കോവിഡ് രോഗത്തിന് പ്രത്യേക ചികിത്സയില്ല. അതിൻറെ ലക്ഷണങ്ങൾ മാറുന്നതിനുള്ള ചികിത്സ കൊണ്ട്തന്നെ രോഗവും ശമിക്കും.എന്നിങ്ങനെയാണല്ലോ തുടക്കം മുതൽ പറഞ്ഞുകൊണ്ടിരിക്കുന്നത്?എന്നാൽ കോവിഡ് രോഗികളിൽ കാണുന്ന തൊണ്ടവേദനയും ജലദോഷവും ചുമയും ശ്വാസംമുട്ടും പിന്നീട് ന്യുമോണിയ എന്ന രോഗാവസ്ഥയിലേക്ക് മാറുകയും അതിനെ വരുതിയിലാക്കുന്നതിനായി പല മരുന്നുകളും പ്രയോഗിക്കേണ്ടി വരികയും ചെയ്യുന്നു. ആദ്യമാദ്യം പ്രയോഗിച്ച പല മരുന്നുകളും അതുകാരണമുള്ള അപകടങ്ങൾ മനസ്സിലാക്കി പിന്നീട് ഉപേക്ഷിക്കുകയോ മേലിൽ ഉപയോഗിക്കരുതെന്ന നിർദ്ദേശം അനുസരിക്കേണ്ടി വരികയോ ചെയ്തിട്ടുണ്ട്.
രോഗത്തിൻറെ തീവ്രതയും ചില മരുന്നുകളുടെ ഉപയോഗവും രോഗിയെ അപകടത്തിലാക്കുന്നതും ചികിത്സ ദുഷ്കരമാക്കുന്നതുമായ അവസ്ഥ ഉണ്ടാക്കുന്നതായി കാണുന്നു. ശരീരത്തിൻറെ ഒരുഭാഗത്ത് രക്തസ്രാവമുണ്ടാകുമ്പോൾ മറ്റൊരു ഭാഗത്ത് രക്തം കട്ടപിടിക്കുക, ഹൃദയസ്തംഭനം, പക്ഷാഘാതം, കൈകാലുകളിലെ രക്തയോട്ടം തടസ്സപ്പെടുക, ബ്ലാക്ക് ഫംഗസ് ബാധ തുടങ്ങിയവ സംഭവിക്കുന്നതിനാൽ എന്ത്ചെയ്താണ് രോഗിയെ രക്ഷപ്പെടുത്തേണ്ടതെന്ന് സംശയമുണ്ടാകുന്ന വിധത്തിൽ ചികിത്സകൾ തന്നെ പരീക്ഷണങ്ങളായി മാറുന്നു എന്നതാണ് അതുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അനുഭവങ്ങൾ സൂചിപ്പിക്കുന്നത്.
വളരെ നാളുകളെടുത്ത് കോവിഡ് ചികിത്സയ്ക്കുശേഷം വീട്ടിൽ തിരികെയെത്തിയവരുടെ ജീവിതനിലവാരം പലരിലും കഷ്ടത്തിലാണെന്നതും നെഗറ്റീവായ ശേഷവും “കോവിഡ് കാരണമുള്ള മരണമാണെ”ന്ന് പറയാവുന്നവിധം അപകടങ്ങൾ ഉണ്ടാകുന്നുണ്ടെന്നതും പറയാതിരിക്കാൻ നിവൃത്തിയില്ല.
ഫലപ്രദമാകുമെന്ന ധാരണയിൽ ഉപയോഗിക്കുന്ന മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, സ്റ്റിറോയ്ഡ് മരുന്നുകൾ, പരിചിതമല്ലാത്ത പ്രത്യേക സാഹചര്യത്തിലുള്ള ചികിത്സകൾ, രോഗത്തിൻറെ സ്വഭാവം, മറ്റ് രോഗങ്ങളുടെ സാന്നിദ്ധ്യം,ഏത് വിധേനയും ജീവൻ രക്ഷിക്കുക എന്ന ഉദ്ദേശത്തോടെയുള്ള ഇടപെടലുകൾ എന്നിവയാണ് ഇത്തരം വൈഷമ്യങ്ങളുണ്ടാകുന്നതിനുള്ള കാരണം.
ഇതിന് പരിഹാരമായി തുടക്കത്തിൽതന്നെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് പ്രയോജനം ചെയ്യും. പ്രാഥമിക സമ്പർക്കമുണ്ടായവർ യാതൊരുവിധ ലക്ഷണവുമില്ലെങ്കിലും നിലവിലുള്ള രോഗങ്ങളെ നിയന്ത്രണത്തിലാക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ജീവിതരീതികളും ആയുർവേദ മരുന്നുകളും ഉപയോഗിക്കുകയും ചെയ്യുക. സ്വയം നിരീക്ഷണത്തിലാകുകയും ചെയ്യുക. എന്ത് ലക്ഷണങ്ങൾ കാണുന്നുവോ അവയ്ക്കുള്ള ചികിത്സ ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശത്തോടെ മാത്രം സ്വീകരിക്കുക. ഓരോ ലക്ഷണവും അടുത്ത ഘട്ടത്തിലേക്ക് മാറാൻ അനുവദിക്കാത്ത രീതിയിൽ എത്രയും വേഗം ചികിത്സിച്ചു മാറ്റുക. മാംസാഹാരവും ദഹിക്കുവാൻ പ്രയാസമുള്ളവയും പാലും പാലുൽപ്പന്നങ്ങളും മുട്ടയും പുളിയുള്ള പഴങ്ങളും പരമാവധി ഒഴിവാക്കുക.
ശ്വാസകോശത്തിനുള്ളിൽ കഫം കെട്ടുകയോ ന്യുമോണിയയായി മാറുകയോ ചെയ്യാതിരുന്നാൽ മാത്രമേ ഏറ്റവും എളുപ്പത്തിൽ കോവിഡിനെ ചികിത്സിച്ചു മാറ്റുവാൻ സാധിക്കു.
ന്യുമോണിയ വർദ്ധിക്കുകയോ ഓക്സിജൻ കിട്ടാതാകുകയോ അനുബന്ധ ലക്ഷണങ്ങൾ കൂടി ഉണ്ടാകുകയോ ചെയ്താൽ നേരത്തെ പറഞ്ഞ വെന്റിലേറ്റർ ഉൾപ്പെടെയുള്ള ചികിത്സയിലേക്ക് തന്നെ പോകേണ്ടി വരുമെന്ന കാര്യം മനസ്സിലായല്ലോ? അവിടെ മരുന്നിന് എത്രമാത്രം കുഴപ്പമുണ്ടെന്ന് നോക്കുന്നതിനേക്കാൾ ജീവൻ രക്ഷിക്കാൻ സാധിക്കുമോ എന്ന കാര്യത്തിനാണ് പ്രാധാന്യം നൽകേണ്ടിവരുന്നത് എന്നത് തികച്ചും സ്വാഭാവികമാണ്.
അത് മനസ്സിലാക്കി മനസ്സാന്നിദ്ധ്യം കൈവിടാതെ രോഗത്തിൻറെ തുടക്കത്തിൽതന്നെ ആയുർവേദ ചികിത്സ പ്രയോജനപ്പെടുത്തിയാൽ കോവിഡ് രോഗം ചികിത്സിച്ചു മാറ്റുവാൻ ഒരു പ്രയാസവുമില്ലെന്നകാര്യം ശ്രദ്ധിക്കുമല്ലോ? കോവിഡ് ടെസ്റ്റ് ചെയ്തപ്പോൾ “പോസിറ്റീവ് ആണെങ്കിലും എനിക്കൊരു കുഴപ്പവുമില്ല അല്ലെങ്കിൽ കുറച്ച് കുഴപ്പമേയുള്ളൂ” എന്നൊക്കെ പറഞ്ഞ് ഹോം ഐസൊലേഷനിലോ ഡൊമിസിലിയറികളിലോ കഴിയുന്നവർ ശരിയായി ആയുർവേദ മരുന്നുകൾ കഴിക്കുന്നതിനായി സന്നദ്ധപ്രവർത്തകരോ ബന്ധുക്കളോ വഴി അടുത്തുള്ള സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
അവർക്കായി ഭേഷജം എന്ന പദ്ധതി എല്ലാ സർക്കാർ ആയുർവേദ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
കോവിഡ് ബാധിച്ച നിരവധി ആൾക്കാർ ആയുർവേദ ചികിത്സയിലൂടെ സുഖം പ്രാപിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തിൽ “ആയുർവേദം സിംപിളാണ്, പവർഫുളാണ് പിന്നെ സൗജന്യവുമാണ്.”
ഡോ. ഷർമദ് ഖാൻ
9447963481