fbpx

ഡിമെൻഷ്യ അഥവാ മറവിരോഗം

 

ചെറിയവ മുതൽ വലിയ കാര്യങ്ങൾ വരെ മറന്നുപോകുന്നുവെന്ന് പരാതിയുള്ള ചെറുപ്പം മുതൽ വാർദ്ധക്യം വരെയുള്ള പരാതിക്കാർ നിരവധിയാണ്. ‘ഈ മുടിഞ്ഞ മറവി കാരണം ജീവിതത്തിൽ നേരിടേണ്ടിയിരുന്ന പലതും നഷ്ടപ്പെട്ടു പോയ’തായി പരിഭവിക്കുന്നവരും കുറവല്ല. രാവിലെ കഴിക്കേണ്ടിയിരുന്ന ഗുളിക കഴിച്ചോ ഇല്ലയോ എന്ന കാര്യം മറന്നുപോയവർ മുതൽ ഒപ്പിടാൻ മറന്നുപോയ മമ്മൂട്ടിയും തുണിയുടുക്കാൻ മറന്ന മോഹൻലാലും വരെ മറവിയുടെ മൂർദ്ധന്യാവസ്ഥ നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുണ്ട്.

പല രോഗങ്ങളിലും കാണാവുന്ന ഒരു താൽക്കാലിക ലക്ഷണമായും മറവി രോഗം പ്രത്യക്ഷപ്പെടാറുണ്ട്. ടെൻഷൻ, കൺഫ്യൂഷൻ, രക്തത്തിലെ ഷുഗർ ലെവലിന്റെ വ്യത്യാസം, ഓക്സിജന്റെ അളവിലുള്ള കുറവ്, രക്തസമ്മർദ്ദം, മാനസിക രോഗങ്ങൾ എന്നിവയും ഇതിന് കാരണമാകാം. ജീവിതത്തിൽ സംഭവിച്ച വലിയ നഷ്ടങ്ങൾ അപ്പാടെ മറക്കാൻ അതിതീവ്രമായി ശ്രമിക്കുന്ന ചിലരിലെങ്കിലും അതിനൊപ്പം മറ്റ് പലതും കൂടി മറന്നു പോകുന്നതായും കാണാം.

വളരെ അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങൾ മറന്നു പോകുമ്പോഴും പഴയ കാര്യങ്ങൾ നല്ലപോലെ
ഓർമ്മിക്കുന്നവരുമുണ്ട്. ഇതുതന്നെ നേരെ തിരിച്ചും സംഭവിക്കുന്നവരും കുറവല്ല. ഇവയെല്ലാം അറിയപ്പെടുന്നത് ഡിമെൻഷ്യ എന്ന പേരിലാണ്.

60 വയസ്സിനുമേൽ പ്രായമുള്ള 5% ആൾക്കാരിലും 85 വയസ്സിനു മുകളിൽ പ്രായമുള്ള ഏകദേശം 50 ശതമാനം ആൾക്കാരിലും മസ്തിഷ്കത്തിലെ തകരാറുകൾ കാരണം സംഭവിക്കുന്ന ഡിമെൻഷ്യ കൂടി ഉൾപ്പെട്ടതാണ് അൽഷിമേഴ്സ് എന്ന രോഗം. ആയുർവേദത്തിൽ മേധാക്ഷയം എന്നാണ് പേര്. മസ്തിഷ്കത്തിനുണ്ടാകുന്ന തകരാറുകൾ പരിഹരിക്കുവാൻ എളുപ്പമല്ലാത്തതിനാൽ ഈ അവസ്ഥയിൽ എത്തിയ രോഗികൾക്ക് പ്രത്യേക പരിചരണവും ക്ഷമയോടെയുള്ള പരിഗണനയും ആവശ്യമായിവരും. പൂർണമായ പ്രയോജനം ലഭിച്ചില്ലെങ്കിലും രോഗിയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാൻ ചികിത്സ ഉപകാരപ്പെടും.

അൽഷിമേഴ്സ് രോഗികളെ വീട്ടിലെ മറ്റ് അംഗങ്ങൾ അവഗണിക്കുന്നതായി അവർക്ക് തോന്നിയാൽ കാര്യങ്ങൾ കൂടുതൽ വഷളാകുവാനാണ് സാദ്ധ്യത. അതിനാൽ രോഗിയെ പരിചരിക്കുന്നവർക്ക് രോഗത്തിൻറെ സ്വഭാവം മനസ്സിലാക്കി കൊടുക്കുവാനുള്ള ബോധവൽക്കരണവും അതോടൊപ്പം സ്വയം മനോബലം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനവും ആവശ്യമായിവരും. എത്ര നന്നായി രോഗിയെ പരിചരിച്ചാലും കൺട്രോൾ നഷ്ടപ്പെട്ടുപോകുന്ന അവസരങ്ങൾ ധാരാളമായി സംഭവിക്കാമെന്നതിനാൽ ചികിത്സിക്കുന്ന ഡോക്ടർ അൽഷിമേഴ്സ് രോഗിയേക്കാൾ മുൻഗണന പരിചരിക്കുന്നവർക്ക് നൽകേണ്ടി വരാറുണ്ട്.

ഇടക്കാലത്തെ കാര്യങ്ങളൊക്കെ മറന്നുപോകുന്ന രോഗി ക്രമേണ വ്യത്യസ്ത തരത്തിലുള്ള പെരുമാറ്റ പ്രശ്നങ്ങൾ പ്രദർശിപ്പിക്കാം. വസ്തുതകൾ ശരിയായി മനസ്സിലാക്കാനോ തിരിച്ചറിയാനോ അതിനനുസരിച്ച് പെരുമാറുവാനോ സാധിക്കാതെ വന്നേക്കാം. “ആടിനെ പട്ടി”യാക്കുന്നതായി തോന്നുന്ന പല സംഭവങ്ങളും ഇടയ്ക്കിടെ ആവർത്തിക്കാം.

രോഗി ചിലപ്പോൾ കാണിക്കുന്ന അശ്ലീല ചേഷ്ടകളും വാക്കുകളും, അക്രമസ്വഭാവം, വിചിത്രമായ പെരുമാറ്റങ്ങൾ, മലമൂത്രവിസർജനത്തിലെ അപക്വമായ രീതികൾ തുടങ്ങിയവ രോഗിയും വീട്ടിലെ ബന്ധുജനങ്ങളും തമ്മിലുള്ള സമാധാന അന്തരീക്ഷം തകരാറിലാക്കുന്നതായി കാണാറുണ്ട്.

രോഗികൾ സ്വയം കാര്യങ്ങൾ മനസ്സിലാക്കി മറ്റുള്ളവരുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന പ്രതീക്ഷ മിക്കവാറും അസ്ഥാനത്തായേക്കാം. ഓർമ്മക്കുറവും ഒന്നിലും താല്പര്യമില്ലായ്മയും നിയന്ത്രിക്കാനാകാത്ത വികാരവിക്ഷോഭവും ആവർത്തിച്ചു ചെയ്യുവാൻ തോന്നുന്ന ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളും തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന്റെ കുറവുമൊക്കെയാണ് ഇതിനുള്ള കാരണങ്ങൾ.

മറവി കാരണം രോഗികൾ തന്നെ ചിന്താക്കുഴപ്പത്തിലായേക്കാം. ചിലപ്പോൾ അത് കാരണം വിഷമവുമുണ്ടാകാം. ഏറ്റവും അടുത്ത സുഹൃത്തിന്റെ പോലും പേരും ഫോൺ നമ്പറും സാധനങ്ങളുടെ പേരും കൂടി മറന്നു പോയേക്കാം. വീട്ടിലേക്കുള്ള വഴി മറന്നു പോകുന്നവരുമുണ്ട്.
ക്രമേണ വീടും ബന്ധുക്കളും മക്കളും കിടക്കുന്ന ഇടരുമൊക്കെ മറന്നു പോയേക്കാം. സംസാരിക്കുവാനും എഴുതുവാനും കഴിഞ്ഞില്ലെന്നു വരാം. ഭക്ഷണം എടുത്ത് കൊടുത്താൽ തന്നെ അത് ചവയ്ക്കണോ ഇറക്കണോ എന്ന ആശയക്കുഴപ്പം വരാം.

മറ്റുള്ളവരുടെ മുന്നിൽ പരിഹാസ്യരായിപോകാൻ ഇടയുള്ള ഇത്തരം രോഗികളെ അവസരോചിതമായ ഇടപെടൽ കൊണ്ട് ചേർത്തു നിർത്തുവാൻ നമുക്ക് സാധിക്കണം. ശുചിത്വം, ഭക്ഷണം, വസ്ത്രധാരണം, മലമൂത്രവിസർജനം തുടങ്ങിയ കാര്യങ്ങളിൽ രോഗിയെ പ്രത്യേകം ശ്രദ്ധിക്കുകയും ക്ഷമയോടെ സഹായിക്കുകയും വേണം. വർദ്ധിച്ച് കൂടുതൽ വഷളാകുവാനിടയുള്ള ഈ രോഗത്തെ ചെറുത്തു നിർത്തുവാനും തുടക്കത്തിലേ ചികിത്സിക്കുവാനും ആയുർവേദ ഔഷധങ്ങൾ പ്രയോജനപ്രദമാണ്. മസ്തിഷ്കത്തിനെ ഉദ്ദേശിച്ച് ചെയ്യുന്ന ചില ചികിത്സകൾക്കായി കിടത്തിചികിത്സയും ആവശ്യമായിവരും.

രോഗിയുടെ നിലവിലുള്ള ശാരീരിക-മാനസിക കഴിവുകൾക്കനുസരിച്ച് കുറെയെങ്കിലും കാര്യങ്ങൾ അവരെക്കൊണ്ട് ചെയ്യിപ്പിക്കുവാനും അഭിപ്രായങ്ങൾ പറയുവാനും പാട്ടുപാടുവാനും പാട്ടും സിനിമയും ആസ്വദിക്കുവാനും പത്രം വായിക്കുവാനും സംഖ്യകൾ കൂട്ടി പറയുവാനുമൊക്കെ പ്രേരിപ്പിക്കുന്നവരായി ബന്ധുക്കൾ കൂടെ നിൽക്കുകയാണ് വേണ്ടത്.

രോഗിയോട് വഴക്കിടുകയോ ആക്രോശിക്കുകയോ ചെയ്യുന്നത് കൂടുതൽ കുഴപ്പങ്ങൾക്ക് ഇടവരുത്തുകയേ ഉള്ളൂ. പരിചരിക്കുന്നവരെ വേദനിപ്പിക്കുന്ന പ്രവർത്തികൾ രോഗി ആവർത്തിച്ചുകൊണ്ടിരുന്നാലും സ്നേഹത്തോടും സമാധാനത്തോടും കൂടി അവ കൈകാര്യം ചെയ്യുവാനുള്ള മനസാന്നിദ്ധ്യം വീട്ടിലെ മറ്റ് അംഗങ്ങൾക്ക് ഉണ്ടായിരുന്നേ മതിയാകൂ.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart