പണ്ട് ഓരോ തൊടിയും ഹരിതാഭമാക്കിക്കൊണ്ടിരുന്ന ചെടികളിൽ പാതിയും ഔഷധ ഗുണമുള്ളതോ , ആഹരിക്കാവുന്നതോ ആയവ ആയിരുന്നു. അല്പമെങ്കിലും ദോഷമുള്ളവയ്ക്ക് തൊടിയ്ക്കപ്പുറമുള്ള ‘വെളി’യിലാകും സ്ഥാനം .
ഇപ്പോളതു മാറി രാജസ്ഥാൻ മരുഭൂമിയിലും, സിറിയയിലുമൊക്കെ വളരുന്ന കളസസ്യങ്ങൾ വൻ വിലകൊടുത്തു വാങ്ങി നമ്മുടെ പരിസരം പരിഷ്കൃതമാക്കുന്ന ബുദ്ധിമാന്മാരായി മലയാളി മാറിയിരിക്കുന്നു.
ഒന്നു കൈമുറിഞ്ഞാൽ പിഴിഞ്ഞൊഴിക്കാവുന്ന മുറികൂടിയും ,
ഒന്നു പൊള്ളിയാൽ പെട്ടെന്നൊടിച്ചു തേക്കാവുന്ന കറ്റാർവാഴയും നട്ടിരുന്ന സ്ഥലങ്ങളിലാണ് ഇന്ന് ശരിയായ പേരറിയാത്ത, ഗുണമറിയാത്ത ഈ വിദേശ സസ്യങ്ങൾ വിരാജിക്കുന്നത്.
പണ്ട് ഓരോ വീട്ടിലും കിണറിനോട് ചേർന്ന് മൊരിംഗ ഒലിഫെറ എന്ന ശാസ്ത്രീയ നാമമുള്ള മുരിങ്ങ നടുന്ന പതിവുണ്ടായിരുന്നു.
കർക്കിടകത്തിൽ, അതായത് മഴക്കാലത്ത് ദുഷിക്കുന്ന വെള്ളത്തിലേയും , ഭൂമിയിലേയും ‘ കട്ട്’ ‘ പിടിച്ചു മാറ്റാൻ മുരിങ്ങയ്ക്ക് കഴിവുണ്ടെന്ന വിശ്വാസമായിരുന്നു അതിനു കാരണം. അതിൻ്റെ ശാസ്ത്രീയത എനിക്കറിയില്ല, എന്നാൽ വെള്ളം നിൽക്കാത്ത മുരിങ്ങയിലയിൽ വർഷകാലത്ത് ചെറുപ്രാണികൾ ധാരാളമായി അഭയം തേടാറുള്ളതിനാൽ വിഷബാധ ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും ,അത് ഒഴിവാക്കാനാവും കർക്കിടകത്തിൽ മുരിങ്ങയില ഉപയോഗിക്കരുതെന്ന് പറഞ്ഞതെന്നും ഒരു പ്രായോഗികമായ വാദം ഉണ്ട്.
അത് വിശ്വസിക്കാമെങ്കിലും പെട്ടെന്നൊന്നും ഉണക്കു തട്ടാത്ത മുരിങ്ങ കിണറിനടുത്ത് നടുന്നതിനു പിന്നിലെ യുക്തി മനസിലാകുന്നില്ല. ഒരു കൽപ്പവൃക്ഷം പോലെ ഇല, പൂവ്, കായ്. തൊലി ,വേരിലെത്തൊലി , കറ എല്ലാം ഓരോ ഉപയോഗത്തിനായി എടുക്കുന്നതിനാൽ കൈയ്യെത്തും ദൂരത്തുതന്നെ അതിനൊരു സ്ഥാനം കൊടുത്തതാകാം.
ലോകമെമ്പാടും പോഷകക്കുറവിന് പരിഹാരമായി കണ്ടുവച്ചിരിക്കുന്ന ഒരു സസ്യമാണ് മുരിങ്ങ .
പ്രത്യേകിച്ച് മുരിങ്ങയില പോഷകങ്ങളുടെ കലവറയാണ്.
മുരിങ്ങയിലയിൽ ഏകദേശം പത്തു ശതമാനത്തോളം പ്രോട്ടീൻ ഉണ്ട്.
പല്ലിനും എല്ലിനും അത്യാവശ്യം വേണ്ട കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് ഇവ ധാരാളമായി ഉണ്ട്.
അയൺ, പൊട്ടാസ്യം ,സോഡിയം, സിങ്ക് എന്നിവ രക്തക്കുറവിനും നാഡികളുടെ ബലഹാനിക്കും പരിഹാരമാണ്.
വിറ്റാമിൻ സി ധാരാളമായി ഉള്ളതിനാൽ വേവിച്ചു കഴിച്ചാൽ പോലും ദിവസേന ആവശ്യമുള്ള അളവ് ഉള്ളിലെത്തും. ചക്ഷുഷ്യമാണ് (കാഴ്ച്ചയ്ക്ക് നല്ലത് ) മുരിങ്ങ എന്നാണ് ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നത് . മുരിങ്ങയിലയിൽ അധികമായ അളവിൽ കാണപ്പെടുന്ന വിറ്റാമിൻ എ യാണ് അതിനു കാരണം.
വിറ്റാമിൻ ബികോംപ്ലക്സുകൾ മുരിങ്ങയെ നാഡീബലം നൽകുന്ന ഒരു ഭക്ഷണമാക്കുന്നു .
മുരിങ്ങവിത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഉത്തേജകമാകുന്നത് സോലുബിൾ എപ്പോക് സൈഡ് ഹൈഡ്രോലൈസ് ഇൻഹിബിറ്ററുകളുടെ (ടEH) സാനിധ്യം കൊണ്ടാണ്.
വണ്ണം കുറയ്ക്കാനും , കൊളസ്ട്രോൾ കുറയ്ക്കാനും കഴിവുള്ള മുരിങ്ങയെ വരണാദിഗണത്തിൽ അഷ്ടാംഗഹൃദയത്തിലും ,സുശ്രുതത്തിലും ഉൾപ്പെടുത്തിയിരിക്കുന്നു.
ചരകസംഹിതയിൽ കടുകസ്കന്ദത്തിൽ മാത്രമല്ല കൃമിഹരഗണം, ശിരോ വിരേചനഗണം, സ്വേദോപകഗണം എന്നിവയിലും ഉൾപ്പെടുത്തിയിരിക്കുന്നു. അതായത് മുരിങ്ങത്തൊലിനീര് വെണ്ണ ചേർത്ത് വരട്ടു ചൊറിക്കു പുരട്ടുന്നതും , തലവേദനയ്ക്ക് മുരിങ്ങവിത്തുണക്കി പൊടിച്ചു നസ്യം ചെയ്യുന്നതും മൂവായിരം വർഷം മുൻപു തന്നെ ഭാരതത്തിൽ പ്രയോഗത്തിലുണ്ടായിരുന്നു എന്നർത്ഥം.
രണ്ടു വിധം മുരിങ്ങ ഉണ്ടെങ്കിലും നമ്മുടെ നാട്ടിൽ കാണുന്ന മുരിങ്ങയുടെ പ്രയോഗിച്ചു ഫലം കണ്ട ചില പ്രയോഗങ്ങൾ പറഞ്ഞവസാനിപ്പിക്കാം.
നീരുവറ്റാനുള്ള മരുന്നുകൾ സർക്കാർ ഒ പി യിൽതീർന്നു പോകുമ്പോൾ മുരിങ്ങയില നീരും ഉപ്പും തരിയായി അരച്ച് (ഒരുപാട് അരയരുത് ) ചെറുചൂടോടെ പുരട്ടാൻ പറയാറുണ്ട്.
രക്തക്കുറവും ,ക്ഷീണവുമുള്ള രോഗികൾക്ക് കഞ്ഞി വെള്ളത്തിൽ മുരിങ്ങയില സൂപ്പ് വച്ചു കഴിക്കാൻ നിർദ്ദേശിക്കാറുണ്ട്.
ചെറിയകുട്ടികൾ കാലുവേദന പറയുന്നതിന് ഒരുകാരണം കാൽസ്യക്കുറവാണ് , മുരിങ്ങപ്പൂവ് മുട്ട ചേർത്ത് തോരനാക്കി നൽകിയാൽ വേദനമാറും മരുന്നു വേണ്ടിവരില്ല.
മുരിങ്ങയിലയിലെ കാൽസ്യം, ഓക്സാലേറ്റ് ക്രിസ്റ്റലുകളായി കാണുന്നതിനാൽ മൂത്രാശയക്കല്ലുള്ള രോഗികൾ മുരിങ്ങയില കഴിക്കരുത് .
ഗർഭം ഉറയ്ക്കുന്ന ആദ്യമൂന്നുമാസം വരെ ഗർഭിണികൾക്കും മുരിങ്ങയില നന്നല്ല. ചെറിയ തോതിൽ രക്താതിമർദ്ദമുള്ളവർ ചൂടു ചോറിൽ മുരിങ്ങയില ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
മുരിങ്ങ മലം പിടിക്കുന്ന ഗുണമുള്ളതാണെങ്കിലും ധാരാളം നാരുകളുള്ളതിനാൽ മലശോധന സുഖകരമാക്കുന്ന ഒന്നാണ് .
മുരിങ്ങ വേരിൻ്റെ തൊലി ഉണക്കിപ്പൊടിച്ച് കറികളിൽ ചേർത്താൽ പ്രത്യേക മണവും രുചിയും ലഭിക്കും, അതിലെ പോളിഫിനോൾ എന്ന രാസവസ്തുവാണ് കാരണം. മുരിങ്ങയുടെ കറ ആദ്യം വെള്ളയായും പിന്നീട് ചുവപ്പായും അരക്കു പോലെ ഇരിക്കും പല്ലുവേദനയ്ക്ക് പല്ലിൻ്റെ പോട്ടിൽ വച്ചാൽ വേദന മാറും. ബ്ലഡ് പ്രഷർ കുറയ്ക്കുന്ന ചില മരുന്നുകളിൽ ഇത് ചേർക്കാറുണ്ട്.
ക്യാൻസർരോഗം വരാതെ തടയാൻ സഹായിക്കുന്ന മുരിങ്ങക്കായ ക്യാൻസർ രോഗികൾക്കു പത്ഥ്യമായ ഒരു പച്ചക്കറിയാണ് .
രോഗ പ്രതിരോധശേഷി കൂട്ടുന്ന മുരിങ്ങ ,ഹൃദയത്തിനും നന്നു തന്നെ. അതു കൊണ്ട് ഓരോ തൊടിയിലും മുരിങ്ങയുള്ള നാടായി നമുക്ക് നമ്മുടെ നാടിനെ വീണ്ടും മാറ്റാൻ ശ്രമിക്കാം.
മുരിങ്ങ ഏകദേശം മുന്നൂറ് രോഗങ്ങളിൽ ഫലപ്രദമെന്ന് പറയപ്പെടുന്നു . ചെയ്തു നോക്കി ഫലം കണ്ടിട്ടുള്ള പ്രയോഗങ്ങൾ കമൻ്റായി പങ്കുവച്ച് കുറുക്കിനെ സ്വാദിഷ്ഠമാക്കാൻ ഓരോരുത്തരേയും ക്ഷണിക്കുന്നതിനൊപ്പം ഏവർക്കും നല്ല ഒരു ഞായറാഴ്ച്ചയാകട്ടെ എന്ന് ആശംസിക്കുന്നു
സ്നേഹപൂർവ്വം
ഡോ. ശ്രീനി രാമചന്ദ്രൻ
9656030352
We will be happy to hear your thoughts