fbpx

ഗ്യാസ്

ഏതൊരസുഖത്തിന് ചികിത്സിക്കാൻ വരുന്നവരായാലും കൂട്ടത്തിൽ പറയുന്നൊരു ‘ശല്യക്കാര’നായി ഗ്യാസ് മാറിയിട്ടുണ്ട്. ‘കഴിച്ചാലും കഴിച്ചില്ലെങ്കിലും ഗ്യാസ്’, ‘എന്ത് കഴിച്ചാലും ഗ്യാസ് ‘, ‘സ്ഥിരം രീതികൾക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ഒരു വ്യത്യാസം വന്നുപോയാൽ ഗ്യാസ് ‘ തുടങ്ങി പലവിധ കാരണങ്ങൾ കണ്ടുപിടിച്ചു വച്ചിട്ടുണ്ട് പലരും. മലബന്ധത്തിനും ഹാർട്ട് അറ്റാക്കിനും അർശസിനും പ്രഷറിനും കൊളസ്ട്രോളിനും വരെ ‘കാരണക്കാരനാണ് ഗ്യാസ്’ എന്നുപോലും ചിലർ പറഞ്ഞുകളയും. വയറിനുള്ളിൽ ഉല്പാദിപ്പിക്കുന്ന ഗ്യാസിനെ വളരെ ശക്തിയോടെ പുറത്തേക്കുവിട്ട് സമാധാനപ്പെട്ട് നടക്കുന്നവരും കുറവല്ല. ‘വലിയ വായിലൊരു ഏമ്പക്കം വിട്ടാൽ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാൻ പറ്റില്ല’ എന്ന് വാദിക്കുന്നവരുമുണ്ട്.
ദഹിക്കാൻ പ്രയാസമുള്ളവ കഴിക്കുന്നവർക്കും ദഹന സംബന്ധമായ തകരാറുകളുള്ളവർക്കും ചില പയറുവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ എന്നിവ കഴിക്കുന്നവർക്കും ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള രോഗമുള്ളവർക്കും വലിയ ഏമ്പക്കം വിടുന്നതിനായി വിടുന്നതിനേക്കാൾ കൂടുതൽ വായുവിനെ വലിച്ചെടുക്കുന്നവർക്കും ഗ്യാസിന്റെ ഉപദ്രവമുണ്ടാകാം.
ഗ്യാസുണ്ടാക്കുന്ന ഭക്ഷണം തിരിച്ചറിഞ്ഞ് ഉപേക്ഷിച്ചും ഭക്ഷണത്തിനൊപ്പം അമിതമായും തണുപ്പിച്ചതുമായ വെള്ളം കുടിക്കാതെയും കഴിക്കുന്നതിനും കുടിക്കുന്നതിനുമുള്ള സ്പീഡ് അൽപം കുറച്ചും കൃത്രിമ മധുരങ്ങൾ ഒഴിവാക്കിയും ദഹനത്തെ വർദ്ധിപ്പിക്കുന്ന ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിയും ഗ്യാസ് കുറയ്ക്കാം.
സാധാരണയായി പ്രോട്ടീൻ, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയെല്ലാം സന്തുലിതമായി ഉപയോഗിക്കുന്നവർക്ക് ഗ്യാസ് ശല്യമാകേണ്ട കാര്യമില്ല. അത്തരമാൾക്കാരിൽ ഗ്യാസിന്റെ ബുദ്ധിമുട്ടുണ്ടെങ്കിൽ ദഹനസംബന്ധമായ അസുഖങ്ങൾ, കരൾരോഗങ്ങൾ, അർശസ്, മലബന്ധം അസിഡിറ്റി, അൾസർ, ഫൈബ്രോമയാൽജിയ എന്നിവയുണ്ടോ എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.
പാകംചെയ്ത് കഴിക്കുമ്പോൾ ഗ്യാസുണ്ടാക്കുന്ന പലതും പച്ചയായി ഉപയോഗിച്ചാൽ ബുദ്ധിമുട്ടുണ്ടാക്കാറില്ല. വളരെ മധുരമുള്ള പഴങ്ങളേക്കാൾ മധുരം കുറഞ്ഞ പഴങ്ങൾക്ക് ഗ്യാസും കുറയും. ഗോതമ്പ്, ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങുവർഗങ്ങൾ എന്നിവ കഴിച്ചാൽ ഗ്യാസുള്ളവർ അരികൊണ്ടുള്ള വിഭവങ്ങളിലേക്ക് മാറണം. പുറത്തേക്ക് പോകുന്ന ഗ്യാസിന് നാറ്റമുണ്ടെങ്കിൽ ലാക്ടോസ് അടങ്ങിയ പാലും പാലുൽപ്പന്നങ്ങളും ഗ്ളൂട്ടൻ അടങ്ങിയ ഗോതമ്പുമൊക്കെ ഒഴിവാക്കുന്നതാണ് നല്ലത്.
പലരും ഗ്യാസിന്റെ കാരണമെന്തെന്ന് പോലും അന്വേഷിക്കാതെ നാരങ്ങാവെള്ളം, ചൂടുവെള്ളം, ലെമൺ സോഡാ, കോള,അരിഷ്ടം, മദ്യം എന്നിവയൊക്കെ പരീക്ഷിച്ചു നോക്കുന്നവരുണ്ട്. ആരു പറയുന്ന പൊടിക്കൈകളും പരീക്ഷിച്ച് ഗത്യന്തരമില്ലാതാകുമ്പോഴാണ് യഥാർത്ഥ ചികിത്സകരെ തേടി രോഗികൾ പോകുന്നത്. അപ്പോഴേക്കും ഗ്യാസിന് കാരണമായ യഥാർത്ഥ വില്ലൻ ചികിത്സകൾക്ക് വശംവദനാകാത്തവിധം കൂടുതൽ ശക്തിപ്രാപിച്ചിട്ടുണ്ടാകും.
ബിസ്ക്കറ്റ് ,ബ്രെഡ്, കേക്ക്, അമിതമായ
ചായകുടി,മദ്യപാനം, ബേക്കറി, പാലും പാലുൽപന്നങ്ങളും, എണ്ണപ്പലഹാരങ്ങൾ, മസാല കൂടിയ ഭക്ഷണം, കപ്പലണ്ടി, കാഷ്യുനട്ട് കിഴങ്ങുവർഗ്ഗങ്ങൾ, ഉഴുന്ന് എന്നിവ കുറച്ചിട്ടും ഗ്യാസ് ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ ഒരു ഡോക്ടറെ കാണുന്നതാണ് ബുദ്ധി. ആയുർവേദമരുന്നുകൾ ഇത്തരം അവസ്ഥകളിൽ വളരെ ഗുണകരമാണ്.
മലബന്ധം, അർശസ്സ്, അൾസർ, ഹെർണിയ, കൊളസ്ട്രോൾ തുടങ്ങിയ രോഗങ്ങളെ വർദ്ധിപ്പിക്കുവാനും ചിലപ്പോൾ ഗ്യാസ് കാരണമായേക്കാം. ഹൃദയാഘാതത്തെ ഗ്യാസാണെന്നും ഗ്യാസിനെ ഹൃദയാഘാതമാണെന്നും തെറ്റിദ്ധരിച്ച് അപകടങ്ങൾ വരുത്തിവച്ചവർ നിരവധിയാണെന്ന് കൂടി തിരിച്ചറിയുക. ആയതിനാൽ പതിവില്ലാതെയുണ്ടാകുന്ന ഗ്യാസിന്റെ കാരണമെന്തെന്ന് നിർബന്ധമായും ഡോക്ടറെ കണ്ട് അന്വേഷിക്കുക.
ഡോ.ഷർമദ് ഖാൻ
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d bloggers like this:
Shopping cart