fbpx

വെറും വയറ്റിൽ എന്തൊക്കെ കഴിക്കാം



എല്ലാത്തരം രോഗങ്ങളെയും ചെറുത്തുതോൽപ്പിക്കാൻആരോഗ്യം അനിവാര്യമാണ് എന്ന കാര്യം ഓരോ പകർച്ചവ്യാധികളും നമ്മളെ കൂടുതൽ കൂടുതൽ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എത്രമാത്രം നന്നായി ആഹാരം കഴിക്കുന്നു, കാലാവസ്ഥയ്ക്ക് അനുസരിച്ച് ആഹാരരീതികൾ ശ്രദ്ധിക്കുന്നു, ജീവിതചര്യകൾ മെച്ചപ്പെടുത്തുന്നു തുടങ്ങിയവ അനുസരിച്ചായിരിക്കും ഒരാളുടെ ആരോഗ്യം രൂപപ്പെടുന്നത്. അതിൽ ഏറ്റവും പ്രധാന ഘടകമായ ആഹാരത്തെ സംബന്ധിച്ച് എപ്പോൾ എന്ത് കഴിക്കാം എന്ത് കഴിച്ചുകൂടാ എന്നുള്ളതിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് വെറും വയറ്റിൽ എന്തൊക്കെ കഴിക്കാം എന്തൊക്കെ പാടില്ല എന്ന് പറയുവാൻ വേണ്ടിയിട്ടാണ് ഈ ലേഖനം.

വെറും വയർ എന്നാൽ പ്രധാന ഭക്ഷണശേഷം അത് ദഹിക്കുവാനുള്ള മൂന്നു മുതൽ നാലു മണിക്കൂർ കഴിഞ്ഞ് അടുത്ത ഭക്ഷണത്തിനായി വിശപ്പ് അനുഭവപ്പെടുന്ന സമയമാണ്. നമ്മളെല്ലാം രാവിലെ എഴുന്നേൽക്കുന്നത് വെറുംവയറോടെ ആണ് എന്ന് പറയാം.

റംസാൻ വ്രതം ഉൾപ്പെടെ ഏതുതരത്തിലുള്ള ഉപവാസവും അവസാനിക്കുന്നത് വെറും വയറോടെ ആണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നതും വെറുംവയറോടെ തന്നെ. ആ സമയം നമ്മൾ ശീലിച്ചുവച്ചിരിക്കുന്ന ഭക്ഷണമുൾപ്പെടെ പല രീതികൾ ഉണ്ട്. അതിൽ പലതും നല്ല ശീലങ്ങളേക്കാൾ ദുശ്ശീലങ്ങളുമാണ്.

ഉറക്കം എഴുന്നേറ്റ ഉടനെ പുകവലിക്കുന്നവർ,മദ്യപിക്കുന്നവർ, ചായയോ കാപ്പിയോ കുടിക്കുന്നവർ,അത് കുടിച്ചില്ലെങ്കിൽ മലശോധന കിട്ടാത്തവർ, പലതരത്തിലുള്ള കൃതൃമപ്പൊടികൾ കലക്കി കുടിയ്ക്കുന്നവർ എന്നിങ്ങനെ പല രീതികളുണ്.
വെറും വയറ്റിൽ ഇവയൊന്നും കുടിയ്ക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചും വളരെ ചൂടോടെയോ അമിതമായി തണുപ്പിച്ചോ കുടിക്കുന്നത് ഒഴിവാക്കണം. കാപ്പി കുടിച്ചേ പറ്റൂ എന്നുള്ളവർ ഇതിൻറെ ദോഷം കുറയ്ക്കുവാനായി ഇൻസ്റ്റൻറ് കോഫി പൗഡറുകൾ ഒഴിവാക്കി സാധാ കാപ്പിക്കുരു പൊടിച്ചത് കൊണ്ട് കാപ്പി ഉണ്ടാക്കി ചെറിയ ചൂടോടെ ഉപയോഗിക്കുക.പാൽ ചേർക്കാതെ കട്ടൻചായയോ ഇഞ്ചി ചേർത്ത ചായയോ കുടിക്കുക. പഞ്ചസാര പരമാവധി ഒഴിവാക്കുക. ചായയോ കാപ്പിയോ മറ്റ് ആഹാരങ്ങൾക്കൊപ്പം മാത്രം കുടിക്കുക എന്നതാണ് നല്ലത്.

ശുദ്ധജലമോ തിളപ്പിച്ചാറ്റിയ വെള്ളമോ കുടിക്കുന്നത് തന്നെയാണ് വെറും വയറ്റിൽ ഏറ്റവും അനുയോജ്യം. തലേദിവസം തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. അത് വീണ്ടും ചൂടാക്കാതെ വേണമെങ്കിൽ കുടിക്കാം.

ഒരു സമയം തന്നെ ധാരാളം വെള്ളം കുടിക്കരുത്. പ്രത്യേകിച്ചും ഭക്ഷണത്തോടൊപ്പം.എന്നാൽ ഭക്ഷണത്തോടൊപ്പം ഇടയ്ക്കിടെ അൽപാൽപം വെള്ളം കുടിക്കുന്നത് ഭക്ഷണം ശരിയായി ദഹിക്കുന്നതിന് നല്ലതാണ്. ഭക്ഷണത്തോടൊപ്പം അധികം മധുരമുള്ള പാനീയങ്ങളോ തണുത്ത വയോ പാടില്ല.

മൈദ കൊണ്ട് ഉണ്ടാക്കുന്നവയും, എണ്ണപ്പലഹാരങ്ങളും,ഉഴുന്ന് ചേർന്ന ഇഡ്ഡലി ,ദോശ, വട എന്നിവയും പ്രഭാതഭക്ഷണത്തിന് നല്ലതല്ല. പകരം ആവിയിൽ പുഴുങ്ങുന്നവയോ, ഇടിയപ്പം,പുട്ട് എന്നിവയോ,കഞ്ഞിയോ പുഴുക്കോ ആണ് ഏറ്റവും ഉത്തമം. വേകിച്ച ധാന്യങ്ങളോ അല്പം എരിവുള്ള കറികളോ ആകാവുന്നതാണ്.കറികൾക്കായി കടല, ഗ്രീൻപീസ് എന്നിവയേക്കാൾ പയറു വർഗ്ഗങ്ങളാണ് (പ്രത്യേകിച്ചും ചെറുപയർ ) നല്ലത്.

വെറും വയറ്റിൽ സോഡാ, ബിസ്ക്കറ്റ്, ബ്രെഡ്, കേക്ക്, മധുരമുള്ളവ, പുളി, തൈര്,പഴം, തക്കാളി, എരിവ്, മസാല, എന്നിവ നല്ലതല്ല.
ഇലക്കറികൾ ഉപവാസ ശേഷം ഉടനെ കഴിക്കരുത്. വയറിളകാൻ അത് കാരണമാകും.

വെറുംവയറ്റിൽ ആപ്പിൾ, മാതളം ഇവ കഴിക്കുകയോ, ചുക്കുകാപ്പി കുടിക്കുകയോ ചെയ്താൽ ചിലർക്ക് മലശോധന ശരിയായി ലഭിക്കില്ല. മലശോധന കുറവുള്ളവർ ചൂടാറ്റിയ വെള്ളമോ, പപ്പായയോ ആണ് ഉപയോഗിക്കേണ്ടത്. കൃതൃമ
ജ്യൂസുകൾ,വാഴപ്പഴം എന്നിവയും വെറും വയറ്റിൽ നല്ലതല്ല. ഓറഞ്ച് മുസംബി, പൈനാപ്പിൾ, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, പഴം ജ്യൂസുകൾ എന്നിവ വെറും വയറ്റിൽ നല്ലതല്ല. എന്നാൽ അൽപം ആഹാരമെങ്കിലും കഴിച്ചശേഷം ഇവയൊക്കെ ഉപയോഗിക്കാവുന്നതുമാണ്.മാംസം, വറുത്ത മീൻ, എന്നിവയും ഒഴിവാക്കാവുന്നതാണ്. എന്നാൽ വളരെ എളുപ്പം ദഹിക്കുന്ന വിധത്തിൽ വേകിക്കുന്ന കഞ്ഞിയിൽ അല്പം അളവിൽ മാംസം കറിവെച്ചത് ചേർത്താൽ ശരീരത്തിന് ബലവും പോഷണവും കിട്ടും.ചുവന്നുള്ളിയുടെ ഉപയോഗം വർദ്ധിപ്പിക്കുകയും അച്ചാറുകൾ ഒഴിവാക്കുകയും വേണം. കപ്പലണ്ടി, കാഷ്യൂനട്ട് എന്നിവ വെറും വയറ്റിൽ പരമാവധി കുറയ്ക്കുക.

രാവിലെ മധുരവും, ഉച്ചയ്ക്ക് എരിവും പുളിയും, രാത്രി കയ്പ്പും ചവർപ്പും ഉള്ള ആഹാരം കുറയ്ക്കുക. മഴക്കാലത്ത് പൊതുവെ മധുരം, പുളി, ഉപ്പ്,തണുപ്പ് എന്നിവ കുറവുള്ള ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്.പകരം കയ്പ്,ചവർപ്പ്,എരിവ്, ചൂട് എന്നിങ്ങനെയുള്ള ഭക്ഷണമാണ് ഉപയോഗിക്കേണ്ടത്.

ഔഷധക്കാപ്പി ഉപയോഗിക്കുന്നത് വെറും വയറ്റിൽ നല്ലതാണ്. തുളസിയില, പനിക്കൂർക്കയില, മല്ലി, ജീരകം, കരിപ്പട്ടി എന്നിവ ചേർത്തുണ്ടാക്കുന്ന ഔഷധക്കാപ്പി ചൂടാക്കി വെറും വയറ്റിൽ രാവിലെയും വൈകുന്നേരവും കുടിച്ചാൽ രോഗപ്രതിരോധശേഷി വർദ്ധിക്കും. പകർച്ചവ്യാധികളെ തടയും. പലവിധ കഷായ ചൂർണ്ണങ്ങൾ കാപ്പി പോലെയോ, കഷായം പോലെയോ തയ്യാറാക്കി വെറുംവയറ്റിൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രദമാണ്.

ഡോ.ഷർമദ് ഖാൻ
എം.ഡി(ആയുർവേദ)
സീനിയർ മെഡിക്കൽ ഓഫീസർ
ഗവ.ആയുർവേദ ഡിസ്പെൻസറി
ചേരമാൻ തുരുത്ത്.

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart