തീവണ്ടി സ്റ്റേഷൻ വിട്ടിട്ട് മിനിട്ടുകളെ ആയിട്ടുള്ളൂ . അധികം വേഗത ആയിട്ടില്ല. സമതലമായ പ്രദേശത്തു കൂടിയാണ് വണ്ടി പോയിക്കൊണ്ടിരിക്കുന്നത് മരങ്ങളൊന്നുമില്ലാത്ത പ്രദേശം. നേർരേഖയിൽ തീവണ്ടിപ്പാത കിടക്കുന്നതിനാൽ കുറേദൂരംവരെ കാണാനാകുന്നുണ്ട് . അടുത്ത വേഗതയിലേക്ക് തീവണ്ടിയെ ഉയർത്താനുള്ള സമയമായിരിക്കുന്നു . തീവണ്ടിയുടെ വേഗം കൂട്ടുന്നത് ഘട്ടംഘട്ടമായാണ് കുറയ്ക്കുന്നതും അങ്ങനെ തന്നെ. ടൺ കണക്കിനു ഭാരമുള്ള ട്രെയിൻ പെട്ടെന്നു നിർത്താൻ ശ്രമിച്ചാൽ അപകടമാകും ഫലം. വളരെ ദൂരെ പാളത്തിൽ പഞ്ഞിക്കെട്ടു പോലെ എന്തോ ഒന്ന്. വേഗത കൂട്ടുന്നതിനു പകരം ബ്രേക്ക് ചെറുതായി കൊടുത്ത് അഭിലാഷെന്ന ലോക്കോപൈലറ്റ് ബൈനോക്കുലറെടുത്ത് അതിലൂടെ നോക്കി . കാഴ്ച വ്യക്തമല്ല, എങ്കിലും അത് അനങ്ങുന്നതു പോലെ . ഇനി ആരെങ്കിലും വലിച്ചെറിഞ്ഞ ബൊമ്മയാണെങ്കിലോ. അനാവശ്യമായി ട്രെയിൻ വൈകിച്ചതിന് താൻ സമാധാനം പറയേണ്ടി വരും. കൂടെയുള്ള ലോക്കോ പൈലറ്റ് നല്ല ഉറക്കമാണ് . ഗാർഡിനോട് വാക്കിടോക്കിയിൽ ബന്ധപ്പെട്ടു വരുമ്പോഴേക്കും ട്രെയിൻ നിർത്താനുള്ള സാവകാശം ലഭിച്ചെന്നു വരില്ല. ഒടുവിൽ രണ്ടും കൽപ്പിച്ച് അഭിലാഷ് ബ്രേക്ക് പ്രവർത്തിപ്പിച്ചു. നിർത്തിയ വണ്ടിക്ക് ഏതാനും വാരമുൻപിലായി പാളത്തിൽ കളിച്ചു കൊണ്ടിരിക്കുന്ന ഒരു മൂന്നു വയസ്സുകാരൻ. കാര്യമറിയാൻ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയവരെല്ലാം ലോക്കോ പൈലറ്റിനെ അഭിനന്ദിക്കുകയും , ഓടിയെത്തിയ കുട്ടിയുടെ അമ്മയെ കണക്കറ്റ് ശാസിക്കുകയും ചെയ്തു.
മദ്യവും, മദ്യാസക്തിയും പറഞ്ഞു കൊണ്ടിരിക്കുന്നിടത്ത് ഈ ഒരു കഥയ്ക്കെന്തു പ്രസക്തിയെന്ന് ഒരുപക്ഷെ നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. ഒരു പെഗ്ഗിൽ തുടങ്ങി ഓരോ പെഗ്ഗ് കടന്ന് നിങ്ങളുടെ ആസക്തിയുടെ ട്രെയിൻ വേഗത കൂടി വരുമ്പോൾ , ആഹ്ലാദത്തിൽ തുടങ്ങി ആക്രോശത്തിൻ്റെ , ആശങ്കയുടെ കമ്പാർട്ടുമെൻ്റുകൾ നിങ്ങൾ പിന്നിടുമ്പോൾ ആ പാളത്തിൽ ചതഞ്ഞരയുവാൻ സാധ്യതയുള്ള ഒരു പിഞ്ചുകുഞ്ഞുണ്ട്’ , നിങ്ങളുടെ കുടുംബത്തിലെ സന്തോഷം.
മദ്യപിക്കുന്നത് തെറ്റാണോ?
മദ്യപിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല, പുരാണങ്ങളുടെ കാലം മുതൽ മദകാരികളായ ദ്രവ്യങ്ങളുടെ ഉപയോഗം സമൂഹത്തിൽ ഉണ്ട്. അതിൻ്റെ സുന്ദരവും ഭീകരവുമായ മുഖങ്ങളുടെ ധാരാളം കഥകളും ഉണ്ട്. പക്ഷെ നിങ്ങളുടെ മദ്യപാനം കൊണ്ട് നിങ്ങൾക്കോ നിങ്ങളുടെ കൂടെ ഉള്ളവർക്കോ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നെങ്കിൽ അത് തെറ്റാണ്.
സത്യത്തിൽ നാം കഴിക്കുന്നമദ്യത്തിന് എന്താണ് സംഭവിക്കുന്നത്?
കഴിക്കപ്പെടുന്ന മദ്യം 5 മുതൽ 10 മിനിട്ടിനുള്ളിൽ രക്തത്തിലെത്തും.20 % ആമാശയത്തിൽ വച്ചും 80%. ചെറുകുടലിൽ വച്ചും ആഗിരണം ചെയ്യപ്പെടും . രക്തത്തിലെ സാന്ദ്രത ഏറ്റവും കൂടുതലാകുന്നത് 30 മുതൽ 90 മിനിട്ടിനുള്ളിലാണ് .BAC (Blood alcohol concentration ) ആണ് അളവുകോൽ. ഭക്ഷണം മദ്യത്തിനൊപ്പം കഴിക്കുന്നവർക്ക് മദ്യം ആമാശയത്തിൽ നിന്ന് ചെറുകുടലിലേക്കെത്താൻ വൈകുന്നതിനാൽ രക്തത്തിലെത്താൻ വൈകും. ഇതറിഞ്ഞിട്ടാണോ അല്ലയോ എന്നറിയില്ല മദ്യാസക്തരായ ആളുകൾ അല്പംഭക്ഷണം മാത്രമേ മദ്യത്തിനൊപ്പം കഴിക്കാറുള്ളു. 250 gm മുന്തിരി ടച്ചിംഗ്സാക്കി ലിറ്റർ തീർക്കുന്നവരെ അറിയാം.
രക്തത്തിലെത്തുന്ന മദ്യം ആൽക്കഹോൾ ഡീ ഹൈഡ്രോജീനേസിനാൽ ഓക്സീകരണം നടന്ന് ആൽഡിഹൈഡാകും. ഇതൊരു വിഷപദാർത്ഥമാണ് ഇതാണ് മദം ഉണ്ടാക്കുന്നത് . കരൾ ഇതിനെ പെട്ടെന്നു തന്നെ അസറ്റേറ്റായി മാറ്റുന്നു . ഇതിനു സഹായിക്കുന്നത് ആൽഡിഹൈഡ് ഡീഹൈഡ്രോജിനേസ് ആണ് . ചില ആളുകളിൽ ഈ എൻസൈമിൻ്റെ എല്ലാ ഐസോമറുകളും കാണില്ല. അവർക്ക് ശരീരത്തിലെ ആൽഡിഹൈഡ് പതിയെ മാത്രമെ അസറ്റേറ്റാകു, അതിനാൽ മദ്യപിച്ചാൽ ഉടൻ തന്നെ തലവേദന മൂക്കടപ്പ് നെഞ്ചിടിപ്പ് ആകെ അസ്വസ്ഥത എന്നിവഉണ്ടാകും. അല്ലാതെ ജാഡ തെണ്ടികൾ ആയതു കൊണ്ടല്ല അവർ മദ്യപിക്കാത്തത് എന്ന് കൂട്ടുകാരായ നമ്മൾ ഇനിയെങ്കിലും അറിയണം. അസറ്റേറ്റ് വിഘടിച്ചു കിട്ടുന്ന കാർബൺ ഡയോക്സൈഡും ,വെള്ളവുമാണ് സുഹൃത്തുക്കളെ നമ്മുടെ ശരീരത്തിന് അവസാനം കിട്ടുന്ന സാധനം. കരളിന് ഒരു മണിക്കൂറിൽ ഇങ്ങനെ മാറ്റാൻ കഴിയുന്ന മദ്യത്തിൻ്റെ അളവാണ് അറുപത് മില്ലി അഥവാ ഒരു പെഗ്ഗ് .
ആയുർവേദരീത്യാ തീഷ്ണം, ഉഷ്ണം, രൂക്ഷം, സൂക്ഷ്മം അമ്ലം, വ്യവായി, ആശുകരം,
ലഘു, വികാക്ഷി, വിശദം എന്നീ പത്തു ഗുണങ്ങളാണ് മദ്യത്തിനുള്ളത് . വിഷത്തിനും ഇതേ ഗുണങ്ങളാണ് .വിഷം ഉടനെ കൊല്ലുന്നു, മദ്യം കാലക്രമേണ കൊല്ലുന്നു. ശരീരത്തിൻ്റെ തേജസിനെ ഓജസ്സ് എന്നാണ് പറയുന്നത് .
മണിച്ചിത്രത്താഴിൽ സണ്ണി പറയുന്നില്ലേ ഓജസ്സും തേജസ്സുമുള്ള ഗംഗയെ തിരിച്ചുനൽകുന്നതിനെക്കുറിച്ച് ആ ഓജസ്സ് തന്നെ സാധനം. ഈ ഓജസ്സിനെ സ്വന്തം സ്ഥാനത്തു നിന്നും ഇളക്കിവിടാൻ അതിൻ്റെ വിപരീതഗുണമുള്ള മദ്യത്തിനു സാധിക്കുന്നതു കൊണ്ടാണ് കള്ളുകുടിക്കുമ്പോൾ വിഭ്രമം ഉണ്ടാകുന്നതും ഇല്ലാത്തത് കാണുകയും മറ്റും ചെയ്യുന്നത് . പ്രാണശക്തി കുറയുന്നതിനാലാണ് മദ്യപാനി ദുർബലനാകുന്നത്.
ഉറക്കത്തെ ഒരിക്കലും ഉറങ്ങി തോൽപ്പിക്കാനാവില്ല എന്നൊരു ചൊല്ലുണ്ട്. മദ്യത്തിൻ്റെ കാര്യത്തിലും അങ്ങനെ തന്നെ, മദ്യപിച്ച് തൃപ്തനായ ശേഷം നിർത്താമെന്ന് ഒരിക്കലും കരുതരുത് . സമയത്ത് കിട്ടാനുള്ളത് കിട്ടാതിരുന്നാൽ ശരീരം കരഞ്ഞു തുടങ്ങും. തലച്ചോറിൻ്റെ കെമസ്ട്രിയിൽ മദ്യം വരുത്തിയ മാറ്റങ്ങളുടെ ഫലം . അതിനെയാണ് വിത് ഡ്രോവൽ സിംപ്റ്റംസ് എന്നു പറയുന്നത്. മാനസികവും ശാരീരികവുമായ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകാം. അവയെ നേരിടാൻ വയ്യാതെ വരുമ്പോഴാണ് മദ്യപാനം നിർത്താൻ ആത്മാർത്ഥമായി ആലോചിച്ചുറപ്പിച്ചവർ തോറ്റു പോകുന്നത് . അവിടെയാണ് ഒരു സൈക്യാട്രിസ്റ്റിൻ്റെയോ സൈക്കോളജിസ്റ്റിൻ്റെയോ സേവനം നിങ്ങൾക്കു വേണ്ടി വരുന്നത് . പ്രാണശക്തി വീണ്ടെടുക്കാൻ ആയുർവേദ ചികിത്സ വേണ്ടി വരുന്നത്, ഡോക്ടർ സുഹൃത്താകേണ്ടി വരുന്നത്, മനസ്സുതുറന്ന് സംസാരിക്കേണ്ടി വരുന്നത്.
മദ്യപിച്ചാൽ കരൾ പോകുമെന്ന് നമുക്കറിയാം. മദ്യപാനം തലച്ചോറിലും മാറ്റങ്ങൾ വരുത്തുന്നുണ്ട് . 80 മുതൽ 90 ശതമാനം മദ്യപാനികളിലും വിറ്റാമിൻ ബി 1 അഥവാ ത യാമിൻ്റെ കുറവു കാണുന്നുണ്ട് . അതിൽ 90% പേർക്കും ഓർമ്മത്തകരാറും ഉണ്ട്. Persistent leaning and memory problems എന്നാണ് വൈദ്യഭാഷ. ഇതിൻ്റെ ഒരു ചേട്ടനുണ്ട് WKS എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വെർണ്ണിക്കി കോർസാകോഫ് സിൻഡ്രോം ആണ് അത് (Wernicke Korsakoff’s syndrome). ഇത് രണ്ടു രീതിയിൽ ബാധിക്കാം എൻസെഫലോപ്പതി എന്ന പെട്ടെന്നു മാരകമാകുന്ന ഒരു രീതിയും , സൈക്കോസിസ് എന്ന് കൂടുതൽ കാലം നിലനിൽക്കുന്ന മറ്റൊരു രീതിയും. ഒരു മുറിയുടെ വാതിൽ കണ്ടു പിടിക്കാൻ പറ്റാത്തത്ര കൺഫ്യൂഷൻ, കണ്ണിൻ്റെ ഞരമ്പിന് ബാധ (occulomotor nerve disturbance) മസ്സിൽ കോ-ഓർഡിനേഷൻ പോകുക ഇവയാണ് ലക്ഷണം. സൈക്കോസിസിൻ്റെ ലക്ഷണമാകട്ടെ പഴയ കാര്യങ്ങൾ മറന്നു പോകുന്ന റിട്രോ ഗ്രേഡ് അമ് നീഷ്യയോ , പുതിയതായി മനസ്സിലാക്കാൻ പറ്റാത്ത ആൻ്ററോ ഗ്രേഡ് അമ് നീഷ്യയോ , അതുമല്ലെങ്കിൽ ഒരു പഴയ സംഭവ കഥ ഒരു മണിക്കൂർ വിശദമായി അവതരിപ്പിച്ച് പത്തു മിനിട്ടിനകം അങ്ങനെ പറഞ്ഞതായി പോലും ഓർക്കാത്ത അവസ്ഥയോ ആകാം. വിറ്റാമിൻ ബിയുടെ കുറവാണ് കാരണമെന്നതിനാൽ ഇനി കരളിനെ സംരക്ഷിക്കാൻ ഓരോ മരുന്നുകൾ കഴിക്കുന്നതു പോലെ ഇടയ്ക്കിടയ്ക്ക് ബികോംപ്ലക്സ് ഗുളിക കൂടി കഴിക്കുക.
മദ്യപിക്കരുതെന്ന് ഞാനൊരിക്കലും പറയില്ല. ആഹ്ലാദത്തോടെ മദ്യപിക്കാനുള്ള ഉപായങ്ങളുമായി , മദ്യാസക്തി എന്ന രോഗാവസ്ഥയിൽ നിന്ന് കരകയറാനുള്ള മാർഗ്ഗങ്ങളുമായി അടുത്തയാഴ്ച്ച വരാൻ അനുഗ്രഹത്തിനായി പ്രാർത്ഥിച്ച് ഇന്നത്തെ ഞായറാഴ്ചക്കുറുക്ക് നിങ്ങളുടെ ചർച്ചയ്ക്കായി സമർപ്പിക്കുന്നു.
സ്നേഹപൂർവ്വം
ഡോ.ശ്രീനിരാമചന്ദ്രൻ
9656030352
We will be happy to hear your thoughts