അമ്മയുടെ വീട്ടിലായിരുന്നു വെക്കേഷനുകൾ കഴിച്ചുകൂട്ടിയിരുന്നത് . കളികളുടെ ലോകത്തിലേക്കുള്ള വിരുന്നുപോക്കിൽ ആഴ്ചയിലൊരിക്കൽ ലഭിച്ചിരുന്ന ഒരു വിശിഷ്ട വിഭവമായിരുന്നു മോരമ്മയുടെ നറുവെണ്ണ .
തലയിൽ വട്ടത്തിലുള്ള ഒരു ചുമ്മാടിനു മുകളിൽ വലിയമോരിൻകുടവും കൈയ്യിലെ ചെറുകലത്തിൽ വെള്ളത്തിലിട്ട നറുവെണ്ണയുമായി വെയിൽകനക്കുന്നതിനു മുൻപേയെത്തുന്ന മോരമ്മ .
കൃഷ്ണൻ്റെ നിറവും മെലിഞ്ഞു നീണ്ട കൈവിരലുകളുമുള്ള മോരമ്മയുടെ കൈകളുടെ കരവിരുതിൽ മുത്തശ്ശി വെള്ളം ചേർക്കാതെ കാച്ചി ഉറവീഴ്ത്തിയെടുത്ത തൈരിൽ നിന്നും മത്തിൻ്റെ മഥനത്താൽ വെണ്ണ വേർപിരിഞ്ഞുയരുന്ന ഹൃദ്യമായഗന്ധം ഞങ്ങളുടെ കൊതി ഉണർത്താൻ പോരുന്ന ഒന്നായിരുന്നു.
ആധുനിക രീതിയിൽ ഫാം ഫ്രഷ് നറുവെണ്ണ എന്ന ആശയം യുവക്ഷീരകർഷകർക്ക് പരീക്ഷിക്കാവുന്ന ഒരു ബിസിനസ്സ് അവസരം ആണ്.
പാൽ ഉറവീഴ്ത്തിയാൽ തൈരാകുമെന്നും തൈരു കടഞ്ഞാൽ മോരു കിട്ടുമെന്നും ഏവർക്കും അറിവുള്ളതാണല്ലോ.
തോന്നിയ അളവിൽ നാമൊക്കെ ഉറവീഴ്ത്തി ഉണ്ടാക്കിയെടുക്കുന്നതല്ല യഥാർത്ഥ മോര്.
മോര് എങ്ങനെയാണ് ആയുർവേദരീത്യാ തയാറാക്കുന്നത് ?
മോരിൻ്റെ ഭേദങ്ങൾ (വെറൈറ്റികൾ ) എന്തെല്ലാം?
മോരിൻ്റെ ഗുണദോഷങ്ങളെന്തെല്ലാം?
തണുപ്പുകാലത്ത് കഴിക്കാൻ വിധിക്കുന്ന ഒരു പാനീയമാണ് മോര് എന്നതാണ് ഇന്നത്തെ ചർച്ചയ്ക്ക് മോര് എടുക്കാൻ കാരണം. ശീതകാലത്തും , അഗ്നിമാന്ദ്യം അഥവാ ദഹനക്കേടുള്ളപ്പോഴും , അരോചകം അഥവാ രുചിയില്ലായ്മയുള്ളപ്പോഴും, സ്രോതസ്സുകളിൽ തടസ്സം (രോധം) ഉള്ളപ്പോഴും മോര് അമൃതിന് സമമാണെന്ന് പറഞ്ഞത് സുശ്രുതാചാര്യനാണ്.
തക്രം ശക്രസ്യ ദുർലഭം ( മോര് ഇന്ദ്രനു പോലും ലഭിക്കാൻ പ്രയാസമുള്ളതാണ്) എന്ന ചൊല്ല് പ്രസിദ്ധമാണ്. സാമാന്യമായി മോരെന്ന അർത്ഥത്തിൽ തക്രം എന്ന വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും അഞ്ചുവിധം എന്ന് ഭാവപ്രകാശം എന്ന ആയുർവേദ ഗ്രന്ഥത്തിൽ പറയുന്ന മോരിൻ്റെ ഒരു വകഭേദം മാത്രമാണ് തക്രം.
സസ്യഭക്ഷണം കഴിക്കുന്നവർക്ക് മാംസ്യം അഥവാ പ്രോട്ടീൻ ലഭിക്കുന്ന പ്രധാനമാർഗ്ഗം പാൽ, മോര് ,തൈര് ഇവയായതിനാൽ അത്തരം കുടുംബങ്ങളിലെല്ലാം പശു ഒരു അവിഭാജ്യ ഘടകമായിരുന്നു. പ്രോട്ടീൻ, ഫാറ്റ്, കാർബോഹൈഡ്രേറ്റ് എന്നിവയാണ് പാലിൻ്റെ പ്രധാന ഘടകങ്ങൾ. Casein ആണ് പാലിലെ പ്രോട്ടീൻ. ഇത് കാൽസ്യം കേയ്സിനോജനേറ്റായി പാലിൽ കാണപ്പെടുന്നു . പാലിലെ കാർബോഹൈഡ്രേറ്റായ ലാക്ടോസ് (lactose) ലാക് ടോബാസിലസിനാൽ ലാക്ടിക്കാസിഡായി മാറി പാലിലെ പ്രോട്ടീനിനെ കൊയാഗുലേറ്റ് ചെയ്താണ് തൈരുണ്ടാവുന്നത്.
പശുവിൻ പാലിൻ്റെ വികാരം എന്നതിനാൽ ഗോരസമെന്നും, ഇതുണ്ടെങ്കിൽ ദു:ഖം വരില്ല എന്നർത്ഥത്തിൽ അരിഷ്ടമെന്നും , കലത്തിലുണ്ടാകുന്നത് എന്നർത്ഥത്തിൽ കാലശേയമെന്നും, ദണ്ഡേന ആഹതം (കടകോൽ കൊണ്ട് കടഞ്ഞത്) എന്നർത്ഥത്തിൽ ദണ്ഡാഹതമെന്നും മോരിന് പര്യായം ഉണ്ട്.
അഞ്ചുവിധം മോരുകൾ
- ഘോലം
തൈരു വെള്ളം ചേർക്കാതെ ഉടച്ച് എടുക്കുക മാത്രം ചെയ്യുന്നു.വെണ്ണ മാറ്റുന്നില്ല, അതിനാൽ പഞ്ചസാര ചേർത്താൽ രസാള എന്ന പലഹാരത്തിനു തുല്യം. വാതപിത്ത ശമനവും, മനസ്സിന് ആഹ്ലാദജനകവുമാണ്. - മഥിതം: വെള്ളം ചേർക്കാതെ തൈരു കടത്ത് വെണ്ണ മാറ്റിയ മോര്. വെണ്ണ മാറ്റിയതിനാൽ കഫം ഉണ്ടാക്കില്ല, മധുരമായതിനാൽ പിത്ത ശമനവുമാണ് . മൈഗ്രേൻ തലവേദനക്കാർക്ക് ഭക്ഷണത്തിനൊപ്പം കഴിക്കാം.
3 .തക്രം: തൈരിൽ നാലിലൊന്ന് വെള്ളമൊഴിച്ചു കടഞ്ഞെടുക്കുന്ന മോര്.
ഇത് വെണ്ണമാറ്റാതെ എടുത്താൽ അനുദ്ധ്യതമെന്ന പിത്ത ശമനമായ മധുരമുള്ള മോരായി പഞ്ചസാര ചേർത്തുപയോഗിക്കാം . പകുതി വെണ്ണ മാറ്റിയ അർദ്ധോദ്ധ്യതമെന്നത് അല്പം വച്ചു പുളിപ്പിച്ച് , ഇന്തുപ്പുചേർത്ത് വാതശമനത്തിനുപയോഗിക്കാം. വെണ്ണ പൂർണ്ണമായി മാറ്റി, അല്പം വച്ചുപുളിപ്പിച്ച രൂക്ഷതക്രം എന്നമോര് ചുക്ക് , കുരുമുളക് , തിപ്പലി, ചവൽക്കാരമെന്ന ഉപ്പ് ഇവ ചേർത്ത് കഫരോഗങ്ങളിലുപയോഗിക്കാം.
- ഉദശ്ചിത്ത് : ഉദകേന (വെള്ളം കൊണ്ട് ) ശ്വയിതി (വർദ്ധിക്കുന്നത് ) എന്നർത്ഥത്തിൽ തൈരിൽ പകുതി വെള്ളം കൂടി ചേർത്തു കടഞ്ഞ വെണ്ണ മാറ്റാത്ത മോര് . വെണ്ണയുള്ളതിനാൽ ബലം തരുന്നതും എന്നാൽ കട്ടിയില്ലാത്തതിനാൽ വിശപ്പുകെടുത്താത്തതും കഫത്തെ കൂട്ടാത്തതുമായ മോര് .
- ഛച്ഛിക : (ഒരു തവണയെ പറയൂ😄 ഇനി അത് , ടി സാധനം എന്നൊക്കെ പറയാം)
കടഞ്ഞുവെണ്ണ മാറ്റി ,ധാരാളംവെള്ളം ചേർത്ത മോരാണിത്. നമ്മുടെ സംഭാരം പോലെ ദാഹം ക്ഷീണം എന്നിവ മാറ്റുന്ന ഇത് ഉപ്പു ചേർത്തുപയോഗിച്ചാൽ വിശപ്പുകൂട്ടും. ശരീരത്തെ തണുപ്പിക്കുന്നതാണ് . അതു കൊണ്ട് ചൂടുകാലത്തും , ക്ഷതം, രക്തപിത്തം ,മൂർച്ഛ, ദാഹം തുടങ്ങിയ പിത്തവികാരങ്ങളിലും ദുർബലനായവനും മോരു വിധിക്കുന്നില്ലെങ്കിലും ഈ ചച്ഛിക ഉപയോഗിക്കാം.
കൂട്ടുവിഷം, നീര്, ഗ്രഹണി, അതിസാരം, അർശസ്സ്, പാണ്ഡു, ഗുൽമ്മം, അരോചകം ,പ്ലീഹാരോഗം, തൃഷ്ണ, ഛർദ്ദി, മൂത്ര കൃ(ച്ഛം, സ്നേഹവ്യാപത്ത്, വിഷമജ്വരം എന്നിവകളിൽ മോര് ഹിതമാണ് .
പച്ചമോരും കാച്ചിയ മോരും
പാകം ചെയ്യാത്ത മോര് കോഷ്ഠത്തിലെ കഫത്തിനെ ശമിപ്പിക്കുമെങ്കിലും , കണ്ഠഗതകഫത്തെ വർദ്ധിപ്പിക്കും.
കാച്ചിയ മോര് പീനസം ,ചുമ, ശ്വാസംമുട്ടൽ രോഗികൾക്കും ഹിതകരമാണ്.
പാൽ ഒരു സമീകൃത ആഹാരമാണെങ്കിലും അതിൽ ഇരുമ്പിൻ്റെ അംശം ഇല്ല. എന്നാൽ ഭക്ഷണത്തിലെ ഇരുമ്പിൻ്റെ അംശങ്ങൾ ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് മോര് വളരെ സഹായിക്കും. അതു കൊണ്ട് രക്തക്കുറവിനുള്ള മരുന്നുകൾക്കൊപ്പം അനുപാനമായി മോര് ഉപയോഗിക്കുന്നു.
നമ്മുടെ സംഭാരത്തെ കൂടി പറഞ്ഞവസാനിപ്പിക്കാം. തൈര് കടഞ്ഞുവെണ്ണ മാറ്റി ധാരാളം വെള്ളവും ഇഞ്ചി, കറിവേപ്പില, ചുവന്നുള്ളി ഇവ ചതച്ചിട്ടു ഉപ്പു ചേർത്ത സംഭാരം അമ്ളത മാറ്റി ക്ഷാരഗുണമുള്ള ഒരു നല്ല പാനീയമാണ്. ക്ഷീണം, തളർച്ച, ദാഹം ഇവ മാറ്റി നവോന്മേഷം തരുന്ന ഒരു ഹെൽത്തി ഡ്രിംഗ്.
സ്നേഹപൂർവ്വം ഡോ. ശ്രീനി രാമചന്ദ്രൻ
9656030352.