fbpx

എല്ലാ ശീലങ്ങളും നല്ലതല്ല

കുറച്ചൊക്കെ ശ്രദ്ധിച്ചാൽ സ്ഥിരം ചെയ്യുന്ന ആരോഗ്യകരമല്ലാത്ത ശീലങ്ങളിൽ മാറ്റം വരുത്തി രോഗങ്ങളകറ്റുന്നതിന് നമുക്ക് സാധിക്കും.

ശരിയായ അറിവും അല്പം പ്രയത്നവും മാത്രമേ രോഗം എന്ന അവസ്ഥ മാറ്റി ആരോഗ്യത്തോടെ ജീവിക്കുന്നതിന് ആവശ്യമുള്ളു. എന്നാൽ രോഗങ്ങൾ വന്നതിനുശേഷം നല്ല ആരോഗ്യം വീണ്ടെടുക്കണമെന്ന് വിചാരിച്ചാൽ അതത്ര എളുപ്പമല്ല.

രാത്രിയിൽ താമസിച്ച് കിടന്ന് രാവിലെ താമസിച്ച് എഴുന്നേൽക്കുന്നതിനേക്കാൾ, രാത്രിയിൽ നേരത്തെ കിടന്ന് രാവിലെ നേരത്തെ എഴുന്നേൽക്കുക.
രാത്രി ശരിയായി ഉറക്കം ലഭിക്കണമെങ്കിൽ പകലുറക്കം ഒഴിവാക്കണം.പകൽ സമയത്തുള്ള ചെറിയൊരു മയക്കം ഉൻമേഷം നൽകുന്നതാണ്. എന്നാൽ ആ പേരിൽ ഒന്നും രണ്ടും മണിക്കൂർ തന്നെ ഉറങ്ങുന്നവരുണ്ട്. അവരെ കാത്തിരിക്കുന്നത് ‘കാള രാത്രി’കളാണ്. പ്രത്യേകിച്ചും പ്രായമേറി വരുമ്പോൾ.

രാവിലെ എഴുന്നേറ്റാലുടൻ വായ കഴുകാതെ വെള്ളം കുടിക്കരുത്.നമുക്ക് ഉപദ്രവകാരികളായ ബാക്ടീരിയകളും വായ്ക്കുള്ളിലുണ്ടെന്നും അവ കൂടി വയറ്റിലേക്ക് പോകാനിടയുണ്ടെന്നും മനസ്സിലാക്കണം.

സോഫ്റ്റ് ബ്രഷ് ഉപയോഗിച്ച് പല്ല് തേയ്ക്കണം. അതിനു മാത്രമേ വായ്ക്കുള്ളിൽ മുഴുവൻ എത്തുന്നതിനും കേടുപാടുകളില്ലാതെ പല്ലിനേയും മോണയേയും സംരക്ഷിക്കുന്നതിനും സാധിക്കു.

പല്ല് തേയ്ക്കുന്നതിനൊപ്പം നാവ് വടിക്കണം. വായുടെ ഉപലേപന സ്വഭാവംമാറി ശരിയായി വിശക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നതാണ് അതിൻറെ പ്രയോജനം.

വെറും വയറ്റിൽ ചായ കുടിക്കരുത്. ഉള്ള വിശപ്പിനെ നശിപ്പിക്കുവാനും ദഹനസംബന്ധമായ ബുദ്ധിമുട്ടുണ്ടാകുന്നതിനും ഇത് ഇടയാക്കും.
വെറും വയറ്റിൽ ചായയും ബിസ്കറ്റും കഴിക്കുന്നവർക്ക് പിന്നെ വിശക്കേണ്ട കാര്യമില്ല.

പ്രഭാതഭക്ഷണത്തിന് മുമ്പ് തന്നെ കുളിക്കണം. അഥവാ ചൂടാറ്റിയ വെള്ളമോ മറ്റോ കുടിച്ചിട്ടുണ്ടെങ്കിൽ അത് ദഹിക്കാനുള്ള സമയം കൂടി കൊടുത്ത ശേഷമാണ് കുളിക്കേണ്ടത്.

കുളിക്കും മുമ്പ് തലയിൽ എണ്ണ തേയ്ക്കണം. ദേഹത്ത് എണ്ണ തേച്ച് അല്പം വ്യായാമവും കൂടി കഴിഞ്ഞ ശേഷമാണ് കുളിക്കേണ്ടത്.വിയർപ്പോടെ കുളിക്കരുത്. ശരീരവേദനയൊന്നുമില്ലെങ്കിൽ ചൂടുവെള്ളത്തിൽ കുളിക്കരുത്.സോപ്പ് നേരിട്ട് ദേഹത്ത് തേച്ച് കുളിക്കരുത്. കയ്യിൽ വച്ച് പതച്ച പത മാത്രം തേയ്ക്കുക. തേച്ച സോപ്പ് കഴുകി കളയുന്നതിന് പ്രത്യേക ശ്രദ്ധ നൽകുക. സോപ്പിന്റെ ദുരുപയോഗം ത്വക്കിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ നശിപ്പിക്കും.

ഏറ്റവും പ്രധാന ഭക്ഷണമാണ് പ്രഭാതഭക്ഷണമെന്നതിനാൽ ഒരു കാരണവശാലും അത് ഒഴിവാക്കരുത്.

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ ആയുർവേദ ആശുപത്രി, നേമം.
9447963481

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart