകുന്നവിധമുള്ള പ്രവർത്തികളിൽ ഏർപ്പെടരുത്.
9 ) ശ്വാസകോശ രോഗങ്ങളുള്ളവർ ശുചീകരണ പ്രവൃത്തികൾ ചെയ്യരുത്. ഫംഗസ് ബാധയുണ്ടാകുവാനുള്ള കാരണങ്ങളെ പ്രത്യേകം ശ്രദ്ധിക്കണം
10) പനിയ്ക്ക് ചികിത്സയും തുടർന്നുള്ള നിരീക്ഷണവും ഉണ്ടായിരിക്കണം.

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart