ലഹരിയെന്ന ലഹരിക്ക് ഒരിക്കലെങ്കിലും വശംവദരായവർ കുരുന്ന് യൗവനം മുതൽ ആജീവനാന്തം ലഹരിയാൽ തളയ്ക്കപ്പെട്ടവരായി മാറുകയാണ് പതിവ്.
ഒരു തമാശയ്ക്ക് വേണ്ടിയോ കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയോ അതുതന്നെ ധൈര്യമില്ലാത്തവനെന്ന കളിയാക്കലിന് വഴിമാറുന്നതുകൊണ്ടോ പ്രയാസങ്ങളോ വേദനയോ മറക്കാനെന്ന മിഥ്യാധാരണ കൊണ്ടോ ആവശ്യത്തിലുമേറെ കരുത്ത് നേടാമെന്ന വ്യാമോഹം കൊണ്ടോ ആയിരിക്കാം ഒരാൾ ആദ്യമായി ലഹരി ഉപയോഗിച്ചു തുടങ്ങുന്നത്. ഇതേ സാഹചര്യങ്ങളുണ്ടാകുമ്പോൾ വീണ്ടും ഉപയോഗിക്കുവാൻ പ്രേരണ ഉണ്ടാകുകയും അങ്ങനെ തുടർച്ചയായ ഉപയോഗത്തിലേക്ക് വഴിമാറുകയും ചെയ്യും.
വേണ്ടപ്പെട്ട മറ്റാരെങ്കിലും കാണുകയോ അറിയുകയോ ചെയ്താലോ എന്ന ഭയം ആദ്യനാളുകളിൽ ഉണ്ടാകുമെങ്കിലും എന്തുതന്നെ സംഭവിച്ചാലും ലഹരി കൈയ്യിൽ എത്തണമെന്ന ദുർവാശിയിലേക്ക് പിന്നീട് കാര്യങ്ങൾ മാറി മറിയും. അതിനുവേണ്ടി ആരേയും തള്ളിപ്പറയുവാനും പണം മോഷ്ടിക്കുവാനും ഭീഷണിപ്പെടുത്തുവാനും ഉപദ്രവിക്കുവാനും അപകടപ്പെടുത്തുവാൻ പോലും മടി കാണിക്കാറില്ല.
ലഹരിയെന്നാൽ ചെറിയ ലഹരി എന്നോ വലുതെന്നോ ഇല്ല.ഒന്നിൽ നിന്നും അടുത്തതിലേക്ക്, ചെറിയ വീര്യത്തിൽ നിന്നും വലിയതിലേക്ക് എന്ന രീതിയിൽ അത് മാറിക്കൊണ്ടേയിരിക്കും. ഏതു ലഹരി ആയാലും വേണ്ടപ്പെട്ട മറ്റുള്ളവരിൽ നിന്നുമുള്ള പ്രതിരോധം ഏകദേശം സമാനമായിരിക്കും. അപ്പോൾ പിന്നെ ലഹരിയുടെ മായാപ്രപഞ്ചത്തിലേക്ക് പറന്നു നടക്കുവാൻ ക്രമേണ ലഹരിയുടെ ശക്തിയും അളവും കൂട്ടിക്കൊണ്ടിരിക്കുക എന്ന ശീലത്തിലേക്ക് ഉപഭോക്താവ് മാറുകയാണ് പതിവ്.
നേരത്തെ ഉണ്ടായിരുന്ന കൃത്യനിഷ്ഠയിലെ മാറ്റം, അകാരണമായ ക്ഷീണം, മറ്റുള്ളവരോട് അകലം പാലിക്കുവാനുള്ള വ്യഗ്രത, പുതിയ കൂട്ടുകാർ, എന്തും ചെയ്യുമെന്ന രീതിയിലുള്ള ദേഷ്യം,ഭയം,ഒന്നിലും ശ്രദ്ധയില്ലാതാകുക, എപ്പോഴും ആലോചനയിൽ മുഴുകിയിരിക്കുക, മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ വ്യത്യാസം, ഏകാന്ത തയോട് കൂടുതൽ താല്പര്യം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവരുടെമേൽ “ഒരു കണ്ണുണ്ടായിരിക്കുന്നത് നല്ലതാണ്”.
“എപ്പോൾ വേണമെങ്കിലും ലഹരി ഉപയോഗം നിർത്തുവാൻ എനിക്ക്സാധിക്കും”എന്ന് വീമ്പിളക്കുകയും നിർത്തുകയും ചെയ്ത പലരും വീണ്ടും ലഹരി ഉപയോഗിക്കുന്നവരായി മാറുന്നതും പതിവ് കാഴ്ചയാണ്.ലഹരിയുടെ ഉപയോഗം കൊണ്ട് അവരുടെ മനോബലവും കുറഞ്ഞുപോകുന്നുണ്ട് എന്നതാണ് കാരണം.ഉപദേശിച്ചും ചികിത്സിച്ചും മടുത്തവർ രോഗി അറിയാതെ ലഹരി ഉപയോഗം നിർത്തുവാനുള്ള വിദ്യ അന്വേഷിക്കാറുണ്ട്.
പലപ്പോഴും ലഹരിക്ക് അടിമപ്പെട്ടവരുമായുള്ള ജീവിതം ദുരിതം നിറഞ്ഞ തും ഭയവും മനസ്സമാധാനമില്ലായ്മയും കൊണ്ട് കലുഷിതവുമായിരിക്കും.അതുകൊണ്ട് ആവശ്യമായ കൗൺസിലിംഗ്, ചികിത്സ എന്നിവയ്ക്കൊപ്പം കാര്യങ്ങൾ സ്വയം തിരിച്ചറിഞ്ഞ് ലഹരിയിൽ നിന്ന് പിൻമാറുവാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ കൂടി അവരുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കണം.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം ജൂൺ 26 ലോക ലഹരി വിരുദ്ധദിനമായി പരിഗണിച്ചുവരുന്നു. 2021ലെ ലോക ലഹരിവിരുദ്ധ ദിനത്തിന്റെ മുദ്രാവാക്യം ”ഷെയർ ഫാക്ട്സ് ഓൺ ഡ്രഗ്സ്. സേവ് ലൈഫ്” എന്നാണ്. ലഹരിയെ സംബന്ധിച്ച എല്ലാവിധ അറിവുകളും പകർന്നു നൽകുക. ജീവിതം രക്ഷിക്കുക എന്നാണർത്ഥം. പലവിധത്തിലുള്ള ലഹരിവസ്തുക്കളും വളരെ വർഷങ്ങൾക്കു മുമ്പ് അനസ്തേഷ്യ നൽകുന്നതിനും വേദനാസംഹാരികളായ മരുന്നുകളായിപോലും ഉപയോഗിച്ചിരുന്നതാണ്. എന്നാൽ അവയുടെ ദൂഷ്യവശങ്ങളും ദുരുപയോഗങ്ങളും മനസ്സിലാക്കി അവ ഒഴിവാക്കുന്നതിനുവേണ്ട നിയമങ്ങൾ കാലാകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്. മരുന്നായി പോലും ഉപയോഗിക്കേണ്ടതില്ല എന്ന് തീരുമാനിച്ച വസ്തുക്കളെ വെറും ലഹരിക്കുവേണ്ടി അല്ലെങ്കിൽ ഒരല്പനേരം മായാപ്രപഞ്ചത്തിൽ മുഴുകുന്നതിനുവേണ്ടി മറ്റെല്ലാ സുഖങ്ങളും ഇഷ്ടങ്ങളും ത്യജിച്ച് അടിമയാകുക എന്നത് വിവേകപരമായ തീരുമാനമല്ല.
ലഹരിവിരുദ്ധ സന്ദേശങ്ങൾ കൊണ്ടുദ്ദേശിക്കുന്നത് ലഹരി വസ്തുക്കളുടെ വാണിജ്യവും വിപണനവും കൈവശം വെയ്ക്കലും തടയുക എന്നുള്ളത് കൂടിയാണ്. ലഹരിയുടെ ഉപയോഗം കാരണമുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയില്ലെന്ന രീതിയിലുള്ള പരാമർശങ്ങൾക്ക് ഇനി പ്രാധാന്യമില്ലെന്ന ബോധം ഓരോ പൗരനും ഉണ്ടായിരിക്കേണ്ടതുണ്ട്. മാനസികമായും ശാരീരികമായും പലവിധ പ്രയാസങ്ങളെ ഉണ്ടാക്കുന്ന ലഹരിവസ്തുക്കൾ കുടുംബത്തേയും സമൂഹത്തെതന്നെയും നശിപ്പിക്കുന്നതിന് കാരണമാകുന്നവയാണ്. ഒരു നിമിഷത്തേക്ക് ലഹരിയോട് “നോ”പറയുവാൻ കഴിയാത്തത് കാരണം ലഹരിക്ക് അടിമപ്പെട്ട് ജീവിതം നഷ്ടപ്പെട്ട കുറെയേറെ ആൾക്കാർ നമുക്കു ചുറ്റിലുമുണ്ട്. നമ്മുടെ സ്നേഹം നഷ്ടപ്പെട്ട കുട്ടികളുണ്ട്. സഹോദരങ്ങളുണ്ട്. അങ്ങനെ പലരും. ഇവരെല്ലാം നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരാണെന്ന കാര്യം പറയേണ്ടതില്ലല്ലോ? അതു കൊണ്ട്തന്നെ ലഹരിക്കെതിരെ അവരെ ബോധവൽക്കരിക്കുക എന്ന നമ്മുടെ ഉത്തരവാദിത്തം എത്രമാത്രം പ്രധാനപ്പെട്ട താണെന്ന് മനസ്സിലാക്കുക.
വിവിധങ്ങളായ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവർക്ക് മനോബലം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുവാൻ ഏറ്റവും അടുത്ത ഒരു സുഹൃത്തിനോ ബന്ധുവിനോ കൂടുതൽ എളുപ്പത്തിൽ സാധിക്കും.ഏറ്റവും വീര്യം കുറഞ്ഞ ആയുർവേദ മരുന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ ശ്രമിക്കുന്നത് നല്ലത്.മാനസിക ബലം നൽകുന്ന നിരവധി ഇടപെടലുകൾ സർക്കാർ ആയുർവേദ സ്ഥാപനങ്ങൾ വഴി ലഭിക്കും.
തുടക്കത്തിൽതന്നെ ലഹരിയുടെ ഉപയോഗം തിരിച്ചറിഞ്ഞ വീട്ടുകാരിൽ ചിലരെങ്കിലും ആ വിവരം മറച്ചുവെച്ചും അറിഞ്ഞഭാവം നടിക്കാതെയും ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി പാർപ്പിക്കുക, മറ്റ് നാടുകളിലേക്ക് പറഞ്ഞയക്കുക, കല്യാണം കഴിപ്പിക്കുക തുടങ്ങിയ “കലാപരിപാടികൾ” നടത്താറുണ്ട്.ഇതിലൂടെ ലഹരി ഉപയോഗിച്ച് തുടങ്ങിയ ആളിന് കൂടുതൽ സൗകര്യമാകുമെന്നതിനാൽ കാര്യങ്ങൾ കൂടുതൽ വഷളാകുവാനേ
സാദ്ധ്യതയുള്ളൂ.
അതിനാൽ വളരെ കരുതലോടേയും കൃത്യമായ നിർദ്ദേശങ്ങൾക്കനുസരിച്ചും അവരോട് ഇടപെടുവാൻ പ്രത്യേക ശ്രദ്ധ വേണം. ലഹരി ഉപയോഗം നിർത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നവരെ യാതൊരു വിധത്തിലും വിഷമിപ്പിക്കാതെ കൈ പിടിച്ചുയർത്തി കൂടെ നിർത്തുവാനുള്ള നമ്മുടെ ബാദ്ധ്യത മറക്കുകയുമരുത്.
ലഹരിവിരുദ്ധ ദിനത്തിന്റെ പ്രത്യേകതയിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് ലഹരി ഉപയോഗിക്കുന്നവരെ ബോധവൽക്കരിക്കുവാനും അവ ലഭ്യമാകുവാനുള്ള സാഹചര്യം ഒഴിവാക്കുവാനും പ്രയത്നിക്കണം. ഇത്തരം ദിനങ്ങൾ നമ്മുടെ സാമൂഹ്യപ്രതിബദ്ധത കൂടുതൽ കരുത്തോടെ പ്രാവർത്തികമാക്കുവാൻ നമ്മളോട് തന്നെയുള്ള ഒരു ഓർമ്മപ്പെടുത്തലാണ്.
ഡോ. ഷർമദ് ഖാൻ
9447963481