fbpx

പ്രമേഹവും പഥ്യവും

പ്രമേഹരോഗി ആയിട്ടുള്ളവർ പലപ്പോഴും ഉന്നയിക്കുന്ന ചില സംശയങ്ങളും  ആയുർവേദ വിധി പ്രകാരം അവയ്ക്കുള്ള വിശദീകരണങ്ങളുമാണ് ഈ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ഇവിടെ വിവരിക്കുന്ന പഥ്യവും അപഥ്യവും തികച്ചും ആയുർവേദ രീതിയിലുള്ളതും നിലവിൽ ലഭ്യമായവയെ സംബന്ധിച്ച്മാത്രമുള്ളവയുമാണ്.

ഏതു രോഗത്തിനുള്ള ചികിത്സയിലും പഥ്യത്തിനും അപഥ്യത്തിനും വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ പഥ്യവും അപഥ്യവും ആയുർവേദ ചികിത്സയ്ക്ക് വിധേയമാകുന്നവർക്ക് മാത്രമേ ബാധകമാകൂ എന്ന ധാരണ വേണ്ട.

ആഹാര കാര്യത്തിലും  വിഹാര കാര്യത്തിലും പഥ്യമുണ്ട്. ആഹാരമെന്നാൽ അന്നപാനാദികളും ഔഷധങ്ങളുമാണെങ്കിൽ, വിഹാരമെന്നാൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികളാണ്.

പഥ്യത്തെ പഥ്യമായ ആഹാരം പഥ്യമായ വിഹാരം എന്നിങ്ങനെയും, അതുപോലെ അപഥ്യത്തെ അപഥ്യമായ ആഹാരം അപഥ്യമായവിഹാരം എന്നും തരം തിരിക്കാം.

*എന്താണ് പഥ്യം*

ഒരു രോഗത്തേയോ, രോഗാവസ്ഥയേയോ അല്പംപോലും വർദ്ധിപ്പിക്കാതെ ഏറ്റവും ഹിതകരമായി ആരോഗ്യാവസ്ഥയെ ഉണ്ടാക്കുന്ന ആഹാരത്തേയോ പ്രവൃത്തിയേയോ പഥ്യം എന്ന് പറയാം.

*എന്താണ് അപഥ്യം* ചില പ്രവൃത്തികളോ, ഉപയോഗിക്കുന്ന അന്നപാനാദി ആഹാരങ്ങളോ  ആരോഗ്യത്തെ ഉണ്ടാക്കുന്നതിനു പകരം  രോഗാവസ്ഥയെ വർദ്ധിപ്പിക്കുകയാണെങ്കിൽ അവ അഹിതവും അപഥ്യവും ആണ്.

*മരുന്നിനൊപ്പം പഥ്യം*

ആരോഗ്യം ലഭിക്കുന്നതിനും രോഗശമനമുണ്ടാകുന്നതിനും ഏറ്റവും ഹിതമായ പഥ്യം ശീലിച്ചാൽ മാത്രമേ സാധിക്കൂ. അതോടൊപ്പം തന്നെ അഹിതമായതും രോഗത്തെ ഉണ്ടാക്കുന്നതുമായ അപഥ്യത്തെ ഒഴിവാക്കുകയും വേണം. ചുരുക്കത്തിൽ പഥ്യം ശീലിച്ചും, അപഥ്യം ഒഴിവാക്കിയുമുള്ള ചികിത്സകൾ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ. മരുന്നിനൊപ്പം അപഥ്യമായവ കൂടി ശീലിച്ചാൽ രോഗം ഭേദമാകുവാൻ കാലതാമസമുണ്ടാകുകയോ, മരുന്ന് കൂടുതൽ കാലം ഉപയോഗിക്കേണ്ടി വരികയോ, എങ്കിൽ പോലും രോഗശമനം ഉണ്ടാകാതിരിക്കുകയോ ചെയ്യാം.

*ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം*

ശരിയായി വിശപ്പുണ്ടാകുന്ന വിധം ഭക്ഷണം ക്രമീകരിക്കുക. വിശപ്പിനെ ഇല്ലാതാക്കുന്നതും, എളുപ്പം ദഹിക്കുവാൻ പ്രയാസമുള്ളതും, ശരിയായ മലശോധന ലഭിക്കാത്തവയും ഒഴിവാക്കുക.

ഉപവാസം നല്ലതു തന്നെ. എന്നാൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ വേഗത്തിൽ ഉയരുകയും താഴുകയും ചെയ്യുന്നത് നല്ലതല്ല. ആയതിനാൽ പ്രമേഹരോഗി ഒരു ഡോക്ടറുടെ മേൽനോട്ടത്തിൽ ഭക്ഷണവും മരുന്നും ക്രമീകരിച്ചും, ആവശ്യമായ പരിശോധനകൾ സമയബന്ധിതമായി നടത്തിയും,നിരീക്ഷണത്തിലും മാത്രമേ ഉപവാസമെടുക്കാവൂ.

*വ്യായാമം*

പ്രമേഹമുള്ളവർ വ്യായാമത്തിന് പ്രാധാന്യം നൽകണം.  രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ വ്യായാമം വളരെ നല്ലതാണ്. പ്രമേഹരോഗികളുടെ പേശീബലം കുറഞ്ഞ് ക്രമേണ പ്രവർത്തനക്ഷമതയും പിന്നെ കായികാദ്ധ്വാനത്തിനുള്ള കഴിവും നഷ്ടപ്പെടും.എന്നാൽ വ്യായാമം ശീലമാക്കിയവരുടെ പേശികൾ ദൃഢമാകുകയും അതിലൂടെ അദ്ധ്വാനക്ഷമത നിലനിർത്തുവാനും സാധിക്കും.

അമിതാദ്ധ്വാനമോ, അമിതവ്യായാമമോ നല്ലതല്ല. വലിയ ക്ഷീണവും കിതപ്പും തോന്നാത്ത വിധത്തിലുള്ള വ്യായാമം മതിയാകും.

വ്യായാമത്തിന് മുമ്പ് തൈലമോ കുഴമ്പോ പുരട്ടി ദേഹം തടവുന്നത് നല്ലതാണ്. കണ്ണിനു കൂടി ഹിതമായ എണ്ണയോ വെളിച്ചെണ്ണയോ കൊണ്ടുണ്ടാക്കിയ ഔഷധമാണ് തലയിൽ തേയ്ക്കുവാൻ ഉത്തമം. പ്രമേഹരോഗികൾ ശരിയായി ഉറങ്ങേണ്ടത് അത്യാവശ്യമാണ്.അതിനു വ്യായാമത്തോടൊപ്പം തലയ്ക്ക് തേക്കുന്ന എണ്ണയും സഹായകമാകും.

*എന്ത് കഴിക്കണം*

കയ്പ്പ്,ചവർപ്പ് രുചികളിലുള്ള ആഹാരം പ്രമേഹത്തെ കുറയ്ക്കും. പഞ്ചസാര, ശർക്കര, കരിപ്പട്ടി എന്നിങ്ങനെ മധുരമുള്ളവ ഉപയോഗിക്കരുത്. പഴക്കംചെന്ന ചെറുതേൻ അല്ലാതെ മറ്റുള്ള തേനുകളും സുരക്ഷിതമല്ല. മോര് ഉപയോഗിക്കുന്നത് നല്ലത്. തൈര് നല്ലതല്ല. മോരാണെങ്കിലും പുളിയോ, ഉപ്പോ, എരിവോ ചേർത്ത് ഉപയോഗിക്കുന്നത് പ്രമേഹത്തെ വർദ്ധിപ്പിക്കും. മോര് പച്ചയ്ക്കും കറിയാക്കിയും ഉപയോഗിക്കാം. അല്പം മാത്രം ഉപ്പ് ചേർത്ത് പച്ചമോരിൽ ഇഞ്ചിയും കറിവേപ്പിലയും ചേർത്ത്  പച്ചമുളകും ചേർത്ത് ഉപയോഗിക്കാം. അത് ദാഹശമനത്തിന് അത്യുത്തമം.

വെളിച്ചെണ്ണ മിതമായി ഉപയോഗിക്കാം.

അരിയും ഗോതമ്പും തവിടുള്ളവ ഉപയോഗിക്കണം.

അരി അരച്ചും പുളിപ്പിച്ചുമുള്ള വിഭവങ്ങൾ  ഒഴിവാക്കണം. ചോറിന്റെ അളവ് കുറച്ച് മറ്റ് കറികളുടെ അളവ് കൂട്ടി ഉപയോഗിച്ച് ശീലിക്കുന്നതാണ് നല്ലത്.  കഞ്ഞിവെന്ത വെള്ളം ഊറ്റി കളഞ്ഞു പകരം ചൂടുവെള്ളം ചേർത്താൽ കഞ്ഞിയും ഉപയോഗിക്കാം. സൂചിഗോതമ്പ്, തിന, യവം, മുളയരി, കൂവരക്, ചാമയരി, ചോളം എന്നിവ കൊണ്ടും അരി കൊണ്ടുണ്ടാക്കുന്ന പോലെതന്നെ പലതരം വിഭവങ്ങൾ ഉണ്ടാക്കി ഉപയോഗിക്കാം. അസ്ഥികൾക്കും പല്ലിനും ബലക്കുറവുള്ള പ്രമേഹരോഗികൾക്ക് കറുത്ത എള്ള്, ചണമ്പയർ അഥവാ ഫ്ലാക്സ് സീഡ് നല്ലതാണ്. ശരിയായ പോഷണത്തിനും, പൊണ്ണത്തടിയും, ദുർമ്മേദസ്സും കുറയ്ക്കുന്നതിന് പഴമുതിര, ചെറുപയർ,തുവരപ്പയർ എന്നിവ ഉപയോഗിക്കാം. ചെറുപയർ,തുവരപ്പയർ,ചണമ്പയർ എന്നിവ വേകിച്ച് ഊറ്റിയെടുത്ത വെള്ളം കുടിക്കുന്നതും നല്ലതാണ്. മലർ അഥവാ പൊരി വറുത്തത് ഓട്സ് പോലെ കുറുക്കി കഴിക്കുന്നത് നല്ലത്. ഓട്സ് അത്ര നല്ലതല്ല. പ്രമേഹരോഗികൾ ഉപ്പ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്. പ്രമേഹത്തിന്റെ സെക്കൻഡറി കോംപ്ലിക്കേഷൻ ആയോ അല്ലാതെയോ കിഡ്നി സംബന്ധമായ എന്തെങ്കിലും രോഗങ്ങളുള്ളവർ ഇന്തുപ്പിന്റെ ഉപയോഗം ഒഴിവാക്കണം.

അത്തിപ്പഴം, വാഴക്കൂമ്പ്, താമരക്കിഴങ്ങ്, തെങ്ങിന്റേയും കരിമ്പനയുടേയും മണ്ട എന്നിവ പ്രമേഹശമനത്തിന് നല്ലതുതന്നെ.

ഞാവൽ മരത്തിൻറെ തൊലി, ഇല, പഴം,കുരു എന്നിവയുടെ പലവിധത്തിലുള്ള ഉപയോഗങ്ങൾ പ്രമേഹരോഗികളിൽ പഥ്യമാണ്.

മധുരം കുറവുള്ള കരിങ്കദളി, പടറ്റി, മൊന്തൻപഴം എന്നീ വാഴപ്പഴങ്ങൾ  ഉപയോഗിക്കാം. പച്ച വാഴയ്ക്ക നല്ലത്.

മുരിങ്ങ, പാവയ്ക്ക, കയ്പ്പൻ പടവലം, കുരുട്ടു പാവൽ, വഴുതനങ്ങ, കത്തിരിക്ക എന്നിവയും ഉപയോഗിക്കണം. പാവയ്ക്ക കറിവെച്ച് ഉപയോഗിക്കാം. പാവയ്ക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതല്ല. പടവലം ഹൃദയത്തെയും കൂടി സംരക്ഷിക്കും. ചുവന്നുള്ളി, വെളുത്തുള്ളി, സവാള എന്നിവ നല്ലത് തന്നെ. പല രീതിയിൽ ഇവ ഉപയോഗിക്കണം. മുയൽ, കാട, നാടൻകോഴി  എന്നിവയുടെ മാംസമാണ് മറ്റുള്ളവയേക്കാൾ പ്രമേഹത്തിൽ നല്ലത്. ത്രിഫല എന്ന പേരിലറിയപ്പെടുന്ന കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയും, തൃകടു എന്നപേരിലറിയപ്പെടുന്ന ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയും, ചിറ്റമൃത്, കരിങ്ങാലി, വേങ്ങ, കുടകപ്പാലയരി ‘ മുത്തങ്ങ,  മഞ്ഞൾ എന്നിവയുടെ വിവിധ തരത്തിലുള്ള ഔഷധപ്രയോഗങ്ങൾ പ്രമേഹരോഗികൾക്ക് വളരെ ഫലപ്രദമാണ്. മഞ്ഞൾ, നെല്ലിക്ക, കുരുമുളക് എന്നിവയുടെ ഒരുമിച്ചുള്ള ഉപയോഗം പ്രമേഹത്തെ കുറയ്ക്കും.

ഉഴുന്ന്, വറുത്ത മൽസ്യം,എള്ളെണ്ണ, പാൽ, ചുരയ്ക്ക,കരിമ്പ്, കരിമ്പനത്തേങ്ങ എന്നിവ നല്ലതല്ല.

*മരുന്നുകൾ*

മൂത്രത്തെ വർദ്ധിപ്പിക്കുന്ന മരുന്നുകൾ(ഡയൂറെറ്റിക്സ്)നല്ലതല്ല.ഈ സ്വഭാവമുള്ള കരിക്കിൻ വെള്ളം, ബാർളി ഇട്ട് തിളപ്പിച്ച വെള്ളം എന്നിവയും ഒഴിവാക്കണം.

ഡോ.ഷർമദ് ഖാൻ

Dr Sharmad Khan
We will be happy to hear your thoughts

Leave a Reply

compayur
Logo
Register New Account
Compare items
  • Total (0)
Compare
0
%d
Shopping cart