fbpx

മുൻകോപം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ

സാധാരണ എല്ലാവരും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള വികാര പ്രകടനമാണ് ദേഷ്യം. അവസരോചിതമായി അത് നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ സ്വന്തം ജീവിതത്തിലും സാമൂഹികമായും നിരവധി ബുദ്ധിമുട്ടുകൾ അതുകാരണമുണ്ടാകാം.

സ്ഥിരമായി ദേഷ്യപ്പെടുന്നവരെ
മുൻകോപികൾ എന്നാണ് വിളിക്കുന്നത്. ശാരീരികമായും മാനസികമായും ആരോഗ്യം നശിപ്പിക്കുന്നതിൽ പ്രധാന വില്ലനാണ് മുൻകോപം. സ്വന്തം ജീവിതത്തിൽ പിന്നീട് എന്തൊക്കെ നഷ്ടമുണ്ടാകാമെന്ന് ചിന്തിക്കുവാൻകൂടി സാവകാശമില്ലാതെ പെരുമാറുന്നവരാണ് മുൻകോപികൾ. ”വെട്ടൊന്ന് ,മുറി രണ്ട്’ ” എന്നതാണ് ചില
ദേഷ്യക്കാരുടെ രീതി. “വാവിട്ട വാക്കും കൈവിട്ട ആയുധവും” എന്ന പ്രയോഗം ഇത്തരം ആൾക്കാരെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കാനായി ഉപയോഗിക്കേണ്ടി വരാറുണ്ട്. സ്ത്രീകളെക്കാൾ മുൻകോപികൾ പുരുഷന്മാരാണെന്ന കണക്കുകളാണ് പലരാജ്യങ്ങളും സൂചിപ്പിക്കുന്നത്.

മുൻകോപത്തിന്റെ കാരണങ്ങൾ പലതാണ്. മേൽക്കോയ്മ നഷ്ടപ്പെട്ടതായി തോന്നുക, ആക്രമിക്കുകയോ കീഴടക്കുകയോ ചെയ്യുമെന്ന ഭയം, എൻറെ കീഴിലുള്ളവരോട് എനിക്കെന്തുമാകാമെന്ന് സമർത്ഥിക്കുവാനുള്ള ശ്രമം, കൂടെയുള്ളവരെല്ലാം എനിക്ക് താഴെയുള്ളവരും നിസ്സാരൻമാരുമാണെന്ന ഭാവം, ഞാൻ തീരുമാനിക്കുന്നത് മാത്രം നടപ്പിലാകണമെന്ന വാശി, നഷ്ടങ്ങളുണ്ടാക്കിയ ചില ഓർമ്മകളും അവ ഒഴിവാക്കുവാൻ ദേഷ്യം നല്ലതാണെന്ന ധാരണയും, മാനസികമായും ശാരീരികമായുമുള്ള സഹിക്കാനാകാത്ത വേദന, ഏറ്റവും ഇഷ്ടപ്പെട്ടവർ നഷ്ടപ്പെട്ടതിലുള്ള ദുഃഖം, മദ്യപാനം, മയക്കുമരുന്ന് ഇവയുടെ ഉപയോഗമോ പെരുമാറ്റദൂഷ്യമോ ചോദ്യം ചെയ്യപ്പെടുക, ആരോഗ്യത്തിലെ അസ്വസ്ഥതകൾ, ആഗ്രഹിക്കുന്നത് നടത്തുവാൻ സാധിക്കാത്തതിലുള്ള ദുഃഖം, എൻറെ മനസ്സിൽ തോന്നിയ കാര്യങ്ങൾക്കനുസരിച്ച് പെരുമാറുവാൻ സാധിക്കുന്നില്ലെങ്കിൽ ”പോയി ചാകട്ടെ”എന്ന രീതിയിലുള്ള പെരുമാറ്റം, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത മാനസികാവസ്ഥ, പ്രതീക്ഷിച്ചത് ലഭിക്കാത്തതിലുള്ള വൈഷമ്യം, തള്ളിപ്പറയുകയോ കുറ്റപ്പെടുത്തുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നതിനുള്ള പരിഭവം, മാനസികരോഗങ്ങൾ, വർദ്ധിച്ച രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുകയോ കുറയുകയോ ചെയ്യുക എന്നിങ്ങനെ പലതാകാം നിയന്ത്രിക്കാനാകാത്ത ദേഷ്യമുണ്ടാകുന്നതിന്റെ കാരണങ്ങൾ.

വളരെ വ്യത്യസ്തമായ രീതിയിലാണ് പലരും ദേഷ്യം എന്ന വികാരം പ്രകടിപ്പിക്കുന്നത്. ഹൃദയത്തിൻറെ മിടിപ്പ് വർദ്ധിക്കുക, ശരീരം പെട്ടെന്ന് ചൂട് കയറുക, വിയർക്കുക, നെഞ്ച് വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, പല്ലിറുമ്മുക, പേശികൾ വലിഞ്ഞു മുറുകുക, വിറയ്ക്കുക, കൈകാലുകൾ മരവിക്കുകയോ ബലക്കുറവ് അനുഭവപ്പെടുകയോ ചെയ്യുക, ബോധംകെട്ട് വീഴാൻ പോകുന്നതായി തോന്നുക, വികാര പരവശനാകുക, സമാധാനപ്പെടാൻ കഴിയാതാകുക, കുറ്റബോധവും വിഷമവും വിഷാദവും തോന്നുക, ശബ്ദമുയർത്തി സംസാരിക്കുക, തമാശ ആസ്വദിക്കാൻ കഴിയാതെ വരിക, പെട്ടെന്ന് കരയുക,എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ പെരുമാറുക, പുകവലിക്കുവാനോ മദ്യപിക്കുവാനോ ഉള്ള ആവേശം വർദ്ധിപ്പിക തുടങ്ങിയവയാണ് സാധാരണയായി കാണുന്നത്.

ശാരീരിക മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സ, യോഗ,വ്യായാമം, മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഉതകുന്നവിധമുള്ളവ ശീലിക്കൽ, കൗൺസലിംഗ്, ആയുർവേദ മരുന്നുകൾ എന്നിവ ഫലപ്രദമാണ്.

ഇത്തരത്തിലുള്ള മുൻകോപികൾക്ക് ചില രോഗങ്ങൾ വളരെ എളുപ്പത്തിൽ പിടിപെടാനിടയുണ്ട്. തലവേദന, വയറുവേദനയും ദഹന സംബന്ധവുമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, അമിതമായ ടെൻഷൻ, ഉയർന്ന രക്തസമ്മർദ്ദം, ചൊറിച്ചിൽ പോലുള്ള ത്വക് രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയാണവ.

ചില പ്രത്യേക രീതിയിലുള്ള പെരുമാറ്റങ്ങൾ ശീലിച്ചാൽ മുൻകോപത്തെ പിടിച്ചുനിർത്തുവാൻ സാധിക്കുന്നതാണ്. വല്ലാതെ ദേഷ്യം തോന്നുന്ന സാഹചര്യത്തിൽ നിന്നും ദേഷ്യം ശമിക്കുന്നതുവരെ മാറിനിൽക്കുക,ഇത്തരം വൈകാരിക സന്ദർഭങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് അംഗീകരിക്കുക,ദേഷ്യം ഉണ്ടാക്കുന്നതിന് കാരണക്കാരായവരുടെ ഭാഗത്തും അവരുടേതായ ശരി ഉണ്ടായിരിക്കുമെന്ന് വിചാരിക്കുക,ദേഷ്യപ്പെടുന്നതിനേക്കാൾ ദേഷ്യമുണ്ടായതിന്റെ യഥാർത്ഥ കാരണം മനസ്സിലാക്കുവാൻ ശ്രമിക്കുക,സമാന സ്വഭാവത്തിൽ ദേഷ്യമുണ്ടാക്കുന്ന കാര്യങ്ങളിൽ മുൻകോപമില്ലാതെ സമാധാനപരമായി എങ്ങനെ ഇടപെടാമെന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച് വെയ്ക്കുക,ദേഷ്യത്തോടെ പെരുമാറുന്നതിന് മുമ്പ് 10 നിമിഷമെങ്കിലും ചിന്തകൾ മാറ്റുക,10 മുതൽ 20 വരെ എണ്ണുക,കായിക വിനോദങ്ങളിൽ ഏർപ്പെടുക,നടക്കുക, ലഹരിവസ്തുക്കളുടെ ഉപയോഗം ഉപേക്ഷിക്കുക, നിങ്ങൾക്ക് തോന്നുന്ന ദേഷ്യം എത്രമാത്രമാണെന്ന് ഏറ്റവും അടുത്ത സുഹൃത്തിനോട് മാത്രം പറയുക, അമിതമായ ദേഷ്യമുള്ളവർ വാഹനമോടിക്കുകയോ ആയുധങ്ങൾ കൈകാര്യം ചെയ്യുകയോ അപകടമുണ്ടാക്കുന്ന ജോലികളിൽ ഏർപ്പെടുകയോ ചെയ്യരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് മുൻകോപം കൊണ്ടുള്ള പ്രശ്നങ്ങൾ ഒരു പരിധിവരെ വരെ തടയുവാൻ സാധിക്കും.

ഡോ. ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart