fbpx

ആഹാരം തന്നെ ഔഷധം- ഭാഗം 1

 

“വിശക്കാതിരിക്കണമെങ്കിൽ എന്തെങ്കിലുമൊക്കെ കഴിച്ച് വയറുവീർപ്പിക്കണം” എന്ന് വിചാരിക്കുന്നവരും അതാണ് ശരിയെന്ന് കരുതി വേണ്ടപ്പെട്ടവരോടൊക്കെ അപ്രകാരം ഉപദേശിക്കുന്നവരുമുണ്ട്. എന്നാൽ എന്തെങ്കിലുമൊക്കെ കഴിച്ച് വിശപ്പടക്കുന്നത് ശരിയായ ഭക്ഷണത്തിന്റെ ഗുണം ചെയ്യില്ലെന്ന് മാത്രമല്ല പലവിധ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഔഷധം പോലെ ആഹാരത്തെ
വീണ്ടുവിചാരത്തോടെ ഉപയോഗിച്ചില്ലെങ്കിൽ ഔഷധവും കൂടി ആഹാരം പോലെ ഉപയോഗിക്കേണ്ടിവരും. ശരീരത്തിന്റെ ഓരോതരം പ്രവർത്തനങ്ങളും സുഗമമായി നടക്കണമെങ്കിൽ വിവിധങ്ങളായ ഭക്ഷണം ആവശ്യമാണ്. അങ്ങനെ പലരും ശീലിച്ചിട്ടില്ല. അങ്ങനെ ശീലിക്കുന്നത് ചിലർക്ക് ഇഷ്ടവുമല്ല. “തിരിച്ചു കടിക്കാത്ത എന്തിനേയും തിന്നും” എന്ന് പറയുന്നവർ പോലും വിരലിലെണ്ണാവുന്ന ഭക്ഷണവിഭവങ്ങൾ മാത്രമാണ് സ്ഥിരമായി കഴിക്കുന്നത്. രുചിയോ നിറമോ മണമോ അൽപമൊന്ന് മാറിപ്പോയാൽ പിന്നെ വലിയ വിപ്ലവമാണ്. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങൾക്ക് പോലും ആരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കഴിക്കുവാൻ ആവശ്യത്തിലേറെയുള്ള ഇടങ്ങളിൽ പോലും വിളർച്ച രോഗം ഉണ്ടാകുന്നത് കാണുന്നുണ്ടല്ലോ? “മര്യാദയ്ക്ക് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ്” എന്ന് പറയുമ്പോഴും പലവിധത്തിലുള്ള ഭക്ഷണം കഴിക്കുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാറില്ലെന്നതാണ് വാസ്തവം. അരി,ഗോതമ്പ്, മൈദ തുടങ്ങിയവ പൊടിച്ചും ആട്ടിയും അല്ലാതെയും ഉപയോഗിക്കുകയും അതിനാവശ്യമായ കറികൾ കൂടി ഉൾപ്പെടുത്തുകയും ചെയ്യുകയാണ് കേരളത്തിൽ അധികമാൾക്കാരും ചെയ്യുന്നത്. ഇലക്കറികൾ, പച്ചക്കറികൾ, സാലഡുകൾ, പഴവർഗങ്ങൾ, പരിപ്പ് വർഗങ്ങൾ, നട്ട്സ്, വിത്തുകൾ എന്നിവ വളരെ കുറച്ച് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഒട്ടുംതന്നെ ഉപയോഗിക്കാത്തവരും കുറവല്ല.

സൂക്ഷ്മമായി നിരീക്ഷിച്ചും പരിശോധനകൾ നടത്തിയുമാണ് ശരീരത്തിനാവശ്യമായവയിൽ എന്താണ് കുറവുള്ളതെന്നും വർദ്ധിച്ചിരിക്കുന്നതെന്നും മനസ്സിലാക്കുന്നത്. അതിനനുസരിച്ചാണ് ഭക്ഷണം കൊണ്ടാണോ മരുന്നുകൾ കൊണ്ടാണോ ഇത് പരിഹരിക്കേണ്ടതെന്ന് തീരുമാനിക്കപ്പെടുന്നത്. അതിൽ ഒന്നാം സ്ഥാനം നൽകേണ്ടത് ഭക്ഷണം കൊണ്ട് ബുദ്ധിമുട്ടുകൾ പരിഹരിക്കാനാകുമോ എന്ന കാര്യത്തിന് തന്നെയാണ്. ഒരു പ്രമേഹരോഗി മധുരം കൂടുതൽ കഴിച്ചാൽ രോഗം വർദ്ധിക്കുന്നത് പോലെ രക്തസമ്മർദ്ദമുള്ള രോഗികൾ ഉപ്പ് കുറച്ചാൽ രോഗം കുറയുന്നതു പോലെ പ്രധാനവും കൃത്യതയുമുള്ളതാണ് ഓരോ ഭക്ഷണവസ്തുക്കളും.

കൃത്രിമവും
റെഡിമെയ്ഡുമായ ഭക്ഷണത്തെ കൂടുതൽ ആശ്രയിക്കുന്നത് കൊണ്ടുണ്ടാകുന്ന നിരവധി രോഗങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വിളർച്ച അഥവാ അനീമിയ എന്ന രോഗമാണ്. കഴിക്കാൻ ഭക്ഷണം ഏറെയുണ്ടായിട്ടും വിളർച്ചയുണ്ടാകുന്നു എന്നത് വിരോധാഭാസമായി തോന്നാം. അതിൽനിന്നുതന്നെ കഴിക്കുന്നതെല്ലാം ശരിയായ ഭക്ഷണമല്ലെന്നും, ഭക്ഷണമെന്ന് വിചാരിച്ച് പലതും കഴിക്കുന്നതാണെന്നും വിലയിരുത്തേണ്ടിവരും.

കോവിഡ് കാലത്ത് ഏറ്റവുമധികം ആൾക്കാർ ഉപയോഗിച്ച ഒരു ആഹാര വസ്തു ഇഞ്ചിയാണ്. അലർജി, കഫരോഗങ്ങൾ എന്നിവ അകറ്റുവാനും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുവാനും ഇഞ്ചി ഉപകാരപ്പെടും. ജലദോഷത്തിന് തേൻ ചേർത്ത് കഴിക്കണം. ഇഞ്ചി ദഹനത്തെ വർദ്ധിപ്പിക്കുവാനും നല്ലത്. ചുക്ക് ദഹനത്തിന് നല്ലതാണ്. സന്ധിവേദനയെ ശമിപ്പിക്കും. ചുക്കുകാപ്പി, ചുക്ക് വെള്ളം എന്നിവ പനി ഉള്ളപ്പോൾ നല്ലത്. വയറിളക്കമുള്ളപ്പോഴും ചുക്ക് ഗുണകരം തന്നെ. മലബന്ധമുള്ളവർക്ക് നല്ലതല്ല.
ഏറ്റവും നല്ല ജനറൽ ടോണിക്കാണ് തേൻ. മഴക്കാലത്ത് പ്രത്യേകിച്ചും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും ശരീരബലം ലഭിക്കുന്നതിനും നല്ലത്. വയറിളക്കമൊഴിവാക്കുവാൻ തേൻ നല്ലത്. ചെറുതേനാണ് ഔഷധ കാര്യങ്ങൾക്ക് ഉപയോഗിക്കുന്നത്. ശരീരം മെലിയുന്നതിന് ചെറുതേൻ നല്ലതാണ്. നല്ല തേൻ ഉപയോഗിക്കുന്നതിന് പ്രത്യേക കരുതൽ വേണമെന്നത് ശ്രദ്ധിക്കുക.

ഏറ്റവും നല്ല ആൻറിബയോട്ടിക്, ആൻറി വൈറൽ സ്വഭാവമുള്ള ഭക്ഷണമാണ് മഞ്ഞൾ. മഞ്ഞൾ എങ്ങനെയൊക്കെ ഉപയോഗിക്കാമോ അവയെല്ലാം ആയുർവേദം പ്രോത്സാഹിപ്പിക്കുന്നു. അകത്തും പുറത്തും ഉപയോഗിക്കുന്നതും നല്ലതാണ്.മഞ്ഞൾ അലർജി രോഗങ്ങൾക്ക് ഉത്തമ പരിഹാരമെന്നാണ് അനുഭവം. എങ്കിലും പല കാരണങ്ങളാൽ മഞ്ഞളിനോട് പോലും അലർജിയുള്ളവർ ഉണ്ടെന്നത് മറക്കേണ്ട. പാലിൽ ചേർത്തും തേനിൽ ചേർത്തും ഭക്ഷണമായും ഔഷധവുമായും ഉപയോഗപ്പെടുത്തിയാൽ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താം. കഫ രോഗങ്ങൾ കുറയ്ക്കുവാനും തൊണ്ടയിൽ തടയുന്ന കഫം ഇളകി പോകുന്നതിനും ശരിയായ മലശോധന ലഭിക്കുന്നതിനും പൊതുവായ ആരോഗ്യം മെച്ചപ്പെടുന്നതിനും ഉന്മേഷത്തിനും വിളർച്ച രോഗം അകറ്റുന്നതിനും കണ്ണിൻറെ ആരോഗ്യത്തിനും കറുത്ത ഉണക്കമുന്തിരി നല്ലതാണ്. ശരീരോഷ്മാവ് വർദ്ധിക്കുന്നതിനും തണുപ്പ് കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അകറ്റുന്നതിനും കാഷ്യൂനട്ട് ഉപയോഗപ്പെടും.
തണുപ്പ് കൊണ്ടുള്ള രോഗങ്ങളും ജലദോഷവും ദഹനപ്രശ്നങ്ങളും അകറ്റുവാൻ കുരുമുളക് നല്ലതാണ്.
ഗ്യാസ്, ദഹനപ്രശ്നങ്ങൾ, അർശസ്സ്, ഫിസ്റ്റുല എന്നിവയുള്ളവർ മോരും മോരു കറിയും ഉപയോഗിക്കണം. ഒരു ദിവസം ഉറയൊഴിച്ചു വെച്ച് തയ്യാറാക്കിയ പുളിക്കാത്ത തൈര് കടഞ്ഞോ മിക്സിയിലടിച്ചോ വെണ്ണ മാറ്റി ഇരട്ടി വെള്ളം ചേർത്ത് എടുക്കുന്നതാണ് മോര്. അതിനാൽ തൈരിൽ വെള്ളം ചേർത്ത് മോരുകറി ഉണ്ടാക്കിയാൽ ഗുണം ലഭിക്കണമെന്നില്ല. ആഹാരത്തിനോട്
രുചിക്കുറവുള്ളവർക്ക് തൈര് നല്ലതാണ്. എന്നാൽ സ്ഥിരമായും രാത്രിയും തൈര് ഉപയോഗിക്കാൻ പാടില്ല എന്നത് ശ്രദ്ധിക്കണം.

 

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart