നട്ടെല്ലിന്റെ ഘടനയിലുണ്ടാവുന്ന തകരാറുകൾ നടുവേദനക്ക് കാരണമാകാറുണ്ട്. IVDP അഥവാ intervertebral disc prolapse അത്തരത്തിൽ നട്ടെല്ലിന്റെ ഘടനയെ ബാധിക്കുന്ന പ്രധാനപ്പെട്ട ഒരു രോഗ അവസ്ഥയാണ്. പലപ്പോഴും നാം പ്രാധാന്യം കൽപ്പിക്കാതെ തള്ളിക്കളയുന്ന നടുവേദന ചിലപ്പോൾ IVDP പോലെയുള്ള അവസ്ഥകൾ മൂലമാവാനും സാധ്യത ഉണ്ട്. IVDP യുടെ കാരണങ്ങളും ലക്ഷണങ്ങളും അറിഞ്ഞിരിക്കേണ്ടത് അതുകൊണ്ട് തന്നെ വളരെ അത്യാവശ്യമാണ്.
നട്ടെല്ലു കൾക്കിടയിൽ അവയെ സംരക്ഷിക്കുകയും ചലനത്തിന് സഹായിക്കുകയും ചെയ്യുന്ന കുഷ്യനുകൾ ആണ് ഡിസ്കുകൾ. ഡിസ്കിൽ ജലാംശം കൂടുതലുള്ള ഇന്നർ ലെയർ (nucleus pulposes), അതിനെ ആവരണം ചെയ്യുന്ന ഫൈബ്രോസ് കാർട്ടിലേജ്(annulus fibrosus) എന്നിവ ആണ് ഉള്ളത്.
ഡിസ്കിൽ രക്തക്കുഴലുകൾ ഇല്ലാത്തതിനാൽ പോഷണവും ഓക്സിജനും ലഭിക്കുന്നത് നട്ടെല്ലിൽ നിന്നാണ്. പ്രയാധിക്യം കൊണ്ടും ജീവിത ശൈലി കൊണ്ടും നട്ടെല്ലിൽ ചെറിയ രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാവുകയും ഡിസ്കിന് ആവശ്യമായ ജലാംശം, പോഷണം എന്നിവ ലഭിക്കാത്തതുമൂലം അത് പുറത്തേക്ക് തള്ളി വരികയും ചെയ്യുന്നു. അഭിഘാതം കൊണ്ടും ഇത്തരത്തിൽ സംഭവിക്കാം. പുറന്തള്ളപ്പെടുന്ന ഡിസ്ക് സുഷുമ്ന നാഡിയെ തള്ളുമ്പോൾ ആണ് വേദന തുടങ്ങിയ ലക്ഷണങ്ങൾ അധികമായി കാണുന്നത്. ഡിസ്ക് തള്ളൽ അഥവാ ഡിസ്ക് പ്രൊലാപ്സ് നെ പ്രധാനമായും രണ്ടായി തരം തിരിക്കാം, തേയ്മാനം മൂലം ഉണ്ടാവുന്നതും അഭിഘാതം മൂലം ഉണ്ടാവുന്നതും.
തേയ്മാനം പ്രായാധിക്യം കൊണ്ടും ജീവിത ശൈലി കൊണ്ടും ഉണ്ടായേക്കാം. അമിതവണ്ണം, ശരിയായ രീതിയിൽ അല്ലാത്ത നിൽപ്പ്, ( ഉദാഹരണത്തിന് കുനിഞ്ഞിരുന്നു കൊണ്ട് മൊബൈൽ ഉപയോഗിക്കുന്നത്, കിടന്നുകൊണ്ട് ലാപ്ടോപ് ഉപയോഗിക്കുന്നത് എന്നിവ), കൂടുതൽ സമയം യാത്ര ചെയ്യുക, അമിത ഭാരമുള്ള ജോലികൾ ചെയ്യുക, ആൽക്കഹോൾ, പുകയില എന്നിവയുടെ അമിതമായ ഉപയോഗം തുടങ്ങിയവ ജീവിതശൈലി കൊണ്ടുള്ള തെയ്മാനത്തിന് കാരണമാണ്.
ലക്ഷണങ്ങൾ
ഡിസ്ക് പ്രൊലാപ്സ് പ്രധാനമായും സംഭവിക്കുന്നത് കഴുത്തിനും(C5-C6, C6-C7) നടുവിനും(L4-L5, L5-S1) ആണ്.
കഴുത്തിന്
വേദന- കഴുത്തിലും കൈകളിലേക്കും
തലവേദന
കഴുത്തിനു പിടിത്തം
കൈകൾക്ക് ബലക്ഷയം
പേശികൾക്ക് ശോഷം
കൈകൾക്ക് മരവിപ്പ്
കൈകളിൽ നിന്ന് അറിയാതെ വസ്തുക്കൾ താഴെ പോവുക
നടുവിന്
വേദന
കാലിലേക്ക് വലിയുന്ന പോലെയുള്ള വേദന
മരവിപ്പ്
മലമൂത്രതടസ്സം
കാലിൽ നിന്ന് ചെരിപ്പൂരി പോവുക
രോഗനിർണയം
വൈദ്യപരിശോധന യിലൂടെയും, എക്സ്-റേ എംആർഐ സ്കാൻ മുതലായ രോഗനിർണയ സങ്കേതങ്ങളുടെ സഹായത്തോടെയും ഡിസ്ക് പ്രൊലാപ്‌സ് മനസ്സിലാക്കാം. എംആർഐ സ്കാനിലൂടെ രോഗകാരണം കുറച്ചുകൂടി വ്യക്തമായി മനസ്സിലാകും എന്ന് മാത്രം. ഡിസ്ക് പ്രൊലാപ്‌സ് പ്രായാധിക്യം മൂലമോ ജീവിതശൈലി മൂലമോ ആണെങ്കിലും അത് സുഷുമ്നാ നാഡിയെ തള്ളുന്നുണ്ടെങ്കിൽ മാത്രമാണ് ചികിത്സ ആവശ്യമായുള്ളത്. അല്ലാത്തപക്ഷം ശരിയായ വ്യായാമത്തിലൂടെയും നിൽപ്പ് ശരിയാക്കുന്നതിലൂടെയും (Posture correction)
സാധാരണ ജീവിതം മുന്നോട്ടു നയിക്കാം.
ചികിത്സ
രോഗിയെ ആദ്യമായി സ്റ്റെബിലൈസ് ചെയ്യുകയാണ് വേണ്ടത്. അമിതമായ വേദനയാൽ നിവർന്നു നിൽക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ bandage, traction എന്നിവ ഉപയോഗിക്കാം. നീർക്കെട്ട് കുറയ്ക്കുന്നതിനായി ബാക്കി ലേപനങ്ങളും വയറിളക്കുന്നതും ചെയ്യാവുന്നതാണ്. അതോടൊപ്പം കൃത്യമായ ബെഡ് റെസ്റ്റും അത്യാവശ്യമാണ്. രോഗി സ്റ്റേബിൾ ആയാൽ കഷായങ്ങളും മറ്റു മരുന്നുകളും കഴിക്കുന്നതിനോടൊപ്പം കിഴികളും ധാരയും വസ്തിയും ചെയ്യാവുന്നതാണ്. പിഴിച്ചിൽ, ഞവര തേപ്പ്, യാപന വസ്തി മുതലായവ നട്ടെല്ലിന് ബലം നൽകുന്നതിനും രോഗം വീണ്ടും വരാതിരിക്കുന്നതിനും സഹായിക്കുന്നു.
യോഗ /വ്യായാമം
സുഷുമ്ന നാഡിയുടെ കംപ്രഷൻ കുറയ്ക്കുന്നതിനും ചുറ്റുമുള്ള പേശികൾക്ക് ബലം വർദ്ധിക്കുന്ന ചുറ്റുമുള്ള പേശികൾക്ക് ബലം വർദ്ധിപ്പിക്കുന്നതിനും ആയി വ്യായാമം ചെയ്യാവുന്നതാണ്. കിടന്നു കൊണ്ടാണ് വ്യായാമം ചെയ്യേണ്ടത്. കാരണം നിവർന്ന് കിടക്കുമ്പോഴാണ് നട്ടെല്ലിന് പരമാവധി കുറവ് പ്രഷർ അനുഭവപ്പെടുന്നത്. വൈദ്യനിർദേശപ്രകാരം രോഗിയുടെ അവസ്ഥ അനുസരിച്ച് ഡോക്ടർ നൽകുന്ന വ്യായാമമുറകൾ ശീലിക്കുന്നതാണ് അഭികാമ്യം.
പ്രതിരോധം
ശരീരത്തിൽ ജല അംശം നിലനിർത്തുക
ശരിയായ രീതിയിൽ അല്ലാത്ത നിൽപ്പുകൾ(posture) ഒഴിവാക്കുക
സ്റ്റെബിലിറ്റി ആവശ്യമായ വ്യായാമങ്ങൾ
ശരിയായ ഉറക്കവും വിശ്രമവും
മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക.
മറ്റുരോഗങ്ങളെ പോലെ തന്നെ ഡിസ്ക് പ്രൊലാപ്‌സിന്റെ നേരത്തെയുള്ള രോഗനിർണയം വളരെ പ്രധാനമാണ്. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം വൈദ്യസഹായം തേടി ആവശ്യമായ വ്യായാമം, യോഗ, മുൻ വിവരിച്ച ചികിത്സാ ക്രമങ്ങൾ എന്നിവ അനുഷ്ഠിക്കുകയാണെങ്കിൽ ഡിസ്ക് പ്രൊലാപ്‌സിനെ മാറ്റി നിർത്തി സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും.
ഡോ മെർലിൻ ആന്റണി BAMS MS
Dubai, UAE
merlinantony24@gmail.com,
+971508490021