fbpx

ഇനിയുമൊരു ലോക്ക്ഡൗൺ ഒഴിവാക്കുവാൻ

ലോക്ക്ഡൗൺ കഴിയാൻ കാത്തിരിക്കുകയായിരുന്നു പലരും. ഒന്ന് വെളിയിൽ ചാടാൻ.ലോക്ക്ഡൗൺ കാരണം പലവിധ ബുദ്ധിമുട്ടുകളിൽ പെട്ടു പോയവരുണ്ട്. അവരിൽ ചിലരുടെ ജീവിതംതന്നെ വഴിമുട്ടിപ്പോകുമെന്ന അവസ്ഥ കൂടി പരിഗണിച്ചാണല്ലോ ലോക്ക്ഡൗൺ നിബന്ധനകൾക്ക് ഇളവ് നൽകിയത്. എന്നാൽ ഒറ്റ ദിവസം കൊണ്ട് എല്ലാം സാധാരണയായതുപോലുള്ള പ്രതീതിയാണ് പൊതുനിരത്തുകളിൽ കാണുന്നത്. നമ്മുടെ ഈ നിയന്ത്രണമില്ലായ്മ ദോഷം ചെയ്യുവാനും ലോക്ക്ഡൗൺ വീണ്ടുമുണ്ടാകുവാനുമുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. അതിനാൽ വീണ്ടുമൊരു ലോക്ക്ഡൗണുണ്ടാകുന്നത് ഒഴിവാക്കുവാൻ നമ്മളെകൊണ്ട് എന്തൊക്കെ ചെയ്യുവാൻ സാധിക്കുമോ അവയൊക്കെ നടപ്പിലാക്കിയേ മതിയാകു. അത് നമ്മുടെ ഭാവി ജീവിതം സുഗമമാക്കുവാൻ വേണ്ടിയുള്ള കടമകൂടിയാണ്.

ഒഴിവാക്കാവുന്ന പല കാര്യങ്ങളും നമ്മളിപ്പോഴും ചെയ്യുന്നു എന്നതല്ലേ വാസ്തവം.
ആശുപത്രിയിൽ മരുന്ന് വാങ്ങാൻ പോകുന്ന അച്ഛൻ അഞ്ച് വയസ്സുള്ള കുട്ടിയെ കൂടി ഒരു കാരണവുമില്ലാതെ കൂട്ടുന്നത് എന്തിൻറെ പേരിലാണ്? നിയമപാലകർ കണ്ടില്ലെങ്കിൽ കൂട്ടം കൂടുവാനും ബന്ധുവിന്റേയും സുഹൃത്തിന്റേയും വീട്ടിൽ പോകുന്നതിനും മടിയില്ലല്ലോ? പോലീസിനെ പേടിച്ച് മാത്രം മാസ്ക് വയ്ക്കുന്ന കാഴ്ചകൾ കണ്ടു മടുത്തില്ലേ? അത്തരം സൗകര്യത്തിനായിട്ടല്ലേ കഴുത്തിൽ മാസ്കിട്ടിരിക്കുന്നത്. ആശുപത്രിയിലെത്തുന്നവരിൽ തന്നെ 25 ശതമാനം രോഗികളോടെങ്കിലും ശരിയായി മാസ്ക് വെയ്ക്കുവാൻ ആവർത്തിച്ച് പറയേണ്ടി വരുന്നുണ്ട്.

” എത്ര ദിവസമായി ഒന്ന് കറങ്ങാൻ പോയിട്ട്?” എന്ന് പറയുന്നവരോട് അത്യാവശ്യമുള്ളവർ മാത്രം പുറത്തിറങ്ങട്ടെ. അതിനായി വളരെ അത്യാവശ്യമില്ലാത്തവർ അകത്തിരിക്കണമെന്ന അപേക്ഷയാണുള്ളത്.

ബന്ധുക്കളേയും കിടപ്പുരോഗികളേയും സന്ദർശിക്കുവാൻ ഓടിച്ചാടി പോകേണ്ടതില്ല. അത്തരം സന്ദർശനങ്ങളുടെ അടുത്തദിവസങ്ങളിൽ നിങ്ങളുടെ കോവിഡ് പരിശോധനാഫലം ഒരുപക്ഷേ പോസിറ്റീവായാൽ “നല്ല സൂപ്പർ ചീത്തവിളി പാർസലായി ” കിട്ടുമെന്നറിയാമല്ലോ? അതുവരെയുണ്ടായിരുന്ന സൗഹൃദമൊക്കയും അതോടെ താറുമാറാകുകയും ചെയ്യും.

മരണവും വിവാഹവും മറ്റു ചടങ്ങുകളും ആർഭാടമാക്കാൻ സാധിക്കാത്തതിനാൽ അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ആളെക്കൂട്ടുന്ന പരിപാടികൾക്ക് പരമാവധി നിയന്ത്രണമുണ്ടെങ്കിൽ മാത്രമേ ഇനിയുമൊരു ലോക്ക്ഡൗൺ ഒഴിവായി കിട്ടു. ഒരുവിധം ജീവിതോപാധികൾ നടത്തിക്കൊണ്ടിരുന്നവർക്കാർക്കും അതുപോലെതന്നെ മുന്നോട്ടു പോകുവാൻ സാധിക്കുന്ന അവസ്ഥയല്ല നിലവിലുള്ളത്.അതിൽ പരസ്പരം പഴിചാരിയിട്ട് ഒരു കാര്യവുമില്ല. കാര്യങ്ങൾ ഗുരുതരമാകാതിരിക്കാൻ ആവശ്യമായ നിബന്ധനകൾ സ്വയം അനുസരിക്കുന്ന രീതിയാകും കൂടുതൽ നല്ലത്.

അക്ഷയ സെന്ററുകൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും നമുക്ക് ഒഴിവാക്കാവുന്ന വയല്ല.അവിടെയെല്ലാം നമ്മളുമായി സഹകരിക്കേണ്ടിവരുന്നവർ ഒരുപക്ഷേ കോവിഡ് പോസിറ്റീവായവർ ആയിരിക്കാമെന്നും എന്നാലും ഒരു കാരണവശാലും ആ രോഗം എന്നെക്കൂടി ബാധിക്കരുതെന്ന രീതിയിലുള്ള മുൻകരുതലുമാണ് സ്വീകരിക്കേണ്ടത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള വസ്തുക്കളിൽ ആവശ്യമുള്ളവ മാത്രം എടുക്കുക. എടുത്ത വസ്തുക്കൾ കഴിവിന്റെ പരമാവധി തിരികെ വയ്ക്കരുത്. കയ്യിലെടുത്ത് നല്ലത് നോക്കി തിരിഞ്ഞു വാങ്ങുന്നതും തൽക്കാലത്തേക്ക് ഒഴിവാക്കുക.

മറ്റു സംസ്ഥാനത്തേക്കുള്ളവ ഉൾപ്പെടെയുള്ള ഒഴിവാക്കാൻ സാധിക്കാത്ത യാത്രകൾ പരമാവധി സുരക്ഷിതമായിരിക്കുവാൻ ശ്രദ്ധിക്കുക.

അപകടങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം. ഒരപകടമുണ്ടായാൽ അതുമായി നിരവധി ആളുകൾക്ക് ബന്ധപ്പെടേണ്ടിവരും. അതിൽ ആരെങ്കിലുമൊരാൾ കോവിഡുള്ള ആളാണെങ്കിൽ എത്ര കുടുംബങ്ങളാണ് ബുദ്ധിമുട്ടിലാകുന്നത്? അപകടമുണ്ടാകുവാൻ സാദ്ധ്യതയുള്ള വിധത്തിലല്ലേ പലരും നടക്കുന്നതെന്ന് ചുറ്റുമൊന്ന് കണ്ണോടിച്ച് നോക്കിയാൽ മനസ്സിലാകും.
ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. എന്നാൽ അവർ പരമാവധി സുരക്ഷിതരാണെന്ന് ഉറപ്പാക്കുവാൻ അതാത് കമ്പനികൾ തന്നെ ശ്രദ്ധിക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവർ എത്തിച്ചേരുന്ന വീടുകളിലെ ഓരോ കസ്റ്റമേഴ്സും അപകടത്തിലാകും.

സംവാദങ്ങൾക്കും സ്നേഹം പങ്കിടുന്നതിനും ആവശ്യങ്ങൾ അന്വേഷിക്കുന്നതിനും പരസ്പരം സഹായിക്കുന്നതിനും ഓൺലൈൻ സംവിധാനങ്ങൾതന്നെ മതിയാകും. ആരും ഒരു കാരണവശാലും പരസ്പരം കാണരുതെന്നല്ല. കാണുമ്പോൾ പാലിക്കേണ്ട സുരക്ഷിതത്വങ്ങൾ പാലിച്ചും ഒഴിവാക്കേണ്ടവ ഒഴിവാക്കിയും മാത്രം ഇടപെടുക. അത് രണ്ടുകൂട്ടരുടേയും ബാദ്ധ്യതയാണ്. ഏറ്റക്കുറച്ചിലുകൾ ആവശ്യമില്ലാത്ത ഉത്തരവാദിത്വമാണ്.

സാനിറ്റൈസറിനെ അധികമാശ്രയിക്കാതെ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് തന്നെയാണ് നല്ലത്. പ്രതിരോധ മരുന്ന് കഴിച്ചു എന്നും രണ്ടു ഡോസ് വാക്സിനേഷനുമെടുത്തു എന്നും പറഞ്ഞ് സുരക്ഷിതത്വത്തിൽ കുറവ് വരുത്തുന്നത് അഭികാമ്യമല്ലെന്ന അനുഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇവ രണ്ടും ബ്രേക്ക് ദി ചെയിൻ പോളിസിയ്ക്കൊപ്പം പാലിക്കുവാൻ ശ്രദ്ധിക്കുക.

വീടിനകത്തേക്ക് എന്തിനായാലും പുറത്തുനിന്നുമുള്ള ഒരാൾ വരുന്നത് തൽക്കാലം നിയന്ത്രിക്കേണ്ടതുണ്ട്. അതിനാൽ പല വീടുകളിൽ പോകുവാൻ സാദ്ധ്യതയുള്ള വീട്ടുജോലിക്കാരുടെ കാര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതാണ്.
വീടിന്റെ പുറംപണികളിൽ അവർക്ക് മാത്രമായി പ്രത്യേകം കൈകാര്യം ചെയ്യാവുന്ന കാര്യങ്ങളുണ്ടെങ്കിൽ അത് മാത്രം അനുവദിക്കുക.

മാസ്ക് ശരിയായി ഉപയോഗിച്ചിട്ടില്ലാത്ത കച്ചവടക്കാരിൽനിന്നും സാധനങ്ങൾ വാങ്ങരുത്. ഉപഭോക്താവിനേയും നിയമപാലകരേയും കാണുമ്പോൾ മാത്രം മാസ്കിടുന്നവരെ തൽക്കാലം ഒഴിവാക്കുക. പലവിധ സാധനങ്ങൾ വീടുകളിൽ കൊണ്ടുവന്ന് കച്ചവടം ചെയ്യുന്നവരേയും പ്രോത്സാഹിപ്പിക്കേണ്ടതില്ല.

കോവിഡും അതുപോലുള്ള പകർച്ചവ്യാധികളും തരംഗങ്ങളും ആവർത്തിച്ചുകൂടാതില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലൊക്കെയും നമ്മൾ സുരക്ഷിതരായിരിക്കുവാനുള്ള രീതികൾ പഠിച്ചേ മതിയാവൂ. ആർക്കും ഇതൊന്നും അറിയാഞ്ഞിട്ടല്ല. അനുസരിക്കാൻ ഇഷ്ടമല്ലാത്തതുകൊണ്ടും ശീലിച്ചരീതികൾ ഇവയല്ലാത്തതുകൊണ്ടുമാണ് ആശയക്കുഴപ്പങ്ങളും എതിർവാദങ്ങളുമുണ്ടാകുന്നത്. പൊതുജനനന്മ ലക്ഷ്യമാക്കി കോവിഡിനെ പിടിച്ചുകെട്ടുവാൻ കൂടുതൽ ശ്രദ്ധ നൽകുന്നവരായി നമുക്കിനിയും മാറേണ്ടതുണ്ട്. അതിനായുള്ള പ്രവർത്തനങ്ങൾ തുടരേണ്ടതുമുണ്ട്.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart