കാൽമുട്ടിനുള്ളിലെ കാർട്ടിലേജ് അഥവാ തരുണാസ്ഥിക്കുണ്ടാകുന്ന തേയ്മാനമാണ് കോൺട്രോമലേഷ്യ പാറ്റെല്ല എന്ന പേരിൽ അറിയപ്പെടുന്നത്. മുട്ടിനെ അമിതമായി ഉപയോഗിക്കുന്നവർക്കും, ക്ഷതമേൽക്കുന്നവർക്കുമാണ് മുട്ടിന് തേയ്മാനമുണ്ടാകുന്നത്. മുട്ടിലെ പേശികൾക്കുള്ള ബലക്കുറവും, അസ്ഥി പൊട്ടലും, മുട്ടിലെ അസ്ഥികൾക്കുണ്ടാകുന്ന സ്ഥാനചലനവും ഈ രോഗത്തിന് കാരണമാകാറുണ്ട്.
മുട്ട് വേദനയാണ് പ്രധാന ലക്ഷണമായി കാണുന്നത്. പടിയിറങ്ങുമ്പോഴും കയറുമ്പോഴും വേദന വർദ്ധിക്കാം. മുട്ട് കുത്തിയിരിക്കുകയോ, മുട്ടുകുത്തി പ്രാർത്ഥിക്കുകയോ, ചമ്രം പടഞ്ഞ് ഇരിക്കുകയോ ചെയ്യുന്നത് കാരണവും മുട്ടുവേദന വർദ്ധിക്കാം. ഒരു കാലിന്റെ പുറത്ത് മറ്റേ കാൽ കയറ്റിവെച്ച് ഇരിക്കുന്നവർക്കും വേദനയുണ്ടാകാം.
ഏത് കാരണം കൊണ്ടാണ് മുട്ടിന് സമ്മർദ്ദമുണ്ടാകുന്നതെന്ന് മനസ്സിലായാൽ ഫലപ്രദമായ ചികിത്സ നൽകാനാകും. ആവശ്യത്തിന് വിശ്രമം, മരുന്നരച്ചു പുരട്ടി പൂച്ചിടുക,തൈലം പുരട്ടുക, കെട്ടിവയ്ക്കുക, വീക്കം കുറയുന്ന മരുന്നുകൾ കഴിക്കുക, വണ്ണം കുറയ്ക്കുക, നിന്നുകൊണ്ടുള്ള ജോലി കുറയ്ക്കുക തുടങ്ങിയവയെല്ലാം ഗുണം ചെയ്യും. നീ ക്യാപ്, നീ ബ്രേസ് എന്നിവ ഉപയോഗിച്ചും താൽക്കാലികമായി ബുദ്ധിമുട്ടുകൾ കുറയ്ക്കുവാൻ സാധിക്കും.
നടക്കുക, നീന്തുക, യോഗ ചെയ്യുക, പേശികളെ ബലപ്പെടുത്തുക എന്നിവയും ആവശ്യമാണ്.
ഫലപ്രദമായ ചികിത്സ ചെയ്യാത്തവരിൽ പിൽക്കാലത്ത് ഇത് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന രോഗമായി മാറാൻ സാധ്യതയുണ്ട്.
ഒമേഗാ 3 ഫാറ്റി ആസിഡ് അടങ്ങിയ ചൂര, മത്തി, അയല തുടങ്ങിയ മത്സ്യങ്ങൾ,നട്സ്, വിത്തുകൾ, വിവിധ നിറത്തിലുള്ള പഴങ്ങൾ, പച്ച ഇലക്കറികൾ ,ഒലിവ് ഓയിൽ, പയറുവർഗങ്ങൾ, വെളുത്തുള്ളി,ഉള്ളി, സവാള, ഇഞ്ചി ,മഞ്ഞൾ, തവിട് കളയാത്ത ധാന്യങ്ങൾ, സൂപ്പ് തുടങ്ങിയവ സന്ധി വേദനകളെ അകറ്റുവാൻ നല്ലതാണ്.
കാർട്ടിലേജ് പൂർണ്ണമായും തേഞ്ഞുപോയ അവസ്ഥയിൽ പോലും മറ്റു് ചികിത്സകൾ ഫലപ്പെടാതെ വന്നാൽ മാത്രമേ സർജറി നിർദ്ദേശിക്കാറുള്ളൂ.
ചെറിയതോതിലുള്ള തേയ്മാനം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ ഒന്നുരണ്ട് ആഴ്ചകൾ കൊണ്ട് മരുന്ന് കൊണ്ട്തന്നെ കുറയുമെങ്കിലും, പലർക്കും അസുഖത്തിന്റെ തീവ്രതയനുസരിച്ച് രണ്ടു മാസത്തെ ചികിത്സയെങ്കിലും വേണ്ടിവരാറുണ്ട്.അതിലും കുറയാത്തവർക്ക് ബുദ്ധിമുട്ടുകൾ ശമിപ്പിക്കുവാൻ ആർത്രോസ്കോപ്പിക് സർജറി ചെയ്യാവുന്നതാണ്.അതും ഫലപ്പെടാതെ വരുന്നവർക്ക് വീണ്ടും സർജറിക്ക് വിധേയമാകേണ്ടി വന്നേക്കാം.
ഇത്തരം രോഗങ്ങളിൽ ഫലപ്രദമായ ആയുർവേദ ചികിത്സ തന്നെയാണ് ഉപയോഗിക്കേണ്ടത്. അല്ലാതെ പെട്ടെന്ന് ഫലം ലഭിക്കണമെന്ന ഉദ്ദേശത്തോടെ കഴിക്കുന്ന വേദനസംഹാരികൾ സുരക്ഷിതമല്ല.
ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി
നേമം
9447963481
We will be happy to hear your thoughts