ചില തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതുമായി ബന്ധപ്പെട്ട ശീലങ്ങൾ കാരണം ചില രോഗങ്ങളുണ്ടാകാം. പതിവായി ഒരേ കാര്യങ്ങൾ ശീലിക്കേണ്ടി വരുന്നതിനാൽ രോഗം ക്രമേണ വർദ്ധിക്കുകയും ചിലപ്പോൾ രോഗത്തിന്റെ തീവ്രത കാരണം തൊഴിൽ തന്നെ ഒഴിവാക്കേണ്ട അവസ്ഥയും വന്നുചേരാം.
ഏതൊക്കെ തൊഴിലുമായി ബന്ധപ്പെട്ട് എന്തൊക്കെ രോഗങ്ങൾ ഉണ്ടാകാമെന്ന് അറിഞ്ഞിരുന്നാൽ രോഗങ്ങളകറ്റുവാനായി ചിലതൊക്കെ ശ്രദ്ധിക്കുവാനാകും. ഇതിനിടയിൽ ആരംഭിച്ചുകഴിഞ്ഞ രോഗങ്ങളുണ്ടെങ്കിൽ അതിന്റെ തീവ്രത കുറയ്ക്കുവാനും സാധിക്കും.
ഒരു രോഗത്തിനും മരുന്ന് മാത്രമല്ലല്ലോ ചികിത്സ. രോഗകാരണങ്ങളെ ഒഴിവാക്കുന്നതാണ് പല രോഗങ്ങളുടെയും പ്രധാന ചികിത്സ. അതിനു സാധിക്കാതെ വരുമ്പോഴാണ് രോഗമുണ്ടാകുന്നതും വർദ്ധിക്കുന്നതും. തൊഴിൽജന്യ രോഗങ്ങളിൽ തൊഴിലിന്റെ സ്വഭാവം തന്നെയാണ് രോഗത്തിന് കാരണമെന്നതിനാൽ ആ കാരണത്തെ ഒഴിവാക്കുവാൻ സാധിക്കാതെ വരുന്നു എന്നത് മനസ്സിലാക്കി രോഗം നിയന്ത്രിക്കേണ്ട മറ്റു കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. എന്നാൽ തൊഴിൽ മാത്രമാണ് ഇത്തരം രോഗങ്ങളുടെ കാരണമെന്ന് പറയാനാകില്ല. മറ്റു കാരണങ്ങളും ഇതേ രോഗങ്ങൾക്ക് കാരണമായേക്കാം. എന്നാൽ തൊഴിൽ കാരണമുണ്ടാകുന്ന രോഗങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ വിവരിക്കുന്നത്.
കൂടുതൽ സമയം നിന്ന് ജോലി ചെയ്യുന്നവരിൽ വെരിക്കോസ് വെയിൻ എന്ന രോഗമുണ്ടാകാം. ഇടയ്ക്കിടയ്ക്ക് ശരിയായ വിശ്രമം എടുക്കുവാൻ സാധിക്കാതെ വരുന്നതും വണ്ണക്കൂടുതലും ഗർഭാവസ്ഥയും അനുബന്ധരോഗങ്ങളും വളരെ പെട്ടെന്ന് അസുഖത്തെ വർദ്ധിപ്പിക്കാം. ബസ് കണ്ടക്ടർ, തിരക്കുള്ള കടകളിൽ നിന്ന് കച്ചവടം ചെയ്യുന്നവർ, ചായ അടിക്കുന്ന തൊഴിലിൽ ഏർപ്പെട്ടവർ, തട്ടുകട നടത്തുന്നവർ, പോലീസുകാർ, സെക്യൂരിറ്റിജീവനക്കാർ തുടങ്ങിയവരിലാണ് തൊഴിൽജന്യ രോഗങ്ങൾക്ക് സാദ്ധ്യത കൂടുതലുള്ളത്. ഇത്തരം ആൾക്കാർ ചെയ്യുന്ന മരുന്ന് ചികിത്സയോ സർജറി ചെയ്താൽ പോലുമോ കാരണങ്ങൾ തുടരുന്നുവെന്നതിനാൽ പൂർണ്ണമായ രോഗശമനം ലഭിക്കാറില്ല. താൽക്കാലിക സമാധാനമാണ് സർജറി ചികിത്സയിലൂടെയും ലഭിക്കുന്നത്. അതുകൊണ്ട്തന്നെ “വരുന്നിടത്ത് വെച്ച് കാണാം” എന്ന രീതി ഒട്ടും തന്നെ പാടില്ലാത്ത രോഗാവസ്ഥകളിലൊന്നായി ഇതിനെ കാണണം. വെരിക്കോസ് വെയിൻ എന്ന രോഗം മരണകാരണമാകുന്നതല്ലെങ്കിൽ കൂടി അതുകാരണമുള്ള കഷ്ടപ്പാട് ഒട്ടും ചെറുതല്ല.
ഓഫീസ് ജോലികളിൽ അധികസമയവും ഇരുന്ന് ജോലിചെയ്യുന്നവരിൽ അവർ ഇരിക്കുന്ന രീതിപോലും രോഗത്തിന് കാരണമാകും. കഴുത്തിന്റെ കുഴപ്പം തലവേദനയും കൈകളിലേക്ക് പെരുപ്പും ഉണ്ടാക്കുമ്പോൾ നടുവേദനയും കാലുപെരുപ്പുമാണ് നടുവിൻറെ കുഴപ്പം കാരണമുണ്ടാകുന്നത്.
ചായകുടിയും എണ്ണപ്പലഹാരവും കൂടി ശീലമാക്കിയവരിൽ ഗ്യാസും മലബന്ധവും അർശസുമുണ്ടാകാം. ഏറെനേരം ഒരിടത്ത് നിന്നും അനങ്ങുകപോലും ചെയ്യാതിരിക്കുന്നത് പലവിധ വേദനകൾക്ക് കാരണമാകും. ആവശ്യത്തിന് സൂര്യപ്രകാശം കൊള്ളാത്തത് അസ്ഥികളുടെ ബലം കുറയുന്നതിനും അസ്ഥിവേദന വർദ്ധിക്കുന്നതിനും കാരണമാകും.
ഇത്തരമാൾക്കാരിൽ പ്രമേഹം, കൊളസ്ട്രോൾ, അമിത വണ്ണം എന്നിവയുമുണ്ടാകാം.
ദീർഘദൂര യാത്രചെയ്യുന്ന ഡ്രൈവർമാർക്കും നടുവേദന ഒരു സ്ഥിരം ശാപമാണ്. ഇരിക്കുന്ന സീറ്റിന്റെ
അപര്യാപ്തതകളും അതിലിരിക്കുന്ന രീതിയും പൊണ്ണത്തടിയും അർശസും ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കും. പാന്റ്സിന്റെ പുറകിലെ പോക്കറ്റിൽ വച്ചിരിക്കുന്ന പേഴ്സ് പോലും ഇത്തരക്കാരിൽ വലിയ ബുദ്ധിമുട്ടുകൾ അവരറിയാതെ സൃഷ്ടിക്കുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളിൽ ജോലിചെയ്യുന്നവർക്കുണ്ടാകുന്ന അലർജി രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ചുമ, ശ്വാസതടസ്സം എന്നിവയും തൊഴിൽജന്യമായ രോഗമായി കാണാറുണ്ട്. രാസവസ്തുക്കളുടെ നിർമ്മാണശാലകൾ, പാക്കിങ് ഏരിയകൾ, സിമൻറ് കടകൾ, പെട്രോൾ പമ്പ്, അന്തരീക്ഷ മലിനീകരണമുള്ള ഇടങ്ങൾ, ഫാക്ടറികൾ, പ്രത്യേകിച്ചും പൊടിയും പുകയുമുള്ള ഇടങ്ങളിൽ സ്ഥിരമായി ജോലി നോക്കുന്നവർ, വിഷവസ്തുക്കളും കീടനാശിനികളും കൈകാര്യം ചെയ്യുന്നവർ ഇത്തരം രോഗങ്ങൾക്ക് അടിമപ്പെടുന്നു. സ്ഥിരമായി ക്ലീനിംഗ് ജോലികളിൽ ഏർപ്പെടുന്നവരിൽ ചില അലർജി രോഗങ്ങൾ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്.ചിലതരം ലോൺട്റികളിൽ ജോലി ചെയ്യുന്നവർക്കും അവിടെ ഉപയോഗിക്കുന്ന കെമിക്കലുകൾ പണി കൊടുക്കാറുണ്ട്. കാലുകളിലെ രോമകൂപങ്ങളെ ബാധിക്കുന്ന
ഫോളിക്കുലൈറ്റിസ് പോലുള്ള രോഗങ്ങൾ വയലിലും മറ്റു കൃഷിയിടങ്ങളിലും ജോലി ചെയ്യുന്നവരിലും കന്നുകാലികളുടെ വിസർജ്യങ്ങൾ കൈകാര്യം ചെയ്യുന്നവരിലും കാണാറുണ്ട്.
അമിത സമ്മർദ്ദമുണ്ടാക്കുന്ന ചില ജോലികളുമുണ്ട്. ബിസിനസ് എക്സിക്യൂട്ടീവ്, മെഡിക്കൽ റെപ്രസെന്റേറ്റീവ് തുടങ്ങി ബിസിനസ് മേഖലയിൽ തൊഴിൽ ചെയ്യുന്നവർ ജോലി കാരണമുള്ള ടെൻഷൻ,രക്തസമ്മർദ്ദം, ഉറക്കക്കുറവ് എന്നിവയുള്ളവരാണ്. ഒട്ടുംതന്നെ അദ്ധ്വാനമില്ലാതെ സുഖലോലുപതയിൽ കഴിയാവുന്ന തൊഴിലുകളും ഉണ്ടല്ലോ? പ്രമേഹം, പൊണ്ണത്തടി, അലസത, കരൾരോഗങ്ങൾ തുടങ്ങിയവ കൂടുതലും കാണപ്പെടുന്നത് ഇത്തരമാൾക്കാരിലാണ്.
ശബ്ദം കൂടുതലുള്ള ഇടങ്ങളിൽ ജോലി ചെയ്യേണ്ടിവരുന്നവർക്ക് കേൾവി നഷ്ടം ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകും. സ്ഥിരമായി അനൗൺസ്മെൻറ് ചെയ്യുന്നയിടങ്ങളിലുള്ളവർ, ഓർക്കസ്ട്രാ, ഡാൻസ് തുടങ്ങിയ കലാപരിപാടികളിൽ പങ്കെടുക്കുന്നവർ, സ്ഥിരമായി ഹെഡ്ഫോൺ ഉപയോഗിക്കേണ്ടിവരുന്ന ജോലിയുള്ളവർ എന്നിവരെയാണ് ഇത് ബാധിക്കുന്നത്.
പെട്ടെന്ന് വെള്ളത്തിൽ മുങ്ങി ജോലി ചെയ്യേണ്ടിവരുന്നവർക്കും അന്തരീക്ഷത്തിലേക്ക് ഉയർന്ന് ജോലി ചെയ്യേണ്ടിവരുന്നവർക്കും ഇതുപോലെ കേൾവി സംബന്ധമായ പ്രശ്നങ്ങളുണ്ടാകും.
ശരീരത്തിന് ഹിതകരമല്ലാത്ത സാഹചര്യങ്ങളിൽ ജോലി നോക്കേണ്ടി വരുന്നവർക്ക് അർബുദരോഗമുണ്ടാകാം. രാസവസ്തുക്കളും കാൻസർ രോഗത്തെ ഉണ്ടാക്കുവാൻ ശേഷിയുള്ളവയാണ്. റേഡിയേഷൻ ഏൽക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ളവരും അർബുദത്തിന് ഇരകളാകാറുണ്ട്. ലെഡ്, ഫോസ്ഫറസ്, മെർക്കുറി, മാംഗനീസ്,ആഴ്സെനിക് എന്നിവയിൽനിന്നും വിഷം ഏൽക്കുന്നത് കാരണമുള്ള രോഗങ്ങളിലധികവും തൊഴിൽജന്യ രോഗങ്ങളുടെ ഗണത്തിൽപ്പെടുന്നു.
എൻഡോസൾഫാൻ പോലുള്ള മാരക വിഷങ്ങൾ ജനിതക വൈകല്യങ്ങളുണ്ടാക്കി തലമുറകളെത്തന്നെ നശിപ്പിക്കുന്നവയാണ്.
പലതരം പകർച്ചവ്യാധികളും ആരോഗ്യപ്രവർത്തകർക്ക് ലഭിക്കുന്നത് തൊഴിലിന്റെ പ്രത്യേകത കൊണ്ടുകൂടിയാണ്.അത് മഞ്ഞപ്പിത്തം മുതൽ കോവിഡ് വരെയാകാം.ചുരുക്കിപ്പറഞ്ഞാൽ തൊഴിൽപരമായുണ്ടാകുന്ന രോഗങ്ങൾ തൊഴിലുമായി ബന്ധപ്പെട്ട വ്യക്തിയെ മാത്രമല്ല, കുടുംബാംഗങ്ങളേയും ബന്ധുക്കളേയും അവരുൾപ്പെടുന്ന സമൂഹത്തിനും കൂടി ബാധിക്കുന്ന തരത്തിലുള്ളവയുമാണ്.
ഡോ.ഷർമദ് ഖാൻ
9447963481