കോവിഡ് ബാധിച്ച് അത്രയധികം ബുദ്ധിമുട്ടുകളൊന്നും ഇല്ലാതിരുന്നവരിൽപോലും അവർ നെഗറ്റീവായ ശേഷം മാസങ്ങളോളം തുടരുന്ന ബുദ്ധിമുട്ടുകളുണ്ടാകുന്നതായി കാണുന്നു. അവയിൽ പലതും ദൈനംദിന ജീവിതത്തെ പോലും ബാധിക്കുകയും ചിലരിലെങ്കിലും മാരകമാകുകയും ചെയ്യുന്നവയാണ്. കോവിഡ് പോസിറ്റീവ് ആയപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നവർക്ക് പിന്നീട് പ്രശ്നങ്ങളൊന്നുമില്ലെന്നല്ല ഇതിന്റെ അർത്ഥം. അവരും ഇത്തരം ബുദ്ധിമുട്ടുകൾ എത്ര ചികിത്സിച്ചിട്ടും മാറുന്നില്ലെന്ന പരിഭവത്തോടെ ഇപ്പോൾ ആയുർവേദ ചികിത്സ തേടിയെത്തുന്നുണ്ട്.
കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഉണ്ടായ ലക്ഷണങ്ങൾ തന്നെ നെഗറ്റീവായ ശേഷവും തുടരുന്നവരും ബുദ്ധിമുട്ടുകൾ കുറയുമെങ്കിലും അവ മാറാതിരിക്കുന്നവരും പ്രശ്നങ്ങൾ ക്രമേണ വർദ്ധിക്കുന്നവരുമുണ്ട്. മുമ്പ് ഇല്ലാതിരുന്ന ചില ലക്ഷണങ്ങളും രോഗങ്ങളും പുതിയതായി പ്രത്യക്ഷപ്പെടുന്നതായും കാണുന്നു.പലർക്കും വളരെ വ്യത്യസ്തവും വിപരീതവുമായ പ്രയാസങ്ങളും കാണുന്നതായി നിരീക്ഷണങ്ങളുണ്ട്. എന്നാൽ കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ആയുർവേദ ചികിത്സ ചെയ്തവർക്ക് അത്ര ഗുരുതരമായ ബുദ്ധിമുട്ടുകൾ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.
തോളുകൾക്കും കഴുത്തിനോട് ചേർന്ന ഭാഗത്തും വേദനയും അനക്കുവാൻ പ്രയാസവും കാലുകളിൽ പ്രത്യേകിച്ചും മുട്ടിനുതാഴെ ശക്തമായ കഴപ്പും വേദനയും അതിയായ തലവേദനയും കണ്ണ് ചുവപ്പും ശബ്ദ വ്യത്യാസവും വയറുവേദനയും ഉൽകണ്ഠയും ആശയക്കുഴപ്പവും മണം അറിയുവാൻ സാധിക്കായ്കയും കിതപ്പും ശ്വാസതടസവും നെഞ്ചിടിപ്പും തലയിലും മുഖത്തും കഴുത്തിലും ദേഹത്തും ചൊറിച്ചിലും കരുവാളിപ്പും ചുമയും അൽപമൊന്ന് നടന്നാൽ പോലും കുഴഞ്ഞുവീഴുമെന്ന പ്രതീതിയും കാണുന്നവരുണ്ട്. ചിലർക്ക് വിശപ്പില്ലെങ്കിൽ മറ്റുചിലർക്ക് അമിതമായ വിശപ്പാണ്. കോവിഡ് കാരണം നാലുമുതൽ ആറുവരെ കിലോ ശരീര ഭാരം കൂടിയ വരും കുറഞ്ഞവരുമുണ്ട്. രുചിയറിയാത്തവരും നാവിന് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് പോലെ തോന്നുന്നുണ്ടെന്ന പരാതിയുള്ളവരുമുണ്ട്. ചിലർക്ക് ഉറക്കം കുറവാണെങ്കിൽ മറ്റുചിലർക്ക് അമിതമായ ഉറക്കമാണ്. പടികൾ കയറുകയോ ഇറങ്ങുകയോ ചെയ്യുമ്പോൾ ശ്വാസം കിട്ടുന്നില്ലെന്ന് പറയുന്നവരുമുണ്ട്. ഇതുകൂടാതെയാണ് ഫംഗസ് രോഗവും ബാധിക്കാവുന്നത്.
ഇവയിൽ എല്ലാ ലക്ഷണങ്ങളും ഒരുപോലെ വേഗത്തിൽ ചികിത്സിച്ചു ഭേദമാക്കുവാൻ സാധിക്കണമെന്നില്ല. എന്നാൽ ഇവ ഓരോന്നും ശരിയായി പരിഹരിക്കുവാൻ ആയുർവേദ ചികിത്സകർക്ക് സാധിക്കുന്നുണ്ടെന്നതാണ് വാസ്തവം. കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെങ്കിൽ കോവിഡ് ബാധിച്ചപ്പോൾ ചെയ്ത ചികിത്സകൾക്കൊപ്പം ഭക്ഷണത്തിനും ശരിയായ ശ്രദ്ധ നൽകേണ്ടതുണ്ട്. എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ആഹാരങ്ങളായ കഞ്ഞിയും പയറും അതുപോലുള്ളവയും എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണവും ആവശ്യത്തിന് ഇടയ്ക്കിടെ ചൂടാക്കി തണുപ്പിച്ച വെള്ളം കുടിക്കുകയും ചെയ്താണ് ഭക്ഷണം ശ്രദ്ധിക്കേണ്ടത്. മാംസാഹാരവും മുട്ടയും പാലും കഴിച്ച് കോവിഡിനെ വരുതിയിലാക്കാൻ ശ്രമിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ക്രമേണ ബുദ്ധിമുട്ടുകൾ കുറയുന്ന മുറയ്ക്ക് പോഷണമുള്ള ആഹാരത്തിലേക്ക് മാറുകയും വേണം. ‘ഒന്നോ രണ്ടോ ദിവസം മാത്രം പനിയോ ജലദോഷമോ ഉണ്ടായിരുന്നതേയുള്ളൂ’ എന്ന് വാദിക്കുന്ന കോവിഡ് രോഗികളും ഭക്ഷണത്തിന്റെ കാര്യത്തിൽ ഇതുപോലെ ശ്രദ്ധിക്കുന്നതാണ് നല്ലത്. ആരോഗ്യമുണ്ടാകട്ടെ എന്ന് കരുതി ആവശ്യത്തിലേറെ മുട്ടയൊക്കെ കഴിച്ച് അബ്സസ് അഥവാ പൊന്നി പോലുള്ള കുരുക്കൾ ഉണ്ടാക്കിവെച്ച വരുമുണ്ട്. അതുകൊണ്ട് ഇക്കാര്യത്തിൽ ചികിത്സിക്കുന്ന ആയുർവേദ ഡോക്ടറുടെ ഉപദേശം അനുസരിക്കുന്നതാണ് നല്ലത്.
കരളിനും മെറ്റബോളിസത്തിനും ശ്വാസകോശത്തിനും ഹൃദയപ്രവർത്തനത്തിനും അധിക ബുദ്ധിമുട്ടുണ്ടാകുന്നത് കൊണ്ടാണ് ഇത്തരം സെക്കൻന്ററി കോംപ്ലിക്കേഷനുകൾ കൂടി ഉണ്ടാകുന്നത്. അതുകൊണ്ട് ലക്ഷണങ്ങളേക്കാൾ പ്രാധാന്യത്തോടെയും ഈ അവയവങ്ങളുടെ പ്രവർത്തനം ശരിയാക്കണമെന്ന വിചാരത്തോടെയുമുള്ള ചികിത്സ അനിവാര്യമാണ്.
പ്രമേഹരോഗികളും കരൾ രോഗമുള്ളവരും കൂടുതൽ ശ്രദ്ധയോടെ അവർക്കുണ്ടായിരുന്ന രോഗങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കണം. കോവിഡ് കാരണം പ്രമേഹം അനിയന്ത്രിതമായ രീതിയിൽ വർദ്ധിച്ചവരും പുതുതായി പ്രമേഹം ബാധിച്ചവരുമുണ്ട്.
അവർക്ക് ദഹനസംബന്ധമായതും മൂത്രപഥ അണുബാധയും ഫംഗസ് രോഗങ്ങളും ബാധിക്കാവുന്നതാണ്.
കോവിഡ് കാരണം ശരീരബലത്തിനുണ്ടായ കുറവ് പരിഹരിക്കും വിധമുള്ള ഭക്ഷണരീതി മറ്റ് അനുബന്ധ പ്രശ്നങ്ങൾ കുറയുന്ന മുറയ്ക്ക് സ്വീകരിക്കേണ്ടതാണ്. എന്നാൽ ചിലയിടങ്ങളിൽ കോവിഡ് ബാധിച്ച് നെഗറ്റീവായവരുടെ ക്ഷീണം മാറ്റാനെന്ന പേരിൽ അവരെ തെരഞ്ഞുപിടിച്ച് ആട്ടിൻ സൂപ്പ്, അജമാംസരസായനം തുടങ്ങിയവ തയ്യാറാക്കി കൊടുക്കുന്ന സംഘടനകൾ വരെ ഉള്ളതായി കേൾക്കുന്നു. കൊടുക്കുന്നവർക്ക് കാര്യം മനസ്സിലായില്ലെങ്കിൽ വാങ്ങിക്കഴിക്കുന്നവരെങ്കിലും ഇതൊക്കെ തിരിച്ചറിയണ്ടേ? അപകടമുണ്ടാക്കുന്ന രീതികളാണ് ഇവയെല്ലാം. അതു മനസ്സിലാക്കി വിവേകത്തോടെ പ്രവർത്തിക്കുവാൻ ഏറ്റവും അടുത്ത ആയുർവേദ ഡോക്ടറുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ഓർമ്മിപ്പിക്കട്ടെ. സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങളും ചികിത്സയും മരുന്നും ഫ്രീ ആയിട്ടാണ് ലഭിക്കുന്നതെന്ന് പറയേണ്ടതില്ലല്ലോ? ഈ ആവശ്യത്തിനായുള്ള ആയുർവേദ മരുന്നുകൾ രോഗികൾക്ക് വാങ്ങി നൽകുന്നതിനുള്ള തുക പുതുക്കിയ ബഡ്ജറ്റിൽ സർക്കാർ പുതിയതായും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ചിലർ വാട്ട്സ് ആപ്പ് മെസ്സേജുകൾ പ്രചരിപ്പിക്കുന്നതുപോലെ ആയുർവേദ കോവിഡ് കിറ്റ് എന്ന രീതിയിൽ നൽകുവാനുള്ളതല്ല ഈ മരുന്നുകൾ. കോവിഡ് ബാധിച്ച ഓരോരുത്തരുടെയും നിലവിലുള്ള അസുഖങ്ങളും കോവിഡ് കാരണവും ശേഷവുമുള്ള ബുദ്ധിമുട്ടുകളും ഓരോ വ്യക്തികളുടേയും പ്രത്യേകതകളും മനസ്സിലാക്കി അവ പരിഹരിക്കുന്നതിനായി ആവശ്യമായ മരുന്നുകൾ കൃത്യമായ പ്രോട്ടോക്കോൾ അനുസരിച്ച് തയ്യാറാക്കിയാണ് നൽകുന്നത്.ഏത് മരുന്നാണ് നൽകേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറാണ്. ആയതിനാൽ കോവിഡ് പോലുള്ള പ്രതിസന്ധി കാലത്തും ആൾക്കാരെ പറ്റിക്കുംവിധമുള്ള ഇത്തരം മെസേജുകൾ പ്രചരിപ്പിക്കുന്നത് അർഹമായ അവഗണനയോടെ തള്ളിക്കളയുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കോവിഡ് വരുന്നവർക്ക് മാത്രമേ കോവിഡാനന്തര ബുദ്ധിമുട്ടുകളും ഉണ്ടാകുകയുള്ളൂ. ചുരുക്കത്തിൽ ഇത്രയേറെ ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെങ്കിൽ കോവിഡ് വരാതെ സൂക്ഷിക്കുക മാത്രമേ നിവൃത്തിയുള്ളു.
ഡോ. ഷർമദ് ഖാൻ
9447963481