പ്രശസ്തിയുടെ കൊടുമുടികളിൽ വിരാജിക്കുമ്പോഴും തിരുമുൽപ്പാട് സാറിനെപ്പോലെയുള്ള ആചാര്യന്മാൻ മാസികകളിലെ വൈദ്യപംക്തി കൈകാര്യം ചെയ്യുമായിരുന്നു.
അതിലൂടെ വൈദ്യവിദ്യാഭ്യാസം സാധാരണക്കാർക്ക് നൽകുക എന്ന വലിയ കടമയാണ് അദ്ദേഹം കാണിച്ചു തന്നത് . തള്ളിമറിക്കലുകളുടെ ഈ കാലത്ത് , സത്യസന്ധമായ ശാസ്ത്ര പ്രചരണം നടത്തിയ അദ്ദേഹത്തെ സ്മരിക്കാതെ ഔഷധപരിചയം എന്ന ഈ ദിവസത്തെ കുറുക്ക് ആരംഭിക്കാനാവില്ല.
തിരിച്ചറിയാൻ പ്രയാസമുള്ള,
നാട്ടിൽ ലഭ്യമല്ലാത്തമരുന്നുകൾ പറയുന്നതിനുപകരം നമുക്കേവർക്കും പരിചിതമായ, തൊടിയിൽ വച്ചുപിടിപ്പിക്കേണ്ട ഔഷധികളെ പരിചയപ്പെടുത്തി അവയുടെ ഗുണങ്ങൾ പറയാനാണ് ശ്രമം. ഇത് ഒരു ചികിത്സയ്ക്ക് പകരമല്ലെന്നും , അടിയന്തരഘട്ടങ്ങളിലേക്കുള്ള പൊടിക്കൈകളാണെന്നും ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.
തുളസി
B C 5000 മുതലേ ഭാരതത്തിൽ ചികിത്സാർത്ഥം ഉപയോഗിച്ചിരുന്ന ഒരു ഓഷധിയാണ് തുളസി. തുലനം ചെയ്യാനാവാത്തത് എന്ന് സംസ്കൃതത്തിൽ അർത്ഥം വരുന്ന തുളസി ഇംഗ്ലീഷ് ഭാഷയിൽ ഹോളിബേസിൽ ആണ്, രാജകീയം എന്ന് അർത്ഥം. വാസനയുള്ള ഈ ബഹുവർഷീസസ്യം
ഒസിമംസാങ്ടം എന്ന ശാസ്ത്രീയനാമം ഉള്ളതും ലാമിയേസി എന്ന സസ്യകുടുംബത്തിലെ അംഗവുമാണ് .
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ജന്മമെടുത്തതെങ്കിലും ഏഷ്യമുഴുവൻ തുളസി കാണാൻ കഴിയും. മതപരമായ ആവശ്യങ്ങൾ, ആയുർവേദപരമായ ആവശ്യങ്ങൾ ഇവ കൂടാതെ എസൻഷ്യൽ ഓയിൽ നിർമ്മാണത്തിനും തുളസി ഉപയോഗിക്കപ്പെടുന്നുണ്ട് . ഹെർബൽ ടീയുടെ ഒരു അവിഭാജ്യഘടകമാണ് തുളസി.
ഭാരതീയചികിത്സാ സമ്പ്രദായങ്ങളിൽ മാത്രമല്ല റോമൻ, ഗ്രീക്ക് ,യുനാനി ചികിത്സകളിലും തുളസി പ്രധാനം തന്നെ . കൈപ്പും ,എരിവും രസമുള്ള തുളസി രൂക്ഷത ,തീഷ്ണത, ലാഘവം എന്നീ ഗുണങ്ങൾ കൊണ്ട് ശരീരത്തിൽ എത്തിയാലും എരിവാകയാൽ ഉഷ്ണവീര്യദ്രവ്യമാണ്. 30 മുതൽ 60 സെൻ്റീമീറ്റർ ഉയരത്തിൽ വളരുന്ന ഇവ കറുത്ത നിറമുള്ള കൃഷ്ണ തുളസിയെന്നും പച്ചനിറമുള്ള രാമതുളസിയെന്നും രണ്ടു തരമുണ്ട്. കൃഷ്ണതുളസിക്കാണ് ഗുണം കുടുതൽ .
ഔഷധപ്രയോഗങ്ങൾ
ചരകാചാര്യൻ ശ്വാസഹര ഗണത്തിലാണ് തുളസിയെ ഉൾപ്പെടുത്തിയിരിക്കുന്നത് . കൃഷ്ണതുളസിനീർ ഒരു ടീസ്പൂൺ , തേൻ ഒരു ടീസ്പൂൺ , ചെറിയ ഉള്ളിനീർ ഒരു ടീസ്പൂൺ ഈ അളവിലെടുത്ത് കാലത്ത് 2-3 തവണയായി നൽകുക, വൈകിട്ട് 2-3 തവണയായി അടുത്തഡോസ് നൽകുക , കുട്ടികളിലെ ചുമ, ജലദോഷം, പനി ഇവ മാറും. 5 ദിവസം നൽകുക
വിഷഹര ദ്രവ്യങ്ങളിൽ പ്രധാനസ്ഥാനം തുളസിക്കുണ്ട് . കീടങ്ങൾ കടിച്ചാൽ തുളസിനീർ തൊട്ടിട്ടാൽ മതിയാകും. ആയുർവേദത്തിലെ ഒരു പ്രധാനവിഷഹരമരുന്നായ വില്വാദി ഗുളികയിൽ തുളസിക്കതിർ ആണ് ചേർക്കുന്നത് .
ഒട്ടുമിക്ക സൂക്ഷ്മ ജീവിക ളേയും നശിപ്പിക്കാൻ തുളസിക്ക് കഴിവുള്ളതുകൊണ്ടാണ് പനി വൈറലാണോ ,മറ്റു കാരണങ്ങൾ കൊണ്ടാണോ എന്ന് ആലോചിക്കാതെ തന്നെ തുളസി ഇലയിട്ട് ആവിപിടിക്കുന്നതും, വെള്ളം വെന്ത് കുടിക്കുന്നതും .
പേൻ കുറയാൻ തലയിണയുടെ മുകളിൽ തുളസിയില വിതറിയ ശേഷം അരമണിക്കൂർ മുടിയഴിച്ചിട്ട് കിടക്കുക, ശേഷം ചീകികളയുക.
ചുക്കുകാപ്പിയിലെ ഒരു പ്രധാനഘടകമാണ് തുളസി
കരൾ രോഗശമനത്തിനു പയോഗിക്കുന്ന ഉർസോളിക്കാസിഡ് നാച്ചുറലായി കാണുന്ന ഒരു സസ്യമാണ് തുളസി, അതിനാൽ കരൾരോഗമുള്ളവർ മൂന്നു നാല് തുളസിയിലകൾ കാലത്ത് വെറുംവയറ്റിൽ കഴിക്കുന്നത് നല്ലതാണ്.
കൃമിഹരമായ സുരസാദി ഗണത്തിലാണ് വാഗ്ഭടാചാര്യനും , സുസ്രുതാചാര്യനും തുളസിയെ പറയുന്നത് എല്ലാ കൃമികളേയും നശിപ്പിക്കാനുള്ള കഴിവ് തുളസിക്കുണ്ടെന്ന് അന്നേ കണ്ടു പിടിച്ചിരുന്നെന്നർത്ഥം.
വിറ്റാമിൻ സി ,കരോട്ടിൻ എന്നിവ കൂടാതെ അയൺ, സിങ്ക്, കാത്സ്യം ,ഫോസ്ഫറസ്, കോപ്പർ, ക്രോമിയം തുടങ്ങിയ സൂക്ഷ്മ മൂലകങ്ങളും തുളസിലുളളതിനാൽ ഞരമ്പിനും ,ഹൃദയത്തിനും ഗുണം തരുന്നതാണ് തുളസി
ഗർഭഛിദ്രമുണ്ടാകാൻ സാധ്യത ഉള്ളതിനാൽ ഗർഭിണികൾ തുളസി ഉള്ളിലേക്ക് കൂടുതൽ കഴിക്കരുത്
നിങ്ങളുടെ കമൻ്റുകളിലൂടെ കുറുക്ക് സ്വാദിഷ്ടമാക്കാൻ ഏവരേയും ക്ഷണിക്കുന്നു
സ്നേഹപൂർവ്വം
ഡോ. ശ്രീനി രാമചന്ദ്രൻ
We will be happy to hear your thoughts