കോവിഡ് രോഗത്തിന്റെ രണ്ടാം തരംഗം ആരോഗ്യ രംഗത്തെയും ജന ജീവിതത്തെയും ഒരുപോലെ ബാധിച്ചു
മുന്നോട്ടു പോകുമ്പോൾ, പുതിയതായി നമ്മുടെ സംസ്ഥാനത്തടക്കം റിപ്പോർട്ട് ചെയ്യപ്പെട്ട ബ്ലാക് ഫംഗസ് രോഗവും സാധാരണ മനുഷ്യരിൽ കൂടുതൽ ഭയവും ആശങ്കയും സൃഷ്ടിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ എന്താണ് ബ്ലാക് ഫംഗസ് രോഗമെന്നും അതിന്റെ ലക്ഷണങ്ങളും, നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുമാണ് ഈ കുറിപ്പിൽ വിശദീകരിക്കാൻ ശ്രമിക്കുന്നത്.
ഒന്നാമതായി മനസ്സിലാക്കേണ്ടത് കോവിഡ് 19 പോലെ പകർച്ച വ്യാധിയായി പടർന്നു പിടിക്കുന്ന രോഗമല്ല ബ്ലാക് ഫംഗസ് എന്നതാണ്. ഇതൊരു പുതിയ രോഗവുമല്ല. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മില്യൺ ജനസംഖ്യയിൽ രണ്ടോ മൂന്നോ എന്ന കണക്കിൽ ഓരോ വർഷവും ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് 19 ഉം അതിന്റെ ചികിത്സയും മനുഷ്യന്റെ രോഗ പ്രതിരോധ വ്യവസ്ഥയെ ബാധിച്ചത് കൊണ്ടാണ് കൂടിയ തോതിൽ നമ്മുടെ രാജ്യത്തടക്കം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എന്താണ് ബ്ലാക് ഫംഗസ് ?
വളരെ ലളിതമായി പറഞ്ഞാൽ ഇതൊരു പൂപ്പൽ ബാധയാണ്. മൂക്കോർ മൈക്കോസിസ് ( Mucormycosis) എന്നതാണ് ഈ രോഗത്തിന്റെ ശാസ്‌ത്രീയ നാമം. മൂക്കോർമൈസെറ്റ്‌സ് (Mucormycets) എന്നതരം ഫംഗസ് വകഭേദമാണ് രോഗ കാരണം. ഇത് സാധാരണയായി നമ്മുടെ ചുറ്റുവട്ടത്തും മണ്ണിലും കാണുന്ന ഒരു തരം ഫംഗസാണ്.
ഇതിന്റെ സ്‌പോറുകളാണ്( ബീജ കോശങ്ങൾ ) വായുവിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെയും
നമ്മുടെ ശരീരത്തിൽ പ്രവേശിച്ചു രോഗം ഉണ്ടാക്കുന്നത്.
ഏതൊക്കെ അവയവങ്ങളെയാണ് ബ്ലാക്
ഫംഗസ് ബാധിക്കുന്നത് ?
മൂക്ക്, പാരാ നേസൽ സൈനസുകൾ, കണ്ണ്, മുഖം, ശ്വാസകോശം, തലച്ചോർ എന്നിവിടങ്ങളിലാണ് രോഗ ബാധ ഉണ്ടാകുന്നത്. അപൂർവ്വമായി അന്ന നാളത്തെയും ബാധിച്ചു കാണുന്നു.
കണ്ണിന് ചുറ്റും , മൂക്കിലുമാണ് കൂടുതൽ ലക്ഷണങ്ങൾ കാണിക്കുന്നത്.
എങ്ങനെയാണ് രോഗം ബാധിക്കുന്നത് ?
നേരത്തെ സൂചിപ്പിച്ചത് പോലെ വായുവിലൂടെ ശരീരത്തിൽ എത്തുന്ന ഫംഗൽ സ്പോറുകളാണ് (ബീജ കോശങ്ങൾ) രോഗ കാരണം. ത്വക്കിലെ ചെറിയ മുറിവുകളിൽ കൂടിയും ഇത് ശരീരത്തിൽ എത്തുന്നതായി പഠനങ്ങൾ തെളിയിക്കുന്നു . ഏത് വിധേന ശരീരത്തിൽ എത്തിയാലും രോഗ പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിൽ മാത്രമേ രോഗം വരുവാനുള്ള സാധ്യതയുള്ളൂ. ആശുപത്രികളിൽ സ്റ്ററിലൈസ് ചെയ്യാതെ ഉപയോഗിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങൾ, രോഗ പരിശോധനാ ഉപകരണങ്ങൾ എന്നിവ വഴി
ഫംഗൽ സ്പോറുകൾ ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് എത്തുവാനുള്ള സാധ്യതയുമുണ്ട്. കോവിഡ് പോലെ വായുവിലൂടെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ബ്ലാക് ഫംഗസ് പടരും എന്നതിന് നിലവിൽ തെളിവുകളില്ല.
എന്തൊക്കെയാണ് ഇതിന്റെ രോഗ ലക്ഷണങ്ങൾ ?
കണ്ണിന് ചുറ്റും ഉണ്ടാകുന്ന ചുവപ്പ്/ കറുപ്പ് നിറവും, നീരും, കണ്ണടഞ്ഞു പോകുക, കണ്ണിന്റെ കാഴ്ച്ച ശക്തി കുറയുക, മൂക്കിന്റെ പാലത്തിൽ പുറമെ ഉണ്ടാവുന്ന കറുപ്പ് നിറം, മുഖത്തിന്റെ ഒരു സൈഡിൽ ഉണ്ടാവുന്ന നീര്, തലവേദന, പാരാ നേസൽ സൈനസുകളിൽ വേദന, മൂക്ക് അടഞ്ഞതായി തോന്നുക, മൂക്കിൽ നിന്ന് രക്തം വരുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ശ്വസന വ്യവസ്ഥയെ ബാധിച്ചാൽ ചുമയും ശ്വാസ തടസ്സവും പനിയും ഉണ്ടാവാനുള്ള സാധ്യതയുണ്ട്.
ആർക്കൊക്കെയാണ് ബ്ലാക് ഫംഗസ് രോഗം വരുവാനുള്ള സാധ്യത ?
കോവിഡ് രോഗം ബാധിച്ചോ, കോവിഡ് രോഗത്തിൽ നിന്നു മുക്തരായോ ഇരിക്കുന്ന വ്യക്തികളിൽ രോഗ പ്രതിരോധ ശേഷി കുറഞ്ഞ അവസ്‌ഥയുണ്ടാവും. ഇത്തരം രോഗികളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഇന്ത്യയിൽ റിപ്പോർട് ചെയ്യപ്പെട്ടത്.
ക്യാൻസർ രോഗികൾ, കോവിഡ് ബാധിച്ച പ്രമേഹ രോഗികൾ, സ്റ്റിറോയിഡ് മരുന്നുകൾ അമിതമായ ഡോസിൽ ഉപയോഗിക്കുന്നവർ, ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നവർ, വൃക്ക രോഗികൾ, അവയവ മാറ്റ ശസ്‌ത്രക്രിയ നടത്തിയവർ എന്നിവരിൽ രോഗ പ്രതിരോധ ശേഷി കുറവായതിനാൽ റിസ്ക് ഗ്രൂപ്പുകളായി കണക്കാക്കുന്നു. എങ്കിലും റിസ്ക് ഗ്രൂപ്പിലും വളരെ ചെറിയ ശതമാനത്തിൽ മാത്രമാണ് രോഗം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ട് തന്നെ അമിത ഭയത്തിന്റെ ആവശ്യമില്ല എന്ന് സാരം .
രോഗം എങ്ങനെയാണ് തിരിച്ചറിയുന്നത് ?
മേൽ പറഞ്ഞ രോഗ ലക്ഷണങ്ങൾ കൊണ്ടും, രക്തം, കഫം, ശരീര സ്രവങ്ങൾ എന്നിവ കൾച്ചർ ( മൈക്രോ ബയോളജിക്കൽ സ്റ്റഡി) ചെയ്തും ഫംഗസ് ബാധ സ്ഥിരീകരിക്കുന്നു. ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശം അനുസരിച്ചു മാത്രം പരിശോധനകൾക്ക് വിധേയരാവുക.
എന്താണ് നിലവിൽ നൽകി വരുന്ന ചികിത്സ?
ആന്റി ഫംഗൽ ചികിത്സകളും, രോഗ വ്യാപനം നടന്ന ഭാഗത്തു നടത്തുന്ന ശസ്ത്ര ക്രിയയുമാണ് നിലവിൽ നൽകി വരുന്ന ചികിത്സകൾ. ശസ്ത്രക്രിയ രോഗം മറ്റു ഭാഗത്തേക്ക് പടരാതെ ഇരിക്കുവാനാണ് ചെയ്തു വരുന്നത്.
എന്തൊക്കെയാണ് രോഗ പ്രതിരോധ മാർഗ്ഗങ്ങൾ?
റിസ്ക് ഗ്രൂപ്പിൽ പെട്ടവർ രോഗം വന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണം, സ്റ്ററിലൈസ്
ചെയ്ത (അണു വിമുക്തമാക്കിയ)
മെഡിക്കൽ ഉപകരണങ്ങൾ മാത്രം രോഗികളിൽ ഉപയോഗിക്കുന്നു എന്ന് മെഡിക്കൽ സ്റ്റാഫ് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഡോക്ടറുടെ നിർദേശം ഇല്ലാതെ ആന്റി ബയോട്ടിക്കുകൾ, സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുകയോ, നിലവിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഡോസ് വർദ്ധിപ്പിക്കുകയോ ചെയ്യരുത് .
ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി നിലനിർത്തുവാൻ ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും
കൂടുതൽ ഉൾപ്പെടുത്തുക. ദഹിക്കാൻ പ്രയാസമുള്ള എണ്ണയിൽ വറുത്ത ആഹാരങ്ങൾ ഒഴിവാക്കുക. പെട്ടന്ന് ദഹിക്കുന്ന ആഹാരങ്ങൾ ആഹാരങ്ങൾ
ജീവിത ചര്യയാക്കാം. ബ്ലാക് ഫംഗസ് മാത്രമല്ല മറ്റു പകർച്ച വ്യാധികളോടും പൊരുതി നിൽക്കുവാൻ ഇത് ശരീരത്തെ പ്രാപ്തമാക്കും.
ആയുർവേദ മരുന്നുകളിൽ നിലവിൽ പ്രചാരത്തിലുള്ള അപരാജിത ധൂപം പുകയ്ക്കുന്നത് ഫംഗൽ സ്‌പോറുകളുടെ ലോഡ് വായുവിൽ കുറയ്ക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട്. അടുത്തുള്ള ആയുർവേദ ഡോക്ടറിൽ നിന്നോ, അടുത്തുള്ള ആയുർവേദ ഡിസ്പെൻസറിയിൽ നിന്നോ ഈ മരുന്നു ലഭിക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ നിർദേശം തേടി മാത്രം പരിശോധനകളും ചികിത്സയും ചെയ്യുക.
ഡോ.ജിഷ്ണു .എസ്
മെഡിക്കൽ ഓഫീസർ
AVC&RI , കോയമ്പത്തൂർ.