* പൊടിപ്പും തൊങ്ങലും വെച്ച് പ്രചരിക്കുന്ന രോഗശമനത്തിനുള്ള നിർദ്ദേശങ്ങൾക്കും, പരസ്യങ്ങൾക്കും, സാക്ഷ്യം പറച്ചിലുകൾക്കും നല്ല മാർക്കറ്റുള്ള കാലമാണിത്. നെറ്റിൽ സെർച്ച് ചെയ്തും, മറ്റുള്ളവരുടെ അനുഭവങ്ങൾ ചോദിച്ചറിഞ്ഞും ഒരു ഡോക്ടറെ കാണാതെ, രോഗം മനസ്സിലാക്കാതെ, മരുന്നു കുറിക്കാതെ, എവിടെയും ക്യൂ നിൽക്കാതെ എന്ത് മരുന്നും പരീക്ഷിച്ചു നോക്കുവാൻ വിദ്യാസമ്പന്നരായ മലയാളികൾക്ക് പ്രത്യേക താൽപര്യമാണ്. ആരുടെയും സഹായമില്ലാതെ എന്റെ രോഗം ഞാൻ തന്നെ ചികിത്സിച്ചു മാറ്റി എന്ന് പറയുവാൻ ആണോ എന്നറിയില്ല. അത്ഭുതസിദ്ധി നല്കുമെന്ന് ആരു പറയുന്ന ചികിത്സയ്ക്കും പൊടിക്കൈകൾക്കും തലവെച്ചു കൊടുക്കുവാൻ ചിലർക്ക് ഒരു മടിയുമില്ല എന്നത് സത്യമാണ്. ഇത്തരം ചികിത്സകൾക്ക് കുറച്ചുനാൾ വിധേയരായത് കാരണം കൂടുതൽ പ്രശ്നങ്ങളുണ്ടായി ധാരാളം ആൾക്കാർ യഥാർത്ഥ ചികിത്സയ്ക്കായി പിന്നീട് എത്തുന്നുണ്ട്. ശാസ്ത്രീയമായി ചികിത്സ പഠിച്ചവർക്ക് കേട്ടുകേൾവിപോലുമില്ലാത്ത പലതുമാണ് അത്ഭുത സിദ്ധിയുള്ള ചികിത്സകൾ എന്ന രീതിയിൽ പലരും ചെയ്ത് പരീക്ഷിച്ചിട്ട് വരുന്നത്. ഒരു മാസം തുടർച്ചയായി ചെയ്തപ്പോഴേക്കും എൻറെ രോഗം പമ്പകടന്നു. പക്ഷേ ഇപ്പോൾ എനിക്ക് വിശപ്പില്ല, വയറെരിച്ചിൽ കാരണം ഒന്നും കഴിക്കാൻ വയ്യ, വല്ലാതെ മെലിഞ്ഞു പോയി, ശരീരമാകെ നീരു കേറുന്നു,വൃക്കയുടെ പ്രവർത്തനങ്ങളിൽ കുഴപ്പമുണ്ടെന്ന് ലാബിൽ ഉള്ളവർ പറഞ്ഞു എന്നൊക്കെ പലവിധ പരാതികളാണ് ഇവർ ഉന്നയിക്കുന്നത്. ചില ജീവിതശൈലി രോഗങ്ങളിൽ തുടർച്ചയായ ചികിത്സ അനിവാര്യമാണെന്ന ഡോക്ടറുടെ നിർദ്ദേശത്തിൽ ബുദ്ധിമുട്ടുള്ളവരും, അതിനുള്ള മരുന്ന് കഴിച്ച് മനം മടുത്ത് കുറുക്കു വഴികൾ തേടി പോകുന്നവരും, മരുന്നുകൾ മറ്റ് അസുഖങ്ങൾക്ക് വഴിവയ്ക്കുമെന്ന് ഭയന്ന് മരുന്നുകൾ ഒഴിവാക്കുവാൻ ശ്രമിക്കുന്നവരുമാണ് ഈ ലൊട്ട്ലൊടുക്ക് ചികിത്സയുടെ പുറകെ പോകുന്നതും, തുടർന്ന് പ്രചാരകരായി മാറുന്നതും. ചികിത്സയുമായി പുലബന്ധം പോലുമില്ലാത്തവരും, ഇത്തരം പ്രചരണങ്ങളുടെ സൈഡായി ചില ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നവരും, ലൈക്കും ഷെയറും കൂടുന്ന പോസ്റ്റുകൾ വേണമെന്ന് ആഗ്രഹിക്കുന്നവരുമാണ് വാട്സ്ആപ്പ് വൈദ്യ പോസ്റ്റുകളിൽ മുന്നിട്ടുനിൽക്കുന്നത്. ഇത്തരം വ്യാജ ചികിത്സകൾ കാരണം രോഗലക്ഷണങ്ങൾ മാറിയെന്ന് കാണുമ്പോൾ രോഗം തന്നെ മാറിയതായി ചിന്തിക്കുകയും ആവശ്യമായ തുടർചികിത്സ ഒഴിവാക്കുകയും ചെയ്യുന്നു. ആയതിനാൽ യഥാർത്ഥത്തിൽ രോഗം വർദ്ധിക്കുകതന്നെ ചെയ്യും. കാരണം ലക്ഷണം മാറി എന്നു കരുതി ഒരു രോഗവും അവസാനിക്കുന്നില്ല എന്നതുതന്നെ.രോഗത്തിന്റെ വിവിധ ലക്ഷണങ്ങളേക്കാൾ ചില പ്രത്യേക ലക്ഷണങ്ങൾക്ക് മാത്രമാണ് ഇത്തരം ചികിത്സകർ പ്രചാരം നൽകുന്നത്. ഉദാഹരണത്തിന് ശരീരം മെലിയുന്നതിനുള്ള സിദ്ധൗഷധം എനിങ്ങളുടെ നാകും തലക്കെട്ട്. ചിലപ്പോൾ ഒറ്റ ഡോസ് മതി എന്ന് വരെ പറഞ്ഞു കളയും.സാധാരണ കാണുന്ന ഇവയ്ക്കൊന്നും സൈഡ് ഇഫക്ട് ഒന്നുമില്ലല്ലോ എന്നും കരുതും. തുടർച്ചയായി രണ്ടാഴ്ച കഴിച്ചാൽ തന്നെ അതിശക്തമായ അസിഡിറ്റിയായി ഒരു വകയും കഴിക്കുവാൻ സാധിക്കാതെ ബുദ്ധിമുട്ടിയവരുണ്ട്. ഒന്നും കഴിക്കാനാകാതെ മെലിയുമെന്നാകും ചികിത്സകർ ഉദ്ദേശിച്ചതും. ഇത്തരം ചികിത്സകൾ കാണുമ്പോൾ അതിൽ അർഹതയുള്ള ഒരു ഡോക്ടറുടെ പേരോ, ഫോട്ടോയോ ഉണ്ടോ എന്നുകൂടി ഉറപ്പാക്കുക. അല്ലാത്ത നിർദ്ദേശങ്ങൾ നിരുപാധികം തള്ളിക്കളയുക. കൂടുതൽ സംശയദൂരീകരണത്തിനായി നിങ്ങളുടെ ഏറ്റവും അടുത്തുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ അന്വേഷിക്കുക. ഇത്തരം വ്യാജ പ്രചാരകരുടെ അത്ഭുത ചികിത്സകളിൽപ്പെടാതെ സൂക്ഷിക്കുക.
ഡോ.ഷർമദ് ഖാൻ
9447963481